മനോഹരമായ സിനിമകൾ ,എല്ലാവരും-പ്രത്യേകിച്ച് കുട്ടികൾ കണ്ടിരിക്കേണ്ട ലോകസിനിമകൾ പരിചയപ്പെടുത്തുന്നു..ശാസ്ത്രകേരളം മാസികയിൽ 2005 മുതൽ ക്ലോസപ്പ് എന്ന പംക്തിയിൽ വിജയകുമാർ ബ്ലാത്തൂർ എഴുതിയ രചനകളിൽ ചിലത്
5/27/2010
5/26/2010
മരുഭൂമിയുടെ സ്വരം
ബെല്‍ജിയം-ഫ്രാന്‍സ്/2006/കളര്‍/96 മിനുട്ട്
സംവിധാനം: മറിയോണ്‍ ഹാന്സെന്
കടുത്ത വരള്‍ച്ചയിലായ ആഫ്രിക്കന്‍ ഗ്രാമത്തില്‍നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങള്‍ തേടി മറ്റുള്ള ഗ്രാമീണര്‍ക്കൊപ്പം റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയേക്കുറിച്ചാണ് ‘സൌണ്ട്സ് ഓഫ് സാന്റ്’എന്ന ബെല്‍ജിയം സിനിമ. വെള്ള മണലുപരന്ന മരുഭൂമിക്കപ്പുറം ഒഴുകുന്ന അരുവികളുള്ള ഉര്‍വരഭൂമി തേടിയുള്ള യാത്ര. വരണ്ടുണങ്ങിയ ഭൂപ്രകൃതിയിലും ക്രൂരമാണ് അവിടങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ. ഗോത്രങ്ങള്‍ തമ്മിലുള്ള കുടിപ്പകയും, അധികാരവും നിയന്ത്രണവുമില്ലാത്ത പാവ സര്‍ക്കാരുകളും, ഗവര്മെന്റിനെതിരെ പൊരുതുന്ന റബല്‍ ഗ്രൂപ്പുകളും,പിടിച്ചുപറിയും മോഷണവും ഒക്കെ കൂടി കലങ്ങിമറിഞ്ഞ അവസ്ഥ. ഇവക്കിടയിലൂടെ ദാഹജലം തേടി അനന്തമായ യാത്രയിലാണ് റാഹ്നയും ഭാര്യ മൂനയും ഇത്തിരിപ്പോന്ന മൂന്നു കുട്ടികളും.


തനിച്ചുള്ള യാത്രയില്‍ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ഇവരെ തടയുന്നു.ഗവര്മെന്റിനെതിരെ പൊരുതുന്ന റബലുകളാണെന്നു സംശയിച്ച് വെടിവെച്ചുകൊല്ലാന്‍ ഒരുങ്ങുന്നു.രാജ്യത്തോടുകൂറുള്ള ഒരു അദ്യാപകനാണെന്നു പറഞ്ഞപ്പോള്‍ അതു തെളിയിക്കാനായി മൂത്തമകനെ പട്ടാളത്തിനു വിട്ടുതരാന്‍ ആജ്ഞാപിക്കുന്നു.മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ പത്തുപതിമൂന്നു വയസ്സുമാത്രം പ്രായമുള്ള റാവല്‍ എന്ന കുട്ടിയെ പട്ടാളത്തിനു നല്കി നിറഞ്ഞകണ്ണുകളോടെ ആ കുടുംബം യാത്ര തുടരുന്നു.
