3/04/2019

ടാൻജറിൻസ്

രാഷ്ട്രം, അതിർത്തി, ദേശീയത, രാഷ്ട്രീയ അധികാരം തുടങ്ങിയവ ഒക്കെയും കെട്ടിയുയർത്തിയിരിക്കുന്നത് തികച്ചുംഅർഥശൂന്യമായ ചില സങ്കൽപ്പങ്ങൾക്ക് മുകളിലാണെന്നും മനുഷ്യർക്ക് പരസ്പരം സ്നേഹിക്കാനുള്ള തുറസ്സായ ഇടങ്ങൾ എല്ലാ ശത്രുതകൾക്കും ഇടയിലും ലഭ്യമാണെന്നും പറയുന്ന  മനോഹര സിനിമയാണ് ടാൻജറിൻസ് - മധുരനാരങ്ങ ! തൊണ്ണൂറുകളുടെ ആദ്യം നടന്ന യുദ്ധങ്ങളിലെ പങ്കുകാരായ - അന്ന് ഏറ്റവും വെറുക്കപ്പെട്ട ശത്രുക്കളായിരുന്ന ജോർജിയയും അബ്ഖാസിയക്കാരും എസ്തോണിയയുമായി സംയുക്തമായാണ് 2013 ൽ ഈ ജോർജിയൻ സിനിമ നിർമിച്ചിരിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. യുദ്ധത്തിന്റെ മുറിപ്പാടുകൾ മായ്ച്ചു കളയേണ്ടത് മനുഷ്യന്റെ കടമ കൂടിയാണെന്ന് സംവിധായകൻ സസ ഉറുഷാദ്സ് വിളിച്ചു പറയുന്നുണ്ട്. ഈ സിനിമ കണ്ടുതീരുമ്പോൾ മനുഷ്യനന്മയിലുള്ള പ്രതീക്ഷയും അതിനോടുള്ള മതിപ്പും ഏത് മനുഷ്യനും അധികരിക്കും - തീർച്ച.

സോവിയറ്റ് യൂണിയന്റെ
തകർച്ചയ്ക്ക് ശേഷം കിഴക്കൻ
യൂറോപ്പ് രാഷ്ട്രീയ അസ്ഥിരതയുടെ സംഘർഷഭൂമിയായിമാറിയിരുന്നല്ലോ . പുതുതായി രൂപം കൊണ്ട അബ്കാസിയ
ജോർജിയയിൽ നിന്നും വേർപെട്ട് സ്വതന്ത്ര രാഷ്ടമാകാനുള്ള ശ്രമത്തിലാണ്.ഒരുനൂറ്റാണ്ട് മുമ്പ് എസ്റ്റോണിയയിൽ നിന്ന് കുടിയേറിയവരാണ് ഈ പ്രദേശത്തുകാർ. വംശീയതകൾ അതിർത്തിതീർക്കുന്ന പുതിയകാലം. 1992ൽ ചെച്നിയൻ മുസ്ലീം കൂലിപ്പട്ടാളത്തിന്റെ പിന്തുണയോടെ അബ്കാസിയക്കാർ തുറന്ന യുദ്ധമാരംഭിച്ചു. യുദ്ധപ്രദേശങ്ങളിലെ എസ്തോണിയൻ കർഷകർ സർവവും ഉപേക്ഷിച്ച് തങ്ങളുടെ മാതൃരാജ്യത്തിലേക്ക് മടങ്ങിക്കഴിഞ്ഞു. ജീവനുതുല്യം പരിപാലിച്ചിരുന്ന ഓറഞ്ചുതോട്ടത്തിൽ വിളവെടുപ്പുകാലമായിരിക്കുന്നു. മൂത്തു പഴുത്ത മധുരക്കനികൾ മുഴുവൻ ഉപേക്ഷിച്ച് പോകാൻ മനസ് വരാതെ  ചില കൃഷിക്കാരേ ഇനി അവിടങ്ങളിൽ ബാക്കിയുള്ളൂ. ഓറഞ്ച് നിറക്കാൻ വീഞ്ഞപ്പെട്ടി നിർമിക്കുന്ന ഇലക്ട്രിക്ക് വാളുകൊണ്ട് പലക ഈർന്നുകൊണ്ടിരിക്കുന്ന വൃദ്ധനായ ഇവോയിലാണ് "ടാൻജെറിൻസ്'
