12/24/2010

ചേർന്ന് വേർപിരിയൽ



തിരുവനന്തപുരത്ത് വെച്ച് ഡിസംബർ 10 മുതൽ 17 വരെ  നടന്ന പതിനഞ്ചാമത് കേരള രാജ്യാന്തര ചലചിത്രമേള (IFFK 2010) യിൽ പ്രദർശിപ്പിക്കപ്പെട്ട ചില നല്ല സിനിമകളെ മുന്നിർത്തിയുള്ള  നുറുങ്ങു ചിന്തകളാണ് ഇത്തവണത്തെ ക്ലോസപ്പിൽ. മത്സരവിഭാഗത്തിലും ലോകസിനിമ വിഭാഗത്തിലുമായി ഇരുന്നൂറിലധികം സിനിമകളാണ്  മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്.ലോകത്തിന്റെ പല കോണുകളിലുമുള്ള മനുഷ്യരുടെ വർത്തമാന കാല ജീവിതം അഭിമുഖീകരിക്കുന്ന സ്നേഹ നിരാസത്തിന്റെയും കാത്തിരിപ്പുകളുടെയും കഥകളാണ് ഇവയിൽ പലതും ചർച്ച ചെയ്യുന്നത് 
                             1949 ൽ ചൈന തായ്‌വാൻ പിടിച്ചടക്കിയപ്പോൾ താൻ പ്രണയവിവാഹം ചെയ്ത് കുറച്ചുനാളുകൾ മാത്രം ആയ  ഭാര്യയെ കൂട്ടാനാവാതെ ചൈനയിൽ നിന്നും തായ്‌വാനിലേക്ക് പോകേണ്ടിവന്ന പട്ടാളക്കാരനാണ് ലിയു. ഭാര്യ യുയി  ഗർഭിണിയായിരുന്നു.     ലിയുവിനു ചൈനയിലേക്ക് തിരിച്ചു വരാൻ ആകുന്നത് നാല്പതു വർഷങ്ങൾക്ക് ശേഷം മാത്രം. .ചില സാഹചര്യങ്ങൾ മൂലം അവിടെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു അയാൾ.യുയിയും വേറെ വിവാഹം ചെയ്ത് ആദ്യ മകനോടൊപ്പം മക്കളും പേരക്കുട്ടികളുമായി സ്വസ്ഥ ജീവിതത്തിലാണ്..ലിയു ഇവരുടെ വിലാസം കണ്ടെത്തി കത്തയച്ചിരിക്കുകയാണ്. താൻ യുയിയെ കാണാൻ അങ്ങോട്ട് വരുന്നു എന്ന്. യുയിയുടെ നല്ലവനായ ഭർത്താവും മറ്റു കുടുംബാംഗങ്ങളും സന്തോഷത്തോടെ അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നു. ലിയു ആ വീട്ടിലെത്തുന്ന ദിവസമാണു വാങ് ക്വനാൻ സംവിധാനം ചെയ്ത ‘എപ്പാർട് ടുഗതർ’ എന്ന   സിനിമ ആരംഭിക്കുന്നത്.
                              നീണ്ട നാൽ‌പ്പത് വർഷം കഴിഞ്ഞിട്ടും ഇരുവരും മനസ്സുകൊണ്ട് ഇപ്പഴും ഇഷ്ടമുള്ളവരാണ്.സ്നേഹിച്ച് കൊതിതീരും മുമ്പേ വേർപിരിയേണ്ടി വന്ന  ആ വൃദ്ധർ ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനത്തിലാണ്. ഇത് ഇപ്പോഴത്തെ ഭർത്താവിനോടും മക്കളോടും പറയാൻ മടിയുണ്ട്. എങ്കിലും അവസാനം അവർ ഇരുവരും ചേർന്ന് വിഷയം അവതരിപ്പിക്കുന്നു. ഇത് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു..ലിയുവിനൊപ്പം യുയി തായ്‌വാനിലേക്ക് പോകുന്നതിൽ ഭർത്താവിനു സമ്മതമാണ്. അദ്ദേഹം അത്ര വിശാല മനസ്കനാണ്. പക്ഷെ അവസാനം സ്നേഹ നിധിയും നല്ലവനും ശുദ്ധനുമായ ആയാളെ ഉപേക്ഷിക്കാൻ പറയാൻ ലിയുവിനു മനസ്സുവരുന്നില്ല. വന്നതുപോലെ തിരിച്ചു പോകുന്ന ലിയുവിൽ സിനിമ അവസാനിക്കുന്നു. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒന്നുചേർന്നിട്ടും വീണ്ടും പിരിയേണ്ടിവരുന്ന ആ സ്നേഹാത്മാക്കളുടെ നിസ്സഹായതയിൽ പ്രേക്ഷകമനസ്സ് നൊമ്പരപ്പെടുത്തിയാണു തിരിച്ച്  ലിയു വിമാനത്തിലേക്ക് കയറുന്നത്.                                                            

12/22/2010

ഹണി

   കേരള രാജ്യാന്തര ചലചിത്രോത്സവത്തില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഹണി (ബാല്‍) എന്ന തുര്‍ക്കി സിനിമ അസാധാരണമായ നിശബ്ദസംഗീതം നിറഞ്ഞ മനോഹരമായ ഒരു കലാസൃഷ്ടിയാണ്.സെമിയ കപ്ലനോഗ്ലു സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘ഹണി’വനപ്രദേശത്തിനടുത്ത് താമസിക്കുന്ന യൂസഫ് എന്ന അഞ്ചുവയസ്സുകാരന്റെ കഥയാണ്. അച്ഛന്‍ യാക്കൂബ് ആണ് അവന്റെ ഗുരു. വിക്കുള്ളതിനാല്‍ സ്കൂളില്‍ പാഠങ്ങള്‍ ഉറക്കെ വായിക്കാന്‍ അവന് ഒരിക്കലും കഴിയുന്നില്ല.ശബ്ദം കുറച്ച് സംസാരിക്കുമ്പോള്‍ അവനു വിക്കില്ലാതെ സംസാരിക്കാനാവുമെന്ന് അച്ഛന്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് അച്ഛനും മകനും പരസ്പരം പതുക്കെയാണ് മിണ്ടുന്നത്.സ്കൂളില്‍ നിന്നും ഒരിക്കലും ഒരു അനുമോദനം ലഭിക്കുന്നില്ല.അവനെന്നും അത് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും.
                                                                                          കാട്ടില്‍ കരടികള്‍ക്കെത്താതത്ര ഉയരത്തില്‍ തേങ്കൂടുകള്‍ വച്ച് തേന്‍ എടുക്കലാണ് യാക്കൂബിന്റെ ജോലി.എന്തുകൊണ്ടോ അടുത്തകാലത്തായി തേനീച്ച കൂടുകളില്‍ തേന്‍ വളരെ കുറവാണ്. കുഞ്ഞ് യൂസഫും അച്ഛനൊപ്പം കാട്ടില്‍ പോവാറുണ്ട്. കാട്ടിലെ പലതരം പൂക്കളും ഇലകളും അച്ഛന്‍ അവന് പരിചയപ്പെടുത്തുന്നത് അത്തരം യാത്രകളിലാണ്.                                  
                തേന്‍ തേടി ഗ്രാമത്തിനപ്പുറത്തെ മലയില്‍ പോയ യാക്കൂബ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് വന്നില്ല.അമ്മ സഹ്രയും യൂസഫും യാക്കൂബിന്റെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ്.തേനേടുക്കുന്നതിനിടയില്‍ വളരെ ഉയരത്തില്‍ നിന്നും മരക്കമ്പ് പൊട്ടി യാക്കൂബ് താഴെ വീഴുന്ന ദൃശ്യം സിനിമയുടെ ടൈറ്റിലിനു മുന്നെ നാം കാണുന്നുണ്ട്. അച്ഛനെ തേടി കുഞ്ഞ് യൂസഫ് ഇരുണ്ട വനത്തിന്റെ ഉള്ളിലേക്ക് പോവുന്നു.
                    അച്ഛനും മകനും തമ്മിലുള്ള സൌമ്യ സൌഹൃദവും,കാട്ടിന്റെ നിഗൂഢതയില്‍ അവര്‍ ഇരുവരും മര്‍മരം പോലെ കൈമാറുന്ന വാക്കുകളും,തിരിച്ചെത്താത്ത  അച്ഛനുവേണ്ടിയുള്ള യൂസഫിന്റെ വിങ്ങല്‍ നിറഞ്ഞ പ്രതീക്ഷയും,യാക്കൂബ് മരിച്ചതറിഞ്ഞ ക്ലാസ്സ് മാസ്റ്റര്‍ യൂസഫിനു എല്ലാം തെറ്റി വായിച്ചിട്ടും ആദ്യമായി അനുമോദന സമ്മാനം നല്‍കിയപ്പോള്‍ അത് അച്ഛനെ കാണിക്കാനായി ആഗ്രഹിച്ച് നടക്കുന്ന കുട്ടിയുടെ ആശയും...ഈ സിനിമ നിശബ്ദമായ ഒരു നിലവിളിയായി പ്രേക്ഷകരെ ഏറെനാള്‍ പിന്തുടരുക തന്നെ ചെയ്യും  ഈ സിനിമയ്ക്ക്  ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് സംവിധായകനു ലഭിച്ചു

ജാപ്പനീസ് വൈഫ്


തിരുവനന്തപുരം രാജ്യാന്തര ചലചിത്രോത്സവത്തില്‍ പ്രേക്ഷക അവാര്‍ഡ് നേടിയ  അപര്‍ണ്ണസെന്നിന്റെ ജാപ്പനീസ് വൈഫ് എന്ന സിനിമയില്‍ തൂലികാ സൌഹൃദത്തിലൂടെ പരിചയപ്പെട്ട ജാപ്പാന്‍ കാരിയായ മിയാഗിയും ബംഗാളിലെ ഉള്‍ഗ്രാമത്തിലെ സ്കൂളില്‍ കണക്ക് മാഷായ സ്നേഹമൊയി ചാറ്റര്‍ജിയും തമ്മിലുള്ള അപൂര്‍വ സ്നേഹത്തിന്റെ കഥയാണ് പറയുന്നത്.

                        നേരിട്ട് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും കത്തുകളിലൂടെയുള്ള നീണ്ട സൌഹൃദം അവരെ വല്ലതെ അടുപ്പിക്കുന്നു. പ്രണയം വിവാഹ തീരുമാനത്തില്‍ എത്തുന്നു.സാമ്പത്തിക പ്രശ്നങ്ങളും,കുടുംബപ്രശ്നങ്ങളും മൂലം മിയാഗിക്ക് ഇന്ത്യയില്‍ വരാനോ സ്നേഹമൊയിക്ക് ജപ്പാനിലേക്ക് പോവാനോ സാധിക്കുന്നില്ല.എങ്കിലും അവര്‍ രണ്ടു രാജ്യങ്ങളിലായി വിവാഹം നടത്തുന്നു.സാധുവും നിഷ്കളങ്കനുമായ സ്നേഹമൊയി വേറൊരു പെണ്ണിന്റെ മുഖത്തുപോലും നോക്കാതെ തന്റെ അപൂര്‍വ്വ ദാമ്പത്യം വര്‍ഷങ്ങള്‍ തുടരുന്നു, വിവാഹത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിന് മിയാഗി ജപ്പാനില്‍ നിന്നും അയച്ച വലിയ പാര്‍സല്‍ പെട്ടി സൈക്കിള്‍ റിക്ഷയില്‍ മാഷുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന ദൃശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്. നിറയെ പട്ടങ്ങളായിരുന്നു പെട്ടിയില്‍. മിയാഗിക്ക് സ്നേഹമൊയിയെ ജീവനാണ്. പരസ്പരം കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നേയില്ല.വൃദ്ധയായ അമ്മയെ അവിടെ ഉപേക്ഷിച്ച് നാട്ടിലേക്ക് വരാന്‍ അവള്‍ക്ക് പറ്റുമായിരുന്നില്ല. ഇതിനിടയില്‍ അമ്മ മരിച്ചെങ്കിലും ഇന്ത്യയിലേക്ക് പുറപ്പെടാനൊരുങ്ങിയ മിയാഗി രോഗബാധിതയായി കിടപ്പിലായി.രോഗം മാരകമായ കാന്‍സറാണെന്ന് അവള്‍ സ്നേഹമൊയിയെ അറിയിക്കുന്നു. ഇനി കാണാന്‍ പറ്റിയെന്നു വരില്ലെന്നും.,തന്റെ ഒരിക്കലും കാണാത്ത ഭാര്യയെ ചികിത്സിക്കാനുള്ള ശ്രമത്തിലാണ് സ്നേഹമൊയി..ആയുര്‍വേദവും യുനാനിയും ഒക്കെ .മരുന്നുകള്‍ പാര്‍സലായി ജപ്പാനിലെക്ക് അയക്കുകയാണ്. നീണ്ട കാത്തിരിപ്പിനവസാനം സ്നേഹമൊയി മരിക്കുന്നു. തന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ആദ്യമായി വരുന്ന മിയാഗിയിലാണു സിനിമ അവസാനിക്കുന്നത്. ബംഗാളി വിധവയെപ്പോലെ വെളുത്ത സാരി ചുറ്റി സിന്ധൂരം മായ്ച്ച് അവള്‍ അവശയായി സ്നേഹമൊയിയുടെ കട്ടിലില്‍ വന്നിരിക്കുന്നു.
                                      മെലോ ഡ്രാമ കൊണ്ട് അരോചകമാക്കിയ ചില ദൃശ്യങ്ങളും. അമിതാഭിനയം കൊണ്ട് ചെടിപ്പിക്കുന്ന ചില നടീ നടന്മാരും ഒഴിച്ചാല്‍ മനോഹരവും അപൂര്‍വ്വവുമായ ഒരു പ്രണയ കഥയാണിത്.സൊമ്യമായ ഒരു കുളിര്‍ കാറ്റുപോലെ നമ്മെ ഇതിലെ സ്നേഹം സ്പര്‍ശിച്ചു കടന്നു പോകും

12/21/2010

സെഫീർ

തിരുവനന്തപുരത്ത് വെച്ച് ഡിസംബര്‍ 10 മുതല്‍ 17 വരെ  നടന്ന പതിനഞ്ചാമത് കേരള രാജ്യാന്തര ചലചിത്രമേള (IFFK 2010) യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചില നല്ല സിനിമകളെ മുന്നിര്‍ത്തിയുള്ള  നുറുങ്ങു ചിന്തകളാണ് ഇത്തവണത്തെ ക്ലോസപ്പില്‍. മത്സരവിഭാഗത്തിലും ലോകസിനിമ വിഭാഗത്തിലുമായി ഇരുന്നൂറിലധികം സിനിമകളാണ്  മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.ലോകത്തിന്റെ പല കോണുകളിലുമുള്ള മനുഷ്യരുടെ വര്‍ത്തമാന കാല ജീവിതം അഭിമുഖീകരിക്കുന്ന സ്നേഹ നിരാസത്തിന്റെയും കാത്തിരിപ്പുകളുടെയും കഥകളാണ് ഇവയില്‍ പലതും ചര്‍ച്ച ചെയ്യുന്നത് . 
Belma Bas
   മത്സര വിഭാഗത്തില്‍ തുര്‍ക്കിയില്‍ നിന്നുമെത്തിയ ബെല്‍മാ ബാസ് സംവിധാനം ചെയ്ത സെഫീര്‍ (zephyr) എന്ന സിനിമയും കൌമാരക്കാരിയായ സെഫീര്‍ എന്ന പെണ്‍കുട്ടിയുടെ നീണ്ട കാത്തിരിപ്പിനെക്കുറിച്ചാണ്.കാടിനരികിലുള്ള മലയോരഗ്രാമത്തിലെ മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പമാണവള്‍ താമസിക്കുന്നത്.കാട്ടില്‍ നിന്നും പഴങ്ങളും കൂണുകളും ഇലകളും ഒക്കെ ശേഖരിച്ച് ഭക്ഷണം ഉണ്ടാക്കാനും മറ്റും അവള്‍ സഹായിക്കാറുണ്ട്. ബേറ്ററിയില്‍ പാടുന്ന ഒരു ഗ്രാമഫോണ്‍ പെട്ടിയാണ് അവളുടെ കൂട്ട്.കാട്ടിനുള്ളിലെ കുഞ്ഞു പ്രാണികളും ഒച്ചും പുഴുക്കളും ഒക്കെ അവളുടെ കൂട്ടുകാരാണ്.മുത്തച്ഛനൊപ്പം കാട്ടില്‍ വിറകുതേടിയും പശുക്കളെമേച്ചും ഒക്കെ നടക്കുമ്പോഴും സെഫീര്‍ തന്നെ കൂട്ടികൊണ്ടുപോവാന്‍ വരുന്ന അമ്മയെ  പ്രതീക്ഷിച്ചുകൊണ്ടാണു നിമിഷങ്ങള്‍ നീക്കുന്നത്.
കുന്നിനു മുകളില്‍ പാറപ്പുരത്ത്കയറി ഇരുന്ന് അങ്ങു ദൂരേക്ക് നീളുന്ന ഗ്രാമ പാതയില്‍ കണ്‍നട്ടിരിക്കുന്ന സെഫീര്‍ പ്രേക്ഷകരുടെ മനസ്സിനെ ആര്‍ദ്രമാക്കും. നീണ്ട നാളുകള്‍ക്ക് ശേഷം അമ്മ വരുന്നു. തന്നെ സ്ഥിരമായി ഈ ഗ്രാമത്തില്‍ തന്നെ ഉപേക്ഷിച്ച് വേറെ ഏതോ സ്ഥലത്തേക്ക് പോവാനായി അവസാനമായി യാത്രപറയാനാണ് അമ്മ വന്നിരിക്കുന്നത് എന്ന് സെഫീര്‍ മനസ്സിലാക്കുന്നു.തിരിച്ച് പോവുന്ന അമ്മക്കൊപ്പം കൂടെപോവാന്‍ കുഞ്ഞിനെപോലെ വാശിപിടിച്ച് അവളും നടക്കുന്നു.പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പിടിവലിയില്‍ (അറിഞ്ഞോ ‌ ‌അറിയാതെയോ?)  അമ്മ  കൊക്കയിലേക്ക് വീണു മരിക്കുന്നു.
മാതൃത്വം തുളുമ്പുന്ന ഹരിത പ്രകൃതിയില്‍ കാട്ടാറിന്റെ തീരത്ത് .മണ്ണിലെ നനവില്‍ മുഖമമര്‍ത്തി കിടക്കുന്ന സെഫീറില്‍ ഈ സിനിമ അവസാനിക്കുന്നു. 
 ഏറ്റവും നല്ല സിനിമക്കുള്ള രജതചകോരം ഈ സിനിമ നേടി

