ലോകം എന്ത് ചിന്തിക്കുന്നു എന്നതിന്റെ കണ്ണാടിയാണ് സിനിമകള്‍.കുട്ടികളും അവരുടെ ദുരിതവും കൂടുതല്‍ ഗൌരവതരമായ ചര്‍ച്ചകളിലേക്ക് ഇടം നേടുന്നുവെന്നതിന് സിനിമകള്‍ കാരണമാകുന്നത് നല്ലത് തന്നെ. അനാഥത്വത്തിന്റെയും ദുരിതങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യകാരണങ്ങളിലേക്ക് നമ്മുടെ ചിന്തകളെ ഈ സിനിമകളിലെ കണ്ണീരിന്റെ നനവ് നയിക്കുമെന്നാശിക്കം.
2009 ഡിസംബര്‍ 11 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടന്ന പതിനാലാം അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ പ്രദര്‍ശ്ശിപ്പിക്കപ്പെട്ട ചില ചലചിത്രങ്ങളെ മുന്‍ നിര്‍ത്തിയുള്ള ആലോചനകളാണ് ഈ ലക്കം ക്ലോസ്സപ്പില്‍. ബാല്യവും കൌമാരവും പ്രധാന വിഷയമായി വന്ന നിരവധി സിനിമകളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തിയത്. അവയില്‍ പലതും മികച്ച ചലചിത്ര കാവ്യങ്ങള്‍ തന്നെയായിരുന്നുതിരുവനന്തപുരത്ത് എല്ലാ വര്‍ഷവും നടക്കാറുള്ള ചലചിത്രോത്സവം അതിന്റെ പങ്കാളിത്തം കൊണ്ടും തെരഞ്ഞെടുക്കുന്ന ചലചിത്രങ്ങളുടെ നിലവാരം കൊണ്ടും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു..ലോകത്തിലെ പല വിഖ്യാത സംവിധായകരും അവരുടെ സിനിമകള്‍ ഈ മേളയിലേക്ക് അയക്കുന്നുണ്ട്.ലോകത്തിലെ ഓരൊ ഭാഗത്തുമുള്ള കുട്ടികളുടെ ജീവിതം ഏതെല്ലാമോതലങ്ങളില്‍ ഈ സിനിമകള്‍ നമ്മെ അനുഭവിപ്പിക്കും.
എ സ്റ്റെപ് ഇന്‍ റ്റു ദ ഡര്‍ക്ക്നെസ്സ്
അറ്റില്‍ ഇനാക് സംവിധാനം ചെയ്ത ടര്‍ക്കി സിനിമയായ ‘എ സ്റ്റെപ് ഇന്റു ദ ദര്ക്നെസ്സ്‘ ആയിരുന്നു ഉദ്ഘാടന ചിത്രം.വടക്കന്‍ ഇറഖിലെ വിദൂര ഗ്രാമത്തില്‍ ഒരു രാത്രി അമേരിക്കന്‍ പട്ടാളം റൈഡ് നടത്തുന്നു. സകലരേയും വെടിവെച്ച് കൊല്ലുന്നു. സെന്നെറ്റ് എന്ന തുര്‍ക്ക്മെന്‍ പെണ്‍കുട്ടി മാത്രം ബാക്കിയാവുന്നു. അവള്‍ക്കിനി ഈ ഭൂമിയില്‍ ബന്ധുവായി ബാക്കിയുള്ളത് സഹോദരന് മാത്രം. അവന് കച്ചവടത്തിനായി കിര്‍ക്കുക്കിലാണുള്ളത്.അവനെ തേടി അവള് യാത്ര ആരംഭിക്കുന്നു.