ആരംഭിക്കുന്നത്. സുഹൃത്തായ മാർഗൂസിന്റെ തോട്ടത്തിലെ ഓറഞ്ചുകൾ പറിച്ചു നിറയ്ക്കാനുള്ളവയാണ് അവ. വിജനമായ ആ ഗ്രാമത്തിൽ ഇനി അവർ ഇരുവരും മാത്രമേ ബാക്കിയുള്ളു. അബ്കാസിയൻ പക്ഷത്ത് പൊരുതുന്ന ചെച്നിയൻ പട്ടാളക്കാരുടെ വണ്ടി ഇവോയുടെ വർക്ക് ഷോപ്പിനു മുന്നിൽ വന്നു നിൽക്കുന്നു. വൃദ്ധനെ കണ്ടപ്പോൾ അവർക്ക് അത്ഭുതമാണ് തോന്നുന്നത്. ഈ യുദ്ധമേഖലയിൽ നിന്ന് വേഗം സ്ഥലം വിട്ടുകൊള്ളണം എന്ന് മുന്നറിയിപ്പ് നൽകുന്നു. . ഓറഞ്ചുകൾ പറിച്ചയുടൻ പോയ്ക്കൊള്ളാമെന്ന് ഇവോ പറയുന്നു.
അഹമ്മദ് എന്ന ഭീമാകാരനായ ചെച്നിയക്കാരനായ കൂലിപ്പട്ടാളക്കാരനും  ഇബ്രാഹിം എന്ന സഹായിയും കൂടി ഭക്ഷണവും പാനീയങ്ങളും വാങ്ങി യാത്ര പറഞ്ഞുപോവുന്നു. നല്ലവനായ ഒരു വയസനായി തോന്നിയതിനാൽ ഉപദ്രവിക്കുന്നില്ലെന്നും മറ്റു പട്ടാളക്കാർ വന്നാൽ ഇതായിരിക്കില്ല അവസ്ഥ എന്നും
അയാൾ പറയുന്നുണ്ട്. അത്പസമയം കഴിഞ്ഞില്ല , മാർഗൂസിന്റെ ഓറഞ്ചുതോട്ടത്തിനു മുന്നിലെ റോഡിൽ വലിയ സ്ഫോടനശബ്ദവും
വെടിവെപ്പും കേട്ടാണ് ഇവോ അങ്ങോട്ട് ഓടി. കടുത്ത പരസ്പര ആക്രമണത്തിൽ രണ്ട് ഭാഗത്ത് ഉള്ള വാഹനങ്ങളും തകർന്നിരിക്കുന്നു.
എല്ലാവരും മരിച്ചിരിക്കുന്നു എന്നു കരുതി അന്ധാളിച്ചിരിക്കുമ്പോഴാണ് തൊട്ടുമുമ്പ് യാത്ര പറഞ്ഞുപോയ അഹമ്മദ് മാരകമായി മുറിവേറ്റ് വീണു പിടക്കുന്നത് കാണുന്നത്. അയാളുടെ സഹായി ഇബ്രാഹിം വണ്ടിയിൽ മരിച്ചു കിടക്കുന്നു. ഇവോ മാർഗൂസിന്റെ സഹായത്തോടെ അഹമ്മദിനെ തന്റെ വീട്ടിലെത്തിച്ച് മുറിവുകൾ ഡ്രസ് ചെയ്യുന്നു.
തന്റെ സഹായി മരിച്ചുപോയി എന്നറിയുന്ന അഹമ്മദിന് ജോർജിയക്കാരോടുള്ള പക
നൂരയ്ക്കുന്നുണ്ട്. നിങ്ങൾ ജോർജിയക്കാരെ മുഴുവൻ കൊന്നില്ലേ എന്ന് ഇവോ ചോദിക്കുമ്പോൾ അയാൾക്ക് ഉത്തരമില്ല.
