4/08/2010

പശുസിനിമയെന്ന കലയുടെ കുത്തക അവകാശം തങ്ങൾക്കാണെന്ന് വിശ്വസിച്ചിരുന്ന പാശ്ചാത്യ സിനിമക്കാരെ ഞെട്ടിച്ച സിനിമയായിരുന്നു 1957ലെ വെനീസ് ചലചിത്രമേളയിൽ കുറോസവയുടെ “റാഷമോൺ” .ആ വർഷം “ഗോൾഡൻ ലയൺ” പുരസ്കാരം ആ സിനിമ നേടി. ജാപ്പാനീസ് സിനിമയുടെ ജൈത്രയാത്ര അതോടെ ആരംഭിച്ചു. സമാനമായ അനുഭവമാണ് ദാരിഷ് മെഹ്രൂയിയുടെ രണ്ടാമത്തെ ചിത്രമായ ‘പശു’(the cow) സ്ര്യുഷ്ടിച്ചത്. ഷായുടെ ഭരണത്തിൻ കീഴിലായിരുന്ന ഇറാനിൽ ഗവർമെന്റ്  ധനസഹായത്തോടെ നിർമിക്കപ്പെട്ട ഈ സിനിമയെ പക്ഷെ റിലീസ് ചെയ്യാൻ അനുവദിച്ചില്ല.ഗ്രാമീണ പിന്നോക്കാവസ്ഥയും ദാരിദ്രവും പുറം ലോകമറിയുന്നത് ഇറാന് മോശമായ പ്രതിഛായയുണ്ടാക്കുമെന്നും സിനിമയിൽ ഒളിച്ചുവെക്കപ്പെട്ട രാഷ്ട്രീയ വിമർശനം സർക്കാറിന് എതിരാണെന്നും പറഞ്ഞ് ഷായുടെ സെൻസർമാർ പടം നിരോധിച്ചു. മെഹ്രൂയി രഹസ്യമായി സിനിമയുടെ പ്രിന്റ് രാജ്യത്തിനു വെളിയിൽ എത്തിച്ച് 1970ലെ വെനീസ് ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചു.സബ് ടൈറ്റിലുകൾ പോലുമില്ലാതെയാണെങ്കിലും അവിടെ ആ സിനിമകണ്ടവരെ മുഴുവൻ പശു ശരിക്കും ആശ്ചര്യപ്പെടുത്തി.ഇറാനിൽ നിന്നും ഇത്തരം ഒരു സിനിമ ആരും പ്രതീക്ഷിച്ചിരുന്നില്ല.നിയോറിയലിസ്റ്റിക് സിനിമകളുടെ ഉദയം ഇറാനിൽ ഇതോടെ ആരംഭിച്ചു.ഇതിന്റെ പിന്തുടർച്ചയായി അബാസ് കിരിയോസ്തമി,മക്മൽ ബഫ് തുടങ്ങിയ സിനിമ സംവിധായകരിലൂടെ ഇറാനിയൻ സിനിമ തൊണ്ണൂറുകളിൽ ലോക സിനിമയുടെ നെറുകയിൽ സ്ഥാനം പിടിച്ചു.(1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം സിനിമ എന്ന പ്രസ്ഥാനം തന്നെ                                                                                                                                                                                                                                        നിരോധിക്കാൻ ഒരുക്കം കൂട്ടിയ അയത്തൊള്ള ഖൊമൈനിക്ക് ‘പശു’ എന്തുകൊണ്ടോ ഇഷ്ടപ്പെട്ടു.അതിനാൽ  ഇറാനിൽ  നിയന്ത്രണങ്ങളോടെയുള്ള സിനിമാ നിർമാണത്തിന് ഖൊമൈനി പച്ചക്കൊടി കാട്ടി.ഇറാനിൽ സിനിമയുടെ കൂമ്പ്  വാടാതെ പശു രക്ഷപ്പെടുത്തി.  )