യാത്രക്കിടയില്‍ പിന്നീടവര്‍ എത്തപ്പെടുന്നത് റബല്‍ സേനയുടെ പിടിയിലാണ്.കുട്ടിപട്ടാളക്കാരാണ് അധികവും. മണല്ക്കുന്നുകള്ക്കിടയില് പട്ടാളം പാകിയ മൈനുകള്‍ക്കിടയിലൂടെ സുരക്ഷിതമായി അവരുടെ വാഹനം കടന്നുപോകാനുള്ള വഴി പരിശോധിക്കാന്‍ റാഹ്നയോട് മുന്നില്‍ നടക്കാന്‍ പറയുന്നു.മൈന്‍ പൊട്ടി ഏതു നിമിഷവും മരിക്കാന്‍ സദ്ധ്യതയുള്ള അപകടകരമായ നടത്തം. ഭാരം കുറഞ്ഞ കുഞ്ഞു മകള്‍ ശശയെ റാഹ്ന നടക്കാന്‍ പറഞ്ഞുവിടുന്നു.ശശ പൊട്ടിത്തെറിക്കുന്ന ദുരന്തക്കാഴ്ച്ച ഏതു നിമിഷവും പ്രതീക്ഷിച്ചു കൊണ്ടുതന്നെ അവര്‍ നോക്കി നില്‍ക്കുകയാണ്.ശശ ചിരിച്ച് കൊണ്ട് തിരിച്ച് ഓടിവന്ന് അച്ഛനോട് പറയുന്നത് “ഞാന്‍ പൊട്ടിത്തെറിച്ചില്ലല്ലോ” എന്നാണ്.വഴി തുറന്നുകിട്ടിയ പട്ടാളം വാഹനത്തില്‍ കയറി ഓടിച്ചു പോകുന്നതിനിടയില്‍ അവരെ നോക്കി നില്‍ക്കുകയായിരുന്ന ഇളയ ആണ്‍കുട്ടിയെ താമശക്ക് വെറുതെ വെടിവെച്ചിടുന്നു.റാഹ്നയുടെ കൈയില്‍ക്കിടന്ന് അവന് മരിക്കുന്നു.

അനന്തമായ മണല്‍പ്പരപ്പ്.. അവശനായ ഒട്ടകവും നിലത്തിരുന്നുകഴിഞ്ഞു. തിളങ്ങുന്ന ആകാശത്തിലൂടെ പോകുന്ന ജറ്റ്വീമാനത്തിനെ നോക്കി തിളക്കുന്ന ചൂടില്‍ ഒട്ടകത്തിന്റെ നിഴലില്‍ ആ അച്ചനും മകളും മരണം പ്രതീക്ഷിച്ച് കിടക്കുകയാണ്.
അവരുടെ മനസ്സില്‍ ആര്‍ത്തുപെയ്യുന്ന ഒരു മഴയുടെ പകല്‍ക്കിനാവാണുള്ളതപ്പോള്‍.മകളെ ചുമലിലിരുത്തി മഴയില്‍ നൃത്തം ചെയ്യുകയാണ് റാഹ്ന. ദൃശ്യം മങ്ങി തെളിയുന്നത് ഒരാശുപത്രിക്കിടക്കയിലാണ്. റാഹ്നക്കരികില്‍ പ്രതീക്ഷയോടെ ശശ നില്‍പ്പുണ്ട്. മരുഭൂമിയില്‍ മരണത്തോടടുത്ത് കിടക്കുന്ന അവരെ സന്നദ്ധസംഘടനയില്‍ പെട്ടവര്‍ രക്ഷപ്പെടുത്തിയതാണ്. ജീവിതത്തിലേക്ക് തിരിച്ചെത്തിയ അവര്‍-തങ്ങളുടെ ആരെങ്കിലും ജീവനോടെ ബാക്കിയുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. റാവലിനെ സ്വപ്നത്തില്‍ കണ്ടെന്നു ശശ പറഞ്ഞപ്പോള്‍ എവിടെയെങ്കിലും അവനെ കാണാനാവുമെന്ന പ്രതീക്ഷയില്‍ അഭയാര്‍ത്തി ക്യാമ്പ് മുഴുവനും അച്ഛ്നും മകളും കൂടി തിരയുകയാണ്. അവിടെ വെച്ച് പഴയ സുഹൃത്തായ ദുക്കായെ റാഹ്ന കണ്ടെത്തുന്നു.സര്‍വ്വരും നഷ്ടപ്പെട്ട അവര്‍ പരസ്പരം സംങ്കടങ്ങല്‍ പങ്കുവെക്കുമ്പോള്‍ ... ദുരന്തത്തിന്റെ അന്തരീക്ഷം ലഘൂകരിച്ച്കൊണ്ട് ശശ പറയുന്ന തമാശയോടെ സിനിമ അവസാനിക്കുന്നു.”തന്റെ ഒട്ടകത്തെ നഷ്ടപ്പെട്ടതിനാണ് പുസിക്ക് (അവള് അച്ചനെ അങ്ങിനെയാണ് കളിയായി വിളിക്കാറ്) സങ്കടം” .
