10/14/2010

ചിൽഡ്രൺ ഓഫ് ഹെവൻ

ഇറാൻ/പേർഷ്യൻ/1997/കളർ/89 മിനുട്ട്
സംവിധാനം: മാജിദ് മാജിദി
                     പിങ്ക് നിറമുള്ള ഒരു കുഞ്ഞ് ചെരുപ്പാണ് മാജിദ് മാജിദി 1997 ൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ‘ചിൽഡ്രൺ ഓഫ് ഹെവൻ’ എന്ന ഇറാനിയൻ ചലചിത്രത്തിലെ കേന്ദ്രബിന്ദു . അലി എന്ന ഒമ്പതുവയസ്സുകാരൻ അനിയത്തി സാറയുടെ നിറം മങ്ങി പിഞ്ഞിയ പഴയ  ഷൂ ചെരുപ്പ്കുത്തിയുടെ അരികിൽ നന്നാക്കാൻ കൊണ്ടുപോയിരിക്കയാണ്. തുന്നിക്കൊണ്ടിരിക്കുന്ന ചെരുപ്പിന്റെ എക്സ്ട്രീം ക്ലോസ്സപ്പുകളുടെ പശ്ചാത്തലത്തിലാണ് ടൈറ്റിലുകൾ തെളിയുന്നത്. നന്നാക്കി കിട്ടിയ ചെരുപ്പ് ഒരു കറുത്ത പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞെടുത്ത ശേഷം മാർക്കറ്റിൽ വീട്ടു സാധനങ്ങൾ വാങ്ങുകയാണ് അലി. പച്ചക്കറിക്കടയുടെ പുറത്തൊരിടത്ത് ചെരുപ്പ് പൊതി വെച്ചാണ് അലി കടക്കുള്ളിൽ പോയി ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുന്നത്. ഇതിനിടയിൽ അതു വഴി വന്ന അന്ധനായ ഉന്തുവണ്ടിക്കാരൻ കടയിലെ പഴയ പ്ലാസ്റ്റിക് വേസ്റ്റുകൾ പെറുക്കി കൊണ്ടുപോകുന്നതിനിടയിൽ അറിയാതെ ചെരുപ്പിട്ട ബാഗും അതോടൊപ്പം കൊണ്ടുപോകുന്നു. സാധനം വാങ്ങി പുറത്തിറങ്ങിയ അലി തന്റെ ചെരുപ്പ്കാണാതെ ബേജാറായി.താൻ ചെരുപ്പ് വച്ച സ്ഥലത്ത് കൂടുതൽ പരതുന്നതിനിടയിൽ പച്ചക്കറിപെട്ടികൾ താഴെവീണു ചിതറി. കടം പറയുന്നതിനാൽതന്നെ അലിയെ ഇഷ്ടമില്ലാതിരുന്ന കടക്കാരന് ഇതുകൂടിയായപ്പോൾ കലിവന്നു. അയാൾ ചീത്തപറഞ്ഞ് അലിയെ ഓടിക്കുന്നു.
                      ചെരുപ്പ് നഷ്ടപ്പെട്ടതിന്റെ സങ്കടവുമായാണ് അലി വീട്ടിലെത്തുന്നത്.അപ്പോൾ കേൾക്കുന്നത് വാടക അഞ്ചുമാസം കുടിശികയായതിന് അമ്മയെ വീട്ടുടമ ചീത്തപറയുന്നതാണ്. സാറക്ക്  ഒരു  ചെരുപ്പ് വാങ്ങിനൽകാനുള്ള പണം വീട്ടിലില്ലെന്നവനറിയാം. തന്റെ ചെരുപ്പ് നഷ്ടപ്പെടുത്തിയാണ് അലി വന്നിരിക്കുന്നതെന്നറിഞ്ഞ സാറ കരച്ചിലിന്റെ വക്കിലാണ്. വിവരം വീട്ടിലറിഞ്ഞാൽ കുഴപ്പമാകുമെന്ന് അലിക്കറിയാം. ഈ കാര്യം ആരോടും പറയരുതെന്ന് അലി സാറയോട് കെഞ്ചുന്നു..