12/04/2010

റൺ ലോല റൺ

        ഓടിക്കൊണ്ടിരിക്കുന്ന സമയവും സംഭവങ്ങളുടെ സാധ്യതകളുമാണ് ‘റണ്‍ ലോല റണ്‍’ എന്ന വ്യത്യസ്ഥമായ ചിത്രത്തിന്റെ പ്രമേയം.1998 ല്‍ പുറത്തിറങ്ങിയ ഈ ജര്‍മന്‍ ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് കൂടിയായ ടോം ടിക് വെര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.സിനിമയെന്ന മാധ്യമം കഥപറച്ചിലിനുള്ള ഉപാധി എന്നതിനപ്പുറം ഫിലോസഫിക്കലായിട്ടുള്ള ഒരു ചര്‍ച്ചക്കുള്ള ഇടമായി എങ്ങിനെ ഉപയോഗിക്കാനാവുമെന്നതിന്റെ ഒരു പരീക്ഷണമാണ് ഈ സിനിമ.
          ‘ഒരു സെക്കന്റ് തെറ്റിയിരുന്നെങ്കില്‍...’എന്നു നമ്മള്‍ പലപ്പോഴും അശങ്കയോടെ ചിന്തിക്കാറുണ്ട്.അതിപ്രധാനമായ അപകടങ്ങളും സംഭവങ്ങളും കാഴ്ചകളും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കടന്നുപോകുകയോ രക്ഷപ്പെടുകയൊ ഒക്കെ ചെയ്യുമ്പോള്‍ ‘ഒരു നിമിഷം വൈകിയിരുന്നെങ്കില്‍..’ അല്ലെങ്കില്‍ ‘ഒരു നിമിഷം മുമ്പെ എത്തിയിരുന്നെങ്കില്‍’ ഇങ്ങനെയായിരിക്കില്ല സംഭവിക്കുക എന്ന് നമുക്കും തോന്നാറുണ്ടല്ലൊ. ഒരു നിമിഷത്തിന്റെ വ്യത്യാസം ലോല എന്ന പെണ്‍കുട്ടിയുടെയും അവളെ ബന്ധപ്പെട്ട പല മനുഷ്യരുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മൂന്നു വ്യത്യസ്ഥ സാധ്യതകളാണ് ‘റണ്‍ ലോല റണ്‍’ എന്ന സിനിമയില്‍ നാം കാണുന്നത്.
               ഭീമാകാരമായ ഒരു പെന്‍ഡുലക്കാഴ്ചയോടെയാണ് സിനിമ ആരംഭിക്കുന്നത്.ചിലച്ച്കൊണ്ടിരിക്കുന്ന  സമയ ഭൂതം സര്‍വ്വവും വിഴുങ്ങുന്നിടത്ത് നിന്നും ഒരു പെണ്‍കുട്ടിയുടെ ഓട്ടത്തിന്റെ കാര്‍ട്ടൂണ്‍ ആനിമേഷന്‍...തുടര്‍ന്ന് കാമറ ആകാശത്ത്നിന്നും സൂം ചെയ്ത്  ബെര്‍ലിന്‍ നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലെ റിംഗ് ചെയ്തുകൊണ്ടിരിക്കുന്ന ടെലഫോണില്‍ എത്തു ന്നു.ലോലയുടെ കാമുകനായ മന്നിയുടെ ഫോണ്‍ വിളി.സഹായംചോദിച്ചാണ് വിളിക്കുന്നത്. അധോലോകസംഘത്തിനുവേണ്ടി മയക്കുമരുന്ന് അതിര്‍ത്തികടത്തി ലഭിച്ച വലിയ തുകയുമായി വരികയായിരുന്നു അയാള്‍. ലോലയോട് ഒരുസ്ഥലത്ത് വന്ന് തന്നെ കൂട്ടാന്‍ ഏല്‍‌പ്പിച്ചതായിരുന്നു.(ലോലയുടെ മോപ്പെഡ് അതിനിടയില്‍ മോഷണം പോയില്ലായിരുന്നുവെങ്കില്‍ അവള്‍ കൃത്യമായി അവിടെയെത്തി അവനെ കൂട്ടികൊണ്ടുപോകുമായിരുന്നു. ഒരു കടക്ക് മുന്‍പില്‍ മോപ്പെഡ് നിര്‍ത്തി ലോല ഒരു സിഗരറ്റ് വാങ്ങാന്‍ കയറിയ നിമിഷമാണ് കള്ളന്‍ മോപ്പെഡ് മോഷ്ടിച്ച് സ്ഥലം വിട്ടത്.) ലോലക്ക് അവന്‍ പറഞ്ഞേല്‍‌പ്പിച്ച സ്ഥലത്ത് എത്താനാവാഞ്ഞതിനാല്‍ മന്നി സബ് വേ റയിലില്‍ കയറി നഗരത്തിലേക്ക് വരുന്നു. ഇടക്ക്  തീവണ്ടിയില്‍ കയറിയ ഒരു യാചകനെ തടഞ്ഞ് അയാള്‍ ഒരു നിമിഷം വീണു പോകുന്നു.പ്ലാറ്റ്ഫോമില്‍ പോലീസിനെ കണ്ട് ഭയന്നുപോയ നിമിഷം വണ്ടി നീങ്ങിക്കഴിഞ്ഞു. പണമടങ്ങിയ ബാഗ് വണ്ടിക്കുള്ളിലെ യാചകനടുത്ത്. ഒരു ലക്ഷം മാര്‍ക്കാണ് അതിലുള്ളത് ,അത് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുമ്പെ അധോലോക നായകനായ റോണിയുടെ ആള്‍ക്കാരെ ഏല്‍‌പ്പിച്ചില്ലെങ്കില്‍ മന്നിയെ കൊന്നുകളയും എന്നത് ഉറപ്പാണ്.കരഞ്ഞുകൊണ്ട് ഒരു ടെലഫോണീല്‍ ബൂത്തില്‍നിന്നും മന്നി തന്റെ ജീവന്‍ രക്ഷിക്കണമെന്നുപറഞ്ഞ് ലോലയെ വിളിക്കുകയാണ്. ഇരുപത് മിനിട്ട്കൊണ്ട് അവന്‍ നില്‍ക്കുന്ന സ്ഥലത്തെത്തണം പണവുമായി.എങ്ങനെയെങ്കിലും പണം കണ്ടെത്തണം..അവള്‍ പണവുമായി എത്തിയില്ലെങ്കില്‍ മന്നി തന്റെ അവസാനത്തെ ശ്രമം നടത്തും.ബൂത്തിനടുത്ത് കാണുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുമായി കടന്ന് കൊള്ളയടിക്കും(ചിലപ്പോള്‍ ആ ശ്രമത്തില്‍ മരിച്ചുപോകും എന്നവനറിയാം).അവിടെ എത്തിക്കൊള്ളാമെന്നും അഹിതങ്ങളൊന്നും ചെയ്യരുതെന്നും അപേക്ഷിച്ച് അവള്‍ ഓട്ടം തുടങ്ങുന്നു.പറഞ്ഞ സമയത്തിനുള്ളില്‍ പണം കണ്ടെത്തി അവനടുത്തെത്താന്‍.
                      ഓട്ടം -ഒന്നാം സാധ്യത
          ബാങ്കറായ പപ്പയോട് പണം സഹായം ചോദിക്കാനാണു ലോലയുടെ തീരുമാനം.അവള്‍ വീട്ടില്‍നിന്നും ഇറങ്ങി  ബാങ്കിലേക്ക് ഓടുകയാണ്.സ്റ്റേര്‍കേസില്‍ പട്ടിയുമായി നില്‍ക്കുന്നയാള്‍,ഫൂട്ട്പാത്തില്‍ ഒരു കുഞ്ഞുമായി നടന്നുപോകുന്ന സ്ത്രീ,വീട്ടില്‍ നിന്നും റോഡിലേക്ക് കാര്‍ ഇറക്കുന്ന പപ്പയുടെ സുഹൃത്തായ മേയര്‍, ഇവരെയൊക്കെ കടന്നാണ് ലോല ഓടുന്നത്.കാമുകിയായ സെക്രട്ടറിയുമായി പപ്പ വളരെ വ്യക്തിപരമായ കാര്യങ്ങള്‍ ഗൌരവത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന മുറിയിലേക്കാണ് അനുവാദം ചോദിക്കാതെ അവള്‍ ഓടിക്കയറിയത്. അനവസരത്തിലുള്ള അവളുടെ വരവില്‍ പപ്പക്ക് അരിശം വരുന്നു.ആയാള്‍ പണം തരാന്‍ പറ്റില്ലെന്ന് അവളോട് ആക്രോശീക്കുന്നു.  ആ മോശം സാഹചര്യത്തിലല്ലായിരുന്നു അവള്‍ അവിടെ വന്നതെങ്കില്‍ (ഒരു നിമിഷം കഴിഞ്ഞാല്‍ ആ സെക്രട്ടറി  മുറിയില്‍ നിന്നും പുറത്തിറങ്ങുമായിരുന്നു.) പപ്പ അവളെ സഹായിക്കുമായിരുന്നു. സെക്രട്ടറിയുമായുള്ള തന്റെ അവിഹിത ബന്ധം മകള്‍ മനസ്സിലാക്കിയതിലുള്ള ഞെട്ടല്‍ മൂലം ദേഷ്യം വന്ന അയാള്‍ മകളുമായി വഴക്കിടുന്നു.ലോല താന്റെ മകളല്ലെന്നും മുഴുക്കുടിയയായ അവളുടെ അമ്മയെ ഉപേക്ഷിച്ച് പുതിയ ജീവിതം തുടങ്ങാന്‍ പോകുകയാണെന്നും ഒക്കെ പറഞ്ഞ് ലോലയെ ബാങ്കില്‍ നിന്നും പുറത്താക്കുന്നു.
           പണം കിട്ടിയില്ലെങ്കിലും മന്നി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറും മുമ്പെ അവിടെയെത്തി തടയണമെന്നു തീരുമാനിച്ച് ലോല സര്‍വ്വ ശക്തിയും എടുത്ത് ഓടുകയാണ്...കാത്തുനിന്നു മടുത്ത മന്നി പന്ത്രണ്ട് മണിക്ക് തന്റെ തോക്കുമായി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഡോര്‍ തുറന്ന് അകത്തേക്ക് കയറുന്നു.ലോല ഓടി വരുന്നുണ്ട്.ഒരു നിമിഷം മുമ്പെ എത്തിയിരുന്നെങ്കില്‍ മന്നിയെ തടയാമയിരുന്നു.വെടി പോട്ടിക്കഴിഞ്ഞു.കുറ്റവാളിയായിക്കഴിഞ്ഞു. ഇനി സമയം പിന്നിലേക്ക് വലിക്കാനാവില്ല.  ലോലയും സങ്കടത്തോടെ അകത്ത് കടന്നു.ഇനി പ്രശ്നത്തില്‍നിന്നും പിന്നോട്ട് പോകാനാവില്ല.മന്നിക്കൊപ്പം അവളും കുരുക്കില്‍ അകപ്പെട്ടു കഴിഞ്ഞു.കൊള്ളയടിച്ച പണവുമായി ഓടുന്ന അവരെ തടഞ്ഞ പോലീസുകാരിലൊരാളുടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി ലോല മരിക്കുന്നു.മരണത്തിനു മുമ്പുള്ള ലോലയുടെ മനസ്സിലെ നിമിഷങ്ങളാണ് നമ്മള്‍ പിന്നീട് കാണുന്നത്.  രക്തംകുതിര്‍ത്ത ചുവപ്പാണു ദൃശ്യങ്ങള്‍ക്ക്.മന്നിക്കൊപ്പം അവളുടെ സഹശയനം.ആലിംഗനത്തിലമര്‍ന്നിരിക്കുന്ന ലോല അവന് തന്നോടുള്ള പ്രണയത്തിന്റെ ആത്മാര്‍ത്ഥതയാണ് ചോദിക്കുന്നത് .ചുവപ്പ് പ്രളയത്തില്‍ ലോലയുടെ ബോധം മറഞ്ഞ് മരണത്തിലേക്ക് ചുവപ്പ് രാശി അലിഞ്ഞുമാഞ്ഞ് പതിയെ ദൃശ്യം അവസാനിക്കുന്നു. ഇതാണ് ഒരു സാധ്യത.
         ഓട്ടം-രണ്ടാം സാധ്യത
        സിനിമ വീണ്ടും തെളിയുന്നത് മറ്റൊരു സാധ്യതയിലേക്കാണ്.ലോല മരിക്കുമായിരുന്നോ എന്ന ചോദ്യമാണ് സംവിധായകന്‍ ഉന്നയിക്കുന്നത്.അവള്‍ ബാങ്കിലേക്ക് എത്തുന്നത് ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക.സിനിമ വീണ്ടും ആദ്യം മുതല്‍ ആരംഭിക്കുന്നു. ഫോണ്‍ വിളികേട്ട് വീട്ടില്‍നിന്നും തെരുവിലേക്ക് ഓടിയിറങ്ങുന്ന ലോലയില്‍.ഫൂട്ട്പ്പാത്തില്‍ എതിരെ നടന്നു വരികയായിരുന്ന സ്ത്രീയെ ഇടിച്ച്പോയ അവള്‍ ഒരു നിമിഷം വൈകുന്നു.ലോല പപ്പയുടെ മുറിയിലെത്തിയപ്പോഴുണ്ടായ കാഴ്ച കുറേക്കൂടി മോശമായിരുന്നു.വാഗ്വാദങ്ങള്‍ പുതിയതലത്തിലേക്ക് വികസിച്ചു.പണം കിട്ടില്ലെന്നു മനസ്സിലാക്കിയ ലോല പെട്ടന്നുള്ള ദേഷ്യത്തില്‍ ബാങ്കിലെ കാവല്‍ക്കാരന്റെ കൈയിലെ തോക്ക് തട്ടിയെടുത്ത് ബാങ്കില്‍ നിന്നും ആവശ്യമുള്ള പണം കൈക്കലാക്കുന്നു.അവിടെനിന്നും ഓടി മന്നിയുടെ അടുത്തെത്തുന്നുവെങ്കിലും മന്നി ഒരു ചുവന്ന ആംബുലന്‍സ് വാന്‍ ഇടിച്ച് മരിക്കുന്നു.മരണത്തിനു തൊട്ടുമുമ്പുള്ള മന്നിയുടെ ബോധമാണ് പിന്നെ നമ്മള്‍ കാണുന്നത്.കിടക്കയില്‍ ലോലയോട് സംസാരിക്കുകയാണ് മന്നി...ലോലക്ക് തന്നോടൂള്ള സ്നേഹത്തിന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചാണ് മന്നി ചോദിക്കുന്നത്..ചുവപ്പ് പ്രളയത്തില്‍ മന്നിയുടെ ബോധവും ജീവനും മായുന്നു.
   ഓട്ടം-മൂന്നാം സാധ്യത
               ലോലയുടെ വരവ് ഇനിയും ഒരുനിമിഷം കൂടി മാറിയിരുന്നെങ്കില്‍ എന്തായിരിക്കാം സംഭവിക്കുക എന്ന ഒരു സാധ്യത കൂടി സിനിമയില്‍ നാം കാണുന്നു.ടെലഫോണ്‍ ബെല്ലടിയില്‍ വീണ്ടും സിനിമ ആദ്യം മുതല്‍ ആരംഭിക്കുന്നു.ഓട്ടത്തിനിടയില്‍ പപ്പയുടെ സുഹൃത്തായ മേയറുടെ കാര്‍ റോട്ടിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് ലോല എത്തുന്നത്.(ഇതിനു മുമ്പുള്ള രണ്ട് സാധ്യതകളിലും ലോല കാര്‍ കാണുന്നുണ്ടെങ്കിലും മേയര്‍ അവളെ കാണുന്നില്ല..കാര്‍ റോട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. മേയര്‍ അവളെകണ്ട് നോക്കുന്ന നിമിഷം കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കും.ഇപ്രാവശ്യം ലോലയെ കണ്ടതുകൊണ്ട് കാര്‍ നിര്‍ത്തി അവളോട് സംസാരിക്കുന്നു.ഒരു നിമിഷം.ആ സമയം മറ്റേകാര്‍ കടന്ന്പോയതുകൊണ്ട് കാറുകള്‍ കൂട്ടിയിടിക്കുന്നില്ല. പക്ഷെ ലോലയോട് സംസാരിക്കുന്നതിനാല്‍ ലോലയുടെ ഇത്തിരി നിമിഷങ്ങള്‍ നഷ്ടമാകുന്നു.ബാങ്കിലെത്തിയപ്പോള്‍ പപ്പ സുഹൃത്തായ മേയര്‍ക്കൊപ്പം പുറത്ത്പോയിക്കഴിഞ്ഞു.അഹിതമായ കാഴ്ചക്കുള്ള അവസരമുണ്ടായില്ല.(ആ പോക്കില്‍ ഇരുവരും അപകടത്തില്‍ പെട്ട് മരിച്ചുപോയിരുന്നു.)പപ്പയെ കാണാനാവതെ നിരാശയോടെ ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ ലോല ഒരു ചൂതാട്ട കേന്ദ്രത്തില്‍ കയറുന്നു. കൈയിലുള്ള കുറച്ച് നാണയങ്ങള്‍ വെച്ച് അവള്‍ ഗാംബ്ലിംഗ് നടത്തുന്നു.നമ്പര്‍ ഇരുപതിലാണ് അവള്‍ പണം വെയ്ക്കുന്നത്(ഇരുപത് മിനുട്ടാണ് അവള്‍ക്ക് ബാക്കിയുള്ളത്).ബെറ്റ് വെച്ച് നിമിഷങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ നേടുന്നു.പണവുമായി ഓടി മന്നിയുടെ അരികില്‍ കൃത്യസമയത്ത് തന്നെ എത്തുന്നു.
         ഇതേസമയം ഒരു അന്ധനില്‍ നിന്നും ഇരന്നു വാങ്ങിയ ടെലഫോണ്‍ കാര്‍ഡുപയോഗിച്ച് പലരോടും മന്നി സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. കാര്‍ഡ് തിരിച്ചേല്‍‌പ്പിക്കുമ്പോള്‍ നിമിഷത്തിന്റെ വ്യത്യാസത്തില്‍ ട്രയിനില്‍ വച്ച് തന്റെ പണം  കൈക്കലാക്കിയ യാചകനെ  സൈക്കിളില്‍ കടന്നു പോകുന്നത്കാണുന്നു. അയാളെ ഓടിച്ച് പിടിച്ച് കൈത്തോക്ക് പകരം നല്‍കി പണം തിരിച്ച് വാങ്ങുന്നു.
         ലോല പണവുമായി മന്നിക്കരികില്‍ എത്തുമ്പോള്‍ കാണുന്നത് പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ച  സ്വസ്ഥമായ ഒരു അവസ്ഥയാണ്.സന്തോഷപൂര്‍വം ഡോണായ റൂണിയൂടെ കൈപിടിച്ച് കുലുക്കി കാറില്‍നിന്നും പുറത്തിറങ്ങുകയാണ് മന്നി.ശുഭപര്യവസാനിയായ സിനിമ .നിന്റെ ബാഗിലെന്താണെന്നു മന്നി ലോലയോട് ചോദിക്കുന്നിടത്ത്  സിനിമ അവസാനിക്കുന്നു.
     ഓട്ടത്തിനിടയില്‍ ലോല ഇടപെടുന്നവരും അവള്‍ കടന്നുപോകുന്നവരും ഒരോ സാധ്യതകളിലും വ്യത്യസ്ഥ അവസ്ഥകളിലാണ് ഉള്ളത് എന്ന് സ്റ്റില്‍ ഫോട്ടോകള്‍ ,ഫാസ്റ്റ് ഫ്ലാഷ്ഫോര്‍വേര്‍ഡുകള്‍,എന്നിവ ഉപയോഗിച്ച് സംവിധായകന്‍ കാട്ടിത്തരുന്നുണ്ട്. രണ്ടാം ഓട്ടത്തില്‍ മന്നിയെ ഇടിച്ച് കൊല്ലുന്ന ചുവന്ന ആംബുലന്‍സ് മറ്റ് രണ്ട് സാധ്യതകളിലും വേറെ അവസ്ഥകളില്‍ നാം കാണുന്നുണ്ട്.ഇനിയും രണ്ടോ മൂന്നോ നിമിഷങ്ങള്‍ മുന്നോട്ടോ പിറകോട്ടോ ആയാലും ലോലയുടെ ജീവിതം വേറെവിധത്തിലായിരിക്കാം.
       ഇരുപത് മിനുട്ട് കൊണ്ട് നടക്കുന്ന സംഭവങ്ങളുടെ മൂന്നു റീവൈന്റുകളാണ് ഈ 76 മിനുട്ട് സിനിമ.30 എം.എം കളര്‍/ മോണോക്രോം  ഫിലീമുകള്‍ ഉപയോഗിച്ച് വീഡിയോ ഫൂട്ടേജുകളും ,കാര്‍ട്ടൂണ്‍ അനിമേഷനുകളും, നിശ്ചല ചിത്രങ്ങളും,ഫില്‍ട്ടറുകളും ഒക്കെ ഉപയോഗിച്ചുള്ള വ്യത്യസ്ഥമായ ട്രീറ്റ്മെന്റാണ് ടോം ടിക് വേര്‍ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.ആദ്യന്തം സമയത്തിന്റെ പാച്ചില്‍ ലോലക്കൊപ്പം നമ്മെ അനുഭവിപ്പിക്കാന്‍ ഇതിന്റെ ചടുലമായ പശ്ചാത്തലസംഗീതത്തിനു സാധിക്കുന്നുണ്ട്.ലോല മന്നിയുടെ അരികില്‍ അവസാനം എത്തുന്ന സീനില്‍-സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ കയറുന്ന മന്നിയും അതേ നിമിഷം ഓടിവരുന്ന ലോലയും വെറും നിമിഷാര്‍ദ്ധത്തിന്റെ വ്യത്യാസത്തിലാണ് ഉള്ളത് എന്നു കാണിക്കാന്‍ സ്പ്ലിറ്റ് സ്ക്രീന്‍ ആണ് സംവിധായകന്‍ ഉപയോഗിക്കുന്നത്. ലോലയുടെ ഓട്ടം വളരെ സജീവമായി നമുക്കനുഭവപ്പെടാന്‍ ലോങ്ങ് ഷോട്ടുകളൂടെയും,ക്ലോസപ്പ്കളുടെയും അതിമനോഹരമായ സമ്മിശ്രണം ടോം ടിക് വേര്‍ ഉപയോഗിച്ചിരിക്കുന്നു.
                  പുതുമയാര്‍ന്ന അഖ്യാന ശൈലി ലോകമെങ്ങും ഈ സിനിമക്ക് നല്ല സ്വീകരണത്തിന് കാരണമായി. നിരവധി പുരസ്കാരങ്ങളും ഈ സിനിമ നേടി.തീജ്വാല നിറമുള്ള മുടിയുമായി ലോലയായി അഭിനയിച്ച ഫ്രാങ്ക പൊട്ടന്റ് മനോഹരമായ വേഷപ്പകര്‍ച്ചയാണ് നടത്തുന്നത്.’വിഷ്’ എന്ന ഗാനം രചിച്ച് ആലപിച്ചിരിക്കുന്ന ഇവര്‍ തന്നെയാണ്  സംവിധയകനൊപ്പം ചേര്‍ന്ന് സിനിമയുടെ സൌണ്ട് ട്രാക്കും ഒരുക്കിയിരിക്കുന്നത്.ഒരു സംഗീത വീഡിയോ എന്ന തരത്തില്‍ പോലും ആസ്വദിക്കാനാകുംവിധമാണ് പശ്ചാത്തലശബ്ദം സിനിമയുമായി ചേര്‍ന്നു നില്‍ക്കുന്നത്.സംഭവങ്ങളുടെ അസംഭവ്യത എന്നൊന്നില്ല എന്നും സമയം എന്നത് സാധ്യതകളുടെ ഒരു സാധ്യതമാത്രമാണെന്നും ഈ സിനിമ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും

10/18/2010

ഫാദർ

             1996/ഇറാന്‍/കളര്‍/96 മിനുട്ട്/ഫാര്‍സി                                                                                                          സംവിധാനം: മാജിദ് മാജിദി                                                                                                                                                     മാജിദ് മാജിദിയുടെ സിനിമകളില്‍ പ്രധാന പ്രത്യേകത അതിന്റെ ലാളിതവും സാധാരണവുമായ കഥ പറച്ചില്‍ രീതിയാണ്. കഥാപാത്രങ്ങള്‍ ഇറാനിലെ തെരുവുകളിലും ഗ്രാമങ്ങളിലും എപ്പഴും കാണാവുന്ന നന്മകള്‍ നിറഞ്ഞ കുട്ടികളും പച്ചമനുഷ്യരും...1996ല്‍ നിര്‍മ്മിച്ച ‘ഫാദര്‍ ‘ എന്ന ഇറാനിയന്‍ സിനിമ മെഹ്രുള്ള എന്ന പതിനാലുവയസ്സുകാരന്റെ കഥയാണ്.  അവന്റെ പ്രിയപ്പെട്ട അച്ഛന്‍ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മരിച്ചുപോയി. അമ്മയും മൂന്നു കുഞ്ഞനുജത്തിമാരുമടങ്ങിയ കുടുംബം പോറ്റാന്‍ വിദൂരമായ ദക്ഷിണ ഇറാനിലെ തുറമുഖപട്ടണത്തില്‍ കുഞ്ഞു ജോലികള്‍ ചെയ്തു പണം സ്വരുക്കൂട്ടുകയാണവന്‍. മാസങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കങ്ങളുമായി നില്‍ക്കുന്ന മെഹ്രുള്ളയിലാണ് സിനിമ ആരംഭിക്കുന്നത്.    അവന്‍ വലിയ സന്തോഷത്തിലും ആവേശത്തിലും ആണ്. അമ്മയ്ക്കും കുഞ്ഞനുജത്തിമാര്‍ക്കും നല്‍കാന്‍ അവന്‍ വാങ്ങിക്കൂട്ടിയ ഉടുപ്പുകളും ആഭരണങ്ങളും മറ്റും പൊതിഞ്ഞു കെട്ടുകയാണവന്‍. കൂട്ടത്തില്‍ മരിച്ചു പോയ അച്ഛന്റെ കൂടെയുള്ള ഒരു ഫോട്ടോയും അവന്‍ കരുതുന്നുണ്ട്.                                                                                     ബസ്സില്‍ ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ മെഹ്രുള്ള നാട്ടിലെത്തുന്നു. പഴയ കളിക്കൂട്ടുകാരന്‍ ലത്തീഫാണ്    ഞെട്ടിക്കുന്ന ആ വാര്‍ത്ത അവനോട് പറഞ്ഞത് .അതവന് വിശ്വസിക്കാനും, ഉള്‍ക്കൊള്ളാനും, അംഗീകരിക്കാനും, സഹിക്കാനും കഴിയാത്തതായിരുന്നു.കേട്ടയുടനെയുള്ള അരിശത്തിന് അവന്‍ ലത്തീഫിനെ അടിച്ചു പോകുന്നു.   രണ്ട് മാസം മുമ്പ് അമ്മ ഒരു പോലീസുദ്യോഗസ്ഥനെ വിവാഹം കഴിച്ചത്രെ..ഇപ്പോള്‍ അമ്മയും അനുജത്തിമാരും ആയാള്‍ക്കൊപ്പമാണു താമസിക്കുന്നത്.  പോലീസ് ഉദ്യോഗസ്ഥന്ന്റ്ന്റെ വീട്ടിനുമുന്നിലെത്തിയ മെഹ്രുള്ള അമ്മയ്ക്കും അനുജത്തിമാര്‍ക്കും നല്‍കാനായി അവന്‍ പണിപ്പെട്ടുവാങ്ങിയ സധനങ്ങള്‍ ഒക്കയും ഗൈറ്റില്‍ വലിച്ചെറിഞ്ഞ് തിരിച്ച് നടക്കുന്നു.. ആ പോലീസുകാരനെ അച്ഛനായി അംഗീകരിക്കാന്‍ അവന്‍ ഒരുക്കമല്ല.  അവന്‍ ഇത്രമാത്രം കഷ്ടപ്പെ ട്ടത് എന്തിനായിരുന്നു എന്നാണവന്‍ ചിന്തിക്കുന്നത്.  അമ്മയെ തട്ടിയെടുത്ത ആയാളോട് അവനു പകയും തന്നെ വെറും കുഞ്ഞായി മാത്രം കണ്ട  അമ്മയോട് അരിശവും ഉണ്ട്
              