മരിച്ച ജോർജിയക്കാരെയും ഇബ്രാഹിമിനേയും വെവ്വേറെ സംസ്കരിക്കാനായി കാട്ടിൽ
വലിയ കുഴികൾ ഇവോയും മാർഗൂസും
ചേർന്ന് ഉണ്ടാക്കുന്നു. മണ്ണിടും മുമ്പാണ് ചെറുപ്പക്കാരനായ ഒരു ജോർജിയൻ പട്ടാളക്കാരന്റെ ഞരക്കം  മാർഗൂസ് കേൾക്കുന്നത്. ജീവന്റെ ലക്ഷണം ബാക്കിയുള്ള അയാളെയും തന്റെ വീട്ടിലേക്ക്
ഇവോ കൊണ്ടുവരുന്നു. മുറിവേറ്റുകിടക്കുന്ന അഹമ്മദിന് ശത്രുവായ ജോർജിയൻപട്ടാളക്കാരനെ ഇങ്ങോട്ട് കൊണ്ടുവന്നത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. താങ്കൾ വെറുതെയെന്തിന് കഷ്ടപ്പെടുന്നു എന്നാണ് അഹമ്മദ് ചോദിക്കുന്നത്. തനിക്ക് തോക്കുപിടിക്കാനുള്ള ത്രാണി കിട്ടുന്ന നിമിഷം ഞാനിവനെ വെടിവെച്ച്  കൊല്ലും എന്നയാൾ ആണയിടുന്നുണ്ട്.
നികോ എന്നാണ് ജോർജിയൻ പട്ടാളക്കാരന്റെ പേര് . ഷെല്ലുകളുടെ കഷണം തലയിൽ തുളച്ചുകയറി ഗുരുതരാവസ്ഥയിലാണയാൾ. ഗ്രാമത്തിലെ സുഹൃത്തായ  ഡോക്ടറെ ഇവോ കൂട്ടികൊണ്ടുവരുന്നു. ദീർഘശ്രമത്തിലൂടെ തലയിലെ ലോഹച്ചീളുകൾ
നീക്കം ചെയ്ത് നികോയുടെ ജീവൻ രക്ഷിക്കുന്നു.
പരസ്പരം കൊല്ലാനൊരുങ്ങി നിൽക്കുന്ന രണ്ടുപേർ ഒരു വീട്ടിൽ താമസിക്കുകയാണ്. പകയുടെ കനലുകൾ ഇടയ്ക്കിടെ ആളിക്കത്തുന്നുണ്ട്. ഇവോ അവർക്കിടയിൽ നിന്ന് പ്രസാദാത്മകമായി ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു.
തന്റെ ജീവൻ രക്ഷിച്ച ഇവോയ്ക്ക് അഹമ്മദ് ഒരു വാക്കു നൽകുന്നു. ഈ വീട്ടിനുള്ളിൽ വച്ച് ഞാൻ ജോർജിയക്കാരനെ കൊല്ലില്ല എന്ന്.
ആ വാക്കിന്റെ ധൈര്യത്തിലാണ് ഇരുവരേയും വീട്ടിൽ തനിച്ചാക്കി ഇവോ പുറത്തിറങ്ങുന്നത്. നികോയും പരിക്കുകളിൽ നിന്ന് രക്ഷപ്പെട്ട് പതുക്കെ എഴുന്നേറ്റ് നടക്കാൻ പറ്റുന്ന വിധത്തിൽ സുഖം പ്രാപിക്കുന്നു.

ദേശീയത  വംശീയത
പക  അവജ്ഞ  വെറുപ്പ്
ഇതെല്ലാം മനുഷ്യരെ എങ്ങനെ
ശത്രുക്കളാക്കുന്നു എന്നും യുദ്ധമെന്ന അസംബന്ധം എങ്ങിനെ രൂപം കൊള്ളുന്നുവെന്നും ഇരുവരും തമ്മിലുള്ള
സംസാരത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാനാവും.