ഗുലാം ഹുസ്സൈൻ സൈയ്ദിന്റെ കഥയെ അവലംബിച്ച് നിർമിച്ച ഈ സിനിമ തരിശായ ഒരു ഇറാൻ ഗ്രാമത്തിലെ ജീവിതമാണ് കാട്ടിത്തരുന്നത് . കുട്ടികളില്ലാത്ത മധ്യവയസ്കനായ മാഷത് ഹസ്സനെ സംബന്ധിച്ച് അയാളുടെ പശുവാണ് എല്ലാമെല്ലാം. കുഞ്ഞിനെ എന്ന പോലെയാണ് പശുവിനെ പരിചരിക്കുന്നത്. ആ ഗ്രാമത്തിലെ ഏക പശുവാണത്. പശുവിനെ ഗ്രാമത്തിന്റെ പുറത്ത് മേയ്ക്കാൻ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. മറ്റുള്ളവരോട് സംസാരിക്കുന്നതിനിടയില്പോലും ഹസ്സന്റെ ശ്രദ്ധ പശുവിൽ തന്നെയാണ്. കുട്ടികൾ പശുവിനെ തൊടുമ്പോൾ അയാൾക്ക് ദേഷ്യം വരുന്നുണ്ട്. പശുവിനെ തീറ്റുന്നതും കുളിപ്പിക്കുന്നതും ഒക്കെ ഹസ്സന്റെ സന്തോഷങ്ങളാണ്. രാത്രിയിൽ കൊള്ളക്കാരായ ബൊളീവർമാർ വന്ന് തന്റെ പശുവിനെ തട്ടിക്കൊണ്ട്പോവുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്നു ഭയന്ന് തൊഴുത്തിൽ പശുവിനൊപ്പമാ‍ണ് ഹസ്സൻ ഉറങ്ങാറ്.
ഒരുനാൾ എന്തോ ആവശ്യത്തിനായി ഹസ്സൻ ഗ്രാമത്തിന് പുറത്തെങ്ങോ പോയിരിക്കയായിരുന്നു. പുലർച്ചെ ഹസ്സന്റെ ഭാര്യയുടെ നിലവിളികേട്ട് ഗ്രാമീണരൊക്കയും വീട്ടിലെത്തി. ഗർഭിണിയായ പശു തൊഴുത്തിൽ - ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്നു.പശു ചത്ത വിവരമറിഞ്ഞാൽ  ഹസ്സൻ എങ്ങനെയാണ് പ്രതികരിക്കുക എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. വിവരം ഹസ്സനിൽ നിന്ന് മറച്ച് വെക്കാനും പതുക്കെ പതുക്കെ വിവരം അറിയിക്കാനും ഗ്രാമമുഖ്യനും മറ്റുള്ളവരും ചേർന്ന് തീരുമാനിക്കുന്നു. പശു ഓടിപ്പോയെന്നും അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ടെന്നും നുണപറയാൻ എല്ലാവരും കൂടി നിശ്ചയിക്കുന്നു.പശുവിന്റെ ശവം എന്തുചെയ്യണമെന്ന കാര്യത്തിലും പല അഭിപ്രായങ്ങളായി.പശുവിന്റെ തുകൽ പൊളിച്ചെടുക്കാമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്- പക്ഷെ ഹസ്സൻ അറിഞ്ഞാലുണ്ടാകാവുന്ന പുകിലോർത്ത് അതിൽ നിന്നും പിന്മാറി. ശവം ഗ്രാമത്തിനു വെളിയിൽ ഉപേക്ഷിക്കാമെന്നുവച്ചാൽ ചിലപ്പോൾ ആട്ടിടയന്മാർ പറഞ്ഞ് ഹസ്സൻ വിവരമറിഞ്ഞേക്കാം. അവസാനം വീട്ടിനടുത്തുള്ള ഒരു പൊട്ടക്കിണറിൽ ശവം ഇട്ട് മൂടി. ഗ്രാമത്തിലെ മന്ദബുദ്ധിയായ ചെറുപ്പക്കാരൻ വിവരം ഹസ്സനോട് പറഞ്ഞാലോ എന്നു ഭയന്ന് അവനെ പഴയ ഉപേക്ഷിച്ച കെട്ടിടത്തിൽ കെട്ടിയിടുന്നു.ഭയത്തോടെയും ആശങ്കയോടെയും ഗ്രാമീണർ ഹസ്സന്റെ വരവും പ്രതീക്ഷിച്ച് നിൽക്കുകയാണ്.