              അവന്റെ അച്ഛന്റെ പഴയ വീട് വൃത്തിയാക്കി അവിടെ ലത്തീഫിനൊപ്പം താമസിക്കുകയാണ് മെഹ്രുള്ള. ആ പോലീസുകാരനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല അഭിപ്രായമാണെന്നാണ് ലത്തീഫ് അവനോട് പറയുന്നത്. .ആരുമില്ലാത്ത അവന്റെ അമ്മയേയും അനിയത്തിമാരേയും ഇക്കാലമത്രയും പൊന്നുപോലെ നോക്കിയത് അയാളാണ്. അനിയത്തിക്കുട്ടിക്ക് കാര്യമായ അസുഖം വന്നപ്പോള്‍ വളരെയധികം പണം ചിലവഴിച്ച് ചികിത്സിച്ച് രക്ഷിച്ചത് അയാളാണ്. മെഹ്രുള്ള ഇതൊന്നും കേള്‍ക്കാന്‍ സന്നദ്ധമല്ലായിരുന്നു.അത്രക്കധികം പകയുണ്ട് അവന്‍ അയാളോട്.
               പിറ്റേദിവസം താന്‍ സ്വരുക്കൂട്ടിയുണ്ടാക്കിയ പണമെല്ലാം എടുത്ത് പോലീസുദ്യോഗസ്ഥന്റെ വീട്ടിലെത്തി അയാള്‍ക്ക് നേരെ വലിച്ചെറിഞ്ഞ്- “എന്റെ അനിയത്തിയെ ചികിത്സിക്കാന്‍ നിങ്ങള്‍ ചിലവഴിച്ച പണമിതാ എടുത്തോളു എനിക്കെന്റെ അനിയത്തിയെ തിരിച്ച് തരൂ“ എന്ന് അവന്‍ ആക്രോശിക്കുന്നു. പ്രായത്തിന്റെയും അനുഭവങ്ങളുടെയും പക്വത  മെഹ്രുള്ളയെ മനസ്സിലാക്കാന്‍ ആ പോലീസുകാരനെ സന്നദ്ധമാക്കുന്നുണ്ട്. അയാള്‍ മെഹ്രുള്ളയെ അനുനയിപ്പിക്കാനും കൂടെ താമസിക്കാനും  പ്രേരിപ്പിക്കുന്നുണ്ട് .പക്ഷെ മെഹ്രുള്ളയുടെ ദേക്ഷ്യം കൂടുന്നേയുള്ളു. ആരും സഹായിക്കാനില്ലാത്ത ദുരിതകാലത്ത് സ്നേഹവും അനുകമ്പയുമായി കൂടെനിന്ന ആ മനുഷ്യന്റെ നന്മക്കും മകനോടുള്ള സ്നേഹത്തിനും ഇടയിലെ വല്ലാത്ത സംഘര്‍ഷത്തിലാണ് അവന്റെ അമ്മ.
               ഒരു ദിവസം ലത്തീഫിന്റെ സഹായത്തോടെ മെഹ്രുള്ള അനിയത്തിമാരെ ആരുമറിയാതെ പോലീസുദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും കൂട്ടി തന്റെകൂടെ പഴയവീട്ടിലേക്കു കൊണ്ടുവരുന്നു. കുട്ടികളെ കാണാതെ അങ്കലാപ്പിലായ അമ്മയും രണ്ടാനച്ഛനും അവസാനം അവന്റെ അരികിലെത്തുന്നു. പക്ഷെ പനിപിടിച്ച് അവശനായിക്കിടക്കുകയായിരുന്നു മെഹ്രുള്ള. പോലീസുകാരന്‍ സ്നേഹത്തോടെ അവനെ തന്റെ വീട്ടിലേക്ക് കൂട്ടുന്നു-ശുശ്രൂഷിക്കുന്നു. അസുഖം മാറിയ മെഹ്രുള്ളയുടെ മനസ്സിലെ പക പക്ഷെ കെട്ടടങ്ങീട്ടില്ലായിരുന്നു. തന്റെ ശത്രുവിനെ കൊല്ലാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു. അതിനായി പോലീസുകാരന്റെ സര്‍വീസ് റിവോള്‍വര്‍ അയാളുടെ യൂനിഫോമില്‍ നിന്നും കട്ടെടുത്തു. കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ രാത്രിയില്‍ തന്നെ ലത്തീഫിനൊപ്പം അവന്‍ നാടുവിടുന്നു.
             കുട്ടിത്തം മാറാത്ത മെഹ്രുള്ളയോട് അനുകമ്പയും സ്നേഹവും മാത്രംഇത്രയും നാളും  പ്രകടിപ്പിച്ചിരുന്ന പോലീസുകാരന്  ഇത് സഹിക്കാനാവുന്നതായിരുന്നില്ല. ഏതുവിധേനയും തന്റെ സര്‍വീസ് റിവോള്‍വര്‍ തിരിച്ച്കിട്ടേണ്ടത് അയാളുടെ ആവശ്യമായിരുന്നു.  തന്റെ മോട്ടോര്‍ സൈക്കിളില്‍ മെഹ്രുള്ളയെ അന്വേഷിച്ചുള്ള ദീര്‍ഘയാത്ര ആരംഭിക്കുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ രണ്ടു കുട്ടികളേയും നഗരത്തില്‍ കണ്ടെത്തുന്നു. ലത്തീഫിനെ ഒരു ബസ്സില്‍ നാട്ടിലേക്കയക്കുന്നു. മെഹ്രുള്ളയെ വിലങ്ങണിയിച്ച് മോട്ടോര്‍ സൈക്കിളില്‍ പുറകില്‍ ഇരുത്തി നാട്ടിലേക്ക് യാത്ര ആരംഭിക്കുന്നു. ഒരു ശിലപോലെ ഇരിക്കുകയാണ് മെഹ്രുള്ള. ഇറാനിലെ കുന്നുകളും മലമ്പാതകളും തനിക്ക് മനപ്പാഠമാണെന്നും നിരവധി കള്ളക്കടത്തുകാരെ തന്റെ സര്‍വീസുകാലയളവില്‍  ധീരമായി പിടികൂടീട്ടുണ്ടെന്നും ഒക്കെ നിര്‍ത്താതെ പറയുന്നുണ്ട് പോലീസുകാരന്‍.
 തനിച്ചുള്ള അവരുടെ ദീര്‍ഘയാത്ര പരസ്പരമുള്ള അശയവിനിമയത്തിന് പതുക്കെ നിര്‍ബന്ധിക്കുന്നുണ്ട്. പങ്കുവെക്കലുകള്‍ക്കും .. നിന്റെ അമ്മയേയും അനിയത്തിമാരേയും രക്ഷിച്ചതാണോ ഞാന്‍ ചെയ്ത കുറ്റം എന്നയാള്‍ മെഹ്രുള്ളയോട് ചോദിക്കുന്നുണ്ട്.
              യാത്രക്കിടയില്‍ ലഭിച്ച ഒരു അവസരത്തില്‍ അവന്‍ മോട്ടോര്‍ സൈക്കിള്‍ കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അവന്റെ അച്ഛന്‍ ചെറുപ്പത്തിലേ അവനെ അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ മലമ്പാതകളിലെ കുറുക്കു വഴികള്‍ പരിചയമുള്ള പോലീസുദ്യോഗസ്ഥന്‍ അവനെ വേഗംതന്നെ പിടികൂടുന്നു. പിന്നീട് വിലങ്ങ് സൈക്കിളുമായി ബന്ധിച്ചാണ് യാത്ര. വരണ്ടുണങ്ങിയ മരുഭൂമിയിലൂടെയുള്ള ദീര്‍ഘയാത്ര രണ്ടു വ്യക്തികളുടെ മനസ്സുകളെ അടുപ്പിക്കും. സിനിമയില്‍ സംവിധായകന്‍ അരമണിക്കൂറോളം ഈ യാത്രക്കായാണ് നീക്കിവെച്ചിരിക്കുന്നത് . എണ്ണ തീര്‍ന്ന് മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിക്കേണ്ടിവരുന്നു. പിന്നീട് യാത്ര വീശിയടിക്കുന്ന പൊടിക്കറ്റിലൂടെ നടന്നാണ് . ഓടിപ്പോകാതിരിക്കാന്‍ മെഹ്രുള്ളയുടെ വിലങ്ങ് തന്റെ കൈയുമായി ചേര്‍ത്ത് ബന്ധിച്ചാണ് പോലീസുകാരന്‍ നടക്കുന്നത്. ദിക്കറിയാതെ മരു വിശാലതയില്‍ വെള്ളവും തണലുമില്ലാതെ മണല്‍കാറ്റിലൂടെ എങ്ങോട്ടെന്നറിയാതെ അവര്‍ നടക്കുകയാണ്.അവസാനം ബാക്കിയുള്ള ഒരു കവിള്‍ വെള്ളം കൂടിക്കാനായും മുമ്പ് അയാള്‍ തളര്‍ന്ന മെഹ്രുള്ളയുടെ മുഖത്തേക്ക് നോക്കുന്നു. പോലീസുകാരനിലെ മനുഷ്യത്വത്തിന്റെ ജ്വാലകള്‍ മാജിദി നമുക്ക് മുന്നില്‍ വെളിവാക്കുന്നത് - ആ ജീവ ജലം അയാള്‍ കുട്ടിക്ക് നേരെ നീട്ടുന്ന ദൃശ്യത്തിലൂടെയാണ്. ഒരടിപോലും ഇനി മുന്നോട്ട് നടക്കാനാവാത്തവിധം അവര്‍ തളര്‍ന്നുകഴിഞ്ഞു.


       വരണ്ടുണങ്ങിയ ഒരു കിണര്‍ അവര്‍ കണ്ടെത്തിയതല്ലാതെ ഒരു തുള്ളിവെള്ളം എവിടെയുമില്ല...യാത്ര മരണത്തിലേക്ക് നീളുകയാണ്. പോലീസുകാരന്‍ കൈവിലങ്ങുകള്‍ അഴിച്ച് മെഹ്രുള്ളയോട് എങ്ങനെയെങ്കിലും രക്ഷപ്പെട്ടുക്കൊള്ളന്‍ പറയുന്നു. കുട്ടിയായ അവന് ഇത്തിരികൂടി ഊര്‍ജ്ജം ബാക്കിയുണ്ട്. അയാള്‍ക്ക് വലിയ ശരീരം താങ്ങി ഇനി ഒട്ടും മുന്നോട്ടു നടക്കാനാവില്ല.തന്റെ അധികാരവും ആരോഗ്യവും പ്രകൃതിയുടെ രൌദ്രതക്ക്മുന്നില്‍ നിസ്സാരമെന്ന് അയാള്‍ തിരിച്ചറിയുന്നു. ശരീരത്തിലെ ജലാംശം വറ്റി അയാള്‍ തളര്‍ന്ന് വീഴുന്നു. താന്‍ കൊല്ലാന്‍ തക്കം പാര്‍ത്ത് നിന്ന തന്റെ ശത്രുവിനെ പക്ഷെ മരണത്തിനു വിട്ടുകൊടുത്ത്  നടന്ന് നീങ്ങാന്‍ മെഹ്രുള്ളക്ക് ആവുന്നില്ല..യാത്രക്കിടയില്‍ പതുക്കെയെങ്കിലും അവന്‍ ആ പോലീസുകാരന്റെ സ്നേഹം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. പൊടിമണലില്‍ വീണു കിടക്കുന്ന അയാളെ ആദ്യമായി അലിവോടെ അവന്‍ സ്പര്‍ശിക്കുന്നു. അയാളെ താങ്ങിയെടുത്ത് നടക്കാന്‍ അവനാകുന്നില്ല. അവന്‍ സങ്കടം കൊണ്ട് കരഞ്ഞുപോകുന്ന്. ചുറ്റും നോക്കിയപ്പോള്‍ ദൂരെ ഒട്ടകങ്ങള്‍ നടന്നുപോകുന്നത് അവന്‍ കാണുന്നു.. അവന്‍ അങ്ങോട്ടോടുന്നു..അവിടെ ഒരു ചെറിയ നീരുറവ..വെള്ളം എടുത്തുകൊണ്ട്പോകാന്‍ പാത്രമില്ലാത്തതിനാല്‍ അവന്‍ തന്റെ ഷര്‍ട്ട് വെള്ളത്തില്‍ കുതിര്‍ത്ത് അതുമായി തിരിച്ച് ഓടി പോലീസുകാരനരികിലെത്തുന്നു..ഇല്ല അതുകൊണ്ടൊന്നും കാര്യമില്ല..ആയാളുടെ വലിയ ശരീരം വലിച്ചും ഇഴച്ചും അവന്‍ ആ നീരുറവയിലെത്തിക്കുന്നു..വെള്ളത്തിന്റെ നനവില്‍ ആയാളില്‍ ജീവന്റെ ചലനങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു..തളര്‍ന്ന് അയാള്‍ക്കരികില്‍ വീണുകിടക്കുകയാണ് മെഹ്രുള്ളയും..പോലീസുകാരന്റെ പോക്കറ്റില്‍ നിന്നും ഒരു ഫോട്ടൊ വെള്ളത്തിലൂടെ ഒലിച്ച് മെഹ്രുള്ളയുടെ അരികിലേക്ക് വരുന്നു..തന്റെ അമ്മയ്ക്കും അനിയത്തിമാര്‍ക്കും ഒപ്പം ആ പോലീസുകാരന്‍ നില്‍ക്കുന്ന ഫോട്ടോ..ഇതുപോലൊരു നീരരുവിയില്‍ മെഹ്രുള്ളക്ക് അവന്റെ അച്ചനൊപ്പമുള്ള ഒരു ഫോട്ടോ നഷ്ടപ്പെടുന്ന ഒരു ദൃശ്യം മുന്നെ നാം കാണുന്നുണ്ട്..താന്‍ ഒരു പുതിയ കുടുംബത്തിലേക്ക് കണ്ണിചേര്‍ക്കപ്പെടുന്നത് മെഹ്രുള്ള അറിയുന്നു..ഹൃദയസ്പര്‍ശിയായ ഈ ദൃശ്യത്തിലാണ് മാജിദിയുടെ “ഫാദര്‍’ അവസാനിക്കുന്നത്.
              സമകാലികരായ ഇറാനിയന്‍ സംവിധായകരായ ‍-ജാഫര്‍ പനാഹി,ബാഹ് മാന്‍ ഒബാദി എന്നിവരൊക്കെ ഇറനിലെ വംശീയവും ലിംഗപരവും സാമൂഹികവുമായ അസമത്വങ്ങളും അസംതൃപ്തികളുമാണ് വിശകലനം ചെയ്തതെങ്കില്‍ മാജിദി ലോകത്തെവിടെയും പ്രസക്തമായ മാനുഷിക പ്രശ്നങ്ങള്‍ ഇറാനിയന്‍ ഭൂപ്രകൃതിയില്‍ പറയുകയാണ്. ജീവിത സമസ്യകളും ആത്മ സംഘര്‍ഷങ്ങളും കുഞ്ഞുമനസ്സുകളിലെ അരക്ഷിതബോധവും സ്നേഹതൃഷ്ണയും വിശദീകരിക്കുന്ന റിയലിസ്റ്റിക്കായ കുഞ്ഞു സിനിമകള്‍. വളച്ചു കെട്ടുകളും സങ്കീര്‍ണതകളുമില്ലാത്ത ലളിതമായ ആഖ്യാന രീതി. അര്‍ത്ഥവ്യാപ്തിയുള്ള  മാജീദിയന്‍ സ്പര്‍ശമുള്ളചില  ദൃശ്യങ്ങള്‍ ഇടയില്‍ ചേര്‍ക്കുകയും ചെയ്യും. ആശ്വസിപ്പിക്കാനാരുമില്ലാത്തവരെ തഴുകുന്ന വര്‍ണ്ണ മത്സ്യങ്ങളും പ്രതീക്ഷകൈവിടും നേരത്ത് പ്രത്യശയുടെ കിരണമായി ജഢശരീരങ്ങളിലെ ജീവന്റെ തുടിപ്പുകളും ഇദ്ദേഹത്തിന്റെ പല സിനിമകളിലും പ്രത്യക്ഷപ്പെടുന്നുണ്ട് .പ്രതിനായകരില്ലാത്തതാണു മാജിദിയുടെ സിനിമകള്‍ പലതും..രണ്ടാനച്ഛന്‍(ഒരു പോലീസുകാരന്‍ പ്രത്യേകിച്ചും) എന്നത് പ്രേക്ഷകരുടെ മനസ്സിലും മെഹ്രുള്ളയുടെ മനസ്സിലെന്ന പോലെ പ്രതിസ്ഥാനത്താണ് സിനിമയുടെ ആരംഭത്തില്‍‍..പക്ഷെ സര്‍വരിലും നന്മ കാണുന്നതാണ് മാജിദിയുടെ ലോകവീക്ഷണം.‘ഫാദര്‍‘എന്ന സിനിമ അതുകൊണ്ടുതന്നെ പ്രസരിപ്പിക്കുന്നത് ശുഭാപ്തിനിറഞ്ഞ നന്മയുടെ പ്രകാശമാണ്

