7/18/2015

കാത്തിരിപ്പിന്റെ ശൈത്യകാലം



തിരുവനന്തപുരത്ത് വെച്ച് ഡിസംബർ 10 മുതൽ 17 വരെ  നടന്ന പതിനഞ്ചാമത് കേരള രാജ്യാന്തര ചലചിത്രമേള (IFFK 2010) യിൽ പ്രദർശിപ്പിക്കപ്പെട്ട ചില നല്ല സിനിമകളെ മുന്നിർത്തിയുള്ള  നുറുങ്ങു ചിന്തകളാണ് ഇത്തവണത്തെ ക്ലോസപ്പിൽ. മത്സരവിഭാഗത്തിലും ലോകസിനിമ വിഭാഗത്തിലുമായി ഇരുന്നൂറിലധികം സിനിമകളാണ്  മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്.ലോകത്തിന്റെ പല കോണുകളിലുമുള്ള മനുഷ്യരുടെ വർത്തമാന കാല ജീവിതം അഭിമുഖീകരിക്കുന്ന സ്നേഹ നിരാസത്തിന്റെയും കാത്തിരിപ്പുകളുടെയും കഥകളാണ് ഇവയിൽ പലതും ചർച്ച ചെയ്യുന്നത് .                                                                                                           ഹൌ ഐ എൻഡഡ് ദിസ് സമ്മർ                                                                                                    ധ്രുവക്കരടികൾ മേഞ്ഞു നടക്കുന്ന വിദൂരമായ ആർട്ടിക്ക് പ്രദേശത്തെ പ്രവർത്തനങ്ങൾ നിലച്ചു തുടങ്ങിയ കാലാവസ്ഥാപഠനകേന്ദ്രത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ള സന്ദേശവും കപ്പലും പ്രതീക്ഷിച്ച് കാത്ത് കഴിയുകയാണ് ശാസ്ത്രഞ്ജനായ സെർജി. കൂട്ടിന് സഹായിയായി ചെറുപ്പക്കാരനായ പാവെൽ ‌. ബേസ്ക്യാമ്പുമായി   ബന്ധപ്പെടാനുള്ള  വയർലെസ്സ് സംവിധാനം മാത്രമാണ് പുറമ്ലോകത്തിലേക്കുള്ള ഏക ജാലകം  . ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടങ്ങൾക്കിടയിൽ  കൊടുംതണുപ്പിൽ, നരച്ച പ്രകൃതിയിലേക്ക് കൺനട്ട് ,യാന്ത്രികമായ ജീവിതം നയിക്കുകയാണിരുവരും. 

തിരിച്ചു പോകുമ്പോൾ ഭാര്യക്കും കുട്ടികൾക്കും നൽകാനായി രുചിയേറിയ ട്യൂണ മത്സ്യങ്ങൾ പിടിക്കാൻ ഉൾക്കടലിലേക്ക് ബോട്ടുമായി സെർജി പോയ സമയത്ത് വന്ന റേഡിയോ സന്ദേശം പാവെൽ ആണ് കേൾക്കുന്നത്.. സെർജിയുടെ കുടുംബം മുഴുവനും അപകടത്തിൽ പെട്ടിരിക്കുന്നു എന്ന വാർത്ത.രണ്ടു ദിവസത്തിനുള്ളിൽ സെർജിയെകൊണ്ടുപോവാൻ കപ്പൽ എത്തുമെന്നും അറിയിപ്പ് കിട്ടൂന്നു. വീട്ടിലേക്കുള്ള യാത്രയുടെ സന്തോഷത്തിലും ആവേശത്തിലും ഉള്ള സെർജിയോട് ഈ കാര്യം പറയുന്നില്ല പാവെൽ. പലകാരണങ്ങൾകൊണ്ടും ഈ വിവരം സെർജിയെ അറിയിക്കാതെ അയാൾ   ദിവസങ്ങൾ നീക്കുന്നു. മത്സ്യങ്ങൾ പിളർന്ന് പുറത്ത് തൂക്കിയിടാനും ഒക്കെ സെർജിയെ സഹായിക്കുന്നുമുണ്ട്                                  