തന്റെ ഓറഞ്ചുകൾ പറിച്ചുകിട്ടിയാൽ ഉടൻ സ്ഥലംവിടാനുള്ള ഒരുക്കത്തിലാണ് മാർഗുസ്. വൃദ്ധനായ ഇവോയുടെ മാത്രം സഹായം കൊണ്ട് തോട്ടത്തിലെ ഓറഞ്ചുകളത്രയും പറിച്ച് പായ്ക്ക ചെയ്ത് കൊണ്ടുപോവാനാവില്ലെന്ന് അയാൾക്കറിയാം. എസ്റ്റോണിയൻ മേജർ അയാളുടെ പരിചയക്കാരനാണ്. യുദ്ധം കനക്കും മുമ്പ് അടുത്ത ക്യാമ്പിൽ നിന്ന് കുറച്ച് പട്ടാളക്കാരെ ഓറഞ്ചു പറിക്കാൻ വിട്ടുനൽകാമെന്ന അയാളുടെ വാക്കിൽ പ്രതീക്ഷയർപ്പിച്ച്
ദിവസം നീക്കുകയാണ് മാർഗുസ്.

അഹമ്മദിനും നികോയ്ക്കും ഇടയിലെ പക പതുക്കെ അലിയുന്നുണ്ട്. ഒരു രാത്രി എല്ലാവരും കൂടി പുറത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നു. പാനോപചാരമായി "ജീവിതത്തിനുവേണ്ടി' എന്നു പറയുന്ന മാർഗ്സിനെ ഇവോ തിരുത്തുന്നുണ്ട്. “അല്ല  ഇതു മരണത്തിന്റെ ആശംസയായി' .
കൊല്ലുക കൊല്ലുക എന്നല്ലാതെ വേറൊന്നും പറയാനില്ലാത്തവർക്ക് മരണം തന്നെ ഞാൻ ആശംസിക്കുന്നു. വേഗം സുഖംപ്രാപിച്ച് യുദ്ധം ചെയ്ത് പരസ്പരം കൊന്നോളു" എന്ന്.

ഒരു ദിനം അബ്കാസിയൻ പട്ടാളം അവിടെ എത്തുന്നു. ജോർജിയക്കാരനായ നികോയെ കണ്ടാൽ ആ നിമിഷം അവർ അവനെ കൊല്ലും എന്ന് അഹമ്മദിനറിയാം. കൂടാതെ അയാളെ സംരക്ഷിച്ച് ശുശ്രൂഷിച്ച കുറ്റത്തിന്
ഇവോയെയും കൊല്ലം. അഹമ്മദ് തന്ത്രപൂർവം ഒരു കളവു പറയുന്നു. ജോർജിയക്കാരുമായുള്ള തന്റെ ഏറ്റുമുട്ടലിൽ
എല്ലാവരേയും കൊന്നു. നികോയെ കാണിച്ച് ഇത് എന്റെ സഹായിയായ ഇബ്രാഹിം ആണ് തലക്ക് മാരകമായ പരിക്കേറ്റ് സംസാര ശേഷി നഷ്ടമായിരിക്കുകയാണ്.
പട്ടാളക്കാർ അഹമ്മദിനെ അഭിനന്ദിച്ച് തിരിച്ചുപോകുന്നു.
അപ്പോൾ വീടിനു പുറത്തിറങ്ങിയ നികോയെ ചൂണ്ടി ഇപ്പോൾ ഇയാളെ താങ്കൾ കൊല്ലുന്നില്ലേ എന്ന് ഇവോ അഹമ്മദിനോട് ചോദിക്കുന്നുണ്ട്. ഇല്ല ഇന്നെന്തോ കൊല്ലാൻ ഒരു മൂഡു തോന്നുന്നില്ല. പിന്നൊരിക്കലാവാം
എന്നാണ് ചിരിച്ചുകൊണ്ട് അഹമ്മദ്  മറുപടി പറയുന്നത്.
ഒരു രാത്രിയിൽ ഉഗ്ര ബോംബ് സ്ഫോടനത്തിൽ മാർഗൂസിന്റെ വീടും ഓറഞ്ചു തോട്ടവും കത്തിയമരുന്നു. ഒന്നും കൈയിലില്ലാതെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന മാർഗൂസിന് കൂലിപ്പട്ടാളക്കാരനായി ജോലി ചെയ്തുനേടിയ പണം അഹമ്മദ് വച്ച് നീട്ടുന്നുണ്ട്. പക്ഷേ രക്തക്കറപുരണ്ട ആ പണം തനിക്ക് വേണ്ടെന്ന് മാർഗൂസ് പറയുന്നു.