                      അലി ഒരുപ്രാവശ്യം കൂടി  ആ കടയിൽ പോയി നോക്കുന്നു. ഇല്ല എവിടെയും ഇല്ല..അതിനിടയിൽ അലിയെ വീണ്ടും കണ്ടപ്പോൾ കടക്കാരന് ദേഷ്യം വരുന്നു.ഈ കുഴപ്പങ്ങൾക്കിടയിൽ അമ്മയെ ജോലിയിൽ സഹായിക്കനോ കുഞ്ഞിനെ നോക്കാനോ അലിക്ക് പറ്റിയില്ല. അച്ഛൻ തിരിച്ചെത്തിയപ്പോൾ രോഗിയായ അമ്മയെ സഹായിക്കാത്തതിന് അവന് നല്ല വഴക്ക് കിട്ടുന്നു. ഒമ്പത് വയസ്സായ അവൻ കുറേക്കൂറ്റി ഉത്തരവാദിത്വം കാണിക്കണം എന്നാണ് അച്ഛൻ പറയുന്നത്. അമ്മയെ ചികിത്സിക്കാനും കുടുംബം പോറ്റാനുംവേണ്ട പണം തന്റെ ചെറിയ ജോലിയിൽ നിന്നും അയാൾക്ക് കിട്ടുന്നില്ല.
                      നാളെ ചെരുപ്പില്ലാതെ താനെങ്ങനെ സ്കൂളിൽ പോകും എന്ന കാര്യമാണ് സാറയെ കുഴക്കുന്നത്. അച്ഛന്റെയും അമ്മയുടെയും മുമ്പിൽ ഈ കാര്യം ചർച്ച ചെയ്യാനും പറ്റില്ല. അവൾ തന്റെ ഹോം വർക്ക് ചെയ്യുന്നതിനിടയിൽ  നോട്ടുബുക്കിൽ ഈ ചോദ്യമെഴുതി ഏട്ടന്റെ മുന്നിലേക്ക് നീക്കി വയ്ക്കുന്നു. മറുപടി അലി അവന്റെ നോട്ടിലേഴുതി അവൾക്ക് തിരിച്ച് നൽകുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവരറിയാതെതന്നെ കുട്ടികൾ ഈ കാര്യം ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തുന്നു. തത്കാലം അലിയുടെ ചെരുപ്പ് രണ്ട്പേരും പങ്കുവെക്കുക. സാറക്ക് രാവിലെയും അലിക്ക് ഉച്ചകഴിഞ്ഞുമാണ് സ്കൂൾ. തന്റെ ക്ലാസ്സ് കഴിഞ്ഞാലുടൻ സാറ കഴിയുന്നത്ര വേഗത്തിൽ ഓടിയെത്തി അലിക്ക് ചെരുപ്പ് കൈമാറുക. ഈ ഒത്തുകളി രഹസ്യമാക്കി വെക്കുന്നതിന് കൈക്കൂലിയായി അവന്റെ വലിയ പെൻസിൽ അവൾക്ക് നൽകുന്നു.
                        ഈ ചെരുപ്പ് പങ്കുവെക്കൽ പരിപാടി അവർ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. സാറ  തിരിച്ചെത്തി ചെരുപ്പ് കൈമാറി,അലി ഓടി സ്കൂളിലെത്തുമ്പോഴേക്കും  ബെല്ലടിക്കും. ഹെഡ്മാസ്റ്റർ കാണാതെ എപ്പഴും രക്ഷപ്പെടാനാവില്ല. താക്കീത് കിട്ടീട്ടും വീണ്ടും വൈകി വരുന്ന അലിയെ അച്ഛനെ കൂട്ടി വരാൻ നിർദേശിച്ച് സ്കൂളിൽ നിന്നുംപറഞ്ഞ് വിടുന്നു. അലി കരച്ചിലും നിരാശയുമായി ഗൈറ്റിലെത്തുമ്പോൾ അവനെ ഏറെ ഇഷ്ടമുള്ള ക്ലാസ്സ് ടീച്ചർ കാണുന്നു.അലിയെ കൂട്ടി തിരിച്ച് വന്ന്  , ക്ലാസ്സിലൊന്നാമനാണെന്നും അനുസരണയുള്ള നല്ലകുട്ടിയാണെന്നും ഹെഡ്മാസ്റ്ററോട് ശുപാർശ ചെയ്ത് തത്കാലം രക്ഷിക്കുന്നു.