 ഉച്ചയ്ക്ക് കൈയിൽ പശുവിന്റെ കഴുത്തിൽ കെട്ടാൻ ഒരു മണിയുമായി സന്തോഷവാനായി ഗ്രാമത്തിലേക്ക് വരുന്ന ഹസ്സനെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതെ പലരും ഒഴിഞ്ഞുമാറിക്കളഞ്ഞു. കതകുകളുടെ വിടവിലൂടെ എല്ലാവരും ഹസ്സൻ ഇനി എന്തു ചെയ്യും എന്ന് ആശങ്കയോടെ നിരീക്ഷിക്കുകയാണ്.പശുവിന് കൊടുക്കാൻ വെള്ളം മുക്കാനായി തൊട്ടിയും കൊണ്ട് കുളക്കരയിലെത്തിയ ഹസ്സനോട് സുഹ്രുത്തായ എസ്ലാം വിവരം പറയുന്നു.വാർത്തകേട്ട് തളർന്ന് പോയ ഹസ്സൻ ഇങ്ങനെയാണ് പറയുന്നത്- “എന്റെ പശു എങ്ങും ഓടിപ്പോവില്ല” .
തന്റെ പശുവിനെ നഷ്ടപ്പെട്ടു എന്ന യാഥാർത്ഥ്യവുമായി  പൊരുത്തപ്പെടാൻ ഹസ്സന് സാധിക്കുന്നില്ല.ഗ്രാമീണർ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മാനസികമായി തളർന്ന ഹസ്സൻ -മനോവിഭ്രാന്തിയുടെ അവസ്ഥയിലെത്തി. തന്റെ പശുവിനെ തട്ടിയെടുക്കാൻ വരുന്ന കൊള്ളക്കാരിൽ നിന്നും രക്ഷിക്കാനായി മരുപ്പറമ്പിലെ വിജനതയിൽ ,തണുപ്പിൽ കാവൽ നിൽക്കുകയാണ് ഹസ്സൻ. പശു മരിച്ചു പോയെന്ന വിവാരം പതുക്കെ  ഹസ്സനെ അറിയിച്ചെങ്കിലും- അപ്പോഴേക്കും ഹസ്സൻ തികച്ചും ഭ്രാന്താവസ്ഥയിൽ എത്തിക്കഴിഞ്ഞിരുന്നു. താൻ തന്റെ പശുതന്നെയാണെന്ന വിശ്വാസത്തിൽ ഹസ്സൻ തൊഴുത്തിൽ  വൈക്കോൽ തിന്നാൻ തുടങ്ങി. പശുവായ തന്നെ ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഉടമയായ ഹസ്സൻ വരുമെന്ന പ്രതീക്ഷയിൽ ആണയാൾ.