വെയിൽ പരന്ന ഒരു മദ്ധ്യാഹ്നം!
വീടിന് പുറത്തിറങ്ങി വിറകു കീറുകയാണ് അഹമ്മദ്. എല്ലാവരും സന്തോഷുത്താടെ വർത്തമാനങ്ങൾ പറയുകയാണ്.  നികോ പട്ടാളത്തിൽ ചേരും മുമ്പ് നാടകനടനും സിനിമാനടനും ആയിരുന്നു എന്നത് ഇവോയെ അത്ഭുതപ്പെടുത്തുന്നുണ്ട്,
ജോർജിയയിൽ നികോയുടെ നാടകം കാണാൻ ഞാൻ വരും എന്ന് ഇവോ ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. എന്നോടൊപ്പം കൂടെ അഹമ്മദും ഉണ്ടാവും നിന്റെ നാടകം കാണാൻ! .
പെട്ടെന്നാണ് എസ്റ്റോണിയൻ പട്ടാളത്തിന്റെ പുതിയൊരു സംഘം അവിടെ എത്തുന്നത്. അഹമ്മദിനെ കണ്ട് അവർ സംശയിക്കുന്നു. ഞാൻ നിങ്ങൾക്ക് വേണ്ടി പൊരുതുന്ന കൂലിപ്പട്ടാളക്കാരനാണെന്ന് അഹമ്മദ് പറഞ്ഞപ്പോൾ പട്ടാള ഓഫീസർ വിശ്വസിക്കുന്നില്ല. അയാളുടെ അവഹേളനം കേട്ടപ്പോൾ അഹമ്മദ് ക്രൂദ്ധനാകുന്നു. ശത്രുപക്ഷക്കാരനാണെന്ന് ഉറപ്പിച്ച് അഹമ്മദിനെ വെടിവെക്കാൻ ഓഫീസർ ഉത്തരവിടുന്നു. അഹമ്മദിനെ വെടിവെച്ച് കൊല്ലും എന്നുറപ്പായപ്പോൾ അയാളെ രക്ഷിക്കാനായി  വീട്ടിൽ മറഞ്ഞിരിക്കുന്ന നികോ യന്ത്ര തോക്കുമായി അപ്രതീക്ഷിതമായി വെടിവെപ്പാരംഭിക്കുന്നു. പട്ടാളക്കാരുമായുള്ള വെടിവെപ്പിനിടയിൽ മാർഗൂസും നികോയും കൊല്ലപ്പെടുന്നു. കൂടെ എല്ലാ എസ്തോണിയൻ പട്ടാളക്കാരും. വൃദ്ധനായ ഇവോയും അഹമ്മദും ഒഴികെ മറ്റെല്ലാവരും മരിച്ചു. മാർഗൂസിന്റെ ശരീരം അയാളുടെ പ്രിയപ്പെട്ട ഓറഞ്ചു തോട്ടത്തിൽ തന്നെ അടക്കം ചെയ്യുന്നു.മാർഗൂസിന്റ ഓറഞ്ചുകൾ നിറയ്ക്കാൻ വെച്ച മരപ്പാളികൾ കൊണ്ട് ശവപ്പെട്ടി പണിതതും ഇവോ തന്നെ. നികോയെ ഇവോ അടക്കം ചെയ്യുന്നത് സ്വന്തം മകന്റെ ശവക്കല്ലറയ്ക്കരികിലാണ്.
യുദ്ധത്തിൽ അവൻ മരിച്ചുപോയിരുന്നു. അവനെ കൊന്നത് ജോർജിയക്കാരായിട്ടും
നികോയെ എന്തിന് ഇവിടെ അടക്കുന്നു എന്ന് അഹമ്മദ് ചോദിക്കുന്നുണ്ട്. ആര് കൊന്നാലും മരണത്തിന് എന്ത് വ്യത്യാസം എന്ന് ഇവോ മറു പടി പറയുന്നു. നികോക്ക് പകരം ഞാനായിരുന്നെങ്കിൽ വരുച്ചിരുന്നത് എങ്കിൽ  എന്റെ ശവവും ഇവിടെ അടക്കുമോ എന്ന അഹമ്മദിന്റെ ചോദ്യത്തിന് ഇവോ മറുപടി
പറയുന്നുണ്ട്. "ചിലപ്പോൾ കുറേക്കൂടി അരികിൽ' എന്ന്.