                          പാകമാവാത്ത ചെരുപ്പും ഇട്ടുകൊണ്ടുള്ള ഓട്ടം കുഞ്ഞു സാറക്കും വലിയ പ്രശ്നമാവുകയാണ്. ഒരു ദിവസം ഓട്ടത്തിനിടയിൽ ചെരുപ്പ് കാലിൽ നിന്നും ഊരി ഓടയിലെ ഒഴുക്കു വെള്ളത്തിൽ വീണുപോയി.ഭാഗ്യം കൊണ്ടുമാത്രമാണ് അന്ന് ചെരിപ്പ് തിരിച്ച് കിട്ടിയത്. തനിക്ക് ഈ കള്ളക്കളി തുടരാൻ പറ്റില്ലെന്നും അച്ചനോട് വിവരം പറയാൻ പോകുകയാണെന്നും സാറ ഭീഷണിമുഴക്കി. എങ്കിലും ക്ലാസ്സിലൊന്നാമനായതിന് ടീച്ചർ നൽകിയ സമ്മാനം-സ്വർണ്ണനിറമുള്ള പേന - സാറക്ക് നൽകി അലി അവളെ അനുനയിപ്പിക്കുന്നു.
                          ഇതിനിടയിൽ ഒരു ദിവസം അസംബ്ലിക്കിടയിൽ മറ്റൊരു കുട്ടിയുടെ കാലിൽ തന്റെ നഷ്ടപ്പെട്ട ചെരുപ്പ് സാറ കണ്ടുപിടിക്കുന്നു. ആ കുട്ടിയുടെ വീടും അവൾ രഹസ്യമായി മനസ്സിലാക്കി.ചെരുപ്പ് തിരിച്ച് വാങ്ങാൻ ഏട്ടനേയും കൂട്ടി അവൾ ആ വീട്ടിനു മുന്നിലെത്തി.  പക്ഷെ അന്ധനായ ഉന്തുവണ്ടിക്കാരന്റെ മകളാണ് ആ കുട്ടി എന്നറിഞ്ഞപ്പോൾ ഒന്നും പറയാതെ അവർ തിരിച്ച് പോരുന്നു.
                   പള്ളിയിലെ മതപ്രസംഗ സമയത്ത് ഭക്തർക്ക് ചായ പാർന്ന് കൊടുക്കുന്ന  പണിയാണ് അലിയുടെ അച്ഛന്. തുച്ഛമായ വരുമാനം മാത്രം. അയാൾ പുതിയ തൊഴിൽ തേടുകയാണ്. സുഹൃത്ത് കടം നൽകിയ ചില പണിയായുധങ്ങളും ചെടികൾക്ക് മരുന്നടിക്കുന്നതിനുള്ള ഒരു ഹാന്റ് പമ്പും ഒക്കെയായി അലിയേയും കൂട്ടി അയാൾ നഗരത്തിലേക്ക് സൈക്കിളിൽ പുറപ്പെടുന്നു. ടെഹ്രാനിലെ സമ്പന്നർ ജീവിക്കുന്ന പ്രദേശത്ത് വലിയ മാളികകളുടെ ഗൈറ്റിനു പുറത്തെ ഇന്റെർകോമിലൂടെ തോട്ടപ്പണി അന്വേഷിക്കുകയാണു അയാൾ. വിദ്യാഭ്യാസവും പരിചയവും  ഇല്ലാത്ത നാട്ടുമ്പുറത്തുകാരനായ അയാൾക്ക് ആശയവിനിമയം വലിയ പ്രശ്നമാണ്. എല്ലാ വീട്ടുകാരും ഈ പാവത്തെ ഒഴിവാക്കുകയാണ്. അവസാനം അലി വീട്ടുകാരോട് സംസാരിക്കുന്നു. അങ്ങിനെ ഒരു പണക്കാരനായ  വൃദ്ധൻ അവരെ ജോലി ഏൽ‌പ്പിക്കുന്നു. അച്ഛൻ തോട്ടാത്തിൽ പണിയെടുക്കുന്ന സമയമത്രയും അവിടത്തെ കുട്ടിക്കൊപ്പം കളിക്കാൻ അലിയെ വിടുന്നു. ജോലി കഴിഞ്ഞപ്പോൾ  പ്രതീക്ഷിക്കാത്ത കൂലിയും കിട്ടുന്നു.പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും പരസ്പരം പങ്കുവെച്ച് സന്തോഷത്തോടെ ആ അച്ഛനും മകനും സൈക്കിളിൽ തിരിച്ച് നാട്ടിലേക്ക് വരികയാണ്. ഇതേപോലെ പണി കിട്ടുകയാണെങ്കിൽ സാറക്ക് ചെരുപ്പ് വാങ്ങാൻ അച്ഛനോട് പറയാമെന്ന ഭാവമുണ്ട് അലിക്ക്. പക്ഷെ യാത്രക്കിടയിൽ സൈക്കിൾ ബ്രേക്ക് പൊട്ടി ഇരുവരും വീണു പരിക്ക് പറ്റുന്നു. .വിശാലമായ നഗരത്തിരക്കുകൾക്കും വാഹനക്കൂട്ടങ്ങൾക്കും ഇടയിലൂടെ ഹൈവേയിലെ  ഒരു വണ്ടിയിൽ പൊളിഞ്ഞ സൈക്കിളും കയറ്റി മുറിവുകളിൽ വെച്ചുകെട്ടുമായി നിശബ്ദം നീങ്ങുന്ന ആ അച്ഛനും മകനും വല്ലാത്തൊരു ദൃശ്യമാണ്.