ദുരിതങ്ങളുടെ ഘോഷയാത്രകള്‍ നിറഞ്ഞ ജീവിതത്തിന്റെ സംഘര്‍ഷഭരിതമായ ഒരോ നിമിഷവും ശശ തന്റെ കുട്ടിത്തവും നിഷ്കളങ്കതയും കളിചിരികളും കൊണ്ട് നിസാരമായി അഭിമുഖീകരിക്കുകയാണ്. യാത്രയ്ക്കിടയില്‍ മണല്‍പ്പാതയില്‍ തൊണ്ടവരണ്ട് വെയിലില്‍ വീണുകിടക്കുന്ന ഏതോകുട്ടിക്ക് റാഹ്ന നാവ് നനക്കാന്‍ ഇത്തിരി വെള്ളം നല്കി നിസ്സഹായനായി അവനെ മരണത്തിനു ഉപേക്ഷിച്ച് മുന്നോട്ട് യാത്ര തുടരുമ്പോള്‍...ഇഴഞ്ഞിഴഞ്ഞ് അവര്‍ക്കൊപ്പമെത്താന്‍ ശ്രമിച്ച് വീണ്ടും കുഴഞ്ഞ് വീഴുന്ന കുട്ടിയെ ശശ തിരിഞ്ഞുനോക്കി കൊണ്ടാണ് നടക്കുന്നത്.വിദൂരതയിലെത്തുവോളം.പിന്നീടവളും കൂട്ടത്തിനൊപ്പമെത്താന്‍ ഓടുന്നു.

പ്രകൃതിയുടെ രൂക്ഷതയും രൌദ്രതയും നമ്മിലേക്ക് പടര്‍ത്താന്‍ ഈ സിനിമയിലെ ക്യാമറക്കാവുന്നുണ്ട്. മണല്‍ക്കാറ്റിന്റെ മരണം മണക്കുന്ന ചൂളംവിളിയുടെ പതിഞ്ഞ ശബ്ദം എല്ലാ ഫ്രെയ്മുകളിലും നാം അനുഭവിക്കും. കലാമാധ്യമമെന്ന നിലയില്‍ ഉത്കൃഷ്ടമായ ഒരു സിനിമയായി ‘സൌണ്ട്സ് ഓഫ് സാന്റിനെ‘ വിലയിരുത്തിയില്ലെങ്കിലും ഈ സിനിമ ഭൂമിയിലെവിടെയെല്ലാമോ പുഴുക്കളെപ്പോലെ ജീവിച്ചു തീര്‍ക്കുന്ന എണ്ണമില്ലാത്ത മനുഷ്യജീവിതാവസ്ഥകളിലേക്ക് നമ്മുടെ ഉള്ക്കാഴ്ച്ചകളെ നയിക്കുമെന്നതില്‍ തര്‍ക്കമില്ല. വെള്ളത്തിന്റെ വിലയറിയാത്ത നമ്മള് മലയാളികള്‍ക്ക് ഈ സിനിമ ചിലപ്പോള്‍ വെറും കൌതുക കാഴ്ച്ചമാത്രമാകാം.പക്ഷെ നമ്മുടെ വരും തലമുറകള്‍ വെള്ളം തേടിയുള്ള ഇത്തരം യാത്രകളിലെ കഥാപാത്രങ്ങളാവില്ലെന്നാര്‍ക്കറിയാം
5/18/2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)