ഹസ്സന്റെ അവസ്ഥ ഗുരുതരമായതോടെ അയാളെ പട്ടണത്തിലെ ആശുപത്രിയിൽ കൊണ്ട്പോയി ചികിത്സിക്കാൻ തീരുമാനിക്കുന്നു. എസ്ലാമടക്കം മൂന്നു പേർ കൂടി തൊഴുത്തിൽ നിന്നും ഹസ്സനെ പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നു. അക്രമാസക്തനായ ഹസ്സനെ കയർകൊണ്ട് വരിഞ്ഞ്കെട്ടി മൂവരുംകൂടി വലിച്ചും ഇഴച്ചും മഴയിലൂടെ നടത്തി കൊണ്ട്പോവുകയാണ്. നടക്കാൻ മടിച്ചു നിൽക്കുന്ന  ഹസ്സനെ ഒരുഘട്ടത്തിൽ എസ്ലാം ഓർമിക്കതെ ഒരു മാടിനെ എന്നപോലെ അടിച്ചുപോകുന്നു. അതുവരെ ഒരു പശുവിനെപ്പോലെ അവർക്കൊപ്പം നടന്ന ഹസ്സൻ തന്റെ പരിവർത്തനം പൂർണമായ തോതിൽ അനുഭവപ്പെട്ടപ്പോൾ സുഹ്രുത്തുക്കളിൽ നിന്നും കുതറി മാറി വെകിളിപിടിച്ച പശുവിനെപ്പോലെ മുന്നോട്ട് കുതിച്ചോടി. ചെങ്കുത്തായ കുന്നിൽ നിന്നും അയാൾ താഴോട്ട് വീണു. തൊഴുത്തിൽ ചോരയൊലിച്ച് മരിച്ചു കിടക്കുന്ന പശുവിനെപ്പോലെ  താഴെ ചളിയിൽ മുഖമടിച്ച് മരിച്ചുകിടക്കുന്ന ഹസ്സനിൽ സിനിമ അവസാനിക്കുന്നു 
ലളിതമായ ഒരു കഥയാണ് ഈ സിനിമയിൽ വളരെ യഥാതഥമായി കാട്ടിത്തരുന്നതെങ്കിലും കഥയോടൊപ്പം തന്നെ ഗ്രാമത്തിലെ വ്യത്യസ്ഥവും പരസ്പര വിരുദ്ധവുമായ നിരവധി ജീവിതങ്ങൾ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.സമൂഹമനസ്സാക്ഷിയെ ക്കുറിച്ചുള്ള  നിരീക്ഷണങ്ങളും വിമർശനങ്ങളും സംവിധായകൻ ചർച്ചചെയ്യുന്നുണ്ട്. ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥയോടുള്ള കലഹമെന്നതിനപ്പുറം ലോകത്തെങ്ങുമുള്ള സമാന ജീവിതാവസ്ഥകളിലേക്കുള്ള ഒരു കണ്ണാടി കൂടിയാണ് “പശു”.
തന്റെ ജീവിതം തന്നെയായ ഒരു വസ്തു നഷ്ടപ്പെടുമ്പോൾ മനുഷ്യമനസ്സിന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നത്”ബൈസൈക്കിൾ തീവ്സി“ൽ ഡിസീക്കയും, “ലാ സ്ട്രാഡ”യിൽ ഫെല്ലിനിയും,“ഒക ഊരി കഥ”യിൽ മ്രിണാൾസണും ഇതുപോലെ കാട്ടിത്തന്നിട്ടുണ്ട്.സത്യങ്ങൾ വളരെക്കാലമൊന്നും മൂടിവെക്കാനാവില്ലെന്നും അത്തരത്തിലുള്ള മൂടിവെക്കലുകൾ കൂടുതൽ മോശമായ സാഹചര്യങ്ങൾ മാത്രമെ സ്രിഷ്ടിക്കുകയുള്ളുവെന്നും ഈ സിനിമ പ്രഖ്യാപിക്കുന്നു.