10/14/2010

ചിൽഡ്രൺ ഓഫ് ഹെവൻ

ഇറാൻ/പേർഷ്യൻ/1997/കളർ/89 മിനുട്ട്
സംവിധാനം: മാജിദ് മാജിദി
                     പിങ്ക് നിറമുള്ള ഒരു കുഞ്ഞ് ചെരുപ്പാണ് മാജിദ് മാജിദി 1997 ൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ‘ചിൽഡ്രൺ ഓഫ് ഹെവൻ’ എന്ന ഇറാനിയൻ ചലചിത്രത്തിലെ കേന്ദ്രബിന്ദു . അലി എന്ന ഒമ്പതുവയസ്സുകാരൻ അനിയത്തി സാറയുടെ നിറം മങ്ങി പിഞ്ഞിയ പഴയ  ഷൂ ചെരുപ്പ്കുത്തിയുടെ അരികിൽ നന്നാക്കാൻ കൊണ്ടുപോയിരിക്കയാണ്. തുന്നിക്കൊണ്ടിരിക്കുന്ന ചെരുപ്പിന്റെ എക്സ്ട്രീം ക്ലോസ്സപ്പുകളുടെ പശ്ചാത്തലത്തിലാണ് ടൈറ്റിലുകൾ തെളിയുന്നത്. നന്നാക്കി കിട്ടിയ ചെരുപ്പ് ഒരു കറുത്ത പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞെടുത്ത ശേഷം മാർക്കറ്റിൽ വീട്ടു സാധനങ്ങൾ വാങ്ങുകയാണ് അലി. പച്ചക്കറിക്കടയുടെ പുറത്തൊരിടത്ത് ചെരുപ്പ് പൊതി വെച്ചാണ് അലി കടക്കുള്ളിൽ പോയി ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുന്നത്. ഇതിനിടയിൽ അതു വഴി വന്ന അന്ധനായ ഉന്തുവണ്ടിക്കാരൻ കടയിലെ പഴയ പ്ലാസ്റ്റിക് വേസ്റ്റുകൾ പെറുക്കി കൊണ്ടുപോകുന്നതിനിടയിൽ അറിയാതെ ചെരുപ്പിട്ട ബാഗും അതോടൊപ്പം കൊണ്ടുപോകുന്നു. സാധനം വാങ്ങി പുറത്തിറങ്ങിയ അലി തന്റെ ചെരുപ്പ്കാണാതെ ബേജാറായി.താൻ ചെരുപ്പ് വച്ച സ്ഥലത്ത് കൂടുതൽ പരതുന്നതിനിടയിൽ പച്ചക്കറിപെട്ടികൾ താഴെവീണു ചിതറി. കടം പറയുന്നതിനാൽതന്നെ അലിയെ ഇഷ്ടമില്ലാതിരുന്ന കടക്കാരന് ഇതുകൂടിയായപ്പോൾ കലിവന്നു. അയാൾ ചീത്തപറഞ്ഞ് അലിയെ ഓടിക്കുന്നു.
                      ചെരുപ്പ് നഷ്ടപ്പെട്ടതിന്റെ സങ്കടവുമായാണ് അലി വീട്ടിലെത്തുന്നത്.അപ്പോൾ കേൾക്കുന്നത് വാടക അഞ്ചുമാസം കുടിശികയായതിന് അമ്മയെ വീട്ടുടമ ചീത്തപറയുന്നതാണ്. സാറക്ക്  ഒരു  ചെരുപ്പ് വാങ്ങിനൽകാനുള്ള പണം വീട്ടിലില്ലെന്നവനറിയാം. തന്റെ ചെരുപ്പ് നഷ്ടപ്പെടുത്തിയാണ് അലി വന്നിരിക്കുന്നതെന്നറിഞ്ഞ സാറ കരച്ചിലിന്റെ വക്കിലാണ്. വിവരം വീട്ടിലറിഞ്ഞാൽ കുഴപ്പമാകുമെന്ന് അലിക്കറിയാം. ഈ കാര്യം ആരോടും പറയരുതെന്ന് അലി സാറയോട് കെഞ്ചുന്നു..
                      അലി ഒരുപ്രാവശ്യം കൂടി  ആ കടയിൽ പോയി നോക്കുന്നു. ഇല്ല എവിടെയും ഇല്ല..അതിനിടയിൽ അലിയെ വീണ്ടും കണ്ടപ്പോൾ കടക്കാരന് ദേഷ്യം വരുന്നു.ഈ കുഴപ്പങ്ങൾക്കിടയിൽ അമ്മയെ ജോലിയിൽ സഹായിക്കനോ കുഞ്ഞിനെ നോക്കാനോ അലിക്ക് പറ്റിയില്ല. അച്ഛൻ തിരിച്ചെത്തിയപ്പോൾ രോഗിയായ അമ്മയെ സഹായിക്കാത്തതിന് അവന് നല്ല വഴക്ക് കിട്ടുന്നു. ഒമ്പത് വയസ്സായ അവൻ കുറേക്കൂറ്റി ഉത്തരവാദിത്വം കാണിക്കണം എന്നാണ് അച്ഛൻ പറയുന്നത്. അമ്മയെ ചികിത്സിക്കാനും കുടുംബം പോറ്റാനുംവേണ്ട പണം തന്റെ ചെറിയ ജോലിയിൽ നിന്നും അയാൾക്ക് കിട്ടുന്നില്ല.
                      നാളെ ചെരുപ്പില്ലാതെ താനെങ്ങനെ സ്കൂളിൽ പോകും എന്ന കാര്യമാണ് സാറയെ കുഴക്കുന്നത്. അച്ഛന്റെയും അമ്മയുടെയും മുമ്പിൽ ഈ കാര്യം ചർച്ച ചെയ്യാനും പറ്റില്ല. അവൾ തന്റെ ഹോം വർക്ക് ചെയ്യുന്നതിനിടയിൽ  നോട്ടുബുക്കിൽ ഈ ചോദ്യമെഴുതി ഏട്ടന്റെ മുന്നിലേക്ക് നീക്കി വയ്ക്കുന്നു. മറുപടി അലി അവന്റെ നോട്ടിലേഴുതി അവൾക്ക് തിരിച്ച് നൽകുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവരറിയാതെതന്നെ കുട്ടികൾ ഈ കാര്യം ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തുന്നു. തത്കാലം അലിയുടെ ചെരുപ്പ് രണ്ട്പേരും പങ്കുവെക്കുക. സാറക്ക് രാവിലെയും അലിക്ക് ഉച്ചകഴിഞ്ഞുമാണ് സ്കൂൾ. തന്റെ ക്ലാസ്സ് കഴിഞ്ഞാലുടൻ സാറ കഴിയുന്നത്ര വേഗത്തിൽ ഓടിയെത്തി അലിക്ക് ചെരുപ്പ് കൈമാറുക. ഈ ഒത്തുകളി രഹസ്യമാക്കി വെക്കുന്നതിന് കൈക്കൂലിയായി അവന്റെ വലിയ പെൻസിൽ അവൾക്ക് നൽകുന്നു.
                        ഈ ചെരുപ്പ് പങ്കുവെക്കൽ പരിപാടി അവർ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. സാറ  തിരിച്ചെത്തി ചെരുപ്പ് കൈമാറി,അലി ഓടി സ്കൂളിലെത്തുമ്പോഴേക്കും  ബെല്ലടിക്കും. ഹെഡ്മാസ്റ്റർ കാണാതെ എപ്പഴും രക്ഷപ്പെടാനാവില്ല. താക്കീത് കിട്ടീട്ടും വീണ്ടും വൈകി വരുന്ന അലിയെ അച്ഛനെ കൂട്ടി വരാൻ നിർദേശിച്ച് സ്കൂളിൽ നിന്നുംപറഞ്ഞ് വിടുന്നു. അലി കരച്ചിലും നിരാശയുമായി ഗൈറ്റിലെത്തുമ്പോൾ അവനെ ഏറെ ഇഷ്ടമുള്ള ക്ലാസ്സ് ടീച്ചർ കാണുന്നു.അലിയെ കൂട്ടി തിരിച്ച് വന്ന്  , ക്ലാസ്സിലൊന്നാമനാണെന്നും അനുസരണയുള്ള നല്ലകുട്ടിയാണെന്നും ഹെഡ്മാസ്റ്ററോട് ശുപാർശ ചെയ്ത് തത്കാലം രക്ഷിക്കുന്നു.
                          പാകമാവാത്ത ചെരുപ്പും ഇട്ടുകൊണ്ടുള്ള ഓട്ടം കുഞ്ഞു സാറക്കും വലിയ പ്രശ്നമാവുകയാണ്. ഒരു ദിവസം ഓട്ടത്തിനിടയിൽ ചെരുപ്പ് കാലിൽ നിന്നും ഊരി ഓടയിലെ ഒഴുക്കു വെള്ളത്തിൽ വീണുപോയി.ഭാഗ്യം കൊണ്ടുമാത്രമാണ് അന്ന് ചെരിപ്പ് തിരിച്ച് കിട്ടിയത്. തനിക്ക് ഈ കള്ളക്കളി തുടരാൻ പറ്റില്ലെന്നും അച്ചനോട് വിവരം പറയാൻ പോകുകയാണെന്നും സാറ ഭീഷണിമുഴക്കി. എങ്കിലും ക്ലാസ്സിലൊന്നാമനായതിന് ടീച്ചർ നൽകിയ സമ്മാനം-സ്വർണ്ണനിറമുള്ള പേന - സാറക്ക് നൽകി അലി അവളെ അനുനയിപ്പിക്കുന്നു.
                          ഇതിനിടയിൽ ഒരു ദിവസം അസംബ്ലിക്കിടയിൽ മറ്റൊരു കുട്ടിയുടെ കാലിൽ തന്റെ നഷ്ടപ്പെട്ട ചെരുപ്പ് സാറ കണ്ടുപിടിക്കുന്നു. ആ കുട്ടിയുടെ വീടും അവൾ രഹസ്യമായി മനസ്സിലാക്കി.ചെരുപ്പ് തിരിച്ച് വാങ്ങാൻ ഏട്ടനേയും കൂട്ടി അവൾ ആ വീട്ടിനു മുന്നിലെത്തി.  പക്ഷെ അന്ധനായ ഉന്തുവണ്ടിക്കാരന്റെ മകളാണ് ആ കുട്ടി എന്നറിഞ്ഞപ്പോൾ ഒന്നും പറയാതെ അവർ തിരിച്ച് പോരുന്നു.
                   പള്ളിയിലെ മതപ്രസംഗ സമയത്ത് ഭക്തർക്ക് ചായ പാർന്ന് കൊടുക്കുന്ന  പണിയാണ് അലിയുടെ അച്ഛന്. തുച്ഛമായ വരുമാനം മാത്രം. അയാൾ പുതിയ തൊഴിൽ തേടുകയാണ്. സുഹൃത്ത് കടം നൽകിയ ചില പണിയായുധങ്ങളും ചെടികൾക്ക് മരുന്നടിക്കുന്നതിനുള്ള ഒരു ഹാന്റ് പമ്പും ഒക്കെയായി അലിയേയും കൂട്ടി അയാൾ നഗരത്തിലേക്ക് സൈക്കിളിൽ പുറപ്പെടുന്നു. ടെഹ്രാനിലെ സമ്പന്നർ ജീവിക്കുന്ന പ്രദേശത്ത് വലിയ മാളികകളുടെ ഗൈറ്റിനു പുറത്തെ ഇന്റെർകോമിലൂടെ തോട്ടപ്പണി അന്വേഷിക്കുകയാണു അയാൾ. വിദ്യാഭ്യാസവും പരിചയവും  ഇല്ലാത്ത നാട്ടുമ്പുറത്തുകാരനായ അയാൾക്ക് ആശയവിനിമയം വലിയ പ്രശ്നമാണ്. എല്ലാ വീട്ടുകാരും ഈ പാവത്തെ ഒഴിവാക്കുകയാണ്. അവസാനം അലി വീട്ടുകാരോട് സംസാരിക്കുന്നു. അങ്ങിനെ ഒരു പണക്കാരനായ  വൃദ്ധൻ അവരെ ജോലി ഏൽ‌പ്പിക്കുന്നു. അച്ഛൻ തോട്ടാത്തിൽ പണിയെടുക്കുന്ന സമയമത്രയും അവിടത്തെ കുട്ടിക്കൊപ്പം കളിക്കാൻ അലിയെ വിടുന്നു. ജോലി കഴിഞ്ഞപ്പോൾ  പ്രതീക്ഷിക്കാത്ത കൂലിയും കിട്ടുന്നു.പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും പരസ്പരം പങ്കുവെച്ച് സന്തോഷത്തോടെ ആ അച്ഛനും മകനും സൈക്കിളിൽ തിരിച്ച് നാട്ടിലേക്ക് വരികയാണ്. ഇതേപോലെ പണി കിട്ടുകയാണെങ്കിൽ സാറക്ക് ചെരുപ്പ് വാങ്ങാൻ അച്ഛനോട് പറയാമെന്ന ഭാവമുണ്ട് അലിക്ക്. പക്ഷെ യാത്രക്കിടയിൽ സൈക്കിൾ ബ്രേക്ക് പൊട്ടി ഇരുവരും വീണു പരിക്ക് പറ്റുന്നു. .വിശാലമായ നഗരത്തിരക്കുകൾക്കും വാഹനക്കൂട്ടങ്ങൾക്കും ഇടയിലൂടെ ഹൈവേയിലെ  ഒരു വണ്ടിയിൽ പൊളിഞ്ഞ സൈക്കിളും കയറ്റി മുറിവുകളിൽ വെച്ചുകെട്ടുമായി നിശബ്ദം നീങ്ങുന്ന ആ അച്ഛനും മകനും വല്ലാത്തൊരു ദൃശ്യമാണ്.
                       സ്കൂളിൽ ആയിടക്കാണ് ഒരു മാരത്തോൺ ഓട്ട മത്സരത്തിൽ പങ്കെടുക്കേണ്ടവരുടെ   തിരഞ്ഞെടുപ്പ് നടന്നത്. അലി അതത്ര കാര്യമാക്കിയിരുന്നില്ല.തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയോടൊപ്പം വിജയികൾക്കുള്ള സമ്മാനം പ്രസിദ്ധീകരിച്ചപ്പോഴാണ് അലി ഒരു കാര്യം ശ്രദ്ധിച്ചത് .   മൂന്നാം സ്ഥാനക്കാരന് രണ്ടാഴ്ച  വെക്കേഷൻ ക്യാമ്പും കൂടെ ഒരു സ്പോർട്സ് ഷൂവും ആണ് സമ്മാനം. സ്കൂളിലെ കായികാദ്യാപകനോട് അവൻ കരഞ്ഞ് പറഞ്ഞു- തനിക്കും പങ്കെടുക്കണമെന്ന്. അവൻ ജയിക്കുമെന്ന് വാ‍ക്ക് നൽകിനോക്കി. അലിയുടെ നിർബന്ധം സഹിക്കാനാവാതെ അവസാനം അവനെയും ഓടിച്ച് നോക്കി ,കുഴപ്പമില്ലെന്നു കണ്ട് തിരഞ്ഞെടുക്കുന്നു.
                              ഓട്ട മത്സരം വളരെ വിശദമായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.വളരെയധികം സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ദീർഘമായ ഓട്ടത്തിനിടയിൽ അലി ഓർക്കുന്നത് സാറയെ മാത്രമാണ്. അവന് മൂന്നാം സ്ഥാനം കിട്ടിയേ പറ്റൂ . ദിവസവും സ്കൂളിലേക്ക് അവൻ ഓടിയതിന്റെ അനുഭവവും സാറയോടുള്ള അവന്റെ സ്നേഹവും കാലിൽ കുതിപ്പായി മാറുന്നുണ്ട്. ഇഞ്ചോടിഞ്ച് പൊരുതിയുള്ള മത്സരത്തിൽ അപ്രതീക്ഷിതമായ അന്ത്യമാണ് ഉണ്ടായത്. അലി ഒന്നാം സ്ഥാനക്കരനായിപ്പോയി. ജനക്കൂട്ടവും സ്കൂൾ അദ്യാപകരും സന്തോഷത്തിൽ അലിയെ വാരിപ്പുണരുമ്പോൾ അലി സങ്കടത്തിലാണ്. താൻ തോറ്റുപോയതിൽ.
                             വീട്ടിൽ തിരിച്ചെത്തിയ അലിയുടെ തളർച്ചയും നിരാശയും നിറഞ്ഞ  മുഖം കണ്ടപ്പോൾ സാറ ഒന്നും ചോദിക്കുന്നില്ല. അലി ഒന്നും പറയുന്നുമില്ല. സാറയും പോയിക്കഴിഞ്ഞപ്പോൾ തന്റെ പൊള്ളികുമിളിച്ച കാൽ പാദങ്ങൾ വെള്ളടാങ്കിലേക്ക് ഇറക്കിവെച്ച് അലി വെറുതെ ഇരിക്കുകയാണ്.. അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം കാലിൽ തഴുകുന്ന വർണ്ണ മത്സ്യങ്ങളിൽ ഈ സിനിമ അവസാനിക്കുന്നു.
             മാർക്കറ്റിൽനിന്നും തന്റെ സൈക്കിളിൽ സാധനങ്ങൾ വാങ്ങി വരുന്ന അച്ചന്റെ ഹ്രസ്വമായ ഒരു ദൃശ്യം ഇതിനിടയിൽ കാണാം.സൈക്കിളിൽ പൊതിഞ്ഞ് വെച്ചിരിക്കുന്നവയുടെ കൂട്ടത്തിൽ പൊതിയിൽ ഒരു ജോഡി കുഞ്ഞു ചെരുപ്പും .സാറക്കായി വാങ്ങിയ പുത്തൻ ചെരുപ്പ്.ഈ ദൃശ്യം കാണാതെപോയാൽ മാജിദിയുടെ ശുഭാപ്തിനിറഞ്ഞ ജീവിത വീക്ഷണം നാം തിരിച്ചറിയാതെ പോകും
                        നന്മയുടെ പ്രകാശം പ്രസരിപ്പിക്കുന്നതാണ് ഈ സിനിമയിലെ ഓരോ ദൃശ്യവും.പരസ്പരം ഇഷ്ടപ്പെടുന്ന ,മനസ്സിലാക്കുന്ന,സഹായിക്കുന്ന, അലിയും സാറയും.ഇവർ തമ്മിൽ പിണങ്ങിനിൽക്കുന്നതു പോലുമില്ല.. ദാരിദ്രത്തിനിടയിലും സ്നേഹം നിറഞ്ഞ കുടുംബാന്തരീക്ഷം. തന്നെ വിശ്വസിപ്പിച്ചേൽ‌പ്പിച്ച പഞ്ചസാര കട്ടകളിലൊന്നുപോലും സ്വന്തം ചായയിലിടാത്ത  സത്യസന്ധനായ അലിയുടെ അച്ഛൻ ,തനിക്ക് വീണുകിട്ടിയ സാറയുടെ പേന തിരിച്ച് നൽകുന്ന അന്ധനായ ഉന്തുവണ്ടിക്കാരന്റെ മകൾ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ പ്രത്യാശനിറഞ്ഞ ലോകത്തിന്റെ സൂചകങ്ങളാണ്.  കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഈ സിനിമ അത്രമാത്രം ഇഷ്ടമാകുന്നതിന് ഒരു കാരണം അവതരണത്തിലെ ലാളിത്യമാണ്. ഇത്രമാത്രം ഋജുവായ വിഷയം യാതൊരുവിധ വെച്ചുകെട്ടലുകളുമില്ലാതെ യഥാതഥമായ രീതിയിൽ അവതരിപ്പിക്കുകയാണ് മാജിദി ചെയ്തിരിക്കുന്നത്. ദൃശ്യങ്ങളുടെ സ്വാഭാവികതക്കായി അദ്ദേഹം തെരുവുകളിൽ ഒളി കാമറ വച്ചാണ് പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. ‘ശുദ്ധവും പൂർണ്ണവുമായ-കുട്ടികൾക്കുള്ള സിനിമ‘ എന്നാണ് റോഗ്ഗർ എബേർട്സ് എന്ന സിനിമ നിരൂപകൻ ഈ സിനിമയെ വിശേഷിപ്പിച്ചത്.
                              1998 ൽ അന്യഭാഷാചലചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ ഈ സിനിമ ഇറ്റാലിയൻ ചലചിത്രമായ ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’നോട് പരാജയപ്പെട്ടെങ്കിലും ലോകത്ത് ഇറാനിയൻ സിനിമയുടെ വെണ്ണിക്കൊടി പാറിച്ചു.നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഈ സിനിമ കണ്ട് വർഷമെത്ര കഴിഞ്ഞാലും അലിയായി അഭിനയിച്ച അമീർ ഫാരൂഖ് ഹാഷ്മിയൻ എന്ന ഒമ്പതു വയസ്സുകാരന്റെ നിഷ്കളങ്കതയും,ദൈന്യതയും,നന്മയും നിറഞ്ഞ കണ്ണുകളുടെ ഓർമ നമ്മോടൊപ്പമുണ്ടാകും. അതുകൊണ്ടു കൂടിയാകാം ഈ സിനിമയെ അടിസ്ഥാനമാക്കി ഇപ്പഴും സിനിമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി പ്രിയദർശനും ‘താരേ സമീൻ പർ’ ഫൈം ദർഷീൽ സഫാറേയെ  അലിയാക്കി ‘ബംബം ബോലെ’ എന്ന പേരിൽ ഹിന്ദിയിൽ ‘ഈ സ്വർഗ്ഗ കുഞ്ഞുങ്ങൾക്ക്‘ പുതിയ പതിപ്പുകൾ ഒരുക്കുന്നത്.   
                 