                       സ്കൂളിൽ ആയിടക്കാണ് ഒരു മാരത്തോൺ ഓട്ട മത്സരത്തിൽ പങ്കെടുക്കേണ്ടവരുടെ   തിരഞ്ഞെടുപ്പ് നടന്നത്. അലി അതത്ര കാര്യമാക്കിയിരുന്നില്ല.തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയോടൊപ്പം വിജയികൾക്കുള്ള സമ്മാനം പ്രസിദ്ധീകരിച്ചപ്പോഴാണ് അലി ഒരു കാര്യം ശ്രദ്ധിച്ചത് .   മൂന്നാം സ്ഥാനക്കാരന് രണ്ടാഴ്ച  വെക്കേഷൻ ക്യാമ്പും കൂടെ ഒരു സ്പോർട്സ് ഷൂവും ആണ് സമ്മാനം. സ്കൂളിലെ കായികാദ്യാപകനോട് അവൻ കരഞ്ഞ് പറഞ്ഞു- തനിക്കും പങ്കെടുക്കണമെന്ന്. അവൻ ജയിക്കുമെന്ന് വാ‍ക്ക് നൽകിനോക്കി. അലിയുടെ നിർബന്ധം സഹിക്കാനാവാതെ അവസാനം അവനെയും ഓടിച്ച് നോക്കി ,കുഴപ്പമില്ലെന്നു കണ്ട് തിരഞ്ഞെടുക്കുന്നു.
                              ഓട്ട മത്സരം വളരെ വിശദമായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.വളരെയധികം സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ദീർഘമായ ഓട്ടത്തിനിടയിൽ അലി ഓർക്കുന്നത് സാറയെ മാത്രമാണ്. അവന് മൂന്നാം സ്ഥാനം കിട്ടിയേ പറ്റൂ . ദിവസവും സ്കൂളിലേക്ക് അവൻ ഓടിയതിന്റെ അനുഭവവും സാറയോടുള്ള അവന്റെ സ്നേഹവും കാലിൽ കുതിപ്പായി മാറുന്നുണ്ട്. ഇഞ്ചോടിഞ്ച് പൊരുതിയുള്ള മത്സരത്തിൽ അപ്രതീക്ഷിതമായ അന്ത്യമാണ് ഉണ്ടായത്. അലി ഒന്നാം സ്ഥാനക്കരനായിപ്പോയി. ജനക്കൂട്ടവും സ്കൂൾ അദ്യാപകരും സന്തോഷത്തിൽ അലിയെ വാരിപ്പുണരുമ്പോൾ അലി സങ്കടത്തിലാണ്. താൻ തോറ്റുപോയതിൽ.
                             വീട്ടിൽ തിരിച്ചെത്തിയ അലിയുടെ തളർച്ചയും നിരാശയും നിറഞ്ഞ  മുഖം കണ്ടപ്പോൾ സാറ ഒന്നും ചോദിക്കുന്നില്ല. അലി ഒന്നും പറയുന്നുമില്ല. സാറയും പോയിക്കഴിഞ്ഞപ്പോൾ തന്റെ പൊള്ളികുമിളിച്ച കാൽ പാദങ്ങൾ വെള്ളടാങ്കിലേക്ക് ഇറക്കിവെച്ച് അലി വെറുതെ ഇരിക്കുകയാണ്.. അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം കാലിൽ തഴുകുന്ന വർണ്ണ മത്സ്യങ്ങളിൽ ഈ സിനിമ അവസാനിക്കുന്നു.
             മാർക്കറ്റിൽനിന്നും തന്റെ സൈക്കിളിൽ സാധനങ്ങൾ വാങ്ങി വരുന്ന അച്ചന്റെ ഹ്രസ്വമായ ഒരു ദൃശ്യം ഇതിനിടയിൽ കാണാം.സൈക്കിളിൽ പൊതിഞ്ഞ് വെച്ചിരിക്കുന്നവയുടെ കൂട്ടത്തിൽ പൊതിയിൽ ഒരു ജോഡി കുഞ്ഞു ചെരുപ്പും .സാറക്കായി വാങ്ങിയ പുത്തൻ ചെരുപ്പ്.ഈ ദൃശ്യം കാണാതെപോയാൽ മാജിദിയുടെ ശുഭാപ്തിനിറഞ്ഞ ജീവിത വീക്ഷണം നാം തിരിച്ചറിയാതെ പോകും