തങ്ങളെ ആക്രമിക്കൻ എപ്പഴും തക്കം പാർത്തിരിക്കുന്നവരെ കുറിച്ചുള്ള (സാങ്കൽ‌പ്പിക ശത്രുക്കളുമാകാം) ഭീതി നിറഞ്ഞവർ- ബുദ്ധിയുറക്കാത്ത ചെറുപ്പക്കാരനെ കോലംകെട്ടിച്ച് ചിരിക്കുന്നവർ-കുശുമ്പും ദുഷ്ടതയും നിറഞ്ഞവർ-സാമൂഹ്യമായ യാതൊരു ഇടപെടലും,പ്രതികരണവുമില്ലാത്തവർ-വീട്ടിനുള്ളിലിരുന്നു ജാലകത്തിലൂടെമാത്രം ലോകംനോക്കിയിരിക്കുന്ന കാഴ്ചക്കാർ-അനുഷ്ടാനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിറകെ പോകുന്നവർ-തീരുമാനങ്ങൾ എടുക്കാനാവത്ത ഗ്രാമമുഖ്യൻ- ഇവരൊക്കെ കഥാപാത്രങ്ങൾക്കപ്പുറം ഓരോ ആസയങ്ങളായാണ് സിനിമയിൽ വരുന്നത്.
ഈ സിനിമയിൽ ഹസ്സന്റെ വേഷം അനശ്വരമാക്കിയത് ഇറാനിലെ പ്രമുഖ നാടകകലാകാരനായ ഇസ്ത്തുള്ള എൻസമിയാണ് .ഗ്രാമീണരുടെ സമ്മ്രിദ്ധമായ ക്ലോസ്സപ്പുകളും നിഴലും വെളിച്ചവും ഇഴചേരുന്ന പശ്ചാത്തലങ്ങളുടെ ഷോട്ടുകളും പ്രത്യേകമായൊരു മൂഡ് നിലനിർത്തുന്നുണ്ട്.ടൈറ്റിലുകളിൽ തെളിയുന്ന ഹസ്സന്റെയും പശുവിന്റെയും നെഗറ്റീവ് ദ്രുശ്യങ്ങളും പുല്ലാങ്കുഴലിന്റെ പശ്ചാത്തല സംഗീതവും അവിസ്മരണീയമാണ്.
ലോകത്തിലെ ഏറ്റവും നിഷ്കളങ്കവും നിരാശ്രിതദൈന്യമായ കണ്ണുകൾ പശുവിന്റെതാണെന്ന പഴമൊഴിക്ക് ചേരും വിധമാണ് ഹസ്സനായി പരവർത്തനം ചെയ്യപ്പെട്ട ഇസത്തുള്ള എൻസമിയുടെ കണ്ണുകളും. ഒരു മിണ്ടാപ്രാണിയുടെ ദൈന്യമായ നോട്ടം സിനിമ കണ്ട് നാളേറെ കഴിഞ്ഞാലും നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും.6 അഭിപ്രായങ്ങൾ:

 1. ഒരു നല്ല സിനിമയെ പരിചയപ്പെടുത്തിയതില്‍ നന്ദി. ഞാന്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച രാജ്യമാണ് ഇറാന്‍. നിലവാരമുള്ള ചില ഇറാനിയന്‍ സിനിമകള്‍ കണ്ടിട്ടമുണ്ട്.
  ആ യാത്രകളെ പറ്റിയും എഴുതുന്നുണ്ട്.......സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 2. താങ്കൾ വാൻ ഗോവിന്റെ ചിത്രങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടെന്നറിഞ്ഞപ്പോൾ അസൂയ, കുരൊസവയുടെ ഡ്രീംസ് എന്ന സിനിമ കണ്ടിട്ടുണ്ടല്ലോ

  മറുപടിഇല്ലാതാക്കൂ
 3. നന്നായി. കൂടുതല്‍ സിനിമാ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. ഞാന്‍ കണ്ടിരുന്നു ഈ സിനിമ. ഒരു ലോകോത്തര സിനിമ തന്നെ.

  മറുപടിഇല്ലാതാക്കൂ
 5. ലിങ്ക് നല്‍കിയതിന് നന്ദി. ബ്ലോഗ് ഇതുവരെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
  --

  മറുപടിഇല്ലാതാക്കൂ