8/25/2010

കുമ്മാട്ടി

                  കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും കൂട്ടിക്കുഴച്ച് 1979 ല്‍ ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ‘കുമ്മാട്ടി’എന്ന മലയാള സിനിമ ചിണ്ടന്‍ എന്ന കുട്ടിയുടെ മനസ്സിലൂടെയാണ് വികസിക്കുന്നത്. സൂര്യനുദിച്ചുയരുന്ന ദീര്‍ഘമായ ഒരു ഷോട്ടില്‍ പഴയകാലത്തിന്റെ   തുടിപ്പുകളെല്ലാം ഒരു വായ്ത്താരിയില്‍ സംവിധായകന്‍ ഉള്‍ചേര്‍ത്തിട്ടുണ്ട്. ഗ്രാമത്തിലെ കുടിലില്‍ നിന്നും സ്കൂളിലേക്ക് കൂട്ടുകാര്‍ക്കൊപ്പം നടക്കുന്ന ചിണ്ടന്‍ സംസാരിക്കുന്നത് അമ്പലത്തിലെ മുത്തശ്ശി പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ്. ‘കുമ്മാട്ടി’ വന്നാല്‍ കുസൃതികളായ അവരെ പിടിച്ച് കൊടുക്കുമെന്നവര്‍ പറഞ്ഞിട്ടുണ്ട്. മന്ത്രവാദവും ബാധയൊഴിക്കലും പഴയ വിശ്വാസങ്ങളും നിറഞ്ഞ ഗ്രാമാന്തരീക്ഷത്തില്‍ അവര്‍ക്ക് കുമ്മാട്ടിയെ ഭയമുണ്ട്. എങ്കിലും കുമ്മാട്ടിപ്പാട്ട് പാടി അവര്‍ തമാശ നൃത്തം ചെയ്യുന്നുമുണ്ട്.
                 ആയിടക്കാണ് സഞ്ചാരിയായ കുമ്മാട്ടി കുന്നിറങ്ങി അവരുടെ ഗ്രാമത്തിലുമെത്തുന്നത്.  “മാനത്തെ മച്ചോളം തലയെടുത്ത്...
പാതാള കുഴിയോളം പാദം നട്ട്...
മാല ചേല കൂറ കെട്ടിയ കുമ്മാട്ടി...”
   എന്നവര്‍ ഭയത്തോടെ ഓര്‍ത്തിരുന്ന മുത്തശ്ശിക്കഥയിലെ കുമ്മാട്ടി അവിടെയെത്തുന്നു. ചെമ്പട്ട് കോത്തുടുത്ത്, അരമണി കിലുക്കി,വെപ്പു താടി വെച്ച്, മൃഗങ്ങളുടെ മുഖരൂപങ്ങല്‍ കെട്ടി ഞാത്തിയ തണ്ട് ചുമലില്‍ വെച്ച്, തുന്നികൂട്ടിയ മാറാപ്പുമായി, കൈയിലെ വാളും കിലുക്കി, നാടുണര്‍ത്തുന്ന പാട്ടുറക്കെ പാടി , നൃത്ത ചുവടുകളോടെ വരുന്ന കുമ്മാട്ടിയെ കണ്ട് കുട്ടികള്‍ പേടിക്കുന്നു. എങ്കിലുമവരുടെ ജിജ്ഞാസ കുമ്മാട്ടിക്കൊപ്പം തന്നെയുണ്ട്.
                      “ആരമ്പത്തീരമ്പത്തൂരമ്പം-
                       ആലേലുല ചേലുല പാലുല
                       കിഴക്ക് നേരെ -മലക്കുമേലെ
                       പഴുക്ക പാക്കിന്റെ പഴുപ്പും കൊഴുപ്പും മുഴുപ്പും”-
ഉള്ള സൂര്യബിംബത്തെക്കുറിച്ചാണ് കുമ്മാട്ടിയുടെ പാട്ട്. അമ്പലത്തിനടുത്തുള്ള അരയാല്‍ ചോട്ടില്‍ തന്റെ ഭാണ്ഡമിറക്കി കുമ്മാട്ടി വിശ്രമിക്കുന്നത് കുട്ടികള്‍ ഒളിഞ്ഞ് നോക്കുന്നു. അതിമാനുഷനായ കുമ്മാട്ടിയാണവരുടെ സങ്കല്‍‌പ്പത്തിലുള്ളത്. പരുന്തിനെപോലെ പറക്കാനും ,മീനിനെ പ്പോലെ നീന്താനും,സ്വയം രൂപം മാറാനും,മറ്റുള്ളവരുടെ രൂപം മറ്റാനും കഴിയുന്ന ആള്‍. പക്ഷെ അവര്‍ കാണുന്നതോ‌‌- താടി അഴിച്ച് വെച്ച് ക്ഷീണം തീര്‍ക്കാന്‍ ബീഡി വലിച്ച് കിടക്കുന്ന ഒരു വൃദ്ധന്‍ കുമ്മാട്ടിയെ. അമ്പലക്കുളത്തില്‍ നീന്തിക്കുളിക്കുകയും ഷേവ് ചെയ്യിക്കുകയും,അടുപ്പ് കൂട്ടി കഞ്ഞി വെച്ച് കുടിക്കുകയും ചെയ്യുന്ന കുമ്മാട്ടിയുടെ കാഴ്ചകള്‍ അവരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ക്ലാസ്സ് നേരത്ത് സ്കൂള്‍ പരിസരത്തെത്തിയ കുമ്മാട്ടിയുടെ പാട്ട്കേട്ട് കുട്ടികളെല്ലാം അയാള്‍ക്ക് ചുറ്റും കൂടുന്നു. ചന്തയില്‍ നിന്ന് സന്ധ്യക്ക് മടങ്ങുമ്പോള്‍ വിജനമായ പെരുവഴിയില്‍ ചിണ്ടന്‍ കുമ്മാട്ടിയുടെ മുന്നില്‍ പെട്ടുപോകുന്നു. മദ്യപിച്ച് കാലിടറി നടന്നു വരികയാണ് കുമ്മാട്ടി. ചിണ്ടന്‍ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല. ചിണ്ടനോട് പോയ്കൊള്ളാന്‍ കുമ്മാട്ടി ആംഗ്യം കാട്ടി. ഈ സംഭവം ചിണ്ടന്‍ കൂട്ടുകാരോട് പറയുന്നുണ്ട്. പക്ഷെ ആരും വിശ്വസിക്കുന്നില്ല. കുമ്മാട്ടി ആവിയായി പോകുന്നത് താന്‍ കണ്ടുവെന്നും അവന്‍ പറയുന്നുണ്ട്. ഒരിക്കല്‍ കുമ്മാട്ടി അവന് ആകാശത്ത് നിന്ന് ഒരു ഈത്തപ്പഴം ഉണ്ടാക്കി തിന്നാന്‍ കൊടുത്തത്രേ.
                       പതുക്കെ കുട്ടികളുടെ ഭയം മാറുകയും അവര്‍ കുമ്മാട്ടിയുമായി കൂട്ടാകുകയും ചെയ്യുന്നു. കുമ്മാട്ടിക്കൊപ്പം അവര്‍ പാട്ടുപാടി നാടുചുറ്റുന്നുമുണ്ട്. കുമ്മാട്ടി അവര്‍ക്ക് മൃഗരൂപങ്ങളുള്ള കുഞ്ഞ് ബിസ്കറ്റുകള്‍ കൊടുക്കും.ഒരിക്കല്‍ പനിപിടിച്ച് അരയാല്‍ ചുവട്ടില്‍ അവശനായിക്കിടക്കുന്ന കുമ്മാട്ടിയെ നോക്കാന്‍ വൈദ്യരെ കൂട്ടി വരുന്നത് ചിണ്ടനാണ്.
                      കൊയ്ത്ത് കഴിഞ്ഞു. വരണ്ടുണങ്ങിയ ഗ്രാമത്തില്‍ നിന്നും കുമ്മാട്ടി പോവുകയാണ്.പോവല്ലേ എന്നു പറഞ്ഞ് കുട്ടികള്‍ കൂടെ തന്നെ ഉണ്ട്. പോവും മുമ്പ് നിങ്ങള്‍ക്ക് ഞാനൊരു ചെപ്പടിവിദ്യ കാണിച്ച് തരാം എന്നു പറഞ്ഞ് - അവര്‍ക്ക് തന്റെ കൈയിലെ മൃഗമുഖമ്മൂടികള്‍ കുമ്മാട്ടി നല്‍കുന്നു. മുഖമ്മൂടിയണിഞ്ഞ ഒരോ കുട്ടികളെയും അതാത് മൃഗങ്ങളും പക്ഷികളുമാക്കി കുമ്മാട്ടി മാറ്റുന്നു. അവര്‍ക്കൊപ്പം നൃത്തം വെക്കുകയാണു കുമ്മാട്ടി. ചിണ്ടനു കിട്ടിയത് നായയുടെ മുഖം മൂടിയായിരുന്നു. നായായി മാറിയ ചിണ്ടന്‍ കൂട്ടം തെറ്റി ഓടിപ്പോക്കുന്നു. കളിക്കുശേഷം മറ്റുള്ളവരെയെല്ലാം പൂര്‍വരൂപത്തിലേക്ക് മാറ്റി കുമ്മാട്ടി എങ്ങോ പോയ്ക്കഴിഞ്ഞു. രാത്രി മുഴുവന്‍ നാട്ടുകാര്‍ ചിണ്ടനെത്തേടി നടക്കുകയാണ്.
                വഴിതെറ്റിയ ചിണ്ടന്‍ (ഇപ്പോഴവന്‍ നായയാണ്.) നഗരത്തിലെത്തുകയും ഒരു വീട്ടില്‍ ചങ്ങലയിലാവുകയും ചെയ്യുന്നു. നാടന്‍ പട്ടിയായതിനാല്‍ ആ വീട്ടുകാര്‍ അഴിച്ച് വിട്ടപ്പോള്‍ അവന്‍ നേരെ ഗ്രാമത്തിലേക്ക് ഓടിവരുന്നു. അവന്റെ അമ്മയ്ക്കും തത്തയ്ക്കും ഒക്കെ ചിണ്ടനെ തിരിച്ചറിയാനാവുന്നുണ്ട്. നായ രൂപത്തില്‍ വന്ന മകനെ വാരിപ്പുണരുന്ന അമ്മ- അനിയത്തിക്കൊപ്പം പ്ലേറ്റില്‍ കഞ്ഞി വിളമ്പിവെച്ച് അവനെ ഊട്ടുന്നുമുണ്ട്. മകന്റെ രൂപം തിരിച്ച് കിട്ടാനായി നേര്‍ച്ചകളും പൂജകളും ചെയ്യുകയാണവര്‍ പിന്നീട്. പക്ഷെ നായ ജീവിതം ചിണ്ടന്‍ തുടരുകയാണ്.
                        ഊഷരമായ കാലത്തിനു ശേഷം ഋതുക്കള്‍ മാറിവരുന്നു. തകര്‍ത്ത് പെയ്യുന്ന മഴക്ക് ശേഷം പച്ചപ്പ് പരന്ന ഗ്രാമം. ഏതോ ശബ്ദം കേട്ട്  ,ഇറയത്ത് കിടക്കുന്ന ചിണ്ടന്‍ ചെവി കൂര്‍പ്പിച്ച് പിടിക്കുന്നു,.അവന് ഒരു ശബ്ദമേ കേള്‍ക്കേണ്ടതുള്ളു.... “ആരമ്പത്തീരമ്പത്തൂരമ്പത്ത്...”.അതാ കുന്നിറങ്ങി വരുന്ന കുമ്മാട്ടിയുടെ ശബ്ദം...ചിണ്ടന്‍ പുല്‍‌പ്പരപ്പുകളിലൂടെ ശബ്ദം കേട്ട സ്ഥലത്തേക്ക് കുതിച്ചോടുകയാണ്. കുമ്മാട്ടി അവനെ കണ്ടു. സങ്കടം വിങ്ങുന്ന ശബ്ദത്തോടെ കുമ്മാട്ടി “ചിണ്ടാ..ചിണ്ടാ എന്റെ മോനേ ..”എന്ന് ഉറക്കെ വിളിച്ചു. ഓടിഅടുത്ത ചിണ്ടനെ കുറ്റബോധത്തോടെ മാറോടടുക്കിപ്പിടിക്കുന്നു കുമ്മാട്ടി. ചിണ്ടന് സ്വന്തം രൂപം തിരിച്ച് കിട്ടി.പുരുഷാരമത്രയും ഈ അത്ഭുതം കേട്ട് അവിടേക്ക് ഓടിക്കൂടി.
                     ചിണ്ടന്‍ തന്റെ വീട്ടില്‍ തിരിച്ചെത്തി.കൂട്ടില്‍ ചിലക്കുന്ന തത്ത...ചങ്ങലയില്‍ കിടന്ന ഓര്‍മയാല്‍ ചിണ്ടന്‍ തത്തയെ കൂട്ടില്‍ നിന്നും പുറത്തെടുത്ത് ആകാശത്തേക്ക് പറത്തി വിടുന്നു. വിശാലമായ മാനത്ത് ഒഴുകിപ്പറക്കുന്ന പക്ഷികളുടെ ദീര്‍ഘമായ ഒരു ഷോട്ടില്‍ “കുമ്മാട്ടി” എന്ന സിനിമ അവസാനിക്കുന്നു.
                       കാവാലം നാരായണപ്പണിക്കരാണ് കുമ്മാട്ടിയുടെ കഥയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. അതീന്ദ്രിയമായ കഴിവുകളുള്ള കഥാപാത്രങ്ങളെ കുറിച്ചുള്ള നമ്മുടെ നാട്ടുസങ്കല്‍‌പ്പങ്ങള്‍ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞു മനസ്സുകളില്‍ മിത്തുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ സംഭവങ്ങളൊക്കയും ചിണ്ടന്റെ ഒരു പേക്കിനാവാണ്. കുമ്മാട്ടിയെക്കുറിച്ച് അവന്റെ മനസ്സിലെ ഭയവും മതിപ്പും രൂപം കൊടുത്ത സങ്കല്‍‌പ്പലോകം...അതു കൊണ്ടാണ് രൂപം മാറി തിരിച്ചെത്തിയ ചിണ്ടനെ വീട്ടിലാരും ശ്രദ്ധിക്കുന്നതായി സംവിധായകന്‍ കാണിക്കാത്തത്. തന്റെ സ്വപ്നത്തിലെ അസ്വതന്ത്രാനുഭവമാണ് തത്തയെ തുറന്ന് വിടാന്‍ ചിണ്ടനെ പ്രേരിപ്പിക്കുന്നത്.താന്‍ കണ്ടത് സ്വപ്നമാണെന്ന് ചിണ്ടനെ പോലെ പ്രേക്ഷകരും സംശയിക്കും.
                               മുത്തശ്ശിക്കഥകളിലും നാട്ടുപാട്ടുകളിലും ആചാരങ്ങളിലും പഴഞ്ചൊല്ലുകളിലും ചടങ്ങുകളിലും വിശ്വാസങ്ങളിലും ഉള്ള ചില നിഗൂഡ സങ്കല്‍‌പ്പങ്ങള്‍ അറിയാതെ നമ്മുടെ മനസ്സുകളിലും ഇടം നേടുന്നുണ്ട്.. സാങ്കേതികമായ പല പരിമിതികള്‍ ഉണ്ടെങ്കിലും ഗ്രാമത്തിന്റെ നൈര്‍മല്യവും ബാല്യത്തിന്റെ കുതൂഹലവും പഴമയുടെ നിഗൂഡതയും വിശ്വാസാചാരങ്ങളിലെ വൈവിധ്യവും ഘൃതുചക്രങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളും നാടന്‍ പാട്ടിന്റെ ഇളനീര്‍ രുചിയും ഈ സിനിമയുടെ ഓരോ ഫ്രയിമിലും നമുക്ക് അറിയാനാകും. 1979 ലെ ഏറ്റവും നല്ല കുട്ടികളുടെ സിനിമ പുരസ്കാരം നേടിയ കുമ്മാട്ടി അരവിന്ദന്റെ മറ്റു സിനിമകളെപ്പോലെ ഗഹനമായ ചര്‍ച്ചകള്‍ക്ക് വിധേയമായില്ല. കുട്ടികളുടെ സിനിമ എന്ന ലേബലില്‍ വന്നതായിരിക്കാം ഒരു കാരണം.എന്തായാലും ഈ സിനിമയുടെ ഓരോ കാഴ്ച്ചയും പുതിയ പുതിയ അനുഭവങ്ങളുടെ അടരുകള്‍ സൃഷ്ടിക്കും തീര്‍ച്ച.