ദുരിതപൂര്‍ണ്ണമായ യാത്രക്കൊടുവില്‍ കിര്‍ക്കുക്കിലെത്തിയ അവള് ബോംബാക്രമണത്തില്‍ സാരമായി പരിക്കേറ്റ സഹോദരനെ തുര്‍ക്കിയിലെവിടെയോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരമറിയുന്നു.അതിര്‍ത്തി കടക്കാന്‍ കള്ളക്കടത്തുകാര്‍ക്കൊപ്പം ശ്രമിക്കുന്ന അവളെ അവരിലൊരാള്‍ ബലാത്സംഗം ചെയ്യുന്നു. ജീവിതമവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന സെന്നെറ്റിനെ മത തീവ്രവാദികളായ രണ്ട് ചെറുപ്പക്കാര്‍ രക്ഷപ്പെടുത്തി ഗൂഢോദ്വേശത്തോടെ തുര്‍ക്കിയില്‍ എത്തിക്കുന്നു.അവളുടെ സഹോദരന് മരിച്ചുപോയെന്നു വിശ്വസിപ്പിച്ച്-(യഥാര്‍ത്ഥത്തില്‍ അയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുകയായിരുന്നു) ചാവേറാകാനുള്ള മാനസികാവസ്ഥയിലേക്കവളെ മാറ്റുന്നു.ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് ചാവേറായി അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് നടക്കുന്ന അവള്‍ക്ക് അവസാനം മാനസാന്തരമുണ്ടാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. യുദ്ധങ്ങളുടെ ഇരയും ഉപകരണവും കുട്ടികളാവുന്നതിന്റെ ഒരു നേര് ചിത്രം ഈ സിനിമ നമ്മെ കാട്ടിത്തരുന്നു.
ജെര്‍മല്‍
രവി ബര്‍വാനി സംവിധാനം ചെയ്ത ജെര്‍മല്‍ എന്ന ഇന്തോനേഷ്യന്‍ സിനിമയിലെ പ്രധാന കഥാപാത്രം ജയ എന്ന പന്ത്രണ്ടുവയസ്സുകാരനാണ്.അമ്മയുടെ മരണശേഷം ആരുമില്ലാതായ അവന് അച്ഛനെത്തേടിപ്പോകുകയാണ്.അച്ഛന് ജോഹര്‍ നടുക്കടലില്‍ മീന്‍പ്പിടുത്തത്തിനായി മരത്തടികള്‍ക്ക് മുകളില്‍ ഉയര്‍ത്തി നിര്‍ത്തിയ ഫിഷിങ് പ്ലാറ്റ്ഫോമി(ജെര്‍മല്‍)ന്റെ മേല്‍നോട്ടക്കാരനാണ്.തന്റെ ഇരുണ്ട ഭൂതകാലം വെളിവാകുമെന്ന ഭയത്താല്‍ ജോഹര്‍ ജയയെ മകനായി അംഗീകരിക്കുന്നില്ല.മീന്‍പ്പിടുത്തക്കാര്‍ക്കൊപ്പം കഠിനമായ ജോലിയിലേര്‍പ്പ്ടുന്ന ജയ അവരുടെ അവഹേളനങ്ങള്‍ക്കും വിധേയനാകുന്നുണ്ട്. ഒടുവില്‍ ഭൂതകാലം പരസ്പരം അവഗണിക്കാനാകാത്തവിധം എത്ര ദ്യഢമായി തങ്ങളെ ഇരുവരേയും ബന്ധിപ്പിച്ചിരിക്കുന്നു എന്നവര്‍ തിരിച്ചറിയുന്നു.