                        നന്മയുടെ പ്രകാശം പ്രസരിപ്പിക്കുന്നതാണ് ഈ സിനിമയിലെ ഓരോ ദൃശ്യവും.പരസ്പരം ഇഷ്ടപ്പെടുന്ന ,മനസ്സിലാക്കുന്ന,സഹായിക്കുന്ന, അലിയും സാറയും.ഇവർ തമ്മിൽ പിണങ്ങിനിൽക്കുന്നതു പോലുമില്ല.. ദാരിദ്രത്തിനിടയിലും സ്നേഹം നിറഞ്ഞ കുടുംബാന്തരീക്ഷം. തന്നെ വിശ്വസിപ്പിച്ചേൽ‌പ്പിച്ച പഞ്ചസാര കട്ടകളിലൊന്നുപോലും സ്വന്തം ചായയിലിടാത്ത  സത്യസന്ധനായ അലിയുടെ അച്ഛൻ ,തനിക്ക് വീണുകിട്ടിയ സാറയുടെ പേന തിരിച്ച് നൽകുന്ന അന്ധനായ ഉന്തുവണ്ടിക്കാരന്റെ മകൾ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ പ്രത്യാശനിറഞ്ഞ ലോകത്തിന്റെ സൂചകങ്ങളാണ്.  കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഈ സിനിമ അത്രമാത്രം ഇഷ്ടമാകുന്നതിന് ഒരു കാരണം അവതരണത്തിലെ ലാളിത്യമാണ്. ഇത്രമാത്രം ഋജുവായ വിഷയം യാതൊരുവിധ വെച്ചുകെട്ടലുകളുമില്ലാതെ യഥാതഥമായ രീതിയിൽ അവതരിപ്പിക്കുകയാണ് മാജിദി ചെയ്തിരിക്കുന്നത്. ദൃശ്യങ്ങളുടെ സ്വാഭാവികതക്കായി അദ്ദേഹം തെരുവുകളിൽ ഒളി കാമറ വച്ചാണ് പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. ‘ശുദ്ധവും പൂർണ്ണവുമായ-കുട്ടികൾക്കുള്ള സിനിമ‘ എന്നാണ് റോഗ്ഗർ എബേർട്സ് എന്ന സിനിമ നിരൂപകൻ ഈ സിനിമയെ വിശേഷിപ്പിച്ചത്.
                              1998 ൽ അന്യഭാഷാചലചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ ഈ സിനിമ ഇറ്റാലിയൻ ചലചിത്രമായ ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’നോട് പരാജയപ്പെട്ടെങ്കിലും ലോകത്ത് ഇറാനിയൻ സിനിമയുടെ വെണ്ണിക്കൊടി പാറിച്ചു.നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഈ സിനിമ കണ്ട് വർഷമെത്ര കഴിഞ്ഞാലും അലിയായി അഭിനയിച്ച അമീർ ഫാരൂഖ് ഹാഷ്മിയൻ എന്ന ഒമ്പതു വയസ്സുകാരന്റെ നിഷ്കളങ്കതയും,ദൈന്യതയും,നന്മയും നിറഞ്ഞ കണ്ണുകളുടെ ഓർമ നമ്മോടൊപ്പമുണ്ടാകും. അതുകൊണ്ടു കൂടിയാകാം ഈ സിനിമയെ അടിസ്ഥാനമാക്കി ഇപ്പഴും സിനിമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി പ്രിയദർശനും ‘താരേ സമീൻ പർ’ ഫൈം ദർഷീൽ സഫാറേയെ  അലിയാക്കി ‘ബംബം ബോലെ’ എന്ന പേരിൽ ഹിന്ദിയിൽ ‘ഈ സ്വർഗ്ഗ കുഞ്ഞുങ്ങൾക്ക്‘ പുതിയ പതിപ്പുകൾ ഒരുക്കുന്നത്.   
                 