 കപ്പൽ മഞ്ഞിലുറഞ്ഞ് യാത്ര മതിയാക്കിയെന്ന വിവരത്തോടൊപ്പം സെർജിയുടെ ഭാര്യയും മക്കളും മരിച്ച വിവരവും പാവെൽ അറിയുന്നു..സെർജിയെകൊണ്ടുപോവാനുള്ള ഹെലികോപ്റ്റർ വരുംവരെയും രഹസ്യം സൂക്ഷിക്കാന്തന്നെയാണ് പാവെലിന്റെ തീരുമാനം. പക്ഷെ ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽ തകർന്ന് വീണ് പൈലറ്റും മറ്റൂം കരടികൾക്ക് തീറ്റയാവുന്നു. എകാന്തവും കനംവിങ്ങുന്നതുമായ ആ നിമിഷങ്ങളിൽ സെർജിയോട് പാവെൽ വിവരം പറയുന്നു..പ്രതികരണം രൂക്ഷമായിരുന്നു.. സമനില തെറ്റി തോക്കുമായി പാഞ്ഞടുത്ത സെർജിയിൽ നിന്നും രക്ഷതേടി പാവെൽ മഞ്ഞിലേക്ക് ഓടിഒളിക്കുന്നു. അവസാനം എങ്ങോട്ടും യാത്രക്കില്ലെന്നു പറഞ്ഞ് സെർജി ആ അനന്തമായ മരവിച്ച പ്രകൃതിയിലേക്കു തന്നെ മടങ്ങുന്നു.   അലെക്സി പോപ്പോഗ്രേവ്സ്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ ഹൌ ഐ എൻഡഡ് ദിസ് സമ്മർ  എന്ന റഷ്യൻ സിനിമ നിതാന്തമായ കാത്തിരിപ്പിന്റെയും നിർവികാരമായ ധ്രുവപ്രകൃതിയുടെയും കഥ പറയുന്നു                                                                                                          

ടി. ഡി .ദാസൻ STD 4 B  
മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്നും പങ്കെടുത്ത മോഹൻ രാഘവൻ സംവിധാനം ചെയ്ത ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് 6 ബി എന്ന സിനിമയും അച്ചനെ തേടൂന്ന ദാസൻ എന്ന കുട്ടിയുടെ കാത്തിരിപ്പിനെക്കുറിച്ചാണ്.ആറാം തരത്തിൽ പഠിക്കുന്ന ദാസൻ അമ്മയുടെ ഇരുമ്പ്പെട്ടിയിൽ നിന്നും കിട്ടിയ അച്ഛന്റെ പഴയ വിലാസത്തിൽ ബാംഗ്ലൂരിലേക്ക് കത്തയക്കുന്നു. എന്നോ നാടുവിട്ടുപോയതാണ് അച്ഛൻ . പഴയ വിലാസത്തിൽ ഇപ്പോൾ പുതിയ താമസക്കാരാണ് താമസം.ദാസന്റെ പ്രായക്കാരിയ്യായ പെൺക്കുട്ടിക്കാണ് ആ കത്ത് തുറക്കുന്നു. ദാസന്റെ സ്നേഹത്തിന്റെയും കാത്തിരിപ്പിന്റെയും കണ്ണീർച്ചുവയുള്ള ആ കത്തിന് അവൾ ദാസന്റെ അച്ഛൻ എഴുതുന്നതുപോലെ മറുപടി എഴുതുന്നു.ഈ കത്തിടപാടുകൾ തുടരുന്നതോടെ  അപരിചിതരായ അവർക്കിടയിൽ ആഴത്തിലുള്ള ആത്മബന്ധം നിറയുന്നു. ദാസൻ അച്ഛനോട് ഒരു ഹീറോ പെൻ കൊണ്ടുതരാൻ പറയുന്നുണ്ട്..പേനയുമായി പെൺകുട്ടി അവളൂടെ അച്ഛനൊപ്പം ദാസനെത്തോടെ നാട്ടിലേക്ക് വരുന്നു. 


3 അഭിപ്രായങ്ങൾ:

  1. ചലച്ചിത്ര മേള വിശേഷങ്ങളുമായി വിജയേട്ടന്‍ വരുമെന്നുരപ്പുണ്ടായിരുന്നു.വിജയേട്ടന്റെ വിശകലനം വായിച്സിട്ടുവേണം സിനിമ തപ്പിപിടിച്ചു കാണാന്‍....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  2. രണ്ടു സിനിമകളും കണ്ടിരുന്നു :)

    മറുപടിഇല്ലാതാക്കൂ
  3. ബാക്കി സിനിമകളെക്കുറിച്ച് ഉടൻ എഴുതുന്നു.. ഈ പ്രാവശ്യം മത്സരവിഭാഗം മോശമായിരുന്നു..പക്ഷെ ലോകസിനിമാവിഭാഗത്തിൽ അത്യുഗ്രൻ സിനിമകൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു..മലയാളത്തിൽ നിന്നും പുതിയ പ്രതിഭ വിപിൻ വിജയ് ഉദയം ചെയ്തിരിക്കുന്നു “ചിത്രസൂത്രം” എന്ന സിനിമയുമായി എന്തോ ഈ പ്രാവശ്യം ഡെലിഗേറ്റുകൾ കുറവായിരുന്നു മുന്വർഷങ്ങളെ അപേക്ഷിച്ച്...നല്ല കുറേ സിനിമകൾ ബീമാപള്ളിയിൽ കിട്ടാനുണ്ട് 25 രൂപക്ക് ..അതായിരിക്കാം തിരക്ക് കുറക്കുന്നത്..പക്ഷെ ഇത് ഒരു തീർഥാടനം പോലെയാണ് എനിക്ക്..പതിനഞ്ചു വർഷമായി തുടരുന്നു...

    മറുപടിഇല്ലാതാക്കൂ