6/26/2010

മാർച്ച് ഓഫ് ദ പെൻഗ്വിൻസ്

ഭൂമിയിലെ ഓരോ ജീവ വർഗ്ഗവും അതിജീവനത്തിനുള്ള   തീവ്രശ്രമത്തിലാണ്.ഭൂപ്രകൃതി,കാലാവസ്ഥ,ഇരപിടിയൻ ശത്രുക്കൾ ,ഭക്ഷണം,ശാരീരിക അനുകൂലനങ്ങൾ,പ്രത്യുത്പാദനം,കുഞ്ഞുങ്ങളുടെ സുരക്ഷ ഇവയൊക്കെ അവരുടെ മുന്നിലെ പ്രധാനവിഷയങ്ങളാണ്.എത്രയോ ലക്ഷം വർഷങ്ങളിലൂടെ സന്തതിപരമ്പരകളുടെ ഒഴുക്ക് തുടരുന്നു ..ചിലവ വംശമറ്റുപോയി...ചിലവ പെറ്റു പെരുകി.
       ഭൂമിയിൽ അധികമൊന്നും ബാക്കിയില്ലാത്ത ചക്രവർത്തി പെൻഗ്വിനുകളുടെ വർഗ്ഗവും അതിജീവനത്തിനുള്ള കടുത്ത സമരത്തിലാണ്.അവയുടെ ജീവചക്രത്തെക്കുറിച്ചുള്ള മനോഹരമായ ഡോക്കുമെന്ററി സിനിമയാണ് ‘മാർച്ച് ഒഫ് ദ പെൻഗ്വിൻസ്’. ഫ്രഞ്ച് ഫോട്ടോഗ്രാഫറും സംവിധായകനുമായ ലുക് ജാക്വിറ്റിന്റെ 2005 ലെ ഈ സിനിമ ഏറ്റവും നല്ല ഡോക്കുമെന്ററി സിനിമക്കുള്ള ഓസ്കാർ സമ്മാനം നേടി എന്നതുകൂടാതെ സിനിമാചരിത്രത്തിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ഡോക്കുമെന്ററി ചിത്രം കൂടിയാണ്.ജനപ്രീതിയിൽ വളരെ മുന്നിട്ടു നിന്ന ഈ സിനിമയുടെ പതിപ്പുകൾ പ്രധാന ലോകഭാഷകളിലെല്ലാം പുറത്തിറങ്ങീട്ടുണ്ട്.സാധാരണ ഡോക്കുമെന്ററി സിനിമകളുടെ വിരസമായ അവതരണശൈലിയിൽ നിന്നും വ്യത്യസ്ഥമായി ഒരു കഥാസിനിമയെന്നതുപോലെ കണ്ടാസ്വദിക്കാവുന്ന വിധമാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
            അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന ഒരിനം പെങ്വിനുകളാണ് ചക്രവർത്തി പെൻഗ്വിനുകൾ .ചിറകുകൾ ഉണ്ടെങ്കിലും ഒട്ടും പറക്കാനാകാത്ത ഇവക്ക് നാല്പത് കിലോഗ്രാമോളം ഭാരമുണ്ടാകും.കടലിനടിയിലൂടെ ഊളിയിട്ടു പറന്നാണ് അവ ഭക്ഷണം ശേഖരിക്കുന്നത്.ശൈത്യകാലത്ത് മഞ്ഞുറഞ്ഞുപോയ സമുദ്രോപരിതലത്തിലൂടെ -അവരുടെ ഇണചേരൽ സ്ഥലത്തെത്താനും തുടർന്ന് മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളെ പോറ്റാനുമായി ഇവർ നടത്തുന്ന അപകടകരവും ദൈർഘ്യമേറിയതുമായ യത്രകളെക്കുറിച്ചാണ് ഈ സിനിമ. പൂജ്യത്തിനും താഴെ എഴുപത്തിരണ്ടോളമെത്തുന്ന  താപനില-മണിക്കൂറിൽ മുന്നൂറു കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ഹിമക്കാറ്റ്. ദുർഘടം പിടിച്ച ധ്രുവ കാലാവസ്ഥയിൽ പ്രത്യുത്പാദനം ഈ സാധു പക്ഷിക്ക് വലിയൊരു വെല്ലുവിളിയാണ്. ഇണചേരൽ കാലത്ത് ആയിരക്കണക്കിന് പെൻഗ്വിനുകൾ  ഘോഷയാത്രയായി സുരക്ഷിത ഇടം തേടി യാത്ര ആരംഭിക്കുന്നു.