8/14/2010

കൂട്ടുകാരന്റെ വീട്?

ഇറാന്‍\പേര്‍ഷ്യന്‍\1987\കളര്‍\ 83 മിനിട്ട്\സംവിധാനം; അബ്ബാസ് കിയാറോസ്തമി
            സ്കൂള്‍ കുട്ടികളുടെ കലപില ശബ്ദങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍പ്പിച്ച് കൊണ്ട് നീല ചായം പൂശിയ ഒരു പഴഞ്ചന്‍ വാതിലിന്റെ ദീര്‍ഘമായ ഒരു ക്ലോസപ്പ് ഷോട്ടിലാണ് അബ്ബാസ് കിയരോസ്തമി സംവിധാനം ചെയ്ത 1987 ലെ ഇറാനിയന്‍ സിനിമ ‘വേര്‍ ഈസ്  ദ് ഫ്രണ്ട്സ് ഹോം’ ആരംഭിക്കുന്നത്. അത്പം വൈകിയെത്തിയ അദ്യാപകന്‍ വാതില്‍ തുറന്ന് അകത്ത് കടന്ന്- ബഹളം വെച്ചതിന്  കുട്ടികളെ വഴക്ക് പറയുന്നു.ഹോം വര്‍ക്കുകള്‍ പരിശോധിക്കുകയാണ് പിന്നീട്. ഗൌരവക്കാരനായ ടീച്ചര്‍ ഹോം വര്‍ക്കുകള്‍ നോട്ട്ബുക്കില്‍ തന്നെ ചെയ്ത് കൊണ്ട് വരണം എന്ന കടും പിടുത്തക്കാരനാണ്.എങ്കില്‍ മാത്രമേ കുട്ടികളുടെ പറനത്തിലുള്ള വളര്‍ച്ച നിരീക്ഷിക്കാനാവൂ എന്നാണ് അയാളുടെ അഭിപ്രായം. മെഹമ്മെദ് റെദ നെമത്സാദ് എന്ന എട്ടുവയസ്സുകാരന്‍ കുട്ടി കരച്ചിലിന്റെ വക്കിലാണ്. നോട്ട് ബുക്ക് ബന്ധുവിന്റെ വീട്ടിലായിപ്പോയതിനാല്‍ കടലാസിലാണ് അവന്‍ ഹോം വര്‍ക്ക് ചെയ്ത് കൊണ്ട് വന്നിരിക്കുന്നത്.അദ്യാപകന്‍ ദേഷ്യപ്പെട്ട് ആ കടലാസ് തുണ്ടുകളാക്കി കീറിക്കളഞ്ഞു.ഇനി നോട്ട് ബുക്കിലല്ലാതെ ഹോം വര്‍ക്ക് ചെയ്ത് കൊണ്ടുവന്നാല്‍ സ്കൂളില്‍നിന്നും പുറത്താക്കും എന്ന് പറയുന്നുമുണ്ട്. മെഹമ്മെദിന്റെ കണ്ണീരിലൂടെയും അടുത്തിരിക്കുന്ന അഹമ്മെദ് എന്ന കുട്ടിയുടെ മുഖഭാവത്തിലൂടെയും ക്ലാസ്സിലെ ഭയാന്തരീക്ഷം സംവിധായകന്‍ വേഗത്തില്‍ വരച്ച് കാണിക്കുന്നുണ്ട്.

                           സ്കൂള്‍ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ അഹമ്മെദ് ഞെട്ടലോടെയാണ് ഒരു കാര്യം മനസ്സിലാക്കുന്നത്. മെഹമ്മെദിന്റെ നോട്ടുബുക്ക് അബദ്ധത്തില്‍ അവന്റെ പുസ്തക സഞ്ചിയിലായിപ്പോയിരിക്കുന്നു. നാളെ ഹോംവര്‍ക്ക് ചെയ്യാതെ മെഹമ്മെദ് ക്ലാസ്സിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്നവനറിയാം. അവന്‍ ഭയത്തോടെ കാര്യം അമ്മയോട് പറയുന്നു. എങ്ങനെയെങ്കിലും പുസ്തകം കൂട്ടുകാരന്റെ വീട്ടിലെത്തിക്കണമെന്നും. ഇളയ കുഞ്ഞിനെ നോക്കാനും മറ്റു വീട്ടുപണികള്‍ സഹായിക്കാനും മടിച്ചിട്ട് അവന്‍ നുണ പറയുകായാണെന്നാണ് അവരുടെ അഭിപ്രായം. വേഗം പണികള്‍ തീര്‍ത്ത് പടിക്കാന്‍ പറയുകയാണു അമ്മ. പക്ഷെ അഹമ്മെദ് വല്ലാത്ത അവസ്ഥയിലാണ്. വീട്ടിലെ മുതിര്‍ന്നവര്‍ക്കൊന്നും അവന്റെ പ്രശ്നം മനസ്സിലാകുന്നില്ല.അവര്‍ക്ക് ഇത് വലിയ ഒരു കാര്യമായും തോന്നുന്നില്ല. നാളെ പുസ്തകം കൊടുത്താല്‍ മതിയെന്നാണ് അമ്മ പറയുന്നത്.ബേക്കറിയില്‍ പോയി രാത്രിയിലേക്കുള്ള റൊട്ടി വാങ്ങി വേഗം വരാന്‍ അമ്മ അവനെ പറഞ്ഞ് വിടുന്നു.
                          പുറത്തിറങ്ങുമ്പോള്‍ അഹമ്മെദ് പുസ്തകം കൈയില്‍ ഒളിച്ച് കരുതുന്നു. മെഹമ്മെദ് താമസിക്കുന്നത് അടുത്തുള്ള പൊസ്തെ എന്ന ഗ്രാമത്തിലാണെന്നു മാത്രമാണ് അവനറിയുന്നത്. തരിശായ മരു പ്രദേശത്തെ വിജനമായ വഴി പൊസ്തേയിലേക്ക് വളഞ്ഞ് പുളഞ്ഞ് നീണ്ട് കിടക്കുന്നു.കൂട്ടുകാരന്റെ വീടന്വേഷിച്ച് എട്ടുവയസ്സുകാരന്‍ അഹമ്മെദ് നടത്തുന്ന ഉദ്വേഗപൂര്‍ണ്ണമായ യാത്രയാണ് ഈ സിനിമ പിന്നീട്. പൊസ്തെ ഗ്രാമത്തിലെത്തുമ്പോഴേക്കും സന്ധ്യയായിക്കഴിഞ്ഞു. പരിചയമില്ലാത്ത ഗ്രാമ വഴികളിലൂടെ ആ കുഞ്ഞ് പലരോടും അന്വേഷിച്ച് അലയുകയാണ്. ഒടുവില്‍ മെഹമ്മെദിന്റെ ബന്ധുവായ ഹൈമാദി എന്ന കുട്ടിയുടെ വീടിരിക്കുന്ന സ്ഥലം ഒരു കുട്ടി പറഞ്ഞു കൊടുക്കുന്നു. അത് കനൊവാര്‍ എന്ന ഭാഗത്താണ്.കല്‍‌പ്പടവുകള്‍ക്കപ്പുറം നീലച്ചായമിട്ട ഒരു വാതിലുണ്ട് എന്നത് മാത്രമാണ് അടയാളം.ഒരേപോലെയുള്ള കുടുസ്സു വഴികളാണ് എവിടെയും..പോകും വഴിയില്‍ ഒരു വീട്ടിന്റെ മുറ്റത്ത് മെഹമ്മെദിന്റേതു പോലുള്ള ഒരു പാന്റ് ഉണങ്ങാന്‍ ഇട്ടിരിക്കുന്നത് അവന്‍ കണ്ടു. അന്വേഷണത്തിനവസാനം അത് വേറൊരു കുട്ടിയുടേതാണെന്ന് അവന്‍ മനസ്സിലാക്കുന്നു.
                        കനോവറിലെത്തിയപ്പോളാണ് അറിയുന്നത് ഹൈമാദി അച്ഛന്റെ കൂടെ അത്പനിമിഷം മുമ്പാണ് കോക്കെറിലേക്ക് പോയതെന്ന്.ദൂരെ കുന്നിറങ്ങി പോകുന്ന അവര്‍ക്കൊപ്പമെത്താന്‍ അഹമ്മെദ് ഒടുകയാണു പിറകെ.വഴിയില്‍ അവന്‍ മുത്തച്ഛന്റെ മുന്നില്‍ പെട്ടുപോകുന്നു.കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ച് അനുസരണ പടിപ്പിക്കണമെന്ന അഭിപ്രായക്കാരനാണദ്ദേഹം. സിഗാര്‍ വാങ്ങികൊണ്ടുവരാന്‍ അവനോട് പറയുന്നു.അഹമ്മെദ് ധര്‍മ്മ സങ്കടത്തിലാണ്..നേരം പോകുന്നു..അവന് ഇതുവരെയും സുഹ്രുത്തിന്റെ വീട് കണ്ടെത്താനായിട്ടില്ല..അതിനിടയിലാണ് ഇതുപോലുള്ള പ്രശ്നങ്ങളും.വാതില്‍ പണിയുന്ന മരപ്പണിക്കാരനൊരാള്‍ കണക്കെഴുതാന്‍ അവന്റെ കൈയിലെ പുസ്തകത്തില്‍ നിന്നും കടലാസ്സു പറിച്ച് അതില്‍ വച്ച് എഴുതുകയാണ്. അവന്‍ പറയുന്നതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. അവന്റെ ദുര്‍ബല പ്രതിഷേധങ്ങള്‍ അവഗണിക്കപ്പെടുന്നു. മരപ്പണിക്കാരന്‍ തന്റെ കോവര്‍കഴുതപ്പുറത്ത് തിരിച്ച് പോയപ്പോഴാണു അയാളാണ് താന്‍ അന്വേഷിക്കുന്ന കുട്ടിയുടെ അച്ഛന്‍ എന്ന് അവനു സംശയം തോന്നിയത്. പുറകെ  അവനും ഓടുന്നു..പക്ഷെ അതും വെറുതെയായി..ആളു മാറിപ്പോയതാണ്. തളര്‍ന്നു പോയ അഹമ്മെദിനെ സഹായിക്കാന്‍ ഒരു സാധു വൃദ്ധന്‍ സന്നദ്ധമാകുന്നു.  മെഹമ്മെദിന്റെ വീട് കാണിച്ചു തരാമെന്നു പറഞ്ഞ് അവനെയും കൂട്ടി കല്ലു പാകിയ വഴികളിലൂടെ നടക്കുകയാണ്. രോഗിയായ അദ്ദേഹത്തിന് വളരെ പതുക്കയേ നടക്കാനാവുന്നുള്ളൂ.നടത്തത്തിനിടയില്‍ നിറുത്താതെ സംസാരിക്കുന്നുമുണ്ട്.പഴയ കാര്യങ്ങള്‍..ചെറുപ്പത്തില്‍ നിര്‍മ്മിച്ചുനല്‍കിയ വാതിലുകളെ കുറിച്ചാണ് സംസാരം.അഹമ്മെദിനാണെങ്കില്‍ സമയം ഇരുട്ടിതുടങ്ങിയതിന്റെ ബേജാറാണു മനസ്സില്‍.തിരിച്ച് ഇരുട്ടിലൂടെ വേണം ഗ്രാമത്തിലേക്ക് നടക്കാന്‍.ബേക്കറി പൂട്ടിപോയാല്‍ രാത്രി ഭക്ഷണം കിട്ടുകയുമില്ല.അച്ഛന്‍ വന്നാല്‍ എന്താകും അവസ്ഥ എന്നാറിയില്ല.ശക്തിയായ കാറ്റും വീശിത്തുടങ്ങി.അവസാനം മെഹമ്മെദിന്റെ വീടു കണ്ടെത്തിയെങ്കിലും അവിടെ ആരും ഇല്ലായിരുന്നു. ഇടവഴികളില്‍ കുരക്കുന്ന നായകളുടെ ശബ്ദം.അവന്‍ തിരിച്ച് വീട്ടില്‍ എങ്ങനെ എപ്പോള്‍ എത്തി എന്ന് സംവിധായകന്‍ പറയുന്നില്ല.
                           വിളമ്പിവെച്ച ഭക്ഷണത്തിനു മുമ്പില്‍ ഒന്നും കഴിക്കാതെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന അഹമ്മെദിനെയാണ് നമ്മള്‍ പിന്നീട് കാണുന്നത്.അവന്റെ അച്ഛന്‍ പഴയ ഒരു റേഡിയോ ട്യൂണ്‍ ചെയ്യുകയാണ്.അഹെമ്മെദിനെ പൂര്‍ണ്ണമായും അവഗണിച്ച് കൊണ്ട്. എല്ലാവരും ഉറങ്ങുമ്പോള്‍ പുറത്ത് ചീറിയടിക്കുന്ന കാറ്റിനെ ശ്രദ്ധിക്കാതെ വൈകിയ രാത്രിയില്‍ ഹോംവര്‍ക്ക് ചെയ്യുന്ന അഹമ്മെദില്‍ ആ സീന്‍ അവസ്സാനിക്കുന്നു.
                          പിറ്റേ ദിവസത്തെ ക്ലാസ്സ്. അദ്യാപകന്‍ ഓരോരോ കുട്ടികളുടെയും ഹോം വര്‍ക്കുകള്‍ പരിശോധിക്കുകയാണ്.മെഹമ്മെദ് കണ്ണീരിന്റെ വക്കിലാണ്.പുസ്തകം കാണാത്തതിന്റെ വിഷമത്തിലാണവന്‍.എന്താണു സംഭവിക്കുക എന്നവനറിയാം.സങ്കടത്തോടെ ഡെസ്കില്‍ തലവച്ച് കിടക്കുകയാണവന്‍.അപ്പോഴാണ് അഹമ്മെദ് ഒടിക്കിതച്ച് ക്ലാസ്സിലെത്തുന്നത്.അദ്യാപകന്‍ മെഹമ്മെദിനടുത്തെത്തുന്നതിനു തൊട്ടുമുമ്പേ അവന്‍ മെഹമ്മെദിന്റെ നോട്ട്ബുക്ക് അവന്റെ മുന്നില്‍ വച്ച് കൊടുത്തു.അദ്യാപകന്‍ നോക്കുമ്പോള്‍ ഹോംവര്‍ക്ക് ചെയ്തിരിക്കുന്നു.നല്ലകുട്ടി എന്ന പ്രശംസയോടെ അടുത്ത കുട്ടിയുടെ നോട്ടിലേക്ക് ടീച്ചര്‍ മാറുമ്പോള്‍ മെഹമ്മെദിന്റെ പുസ്തകത്താളുകള്‍ക്കിടയിലെ ഉണങ്ങിയതെങ്കിലും ഭംഗിയുള്ള കൊച്ച് പൂ കാണിച്ച്  കൊണ്ട് കിയരോസ്തമി സിനിമ അവസാനിപ്പിക്കുന്നു.
                     മുതിര്‍ന്നവരുടെ ലോകത്തില്‍ നിന്നും എത്ര വ്യത്യസ്ഥമാണ് കുട്ടികളുടെ ലോകം എന്ന് വളരെ കൃത്യമായി സംവിധായകന്‍ ഈ സിനിമയില്‍ വരച്ച് കാട്ടുന്നുണ്ട്.ഒരു നിരീക്ഷകന്റെ റോളാണ് ക്യാമറക്ക്.അധികം കട്ടുകളില്ലാതെ ,ആംഗിളുകളും സൂത്രങ്ങളും,ചലനങ്ങളും കുറച്ച്- വളരെ സ്വാഭാവികമായ പിന്തുടരല്‍ രീതിയാണ് സംവിധായകന്‍ ഉപയോഗിക്കുന്നത്.പ്രൊഫഷണലുകളായ അഭിനേതാക്കള്‍ക്ക് പകരം കഥാപാത്രങ്ങളെ ആള്‍ക്കൂട്ടത്തില്‍ നിന്നും കണ്ടെത്തുന്ന രീതിയാണ് കിയരോസ്തമി പിന്തുടരാറുള്ളത്.ഇറാനിലെ ഗ്രാമജീവിതത്തിന്റെ തുടിപ്പുകളത്രയും ഈ സിനിമയില്‍ അദ്ദേഹം പകര്‍ത്തുന്നുണ്ട്.യഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രമാണ് മുഴുവന്‍ സമയവും സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.കുട്ടിയുടെ ഓട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം ഏതോ മധ്യേഷ്യന്‍ തന്ത്രിവാദ്യത്തിന്റെ നനുത്ത സംഗീതം ഉപയോഗിച്ചിരിക്കുന്നു.
                 മുതിര്‍ന്നവര്‍ക്ക് വളരെ നിസ്സാരമെന്നും ലളിതമെന്നും തോന്നുന്ന ഒരു സംഭവം കുട്ടികളുടെ തലത്തില്‍ ചിന്തിക്കുമ്പോള്‍ വളരെ വ്യത്യസ്ഥമാണ്.ഓരോരാളും പിന്തുടരുന്ന മൂല്യങ്ങളും വ്യത്യസ്ഥമാണ്.മനുഷ്യ ബന്ധങ്ങളെ വിശകലനം ചെയ്യാനും ചെറിയ സംഭവങ്ങള്‍ മതി എന്ന് ഈ സിനിമയിലൂടെ കിയരോസ്തമി പ്രഖ്യാപിക്കുന്നു. അതുകൊണ്ടാണ് മഹാനായ ഗൊദാര്‍ദ് “സിനിമ ഗ്രിഫിത്തില്‍ ആരംഭിച്ച് കിയരോസ്തമിയില്‍ അവസാനിക്കുന്നു” എന്ന് അഭിപ്രായപെട്ടത്.
                            1987 ലെ ഫജ് റ് ഫിലീംഫെസ്റ്റിവലില്‍ ഏറ്റവും നല്ല സംവിധായകനുള്ള സുവര്‍ണ്ണതാലവും,സ്പെഷല്‍ ജൂറി പുരസ്കാരവും ലൊകാര്‍ണോ ഫെസ്റ്റിവലില്‍ ബ്രോണ്‍സ് ലെപാര്‍ഡ് അവാര്‍ഡ് ,ഫിപ്രസി പ്രത്യേക പരാമര്‍ശം എന്നിവ‘ കൂട്ടുകാരന്റെ വീട്?‘ നേടി. പതിനാലു വയസ്സിനുള്ളില്‍ കുട്ടികള്‍ കണ്ടിരിക്കേണ്ട പത്ത് സിനിമകളിലൊന്നായി ഈ സിനിമ 2005ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. മറ്റുള്ളവര്‍ക്ക് അര്‍ത്ഥം മനസ്സിലാകത്ത അന്വേഷണമാണ് എല്ലാവരുടെയും ജീവിതം.. .ചിലപ്പോഴെങ്കിലും- എന്ന് ഈ സിനിമ നമ്മെ ഒര്‍മപ്പെടുത്തും
                                                    cinemajalakam.blogspot.com
               