ജോർജിയൻ സംഗീതം കേട്ടുകൊണ്ട് തന്റെ പട്ടാള ജീപ്പിൽ കുന്നിറങ്ങി പോകുന്ന അഹമ്മദിൽ സിനിമ അവസാനിക്കുന്നു.
രാജ്യം, അതിർത്തി, രാഷ്ട്രീയ അധികാരം തുടങ്ങിയവ ഒക്കെയും കെട്ടിയുയർത്തിയിരിക്കുന്നത് തികച്ചുംഅർഥശൂന്യമായ ചില സങ്കൽപ്പങ്ങൾക്ക് മുകളിലാണെന്നും മനുഷ്യർക്ക് പരസ്പരം സ്നേഹിക്കാനുള്ള തുറസ്സായ ഇടങ്ങൾ എല്ലാ ശത്രുതകൾക്കും ഇടയിലും ലഭ്യമാണെന്നും ഈ സിനിമ
നമ്മോട് പറയുന്നു. നികോയും അഹമ്മദും നടത്തുന്ന വാഗ്വാദങ്ങളുടെ ഗൗരവം ഇവോ പലപ്പോഴും തമാശ കൊണ്ട് പൊളിച്ചുകൊടുക്കുന്നുണ്ട്. പുരുഷ കഥാപാത്രങ്ങൾ മാത്രമുള്ള ഈ സിനിമ യുദ്ധം നടത്തുന്നവരെക്കുറിച്ചുള്ളതാണ്. ഇവോയുടെ പേരക്കുട്ടിയായ പെൺകുട്ടിയുടെ ഒരു ഫോട്ടോമാത്രമാണ് സിനിമയിലെ സ്ത്രീ സാന്നിധ്യം. ഒറ്റ ലൊക്കേഷനിൽ ചിത്രീകരിച്ച്
സിനിമയിൽ നാലു പ്രധാന കഥാപാത്രങ്ങൾ മാത്രം. കാമറയുടെ ചലനങ്ങൾ വളരെ മന്ദതാളത്തിൽ- ആദ്യാവസാനം
ഓരോ ദൃശ്യത്തിലും തുടരുന്ന നനുത്ത പശ്ചാത്തല സംഗീതം. ബാൾട്ടിക് സമുദ്രക്കരയിലെ മനോഹരവും വിജനവുമായ മലമ്പ്രദേശത്തിലെ മൂത്തുപഴുത്ത ഓറഞ്ചുകളുടെ ദൃശ്യങ്ങൾ. ഇവയൊക്കെ കൂടി
ഈ സിനിമ യുദ്ധത്തെക്കുറിച്ചല്ല, മരണത്തെക്കുറിച്ചല്ല, ജീവി
തത്തേക്കുറിച്ചാണെന്ന് നമ്മെക്കൊണ്ട് പറയിക്കും.
2013ൽ ജോർജിയും എസ്തോണിയയും ചേർന്നാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. യുദ്ധത്തിന്റെ മുറിപ്പാടുകൾ മായ്ച്ചു കളയേണ്ടത് മനുഷ്യന്റെ കടമ കൂടിയാണെന്ന് സംവിധായകൻ സസ ഉറുഷാദ്സ് വിളിച്ചു പറയുന്നുണ്ട്. ഈ സിനിമ കണ്ടുതീരുമ്പോൾ മനുഷ്യനന്മയിലുള്ള പ്രതീക്ഷയും അതിനോടുള്ള മതിപ്പും അധികരിക്കും - തീർച്ച.

വിജയകുമാർ ബ്ലാത്തൂർ

ക്ലോസപ്പ് - ശാസ്ത്രകേരളം മാസിക.
-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