നൂറ്റാണ്ടുകളായി അവരുടെ തലമുറകൾ ഇണചേരാനും അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഉപയോഗിക്കുന്ന ‘ടെറെ-അഡിലി’ എന്ന അന്റാർട്ടിക്കൻ ഭൂപ്രദേശം. ഉറച്ച ഭൂമിയും ,അതിശൈത്യകാറ്റിൽ നിന്നും ഇത്തിരി മറയും,ശത്രുക്കളായ കടല്പക്ഷികളിൽ നിന്നും രക്ഷയും ലഭിക്കുന്ന ഇടം..കടലിൽനിന്നും നൂറിലധികം കിലോമീറ്ററുകൾ നടക്കണം ഇവിടെയെത്താൻ.കുഞ്ഞുകാലുകളിഴച്ച് വെച്ച് പതിയെ ഒരു കോളനിയിലെ മുഴുവൻ പെൻഗ്വിനുകളും തങ്ങളുടെ യാത്ര ആരംഭിക്കുന്നു. ദിവസങ്ങൾ നീളുന്ന യാത്ര ..ലക്ഷ്യസ്ഥാനത്തെത്തിയാൽ പിന്നെ സന്തോഷത്തിന്റെ ആരവങ്ങൾ. ഒരു ഇണയുമായി മാത്രം കൂട്ടുകൂടുന്ന ശീലമുള്ളവരാണിവർ. മധുവിധുകാലം കഴിഞ്ഞ് ഒരു മുട്ടമാത്രമിടുന്നു. ദിവസങ്ങൾ നീണ്ടയാത്രയിലും തുടർന്നും ഭക്ഷണമില്ല. ഭാരം മൂന്നിലൊന്നായി കുറഞ്ഞ പെൺ പെൻഗ്വിൻ മുട്ട ഭർത്താവിനെ ഏൽ‌പ്പിച്ച് ഭക്ഷണം തേടി തിരിച്ച് കടലിലേക്ക് യാത്ര ആരംഭിക്കുന്നു..അതി ശൈത്യത്തിൽ മുട്ട മരവിച്ച് പോവാൻ സാധ്യത ഏറെയാണ്.തണുത്തുറഞ്ഞ ഐസിൽ തട്ടാതെ തന്റെ കാലുകൾക്കിടയിൽ ഉയർത്തിപ്പിടിച്ച് ആൺ പെൻഗ്വിനുകൾ ‘അട നിൽക്കും’. രണ്ടുമാസത്തിലധികം കാലം അതേ നിൽ‌പ്പുതന്നെ.ഇര തേടിപ്പോയ അമ്മ പെൻഗ്വിൻ അപ്പഴേക്കും തിരിച്ചെത്തീട്ടുണ്ടാകില്ല..ചിലരെല്ലാം യാത്രക്കിടയിൽ പട്ടിണികൊണ്ട് മരിച്ചുപോയിട്ടുണ്ടാകും.
    കുഞ്ഞ് മുട്ടയിൽ നിന്ന് വിരിഞ്ഞ്പുറത്തേക്ക് വന്നാൽ തന്റെ തൊണ്ടയിൽ ബാക്കിയുള്ള കൊഴുപ്പ് നൽകിയ ശേഷം, അവശനായ ആൺ പെൻഗ്വിൻ ,ഭക്ഷണം തേടി കടലിലേക്ക് നടക്കുന്നു. അമ്മ പെൻഗ്വിൻ തിരിച്ചെത്തി -പ്രത്യേകതരം ശബ്ദമുണ്ടാക്കി ആയിരക്കണക്കിന് മറ്റുകുഞ്ഞുങ്ങൾക്കിടയിൽ നിന്നും തന്റെ കുഞ്ഞിനെ തിരിച്ചറിയുന്നു..ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ കുഞ്ഞിനെ....ആൺ പെൻഗ്വിനിന്റെ പരിചയക്കുറവോ അശ്രദ്ധയോ മുട്ടയെ ചിലപ്പോൾ നശിപ്പിച്ചിട്ടുണ്ടാകും.  വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ഇര പിടിയൻ കടൽ പക്ഷികൾ റാഞ്ചികൊണ്ടുപോയിട്ടുണ്ടാകും..ബാക്കിയാവുന്ന കുഞ്ഞുങ്ങൾ കുറവായിരിക്കും.തിരിച്ചെത്തിയ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ കിട്ടിയില്ലെങ്കിൽ വേറെ കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കും...ഇത് വലിയ കലഹങ്ങൾക്ക് കാരണമാവുകയും ചെയ്യും. നാലു മാസത്തോളം കുഞ്ഞിനെ പോറ്റാനുള്ള തത്രപ്പാടിലാണ് അമ്മമാർ.തീറ്റ തേടി കടലിലേക്കുള്ള ദീർഘയാത്രകൾ..തണൂപ്പുകാലം തീരുന്നതോടെ കടലിലേക്കുള്ള യാത്രയുടെ ദൂരം കുറഞ്ഞു വരും..കടലിനു മുകളിലെ ഐസു പാളികൾ അലിഞ്ഞു തുടങ്ങുന്നതിനാൽ.അപകടം നിറഞ്ഞ ഈ യാത്രകളുടെ അവസാനം..കടലിലേക്ക് കൂപ്പുകുത്തുന്ന കുഞ്ഞിനെ നോക്കികൊണ്ട്..പുതിയൊരു ജീവിത ചക്രം ആരംഭിക്കാനായി തന്റെ ഇണയോടോപ്പം വീണ്ടും യാത്രപുറപ്പെടുന്നിടത്ത് സിനിമ അവസാനിക്കുന്നു.
          ഫ്രഞ്ച് പതിപ്പിൽ മോർഗൻ ഫ്രീമാന്റെ മനോഹരമായ വിവരണം ജീവസ്സുറ്റതാക്കുന്നുണ്ട്.ഹിന്ദി പതിപ്പിൽ നമ്മുടെ പ്രിയപ്പെട്ട അമിതാബ് ബച്ചനാണ് ശബ്ദം നൽകിയിരിക്കുന്നത്. മറ്റു ചില പതിപ്പുകളിൽ നറേഷൻ കൂടതെ -അച്ഛൻ,അമ്മ, കുട്ടി എന്നീ പെൻഗ്വിനുകളുടെ സംഭാഷണവും- നർമ്മം ചാലിച്ച്  കൂട്ടിചേർത്തിട്ടുണ്ട്.
  ആധുനിക മതങ്ങൾ മുന്നോട്ടുവെക്കുന്ന ധർമനിഷ്ടയുള്ള മനുഷ്യ ജീവിതത്തിന്റെ ഭാഗമായ - ഏക ഇണ സങ്കൽ‌പ്പം- ഈ പാവം ജീവിയുടെ കാര്യത്തിലും സംവിധായകൻ സാമ്യപ്പെടുത്തുന്നുണ്ട്. കുടുംബബന്ധങ്ങളുടെ മഹത്വവും കടമകളും മനുഷ്യരിലെന്ന പോലെ മറ്റു ജീവികളിലും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം യഥാർത്ഥത്തിൽ ശാസ്ത്ര വിരുദ്ധമാണ്.എങ്കിലും മനുഷ്യരിലെ ഒരു അണുകുടുംബത്തിന്റെ ചുറ്റുപാടുകളും വിഷമങ്ങളും ചക്രവർത്തി പെൻഗ്വിനുകളുടെ കുടുംബത്തിലും നിരീക്ഷിക്കുന്നത് കൌതുകകരമാണ്.
             അതി മനോഹരമായ ക്യാമറ- നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നത് അത്ഭുത ഭൂപ്രകൃതിയും ജീവിതവുമാണ്.പ്രകൃതിയുടെ രൂക്ഷ ഭാവങ്ങളിലേക്കും ,അപൂർവ്വ ജീവ വർഗ്ഗങ്ങളുടെ ജീവിത ചക്രങ്ങളുടെ സൂക്ഷ്മതയിലേക്കും ആയിരക്കണക്കിന് വർഷങ്ങളിലൂടെ അവ സന്തതി പരമ്പരകളുടെ അതിജീവനത്തിനായി നടത്തുന്ന ത്യാഗങ്ങളിലേക്കും നമ്മുടെ ശ്രദ്ധയെ ഈ സിനിമ നയിക്കും .ഭൂമിയിൽ നമ്മുടെ കണ്ണെത്താത്ത ഏതെല്ലാമോ മൂലകളിൽ നമുക്ക് അപരിചിതരായ എത്രയോ ജീവ വർഗ്ഗങ്ങൾ അതിജീവനത്ത്ഇനായി നടത്തുന്ന സമരങ്ങളെക്കുറിച്ച് നമ്മെ ഈ പെൻഗ്വിനുകൾ ഓർമ്മിച്ചു കൊണ്ടേയിരിക്കും.

6/17/2010

ഐവാന്റെ കുട്ടിക്കാലം

1962/റഷ്യന്‍/ ബ്ലാക്ക്&വൈറ്റ്/ആന്ദ്രേ തര്‍ക്കോവ്സ്കി
               രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രമാണ് “ഐവാന്‍സ് ചൈല്‍ഡ് ഹുഡ്”- റഷ്യന്‍ സംവിധായകനായ ആന്ദ്രെ തര്‍ക്കോവ്സ്കിയുടെ ആദ്യ മുഴുനീള ഫീച്ചര്‍ സിനിമയാണിത്.
     ‘  ഐവന്റെ കുട്ടിക്കാലത്തെ‘ ‘സോഷ്യലിസ്റ്റ് സര്‍റിയലിസം‘ എന്ന സംജ്ഞ ഉപയോഗിച്ചാണ് സാര്‍ത്ര്  പ്രശംസിച്ചത് . ഈ സിനിമയിലൂടെ അതുവരെ പരിചിതമല്ലാതിരുന്ന പുതിയ ഒരു അവതരണ രീതി തര്‍ക്കോവ്സ്കി പരിചയപ്പെടുത്തി.
       1960ല്‍ നിര്‍മിച്ച തന്റെ ഡിപ്ലോമ ചിത്രമായ ‘സ്റ്റീംറോളര്‍ ആന്റ് ദ വയലിന്‍’ എന്ന സിനിമയില്‍ ഒരു പന്ത്രണ്ട് വയസ്സുകാരനാണ് നായകന്‍. സ്റ്റീംറോളര്‍ ഡ്രൈവറാകാന്‍ കൊതിക്കുന്ന അവനും സ്റ്റീംറോളര്‍ ഡ്രൈവറും തമ്മിലുള്ള സൌഹ്രുദമാണാ സിനിമയുടെ വിഷയം. ഈ സിനിമയിലും ഒരു പന്ത്രണ്ട് വയസ്സുകാരനാണ് നായകന്‍-ഐവാന്‍. യുദ്ധത്തില്‍ നാസികളുടെ ആക്രമണത്തില്‍ അമ്മയും അച്ഛനും കുഞ്ഞനുജത്തിയും കൊല്ലപ്പെട്ട അനാഥനാണവന്‍.റഷ്യന്‍ പട്ടാളത്തിലെ ചില ഓഫീസര്‍മാരാണ് അവന്റെ രക്ഷകര്‍ത്താക്കള്‍.കേണലായ ഗ്രിയാസ്നോവ് ഐവാന് പിത്രു തുല്യനാണ്. കിഴക്കന്‍ യുദ്ധ മുന്നണിയില്‍ ജെര്‍മന്‍ സഖ്യസേനയുമായി പൊരുതുകയാണവര്‍. ഐവാനെ പഠിപ്പിക്കാനയക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഐവാന്‍ പട്ടാളത്തോടൊപ്പം നാസികളോട് പൊരുതുവാനുള്ള തീരുമാനത്തിലാണ്. അവന്റെ പ്രായത്തിന്റെയും മെലിഞ്ഞുണങ്ങിയ ശരീര പ്രക്രുതത്തിന്റെയും ആനുകൂല്യമുപയോഗിച്ച്- ശത്രുപാളയത്തില്‍ നുഴഞ്ഞ്കയറി  രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാരപ്പണി ചെയ്യുകയാണവന്‍.ജര്‍മന്‍ നിയന്ത്രിത പ്രദേശത്തുനിന്നും പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച്- രാത്രിയിലെ അസ്ഥി മരവിച്ചുപോകുന്ന കൊടും തണുപ്പില്‍ അതിര്‍ത്തിയിലെ ചതുപ്പുനിറഞ്ഞ വനപ്രദേശത്തുകൂടി പട്ടാളക്കാര്‍ കാണാതെ കമ്പിവേലികള്‍ നൂണ് കടന്ന് റഷ്യന്‍ ഔട്ട് പോസ്റ്റിലേക്ക് നീങ്ങുന്ന ഐവാനെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.                  
        യുദ്ധത്തിനു മുമ്പുള്ള ഐവന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള സൂചനകളായി സ്വപ്നദ്രിശ്യങ്ങള്‍ കാണീച്ച് തരുന്നുണ്ട് സംവിധായകന്‍. സന്തോഷത്തിന്റെയും പ്രതീക്ഷയുടേയും പരിസരം. പശ്ചാത്തലത്തില്‍ കുയിലിന്റെ ശബ്ദം. മഞ്ഞുതുള്ളികള്‍ തിളങ്ങുന്ന എട്ടുകാലിവലയ്ക്കപ്പുറം വിടര്‍ന്ന കണ്ണൂകളൂള്ള ഐവാന്റെ നിഷ്കളങ്ക മുഖമാണ് ആദ്യ ഫ്രെയിം . ആടിന്റെയും പൂമ്പാറ്റയുടെയും  കൂടെ ഉല്ലസിച്ച് കഴിയുന്ന ഐവാന്‍...മരച്ചില്ലകള്‍ക്കിടയിലൂടെ ഒഴുകി നീങ്ങുകയാണവന്‍. താഴെ നിരത്തിലൂടെ തൊട്ടിയില്‍ വെള്ളവുമായി നടന്നു പോകുന്ന അമ്മയെ അവന്‍ കാണുന്നു. തൊട്ടിയില്‍ മുഖം താഴ്ത്തി വെള്ളം കുടിച്ച്-“അമ്മേ അവിടെ ഒരു കുയിലുണ്ട്” എന്നു പറയുന്നു. പെട്ടന്ന് അമ്മയുടെ ദ്രിശ്യം ചരിഞ്ഞ് അപ്രത്യക്ഷമാകുന്നു.ഞെട്ടിയുണരുന്ന ഐവാന്‍ . ഉപേക്ഷിക്കപ്പെട്ട കാറ്റാടിമില്ലിലെ ഒളിവിടത്തില്‍ നിന്നു പുറത്തിറങ്ങുകയാണവന്‍.
      ഐവാന്‍ ആരാണെന്ന് സംവിധായകന്‍ പറയുന്നില്ല .തണുത്ത് വിറച്ച്  ചതുപ്പിലൂടെ തുഴഞ്ഞ്  അവശനായ ഐവാനെ ഒരു റഷ്യന്‍ പട്ടാളക്കാരന്‍ പിടികൂടി കമാന്റിങ്ങ് ഓഫീസറുടെ അടുത്തെത്തിച്ചിരിക്കുകയാണ്. ആരാണെന്നും എവിടെനിന്നു വരുന്നെന്നും പറയുന്നില്ല . കമാന്റിങ്ങ് ഓഫീസര്‍ ഐവാനേക്കാള്‍ അഞ്ചാറു വയസ്സ് മാത്രം  പ്രായക്കൂടുതലുള്ള ഒരു ചെറുപ്പക്കാരനാണ്.ലഫ്റ്റനെന്റ് ഗാല്‍ട്സേവ്. എന്തൊക്കെ ചോദിച്ചിട്ടും ഐവാന്‍ താനാരാണെന്ന് വെളിപ്പെടുത്തുന്നില്ല.പട്ടാളത്തിന്റെ ഹെഡ് ക്വാര്‍ട്ടറില്‍ അവന്റെ രഹസ്യ നാമം പറഞ്ഞ് അവനവിടെ എത്തീട്ടുണ്ടെന്ന് അറിയിക്കാന്‍ ആവശ്യപ്പെടുന്നു. ആദ്യം മടിച്ചുനിന്ന  ഓഫീസര്‍ -ഐവാന്റെ നിശ്ചയദാര്‍ഢ്യത്തില്‍- അവസാനം  പട്ടാളകേന്ദ്രത്തില്‍ വിളിച്ചറിയിക്കുന്നു.കേണല്‍ ഗ്രിയാസ്നോവ് ഉടന്‍ തന്നെ ഐവാനു വേണ്ട എല്ലാ സൌകര്യങ്ങളും നല്‍കാനും അവന്‍ കൊണ്ടുവന്നിട്ടുള്ള രഹസ്യ വിവരങ്ങള്‍ തനിക്ക് അയച്ചു തരാനും ഉത്തരവിടുന്നു.ഐവാനെ കൂട്ടിക്കൊണ്ടുവരാനായി ക്യാപ്റ്റന്‍ കോലിനെ അങ്ങോട്ടയക്കുന്നുണ്ടെന്നും അറിയിക്കുന്നു.
     ഒരു  പട്ടാള ഓഫീസര്‍ക്ക് വേണ്ട സൌകര്യങ്ങളാണ് പിന്നീട്  ഐവാന് ലഭിക്കുന്നത്. കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ചു  തുടങ്ങുമ്പോഴേക്കും ഐവാന്‍ തളര്‍ന്ന് മയങ്ങി വീണുപോയിരുന്നു. ഐവാനെ കൊച്ചു കുഞ്ഞിനെ എന്ന പോലെ കൈയില്‍ കോരിയെടുത്ത് ലഫ്റ്റെനന്റ് ഗാല്‍ട്സേവ് കിടക്കയില്‍ കിടത്തുകയാണ്.
അപകടകരമായ യുദ്ധമേഖലയിൽനിന്നും സുരക്ഷിതമായിടത്തേക്ക് ഐവാനെ മാറ്റാനായി- അവനെ മിലിട്ടറി അക്കാദമിയിൽ ചേർത്ത് പടിപ്പിക്കാൻ കേണൽ ഗ്രിയാസ്നോവും കൂട്ടരും ശ്രമിക്കുന്നു.ഇഷ്ടമില്ലാത്ത ഐവാൻ ഒളിച്ചോടുന്നു.. യുദ്ധത്തിൽ തകർന്നുതരിപ്പണമായ ഒരിടത്ത് നിന്ന് ഐവാനെ അവർ കണ്ടുപിടിക്കുന്നു.അവന്റെ തീരുമാനങ്ങൾ മാറ്റാനാവാത്തതാണെന്നവർ മനസ്സിലാക്കുന്നു.
നാസി അധീനതയിലുള്ള ഒരു പ്രദേശത്തേക്ക് നുഴഞ്ഞുകയറാനുള്ള അത്യന്തം അപകടം പിടിച്ച ഒരു ദൌത്യത്തിലാണു പിന്നീടവർ.ആ ശ്രമത്തിനിറ്റയിൽ ഐവാനെ കാണാതാവുന്നു.
യുദ്ധാനന്തര ബെർളിനാണു അവസാനം നമ്മൾ കാണുന്നത്.കുട്ടിത്തം മാറാത്ത പഴയ കമാണ്ടിങ് ഓഫീസർ  ഗാൽട്സേവ് - മുറിപ്പാടുകൾ മുഖത്തുള്ള പൌരുഷം നിറഞ്ഞ ഒരു ഓഫീസറാണ് ഇപ്പോൾ.സോവിയറ്റ് സേന ബെർളിനിലെ ഒരു ജയിൽ രേഖകൾ പരിശോധിക്കുകയാണ്....വധശിക്ഷ നടപ്പിലാക്കിയവരുടെ  ഫയലുകളിൽ ഐവാന്റെ ചിത്രമദ്ദേഹം തിരിച്ചറിയുന്നു.തൂക്കുകയറുകൾ തൂങ്ങി നിൽക്കുന്ന മരണമുറികളിൽ- ഞാന്നു കിടന്നാടുന്ന ഐവാന്റെ ധീരമുഖം...ഓർമകളുടെ ഫ്ലാഷ്ബാക്കെന്ന വണ്ണം അലകളിളകുന്ന പുഴക്കരയിലെ പൊടിമണലിൽ അമ്മയുടെ ലോഹതൊട്ടിയിലെ വെള്ളത്തിൽ മുഖം താഴ്ത്തി വെള്ളം കുടിക്കുന്ന ഐവാനെയാണ് നാം പിന്നീട് കാണുന്നത്.”ഒളിച്ചേ-കണ്ടേ’ കളിക്കുന്ന ഐവാനും കൂട്ടുകാരും..ഉണങ്ങി ദ്രവിച്ച ഒറ്റമരത്തിലാണ് തൊടേണ്ടത്.കളി തുടങ്ങി.ആരേയും കാണാതെ തിരഞ്ഞ് ഓടി നടക്കുകയാണ് ഐവാൻ.പെട്ടന്നാണ് അനിയത്തിയെ കാണുന്നത്.പുറകെ ഓടുന്ന ഐവാൻ അവളെ കടന്ന് മരന വൃക്ഷത്തിനടുത്തെത്തി തൊടാനായുമ്പോൾ സിനിമ അവസാനിക്കുന്നു.