മൈ സീക്രട്ട് സ്കൈ
മഡോണ നികായി യാന സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ സിനിമയായ മൈ സീക്രട്ട് സ്കൈയും അനാഥരായ രണ്ട് കുട്ടികളെക്കുറിച്ചാണ്.അമ്മ മരിച്ചുപോയതോടെ പത്തു വയസ്സുകാരി തെംബിയും എട്ടുവയസ്സുകാരന് അനുജന് ക്വസിയും ഗ്രാമത്തിലെ കുടിലില്‍ തനിച്ചാകുന്നു..ചിത്രപ്പണികളുള്ള പുല്ലുപായകള്‍ മെടയുന്നതില്‍ മിടുക്കിയായിരുന്നു അവരുടെ അമ്മ.അവര്‍ നെയ്ത ആകശവും നക്ഷത്രങ്ങളുമുള്ള മനോഹരമായ ഒരു പായ മാത്രമേ ആ വീട്ടില്‍ അവശേഷിച്ചിരുന്നുള്ളു. ഒരിക്കലൊരു വെള്ളക്കാരന് പാതിരി നഗരത്തിലെ കരകൌശല പ്രദര്‍ശന സ്ഥലത്തെത്തിച്ചാല്‍ അതിന് നല്ല വില കിട്ടുമെന്ന് പറഞ്ഞിരുന്നു. ആയാളുടെ വിലാസം അവളുടെ കൈയിലുണ്ട്.ആകെയുള്ള സമ്പാധ്യമായ പുല്ലുപായയും കൊണ്ട് കുട്ടികളിരുവരും നടന്നും കള്ളവണ്ടികയറിയും നഗരത്തിലെത്തുന്നു. നിഷ്കളങ്കരായ അവര്‍ ചെന്നെത്തിയത് പട്ടണത്തിലെ തെമ്മാടിക്കുട്ടികളുടെ സംഘത്തില്‍.അവരെല്ലം അനാഥരാണ്.സംഘത്തലവനായ പന്ത്രണ്ട് വയസ്സുകാരന് ചില്ലിബൈറ്റ് പാതിരിയെ കാണിച്ചുതരാമെന്നു പറഞ്ഞ് കുട്ടികളെ പറഞ്ഞുവിടുന്നത് ഒരു വ്യഭിചാര കേന്ദ്രത്തിലേക്കാണ്.കുട്ടികള്‍ എങ്ങനെയെല്ലാമോ അവിടെ നിന്നും രക്ഷപെടുന്നു. നഗരം മടുത്ത ക്വസി ആ പുല്ലുപായയാണ് എല്ലാത്തിനും കാരണമെന്നു പറഞ്ഞ് അത് തീയിലിടുന്നു.അപ്പോഴേക്കും റ് തെംബി പാതിരിയെ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. പായ നഷ്ടപ്പെട്ടെങ്കിലും തെംബി തെരുവിലെ ചവറുകള്‍ക്കിടയിലെ വര്ണക്കടലാസ്സുകള് കൊണ്ട് കൌതുക വസ്തുക്കള്‍ ഉണ്ടാക്കിവിറ്റ് പണം നേടി,കടല്‍ കണ്ട്, ഒരു പ്ലാസ്റ്റിക് കുടത്തില്‍ കടല്‍ വെള്ളവും തലയില്‍ ചുമന്ന് ഗ്രാമത്തിലേക്ക് തിരിച്ചുനടക്കുന്നു.മസാഞ്ചെലസ്
ദാരിദ്രത്തില്‍ നിന്നും കരകയറാനായി അര്ജെന്റീനയിലെ വടക്കു കിഴക്കന്‍ പ്രദേശത്തിലെ ഗ്രാമത്തില്‍ നിന്നും ജോലിതേടി ബ്യൂണസ് അയേഴ്സിലേക്ക് ഒരു ദല്ലാള്‍ക്കൊപ്പം യാത്ര പുറപ്പെടുകയാണ് സുഹ്രുത്തുക്കളായ നാന്‍സിയും പാറ്റോയും.ഈ കൌമാരക്കാരുടെ കഥയാണ് ഗാബ്രിയേല ഡേവിസ് സംവിധാനം ചെയ്ത എ ഫ്ലൈ ഇന്‍ ദ ആഷസ് .ഇവര്‍ ചെന്നെത്തുന്നത് പെണ് വാണിഭ സംഘത്തിലും. മുതിര്‍ന്നവളായ നാന്‍സി പക്ഷെ കുട്ടിക്കളി മാറത്തവളും പാറ്റോയെ പിരിഞ്ഞിരിക്കാന്നാവാത്തവിധം അടുപ്പം സൂക്ഷിക്കുന്നവളുമാണ്. സാഹചര്യങ്ങളോടിണങ്ങി വേശ്യാവ്യത്തിക്ക് അവള് സമ്മതിക്കുന്നു.ഇടപാടുകാരിലാരെങ്കിലും തങ്ങളെ സഹായിക്കുമെന്നാണവളുടെ വിശ്വാസം.പാറ്റോ പൊരുതിനില്‍ക്കുന്നു. എല്ലാ പീഢനങ്ങളും സഹിച്ച്....പാറ്റോയെ കൊന്നുകളയാനാണ് സംഘത്തിന്റെ തീരുമാനമെന്നറിഞ്ഞ നാന്‍സി അവിടെ നിന്ന് രക്ഷപ്പെട്ട് പോലീസില്‍ വിവരമറിയിക്കുന്നു.