6/26/2010

മാർച്ച് ഓഫ് ദ പെൻഗ്വിൻസ്

ഭൂമിയിലെ ഓരോ ജീവ വർഗ്ഗവും അതിജീവനത്തിനുള്ള   തീവ്രശ്രമത്തിലാണ്.ഭൂപ്രകൃതി,കാലാവസ്ഥ,ഇരപിടിയൻ ശത്രുക്കൾ ,ഭക്ഷണം,ശാരീരിക അനുകൂലനങ്ങൾ,പ്രത്യുത്പാദനം,കുഞ്ഞുങ്ങളുടെ സുരക്ഷ ഇവയൊക്കെ അവരുടെ മുന്നിലെ പ്രധാനവിഷയങ്ങളാണ്.എത്രയോ ലക്ഷം വർഷങ്ങളിലൂടെ സന്തതിപരമ്പരകളുടെ ഒഴുക്ക് തുടരുന്നു ..ചിലവ വംശമറ്റുപോയി...ചിലവ പെറ്റു പെരുകി.
       ഭൂമിയിൽ അധികമൊന്നും ബാക്കിയില്ലാത്ത ചക്രവർത്തി പെൻഗ്വിനുകളുടെ വർഗ്ഗവും അതിജീവനത്തിനുള്ള കടുത്ത സമരത്തിലാണ്.അവയുടെ ജീവചക്രത്തെക്കുറിച്ചുള്ള മനോഹരമായ ഡോക്കുമെന്ററി സിനിമയാണ് ‘മാർച്ച് ഒഫ് ദ പെൻഗ്വിൻസ്’. ഫ്രഞ്ച് ഫോട്ടോഗ്രാഫറും സംവിധായകനുമായ ലുക് ജാക്വിറ്റിന്റെ 2005 ലെ ഈ സിനിമ ഏറ്റവും നല്ല ഡോക്കുമെന്ററി സിനിമക്കുള്ള ഓസ്കാർ സമ്മാനം നേടി എന്നതുകൂടാതെ സിനിമാചരിത്രത്തിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ഡോക്കുമെന്ററി ചിത്രം കൂടിയാണ്.ജനപ്രീതിയിൽ വളരെ മുന്നിട്ടു നിന്ന ഈ സിനിമയുടെ പതിപ്പുകൾ പ്രധാന ലോകഭാഷകളിലെല്ലാം പുറത്തിറങ്ങീട്ടുണ്ട്.സാധാരണ ഡോക്കുമെന്ററി സിനിമകളുടെ വിരസമായ അവതരണശൈലിയിൽ നിന്നും വ്യത്യസ്ഥമായി ഒരു കഥാസിനിമയെന്നതുപോലെ കണ്ടാസ്വദിക്കാവുന്ന വിധമാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
            അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന ഒരിനം പെങ്വിനുകളാണ് ചക്രവർത്തി പെൻഗ്വിനുകൾ .ചിറകുകൾ ഉണ്ടെങ്കിലും ഒട്ടും പറക്കാനാകാത്ത ഇവക്ക് നാല്പത് കിലോഗ്രാമോളം ഭാരമുണ്ടാകും.കടലിനടിയിലൂടെ ഊളിയിട്ടു പറന്നാണ് അവ ഭക്ഷണം ശേഖരിക്കുന്നത്.ശൈത്യകാലത്ത് മഞ്ഞുറഞ്ഞുപോയ സമുദ്രോപരിതലത്തിലൂടെ -അവരുടെ ഇണചേരൽ സ്ഥലത്തെത്താനും തുടർന്ന് മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളെ പോറ്റാനുമായി ഇവർ നടത്തുന്ന അപകടകരവും ദൈർഘ്യമേറിയതുമായ യത്രകളെക്കുറിച്ചാണ് ഈ സിനിമ. പൂജ്യത്തിനും താഴെ എഴുപത്തിരണ്ടോളമെത്തുന്ന  താപനില-മണിക്കൂറിൽ മുന്നൂറു കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ഹിമക്കാറ്റ്. ദുർഘടം പിടിച്ച ധ്രുവ കാലാവസ്ഥയിൽ പ്രത്യുത്പാദനം ഈ സാധു പക്ഷിക്ക് വലിയൊരു വെല്ലുവിളിയാണ്. ഇണചേരൽ കാലത്ത് ആയിരക്കണക്കിന് പെൻഗ്വിനുകൾ  ഘോഷയാത്രയായി സുരക്ഷിത ഇടം തേടി യാത്ര ആരംഭിക്കുന്നു.നൂറ്റാണ്ടുകളായി അവരുടെ തലമുറകൾ ഇണചേരാനും അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഉപയോഗിക്കുന്ന ‘ടെറെ-അഡിലി’ എന്ന അന്റാർട്ടിക്കൻ ഭൂപ്രദേശം. ഉറച്ച ഭൂമിയും ,അതിശൈത്യകാറ്റിൽ നിന്നും ഇത്തിരി മറയും,ശത്രുക്കളായ കടല്പക്ഷികളിൽ നിന്നും രക്ഷയും ലഭിക്കുന്ന ഇടം..കടലിൽനിന്നും നൂറിലധികം കിലോമീറ്ററുകൾ നടക്കണം ഇവിടെയെത്താൻ.കുഞ്ഞുകാലുകളിഴച്ച് വെച്ച് പതിയെ ഒരു കോളനിയിലെ മുഴുവൻ പെൻഗ്വിനുകളും തങ്ങളുടെ യാത്ര ആരംഭിക്കുന്നു. ദിവസങ്ങൾ നീളുന്ന യാത്ര ..ലക്ഷ്യസ്ഥാനത്തെത്തിയാൽ പിന്നെ സന്തോഷത്തിന്റെ ആരവങ്ങൾ. ഒരു ഇണയുമായി മാത്രം കൂട്ടുകൂടുന്ന ശീലമുള്ളവരാണിവർ. മധുവിധുകാലം കഴിഞ്ഞ് ഒരു മുട്ടമാത്രമിടുന്നു. ദിവസങ്ങൾ നീണ്ടയാത്രയിലും തുടർന്നും ഭക്ഷണമില്ല. ഭാരം മൂന്നിലൊന്നായി കുറഞ്ഞ പെൺ പെൻഗ്വിൻ മുട്ട ഭർത്താവിനെ ഏൽ‌പ്പിച്ച് ഭക്ഷണം തേടി തിരിച്ച് കടലിലേക്ക് യാത്ര ആരംഭിക്കുന്നു..അതി ശൈത്യത്തിൽ മുട്ട മരവിച്ച് പോവാൻ സാധ്യത ഏറെയാണ്.തണുത്തുറഞ്ഞ ഐസിൽ തട്ടാതെ തന്റെ കാലുകൾക്കിടയിൽ ഉയർത്തിപ്പിടിച്ച് ആൺ പെൻഗ്വിനുകൾ ‘അട നിൽക്കും’. രണ്ടുമാസത്തിലധികം കാലം അതേ നിൽ‌പ്പുതന്നെ.ഇര തേടിപ്പോയ അമ്മ പെൻഗ്വിൻ അപ്പഴേക്കും തിരിച്ചെത്തീട്ടുണ്ടാകില്ല..ചിലരെല്ലാം യാത്രക്കിടയിൽ പട്ടിണികൊണ്ട് മരിച്ചുപോയിട്ടുണ്ടാകും.
    കുഞ്ഞ് മുട്ടയിൽ നിന്ന് വിരിഞ്ഞ്പുറത്തേക്ക് വന്നാൽ തന്റെ തൊണ്ടയിൽ ബാക്കിയുള്ള കൊഴുപ്പ് നൽകിയ ശേഷം, അവശനായ ആൺ പെൻഗ്വിൻ ,ഭക്ഷണം തേടി കടലിലേക്ക് നടക്കുന്നു. അമ്മ പെൻഗ്വിൻ തിരിച്ചെത്തി -പ്രത്യേകതരം ശബ്ദമുണ്ടാക്കി ആയിരക്കണക്കിന് മറ്റുകുഞ്ഞുങ്ങൾക്കിടയിൽ നിന്നും തന്റെ കുഞ്ഞിനെ തിരിച്ചറിയുന്നു..ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ കുഞ്ഞിനെ....ആൺ പെൻഗ്വിനിന്റെ പരിചയക്കുറവോ അശ്രദ്ധയോ മുട്ടയെ ചിലപ്പോൾ നശിപ്പിച്ചിട്ടുണ്ടാകും.  വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ഇര പിടിയൻ കടൽ പക്ഷികൾ റാഞ്ചികൊണ്ടുപോയിട്ടുണ്ടാകും..ബാക്കിയാവുന്ന കുഞ്ഞുങ്ങൾ കുറവായിരിക്കും.തിരിച്ചെത്തിയ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ കിട്ടിയില്ലെങ്കിൽ വേറെ കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കും...ഇത് വലിയ കലഹങ്ങൾക്ക് കാരണമാവുകയും ചെയ്യും. നാലു മാസത്തോളം കുഞ്ഞിനെ പോറ്റാനുള്ള തത്രപ്പാടിലാണ് അമ്മമാർ.തീറ്റ തേടി കടലിലേക്കുള്ള ദീർഘയാത്രകൾ..തണൂപ്പുകാലം തീരുന്നതോടെ കടലിലേക്കുള്ള യാത്രയുടെ ദൂരം കുറഞ്ഞു വരും..കടലിനു മുകളിലെ ഐസു പാളികൾ അലിഞ്ഞു തുടങ്ങുന്നതിനാൽ.അപകടം നിറഞ്ഞ ഈ യാത്രകളുടെ അവസാനം..കടലിലേക്ക് കൂപ്പുകുത്തുന്ന കുഞ്ഞിനെ നോക്കികൊണ്ട്..പുതിയൊരു ജീവിത ചക്രം ആരംഭിക്കാനായി തന്റെ ഇണയോടോപ്പം വീണ്ടും യാത്രപുറപ്പെടുന്നിടത്ത് സിനിമ അവസാനിക്കുന്നു.
          ഫ്രഞ്ച് പതിപ്പിൽ മോർഗൻ ഫ്രീമാന്റെ മനോഹരമായ വിവരണം ജീവസ്സുറ്റതാക്കുന്നുണ്ട്.ഹിന്ദി പതിപ്പിൽ നമ്മുടെ പ്രിയപ്പെട്ട അമിതാബ് ബച്ചനാണ് ശബ്ദം നൽകിയിരിക്കുന്നത്. മറ്റു ചില പതിപ്പുകളിൽ നറേഷൻ കൂടതെ -അച്ഛൻ,അമ്മ, കുട്ടി എന്നീ പെൻഗ്വിനുകളുടെ സംഭാഷണവും- നർമ്മം ചാലിച്ച്  കൂട്ടിചേർത്തിട്ടുണ്ട്.
  ആധുനിക മതങ്ങൾ മുന്നോട്ടുവെക്കുന്ന ധർമനിഷ്ടയുള്ള മനുഷ്യ ജീവിതത്തിന്റെ ഭാഗമായ - ഏക ഇണ സങ്കൽ‌പ്പം- ഈ പാവം ജീവിയുടെ കാര്യത്തിലും സംവിധായകൻ സാമ്യപ്പെടുത്തുന്നുണ്ട്. കുടുംബബന്ധങ്ങളുടെ മഹത്വവും കടമകളും മനുഷ്യരിലെന്ന പോലെ മറ്റു ജീവികളിലും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം യഥാർത്ഥത്തിൽ ശാസ്ത്ര വിരുദ്ധമാണ്.എങ്കിലും മനുഷ്യരിലെ ഒരു അണുകുടുംബത്തിന്റെ ചുറ്റുപാടുകളും വിഷമങ്ങളും ചക്രവർത്തി പെൻഗ്വിനുകളുടെ കുടുംബത്തിലും നിരീക്ഷിക്കുന്നത് കൌതുകകരമാണ്.
             അതി മനോഹരമായ ക്യാമറ- നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നത് അത്ഭുത ഭൂപ്രകൃതിയും ജീവിതവുമാണ്.പ്രകൃതിയുടെ രൂക്ഷ ഭാവങ്ങളിലേക്കും ,അപൂർവ്വ ജീവ വർഗ്ഗങ്ങളുടെ ജീവിത ചക്രങ്ങളുടെ സൂക്ഷ്മതയിലേക്കും ആയിരക്കണക്കിന് വർഷങ്ങളിലൂടെ അവ സന്തതി പരമ്പരകളുടെ അതിജീവനത്തിനായി നടത്തുന്ന ത്യാഗങ്ങളിലേക്കും നമ്മുടെ ശ്രദ്ധയെ ഈ സിനിമ നയിക്കും .ഭൂമിയിൽ നമ്മുടെ കണ്ണെത്താത്ത ഏതെല്ലാമോ മൂലകളിൽ നമുക്ക് അപരിചിതരായ എത്രയോ ജീവ വർഗ്ഗങ്ങൾ അതിജീവനത്ത്ഇനായി നടത്തുന്ന സമരങ്ങളെക്കുറിച്ച് നമ്മെ ഈ പെൻഗ്വിനുകൾ ഓർമ്മിച്ചു കൊണ്ടേയിരിക്കും.