9 അഭിപ്രായങ്ങൾ:

  1. വളരെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം...എനിക്ക് വളരെ ഇഷ്ടമുള്ള ചിത്രങ്ങളില്‍ ഒന്ന്...അലിയുടെ ദയനീയതയും സാറയുടെ ശാന്തതയും ആണ് ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരിക...

    മറുപടിഇല്ലാതാക്കൂ
  2. വിജയെട്ടാ ഞാനും കണ്ടിരുന്നു ഈ ചിത്രം കുറച്ചു വര്‍ഷം മുന്‍പ്. ഒരുപാടിഷ്ടപ്പെടുകയും ചെയ്തു. പലരംഗങ്ങളും ഹൃദയസ്പര്‍ശിയായിരുന്നു......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  3. വളരെ ഹൃദയ സ്പര്‍ശിയായ കഥ .

    മറുപടിഇല്ലാതാക്കൂ
  4. മാജിദ് മാജിദിയുടെ സിനിമകളിൽ കാണുന്ന ഒരു സീൻ ...പഴയ റേഡിയോ ട്യൂൺ ചെയ്യുന്ന ഒരാൾ, വർണ്ണമത്സ്യങ്ങൾ,അടഞ്ഞ വാതിലുകൾ,കുഞ്ഞുങ്ങൾ...ഇതെല്ലാം ഈ സിനിമയിലും ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  5. വളരെ നന്ദി കാണാന്‍ ആഗ്രഹിച്ച ഒരു സിനിമയായിരുന്നു........കുഞ്ഞുമനസ്സിന്‍െറ ലോലതലങ്ങള്‍ മനസ്സിലാക്കുന്നവര്‍ വളരെ ചുരുക്കം.....

    മറുപടിഇല്ലാതാക്കൂ
  6. കുട്ടികളെ കുറിച്ചാണ് സിനിമകളെങ്കിലും രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്

    മറുപടിഇല്ലാതാക്കൂ
  7. രണ്ടേകാൽ വയസ്സുകാരനായ എന്റെ മകൻ സിദ്ധാർഥ്, ‘അലിയുടെ സിനിമ കാണണം’ എന്നുപറഞ്ഞു ദിവസവും കാണുന്ന സിനിമ. അവന്റെ അമ്മയുടെ മടിയിലിരുന്നു ആദ്യതവണ കണ്ടപ്പോൾ തന്നെ ‘അമ്മേ എനിക്കു മനസ്സിലാകുന്നുണ്ട്’ എന്നു പറഞ്ഞ സിനിമ.

    മറുപടിഇല്ലാതാക്കൂ
  8. ഞങ്ങള്‍ കുടുംബസമേതം കണ്ട ചിത്രം,മതിവരാതെ വീണ്ടും
    തനിച്ചിരുന്ന് കാണേണ്ടി വന്നു...അതിലെ അലിയെ മറക്കാനാവുമോ
    നമുക്ക്...! “ആ..ലീ...”എന്ന ആ നീട്ടി വിളിയെ..!

    മറുപടിഇല്ലാതാക്കൂ
  9. അലിയും സാറയും തമ്മിലുള്ള ആഴമേറിയ സ്നേഹം... ഒരിക്കല്പോലും അവർ തമ്മിൽ അടികൂടുന്നില്ല..ഇതു പാശ്ചാത്യ സിനിമകളിലെ കുട്ടികളിൽ നിന്നും വ്യത്യസ്ഥമായ ഒരു ഭാവതലമാണുണ്ടാക്കുന്നത്

    മറുപടിഇല്ലാതാക്കൂ