ട്രൂ നൂണ്

മത്സരവിഭാഗത്തിലെന്നപോലെ ലോകസിനിമാ വിഭാഗത്തിലും കുട്ടികളും അവരുടെ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്ന നിരവധി സിനിമകള്‍ പ്രദര്‍ശ്ശിപ്പിക്കുകയുണ്ടായി.
ദ അദര്‍ ബാങ്ക്




കാതലിന് വര്‍ഗ എന്ന റൊമാനിയന്‍ സിനിമയില്‍ കാതലിന് എന്ന യുവതി മകന് ഓര്‍ബനോടൊപ്പം കാര്‍പാത്യന്‍ മലമ്പാതകളിലൂടെ കുതിരവണ്ടിയില്‍ യത്രയാവുകയാണ്. ഓര്ബന് തന്റെ മകനല്ലെന്ന് അറിഞ്ഞ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചിരിക്കുകയാണ്.കുട്ടിയുടെ അച്ഛനെ ത്തേടി പ്രതികാരത്തിനുള്ള യാത്രയിലാണവള്‍.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൂട്ട ബലാത്സംഗത്തിലായിരുന്നു അവള് ഗര്‍ഭിണിയായത്.അവരിലൊരാളെ കണ്ടെത്തി കൊല്ലുന്നു.കുട്ടിയുടെ അച്ഛനേയും ഒരു ഗ്രാമത്തില്‍ അവള് കണ്ടെത്തുന്നു.അയാള്‍ക്കവളെ മനസ്സിലാകുന്നില്ല.കുഞ്ഞുങ്ങളില്ലാത്ത അയാള്‍ ഓര്‍ബനെ ഓമനിക്കുന്നുണ്ട്.
നതിങ് പേര്‍സൊണല്‍
അയര്‍ലാന്റില്‍ നിന്നുള്ള സിനിമയായ നതിങ് പെര്‍സൊണല്‍ സ്വയം തിരഞ്ഞെടുത്ത നാടോടി ജീവിതം നയിക്കുന്ന നിഷേധിയായ ഡച്ച് പെണ്‍കുട്ടിയുടെ കഥയാണ്. അവളുടെ ഭ്രാന്തമായ യാത്രയില്‍ ഏകാന്തജീവിതം നയിക്കുന്ന ഒരു മധ്യവയസ്കനെ പരിചയപ്പെടുകയും കാര്യങ്ങള്‍ പരസ്പരം അറിയാന്‍ ശ്രമിക്കാതെ ഒന്നിച്ച് ജീവിക്കുകയും ചെയ്യുന്നു
ലോകം എന്ത് ചിന്തിക്കുന്നു എന്നതിന്റെ കണ്ണാടിയാണ് സിനിമകള്‍.കുട്ടികളും അവരുടെ ദുരിതവും കൂടുതല്‍ ഗൌരവതരമായ ചര്‍ച്ചകളിലേക്ക് ഇടം നേടുന്നുവെന്നതിന് സിനിമകള്‍ കാരണമാകുന്നത് നല്ലത് തന്നെ. അനാഥത്വത്തിന്റെയും ദുരിതങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യകാരണങ്ങളിലേക്ക് നമ്മുടെ ചിന്തകളെ ഈ സിനിമകളിലെ കണ്ണീരിന്റെ നനവ് നയിക്കുമെന്നാശിക്കം.
ശാസ്ത്രകേരളം മാസിക ,ലക്കം 471 ,ജനുവരി 2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