സ്കൂള്‍ കുട്ടികളുടെ കലപില ശബ്ദങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍പ്പിച്ച് കൊണ്ട് നീല ചായം പൂശിയ ഒരു പഴഞ്ചന്‍ വാതിലിന്റെ ദീര്‍ഘമായ ഒരു ക്ലോസപ്പ് ഷോട്ടിലാണ് അബ്ബാസ് കിയരോസ്തമി സംവിധാനം ചെയ്ത 1987 ലെ ഇറാനിയന്‍ സിനിമ ‘വേര് ഈസ് ദ് ഫ്രണ്ട്സ് ഹോം’ ആരംഭിക്കുന്നത്. അത്പം വൈകിയെത്തിയ അദ്യാപകന് വാതില്‍ തുറന്ന് അകത്ത് കടന്ന്- ബഹളം വെച്ചതിന് കുട്ടികളെ വഴക്ക് പറയുന്നു.ഹോം വര്‍ക്കുകള്‍ പരിശോധിക്കുകയാണ് പിന്നീട്. ഗൌരവക്കാരനായ ടീച്ചര്‍ ഹോം വര്‍ക്കുകള്‍ നോട്ട്ബുക്കില്‍ തന്നെ ചെയ്ത് കൊണ്ട് വരണം എന്ന കടും പിടുത്തക്കാരനാണ്.എങ്കില്‍ മാത്രമേ കുട്ടികളുടെ പറനത്തിലുള്ള വളര്‍ച്ച നിരീക്ഷിക്കാനാവൂ എന്നാണ് അയാളുടെ അഭിപ്രായം. മെഹമ്മെദ് റെദ നെമത്സാദ് എന്ന എട്ടുവയസ്സുകാരന് കുട്ടി കരച്ചിലിന്റെ വക്കിലാണ്. നോട്ട് ബുക്ക് ബന്ധുവിന്റെ വീട്ടിലായിപ്പോയതിനാല്‍ കടലാസിലാണ് അവന് ഹോം വര്‍ക്ക് ചെയ്ത് കൊണ്ട് വന്നിരിക്കുന്നത്.അദ്യാപകന് ദേഷ്യപ്പെട്ട് ആ കടലാസ് തുണ്ടുകളാക്കി കീറിക്കളഞ്ഞു.ഇനി നോട്ട് ബുക്കിലല്ലാതെ ഹോം വര്‍ക്ക് ചെയ്ത് കൊണ്ടുവന്നാല്‍ സ്കൂളില്‍നിന്നും പുറത്താക്കും എന്ന് പറയുന്നുമുണ്ട്. മെഹമ്മെദിന്റെ കണ്ണീരിലൂടെയും അടുത്തിരിക്കുന്ന അഹമ്മെദ് എന്ന കുട്ടിയുടെ മുഖഭാവത്തിലൂടെയും ക്ലാസ്സിലെ ഭയാന്തരീക്ഷം സംവിധായകന് വേഗത്തില്‍ വരച്ച് കാണിക്കുന്നുണ്ട്.
സ്കൂള്‍ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ അഹമ്മെദ് ഞെട്ടലോടെയാണ് ഒരു കാര്യം മനസ്സിലാക്കുന്നത്. മെഹമ്മെദിന്റെ നോട്ടുബുക്ക് അബദ്ധത്തില്‍ അവന്റെ പുസ്തക സഞ്ചിയിലായിപ്പോയിരിക്കുന്നു. നാളെ ഹോംവര്‍ക്ക് ചെയ്യാതെ മെഹമ്മെദ് ക്ലാസ്സിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്നവനറിയാം. അവന് ഭയത്തോടെ കാര്യം അമ്മയോട് പറയുന്നു. എങ്ങനെയെങ്കിലും പുസ്തകം കൂട്ടുകാരന്റെ വീട്ടിലെത്തിക്കണമെന്നും. ഇളയ കുഞ്ഞിനെ നോക്കാനും മറ്റു വീട്ടുപണികള്‍ സഹായിക്കാനും മടിച്ചിട്ട് അവന് നുണ പറയുകായാണെന്നാണ് അവരുടെ അഭിപ്രായം. വേഗം പണികള്‍ തീര്‍ത്ത് പടിക്കാന് പറയുകയാണു അമ്മ. പക്ഷെ അഹമ്മെദ് വല്ലാത്ത അവസ്ഥയിലാണ്. വീട്ടിലെ മുതിര്ന്നവര്ക്കൊന്നും അവന്റെ പ്രശ്നം മനസ്സിലാകുന്നില്ല.അവര്‍ക്ക് ഇത് വലിയ ഒരു കാര്യമായും തോന്നുന്നില്ല. നാളെ പുസ്തകം കൊടുത്താല്‍ മതിയെന്നാണ് അമ്മ പറയുന്നത്.ബേക്കറിയില്‍ പോയി രാത്രിയിലേക്കുള്ള റൊട്ടി വാങ്ങി വേഗം വരാന്‍ അമ്മ അവനെ പറഞ്ഞ് വിടുന്നു.
പുറത്തിറങ്ങുമ്പോള്‍ അഹമ്മെദ് പുസ്തകം കൈയില്‍ ഒളിച്ച് കരുതുന്നു. മെഹമ്മെദ് താമസിക്കുന്നത് അടുത്തുള്ള പൊസ്തെ എന്ന ഗ്രാമത്തിലാണെന്നു മാത്രമാണ് അവനറിയുന്നത്. തരിശായ മരു പ്രദേശത്തെ വിജനമായ വഴി പൊസ്തേയിലേക്ക് വളഞ്ഞ് പുളഞ്ഞ് നീണ്ട് കിടക്കുന്നു.കൂട്ടുകാരന്റെ വീടന്വേഷിച്ച് എട്ടുവയസ്സുകാരന് അഹമ്മെദ് നടത്തുന്ന ഉദ്വേഗപൂര്‍ണ്ണമായ യാത്രയാണ് ഈ സിനിമ പിന്നീട്. പൊസ്തെ ഗ്രാമത്തിലെത്തുമ്പോഴേക്കും സന്ധ്യയായിക്കഴിഞ്ഞു. പരിചയമില്ലാത്ത ഗ്രാമ വഴികളിലൂടെ ആ കുഞ്ഞ് പലരോടും അന്വേഷിച്ച് അലയുകയാണ്. ഒടുവില്‍ മെഹമ്മെദിന്റെ ബന്ധുവായ ഹൈമാദി എന്ന കുട്ടിയുടെ വീടിരിക്കുന്ന സ്ഥലം ഒരു കുട്ടി പറഞ്ഞു കൊടുക്കുന്നു. അത് കനൊവാര്‍ എന്ന ഭാഗത്താണ്.കല്‍പ്പടവുകള്‍ക്കപ്പുറം നീലച്ചായമിട്ട ഒരു വാതിലുണ്ട് എന്നത് മാത്രമാണ് അടയാളം.ഒരേപോലെയുള്ള കുടുസ്സു വഴികളാണ് എവിടെയും..പോകും വഴിയില്‍ ഒരു വീട്ടിന്റെ മുറ്റത്ത് മെഹമ്മെദിന്റേതു പോലുള്ള ഒരു പാന്റ് ഉണങ്ങാന്‍ ഇട്ടിരിക്കുന്നത് അവന് കണ്ടു. അന്വേഷണത്തിനവസാനം അത് വേറൊരു കുട്ടിയുടേതാണെന്ന് അവന് മനസ്സിലാക്കുന്നു.

വിളമ്പിവെച്ച ഭക്ഷണത്തിനു മുമ്പില്‍ ഒന്നും കഴിക്കാതെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന അഹമ്മെദിനെയാണ് നമ്മള് പിന്നീട് കാണുന്നത്.അവന്റെ അച്ഛന് പഴയ ഒരു റേഡിയോ ട്യൂണ്‍ ചെയ്യുകയാണ്.അഹെമ്മെദിനെ പൂര്‍ണ്ണമായും അവഗണിച്ച് കൊണ്ട്. എല്ലാവരും ഉറങ്ങുമ്പോള്‍ പുറത്ത് ചീറിയടിക്കുന്ന കാറ്റിനെ ശ്രദ്ധിക്കാതെ വൈകിയ രാത്രിയില്‍ ഹോംവര്‍ക്ക് ചെയ്യുന്ന അഹമ്മെദില്‍ ആ സീന്‍ അവസ്സാനിക്കുന്നു.
പിറ്റേ ദിവസത്തെ ക്ലാസ്സ്. അദ്യാപകന് ഓരോരോ കുട്ടികളുടെയും ഹോം വര്‍ക്കുകള്‍ പരിശോധിക്കുകയാണ്.മെഹമ്മെദ് കണ്ണീരിന്റെ വക്കിലാണ്.പുസ്തകം കാണാത്തതിന്റെ വിഷമത്തിലാണവന്‍.എന്താണു സംഭവിക്കുക എന്നവനറിയാം.സങ്കടത്തോടെ ഡെസ്കില്‍ തലവച്ച് കിടക്കുകയാണവന്‍.അപ്പോഴാണ് അഹമ്മെദ് ഒടിക്കിതച്ച് ക്ലാസ്സിലെത്തുന്നത്.അദ്യാപകന് മെഹമ്മെദിനടുത്തെത്തുന്നതിനു തൊട്ടുമുമ്പേ അവന് മെഹമ്മെദിന്റെ നോട്ട്ബുക്ക് അവന്റെ മുന്നില്‍ വച്ച് കൊടുത്തു.അദ്യാപകന് നോക്കുമ്പോള്‍ ഹോംവര്‍ക്ക് ചെയ്തിരിക്കുന്നു.നല്ലകുട്ടി എന്ന പ്രശംസയോടെ അടുത്ത കുട്ടിയുടെ നോട്ടിലേക്ക് ടീച്ചര്‍ മാറുമ്പോള്‍ മെഹമ്മെദിന്റെ പുസ്തകത്താളുകള്‍ക്കിടയിലെ ഉണങ്ങിയതെങ്കിലും ഭംഗിയുള്ള കൊച്ച് പൂ കാണിച്ച് കൊണ്ട് കിയരോസ്തമി സിനിമ അവസാനിപ്പിക്കുന്നു.
മുതിര്‍ന്നവരുടെ ലോകത്തില്‍ നിന്നും എത്ര വ്യത്യസ്ഥമാണ് കുട്ടികളുടെ ലോകം എന്ന് വളരെ കൃത്യമായി സംവിധായകന് ഈ സിനിമയില്‍ വരച്ച് കാട്ടുന്നുണ്ട്.ഒരു നിരീക്ഷകന്റെ റോളാണ് ക്യാമറക്ക്.അധികം കട്ടുകളില്ലാതെ ,ആംഗിളുകളും സൂത്രങ്ങളും,ചലനങ്ങളും കുറച്ച്- വളരെ സ്വാഭാവികമായ പിന്തുടരല് രീതിയാണ് സംവിധായകന് ഉപയോഗിക്കുന്നത്.പ്രൊഫഷണലുകളായ അഭിനേതാക്കള്‍ക്ക് പകരം കഥാപാത്രങ്ങളെ ആള്‍ക്കൂട്ടത്തില്‍ നിന്നും കണ്ടെത്തുന്ന രീതിയാണ് കിയരോസ്തമി പിന്തുടരാറുള്ളത്.ഇറാനിലെ ഗ്രാമജീവിതത്തിന്റെ തുടിപ്പുകളത്രയും ഈ സിനിമയില്‍ അദ്ദേഹം പകര്‍ത്തുന്നുണ്ട്.യഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രമാണ് മുഴുവന്‍ സമയവും സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.കുട്ടിയുടെ ഓട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം ഏതോ മധ്യേഷ്യന്‍ തന്ത്രിവാദ്യത്തിന്റെ നനുത്ത സംഗീതം ഉപയോഗിച്ചിരിക്കുന്നു.
മുതിര്‍ന്നവര്‍ക്ക് വളരെ നിസ്സാരമെന്നും ലളിതമെന്നും തോന്നുന്ന ഒരു സംഭവം കുട്ടികളുടെ തലത്തില്‍ ചിന്തിക്കുമ്പോള്‍ വളരെ വ്യത്യസ്ഥമാണ്.ഓരോരാളും പിന്തുടരുന്ന മൂല്യങ്ങളും വ്യത്യസ്ഥമാണ്.മനുഷ്യ ബന്ധങ്ങളെ വിശകലനം ചെയ്യാനും ചെറിയ സംഭവങ്ങള്‍ മതി എന്ന് ഈ സിനിമയിലൂടെ കിയരോസ്തമി പ്രഖ്യാപിക്കുന്നു. അതുകൊണ്ടാണ് മഹാനായ ഗൊദാര്‍ദ് “സിനിമ ഗ്രിഫിത്തില്‍ ആരംഭിച്ച് കിയരോസ്തമിയില്‍ അവസാനിക്കുന്നു” എന്ന് അഭിപ്രായപെട്ടത്.
1987 ലെ ഫജ് റ് ഫിലീംഫെസ്റ്റിവലില്‍ ഏറ്റവും നല്ല സംവിധായകനുള്ള സുവര്‍ണ്ണതാലവും,സ്പെഷല്‍ ജൂറി പുരസ്കാരവും ലൊകാര്‍ണോ ഫെസ്റ്റിവലില്‍ ബ്രോണ്‍സ് ലെപാര്ഡ് അവാര്‍ഡ് ,ഫിപ്രസി പ്രത്യേക പരാമര്‍ശം എന്നിവ‘ കൂട്ടുകാരന്റെ വീട്?‘ നേടി. പതിനാലു വയസ്സിനുള്ളില്‍ കുട്ടികള്‍ കണ്ടിരിക്കേണ്ട പത്ത് സിനിമകളിലൊന്നായി ഈ സിനിമ 2005ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. മറ്റുള്ളവര്‍ക്ക് അര്‍ത്ഥം മനസ്സിലാകത്ത അന്വേഷണമാണ് എല്ലാവരുടെയും ജീവിതം.. .ചിലപ്പോഴെങ്കിലും- എന്ന് ഈ സിനിമ നമ്മെ ഒര്മപ്പെടുത്തും
cinemajalakam.blogspot.com
വായിച്ചുകൊണ്ടിരുന്നപ്പോള്‍ വല്ലാത്തൊരു പിരിമുറുക്കം തോന്നി. തീര്‍ത്തും മനോഹരമായൊരു സിനിമ തന്നെയാണിതെന്ന വസ്തുത ഈ കുറിപ്പ് തരുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ സിനിമ കാണാന്‍ സാധിച്ചിട്ടില്ല.
മറുപടിഇല്ലാതാക്കൂനന്ദി.
ഈ ത്രയത്തില്‍ വരുന്ന ഈ സിനിമ മാത്രമാണ് കണ്ടത്... ബാക്കി രണ്ടെണ്ണം കൂടി ഇനിയും കാണാനുണ്ട്... :))
മറുപടിഇല്ലാതാക്കൂഒരുപാട് നല്ല ഇറാനിയന്‍ പടങ്ങള്‍ കണ്ടിട്ടുണ്ട്...ഇത് കാണാന്‍ സാധിച്ചിട്ടില്ല..വായിക്കുമ്പോള്‍ തന്നെ കണ്ട ഒരു അനുഭൂതി...വിവരണം നന്നായി..
മറുപടിഇല്ലാതാക്കൂചിൽഡ്രൻ ഓഫ് ഹെവൻ ഓർമ്മ വരുന്നു, ഈ വിവരണത്തിനും പരിചയപ്പെടുത്തലിനും നന്ദി.
മറുപടിഇല്ലാതാക്കൂവിജയന് മാഷേ....ഈ നല്ല ചിത്രങ്ങള്‍ എനിക്ക് കാണാന്‍ വല്ല വകുപ്പുമുണ്ടോ??ഉണ്ടെങ്കില്‍ പറയണം...സസ്നേഹം
മറുപടിഇല്ലാതാക്കൂ