3/05/2013

ദർസു ഉസാല

പഴയ സോവിയറ്റ് റഷ്യയിലെ ചൈനീസ് അതിർത്തിയിൽ സൈബീരിയൻ ഹിമഭൂമിയിൽ ലാന്റ് സർവേയ്ക് വേണ്ടി യാത്ര ചെയ്യുന്ന മിലിട്ടറി എഞ്ജിനീയറിങ് സംഘത്തിലെ ക്യാപ്റ്റനായ അർസിനീയോവ് കാട്ടിൽ വെച്ച് പരിചയപ്പെടുന്ന ഒരു വേട്ടക്കാരനാണ് ദർസു ഉസാല.പ്രാകൃത ഗോത്രമായ ഗോൾഡി വംശജനാണയാൾ .വസൂരിരോഗം പടർന്നപ്പോൾ ഭയം കൊണ്ട് ഭാര്യയേയും മക്കളേയും തന്റെ ആൾക്കാർ വീടോടെ ചുട്ടുകരിക്കുന്നത് കാണേണ്ടിവന്ന ഒരാളായിരുന്നു ദർസു. വർഷങ്ങളെത്രയോ ആയി ദർസു ആ കാട്ടിലൂടെ അലയുന്നു. ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി വേട്ടയാടിയും ബാക്കി സമയമത്രയും കാട്ടിലൂടെ അലഞ്ഞും ജീവിക്കുകയാണ്. തന്റെ പ്രായം എത്രയെന്നുപോലുമയാൾക്ക് അറിയില്ല. യാദൃശ്ചികമായാണ് ഒരു രാത്രിയിൽ ദർസു തന്റെ മാറാപ്പുമായി മിലിട്ടറി സംഘത്തിന്നരികിൽ എത്തുന്നത്.പരിഷ്കൃത ലോകത്ത് നിന്നെത്തിയ അർസിനിയന്വും ക്ആട്ടിൽ ജീവിക്കുന്ന ദർസുവും തമ്മിൽ ഉരുത്തിയുന്ന ഗാഢ സൗഹൃദമാണ് 1975 ൽ റഷ്യ-ജപ്പാൻ സമ്യുക്ത സംരംഭമായി പുറത്തിറങ്ങിയ "ദർസു ഉസാല" എന്ന ചലചിത്രത്തിന്റെ പ്രമേയം.ലോക സിനിമയിലെ ചക്രവർത്തിയായി കൊണ്ടാടപ്പെടുന്ന അകിര കുറോസാവ ഒരു ആത്മഹത്യശ്രമത്തിൽ നിന്നും അതിജീവിച്ച ശേഷം തന്റെ നവ ഭാവുകത്വത്തിൽ ലോകത്തിനു സമ്മാനിച്ച മനോഹരചിത്രമാണിത്.