12/24/2010

ചേർന്ന് വേർപിരിയൽതിരുവനന്തപുരത്ത് വെച്ച് ഡിസംബർ 10 മുതൽ 17 വരെ  നടന്ന പതിനഞ്ചാമത് കേരള രാജ്യാന്തര ചലചിത്രമേള (IFFK 2010) യിൽ പ്രദർശിപ്പിക്കപ്പെട്ട ചില നല്ല സിനിമകളെ മുന്നിർത്തിയുള്ള  നുറുങ്ങു ചിന്തകളാണ് ഇത്തവണത്തെ ക്ലോസപ്പിൽ. മത്സരവിഭാഗത്തിലും ലോകസിനിമ വിഭാഗത്തിലുമായി ഇരുന്നൂറിലധികം സിനിമകളാണ്  മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്.ലോകത്തിന്റെ പല കോണുകളിലുമുള്ള മനുഷ്യരുടെ വർത്തമാന കാല ജീവിതം അഭിമുഖീകരിക്കുന്ന സ്നേഹ നിരാസത്തിന്റെയും കാത്തിരിപ്പുകളുടെയും കഥകളാണ് ഇവയിൽ പലതും ചർച്ച ചെയ്യുന്നത് 
                             1949 ൽ ചൈന തായ്‌വാൻ പിടിച്ചടക്കിയപ്പോൾ താൻ പ്രണയവിവാഹം ചെയ്ത് കുറച്ചുനാളുകൾ മാത്രം ആയ  ഭാര്യയെ കൂട്ടാനാവാതെ ചൈനയിൽ നിന്നും തായ്‌വാനിലേക്ക് പോകേണ്ടിവന്ന പട്ടാളക്കാരനാണ് ലിയു. ഭാര്യ യുയി  ഗർഭിണിയായിരുന്നു.     ലിയുവിനു ചൈനയിലേക്ക് തിരിച്ചു വരാൻ ആകുന്നത് നാല്പതു വർഷങ്ങൾക്ക് ശേഷം മാത്രം. .ചില സാഹചര്യങ്ങൾ മൂലം അവിടെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു അയാൾ.യുയിയും വേറെ വിവാഹം ചെയ്ത് ആദ്യ മകനോടൊപ്പം മക്കളും പേരക്കുട്ടികളുമായി സ്വസ്ഥ ജീവിതത്തിലാണ്..ലിയു ഇവരുടെ വിലാസം കണ്ടെത്തി കത്തയച്ചിരിക്കുകയാണ്. താൻ യുയിയെ കാണാൻ അങ്ങോട്ട് വരുന്നു എന്ന്. യുയിയുടെ നല്ലവനായ ഭർത്താവും മറ്റു കുടുംബാംഗങ്ങളും സന്തോഷത്തോടെ അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നു. ലിയു ആ വീട്ടിലെത്തുന്ന ദിവസമാണു വാങ് ക്വനാൻ സംവിധാനം ചെയ്ത ‘എപ്പാർട് ടുഗതർ’ എന്ന   സിനിമ ആരംഭിക്കുന്നത്.
                              നീണ്ട നാൽ‌പ്പത് വർഷം കഴിഞ്ഞിട്ടും ഇരുവരും മനസ്സുകൊണ്ട് ഇപ്പഴും ഇഷ്ടമുള്ളവരാണ്.സ്നേഹിച്ച് കൊതിതീരും മുമ്പേ വേർപിരിയേണ്ടി വന്ന  ആ വൃദ്ധർ ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനത്തിലാണ്. ഇത് ഇപ്പോഴത്തെ ഭർത്താവിനോടും മക്കളോടും പറയാൻ മടിയുണ്ട്. എങ്കിലും അവസാനം അവർ ഇരുവരും ചേർന്ന് വിഷയം അവതരിപ്പിക്കുന്നു. ഇത് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു..ലിയുവിനൊപ്പം യുയി തായ്‌വാനിലേക്ക് പോകുന്നതിൽ ഭർത്താവിനു സമ്മതമാണ്. അദ്ദേഹം അത്ര വിശാല മനസ്കനാണ്. പക്ഷെ അവസാനം സ്നേഹ നിധിയും നല്ലവനും ശുദ്ധനുമായ ആയാളെ ഉപേക്ഷിക്കാൻ പറയാൻ ലിയുവിനു മനസ്സുവരുന്നില്ല. വന്നതുപോലെ തിരിച്ചു പോകുന്ന ലിയുവിൽ സിനിമ അവസാനിക്കുന്നു. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒന്നുചേർന്നിട്ടും വീണ്ടും പിരിയേണ്ടിവരുന്ന ആ സ്നേഹാത്മാക്കളുടെ നിസ്സഹായതയിൽ പ്രേക്ഷകമനസ്സ് നൊമ്പരപ്പെടുത്തിയാണു തിരിച്ച്  ലിയു വിമാനത്തിലേക്ക് കയറുന്നത്.                                                            

2 അഭിപ്രായങ്ങൾ: