1/25/2011

റെഡ് ബലൂൺ

                   അമ്മൂമ്മക്കൊപ്പം പഴയ ഒരു അപ്പാർട്മെന്റിലെ മുകൾ നിലകളിലൊന്നിൽ താമസിക്കുന്ന പാസ്കൽ എന്ന ആറു വയസ്സുകാരൻ പലപ്പോഴും തനിച്ചാണ്. പൌരാണികവും ജീർണ്ണവുമായ നനഞ്ഞ തെരുവിലേക്ക് രാവിലെ സ്കൂളിൽ പോവാനായി സഞ്ചിയുമായി ഇറങ്ങുന്ന ഈ കുട്ടിയിലാണ് ‘ ദ റെഡ് ബലൂൺ’ എന്ന ഫ്രഞ്ച് സിനിമ ആരംഭിക്കുന്നത്.1956 ൽ ആൽബെർട് ലാമൊറിസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ മുപ്പത്തഞ്ച് മിനുട്ട് മാത്രം ദൈർഘ്യമുള്ള  ഈ ലഘുചിത്രത്തിൽ പശ്ചാത്തല ശബ്ദങ്ങളും അർത്ഥമറിയേണ്ടതില്ലാത്ത ചില വാക്കുകളുമൊഴികെ സംഭാഷണങ്ങൾ ഒന്നുമില്ല. അതുകൊണ്ടിതിനെ ‘ഫ്രഞ്ച് ഭാഷയിലെ സിനിമ‘ എന്നു വിളിക്കുന്നതിൽ  കാര്യമില്ല. എക്കാലവും കുട്ടികൾ ഇഷ്ടപ്പെടുന്ന കളിപ്പാട്ടമാണ് ബലൂൺ.അതുപോലെ തൊണ്ണൂറുകളുടെ ആദ്യ പകുതിവരെയും ലോകമെമ്പാടുമുള്ള എലിമെന്ററി സ്കൂളിലെ കുട്ടികളുടെ ഇഷ്ടസിനിമകളിലൊന്നാണ് ‘ചുവപ്പ് ബലൂൺ’
                                             തന്റെ പൂച്ചയോട് യാത്ര പറഞ്ഞ് മഴകുതിർത്ത പടവുകൾ ഇറങ്ങി താഴോട്ട് നടക്കുന്നതിനിടയിലാണ് പാസ്കൽ ഒരു കാര്യം ശ്രദ്ധിച്ചത്.വിളക്ക് കാലിൽ  ചരടു പൊട്ടിയ ഒരു ചുവന്ന ഹീലിയം ബലൂൺ കുടുങ്ങിക്കിടക്കുന്നു. അവൻ തൂണിൽ പിടിച്ച് കയറി ബലൂൺ സ്വന്തമാക്കി അതുമായി ബസ്സ്റ്റോപ്പിലേക്ക്  നടന്നു. മിനുസമുള്ള  വലിപ്പമേറിയ ആ ചുവപ്പ് ബലൂണുമായി ബസ്സിൽ കയറാൻ അവനെ അനുവദിക്കുന്നില്ല. ബലൂൺ ഉപേക്ഷിക്കാൻ അവൻ തയ്യാറുമല്ല. പാസ്കൽ കൈയിൽ ബലൂണുമായി നടപ്പാതയിലൂടെ ബസ്സിനുപിറകിലായി സ്കൂൾവരെ ഓടി. എങ്കിലും ക്ലാസ്സിലെത്തുമ്പോഴേക്കും വൈകി.സ്കൂൾ മതിലിനകത്ത് കയറിയ പാസ്കൽ തന്റെ പുതിയ ബലൂൺ അവിടത്തെ തൂപ്പുകാരനെ സൂക്ഷിക്കാൻ ഏൽ‌പ്പിച്ച് ക്ലാസ്സിലേക്ക് നടന്നു .ഇതെല്ലാം സ്കൂൾ പ്രിൻസിപ്പാൾ ജനലിലൂടെ കാണുന്നുണ്ടായിരുന്നു. വൈകുന്നേരം തിരിച്ച് ബലൂണുമായി വീട്ടിലേക്ക് വരുമ്പോൾ മഴ വരുന്നു. അവൻ നനഞ്ഞാലും പ്രിയപ്പെട്ട ബലൂൺ നനയാതെനോക്കാൻ പലരുടെയും കുടക്കീഴിൽ അതു കൂടി കയറ്റിയാണ് അവൻ തന്ത്രപൂർവം നടക്കുന്നത്. മഴ തോർന്ന തെരുവിലൂടെ ബലൂണുമായി കൌതുക കാഴ്ചകൾകണ്ട് പതുക്കെനടക്കുകയാണ് കുഞ്ഞു പാസ്കൽ. കുതിരപട്ടാളത്തിന്റെ റോന്തുചുറ്റലും,ആവി തുപ്പുന്ന തീവണ്ടികളുടെ കിതപ്പും ഒക്കെ അവനെ ആഹ്ലാദിപ്പിക്കുന്നുണ്ട്. വീട്ടിനകത്തേക്ക് ബലൂണുമായി കയറിയത് അമ്മൂമ്മക്ക് ഇഷ്ടമായില്ല. ജാലകം തുറന്ന് അവർ ബലൂൺ പുറത്ത്കളയുന്നു.പക്ഷെ ആകാശത്തേക്ക് ഉയർന്ന് പോകുന്നതിനുപകരം ബലൂൺ ജനലിനരികിൽതന്നെ ചുറ്റിപറ്റിനിൽക്കുന്നു. പാസ്കൽ വന്ന് ആരും കാണാതെ ബലൂണിനെ ജനലിലൂടെ അകത്തേക്ക് കയറ്റുംവരെ.

                         അമ്മൂമ്മയറിയാതെ അവരിരുവരും നടത്തുന്ന ഈ ഒത്തുകളി, പ്രേക്ഷകരിൽ  ബലൂൺ ഒരു അചേതന വസ്തുവാണെന്ന  ബോധം പതുക്കെ മായ്ച്ച് കളയും. രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്ന പാസ്കലിനൊപ്പം അനുസരണയുള്ള വളർത്തുനായ്കുട്ടിയെപ്പോലെ ബലൂണുമുണ്ട്  കൂടെതന്നെ. അവർ പിടികൊടുക്കാതെ പരസ്പരം കളിപ്പിക്കുന്നുണ്ട്, ഒളിച്ചുകളിക്കുന്നുണ്ട്,ആശയങ്ങൾ തമ്മിൽതമ്മിൽ കൈമാറുന്നുണ്ട്. ബസ്സില്പോകുന്ന പാസ്കലിനൊപ്പം മാനത്തുകൂടി പറന്ന് ബലൂൺ സ്കൂൾ നടയിലെത്തുന്നുണ്ട്. ക്ലാസ്സ്മുറിയിലേക്ക് ജിജ്ഞാസയോടെ പതുങ്ങിക്കയറുന്ന ബലൂൺ വലിയ ബഹളത്തിനു കാരണമാവുന്നു.ദേഷ്യംവന്ന ഹെഡ്മാസ്റ്റർ പാസ്കലിനെ ക്ലാസ്സ് കഴിയും വരെ ഒരു മുറിയിൽ പൂട്ടിയിടുന്നു. ബലൂണിനെയാണെങ്കിൽ അയാൾക്ക് പിടിക്കാൻ കിട്ടുന്നുമില്ല.ഹെഡ്മാസ്റ്ററുടെ തലക്ക് പോയി മുട്ടി ശല്യപ്പെടുത്തി തന്റെ അരിശം ബലൂൺ പ്രകടിപ്പിക്കുന്നുമുണ്ട്.പാസ്കലിനെ മുറിയിൽ നിന്നും പുറത്തുവിടും വരെ  ബലൂൺ മുറിക്ക് വെളിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.           തിരിച്ചുള്ള യാത്രക്കിടയിലാണ് പാസ്കൽ എന്നും തെരുവുകാഴ്ചകൾ കണ്ട് അലയാറ്. ചിത്ര ഗാലറികളിലും,കണ്ണടിക്കടകളിലും അവരിരുവരും ചുറ്റിയടിക്കുന്നു. വഴിയിൽകണ്ട പെൺകുട്ടിയുടെ കൈയിലെ നീല ബലൂണിനെകണ്ട് ചങ്ങാത്തംകൂടാൻ കൊഞ്ചിക്കളിക്കുന്ന ചുവന്ന ബലൂണിനെ ശാസിച്ച് കൂടെക്കൂട്ടുന്നുണ്ട് പാസ്കൽ, പക്ഷെ കുറച്ച് കഴിയുമ്പോൾ കാണാം നീല ബലൂൺ പെൺകുട്ടിയുടെ കൈയിൽ നിന്നും കുതറി ചുവപ്പ് ബലൂണിനരികിലെത്തിയിരിക്കുന്നു.     പാസ്കലിന്റെ പുതിയ കൂട്ടുകാരനെ തട്ടിയെടുക്കാൻ തെരുവിലെ പിള്ളേർ ശ്രമിക്കുന്നുണ്ട് .തെമ്മാടിക്കൂട്ടം അവനെ വഴിയിൽ തടഞ്ഞുനിർത്തി ബലൂൺ കൈക്കലാക്കാൻ  നോക്കുന്നുണ്ടെങ്കിലും ആർക്കും പിടികൊടുക്കാതെ ബലൂൺ രക്ഷപ്പെട്ട്  പാസ്കലിനൊപ്പം തന്നെകൂടുന്നു.              
                        കുർബാന കൈക്കൊള്ളൻ അമ്മൂമ്മക്കൊപ്പം ഒരു ദിവസം പള്ളിയിലേക്ക് പോയ പാസ്കലിനൊപ്പം അമ്മൂമ്മകാണാതെ ഒളിച്ച് ബലൂണും വരുന്നു. പള്ളിക്കകത്ത് കയറിയ ബലൂൺ പ്രശ്നമുണ്ടാക്കുന്നു.ഇതൊന്നും കൂസാതെ ബലൂണുമായി പാസ്കൽ തെരുവിലേക്കിറങ്ങുന്നു. പലഹാരക്കടയുടെ പുറത്ത് ബലൂണിനെ നിർത്തി പിസ്സ വാങ്ങാൻ അകത്തേക്ക് കയറിയ പാസ്കൽ തിരിച്ചിറങ്ങി നോക്കുമ്പോൾ ബലൂണിനെ കാണുന്നില്ല. തെമ്മാടികുട്ടിക്കൂട്ടം ബലൂൺ കൈക്കലാക്കി വെളിമ്പ്രദേശത്തേക്ക് അതുമായി നടക്കുകയാണ്. കയർകെട്ടി അതിനെ വലിച്ചും ഇഴച്ചും കല്ലെറിഞ്ഞും പീഡിപ്പിക്കുകയാണ്.തകർന്ന പഴഞ്ചൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ വിജനതയിൽ അതിനെ തെറ്റാലികൊണ്ട് എയ്ത് പൊട്ടിക്കാനുള്ള ശ്രമത്തിലാണവർ. മതിലിനിപ്പുറത്തുള്ള പാസ്കൽ എങ്ങിനെയെല്ലാമോ ബലൂണിനെ രക്ഷിച്ച് അതുമായി വീട്ടിലേക്ക് ഓടി .പിള്ളേരുടെ സംഘം കൂടെത്തന്നെ പിന്തുടരുന്നു,ഇടുങ്ങിയ വഴികളിലൂടെയും കെട്ടിടങ്ങൾക്കിടയിലൂടെയും അവൻ പാഞ്ഞുരക്ഷപ്പെടാൻ നോക്കുന്നുണ്ടെങ്കിലും അവസാനം പിടിയിലാകുന്നു. ബലൂൺ അവർ എറിഞ്ഞും ചവിട്ടിയും പൊട്ടിക്കുന്നു. പൊട്ടിയ ബലൂണിനരികിൽ ഇനിയെന്തുചെയ്യും എന്നറിയാതെ കരഞ്ഞ് ഇരിക്കുന്ന കുട്ടിയുടെ ദൃശ്യം ഹൃദയസ്പർശിയാണ്.   പാരീസ് നഗരത്തിലെ ബലൂണുകളെല്ലാം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാനത്തേക്ക് പറന്നുയർന്നത് പെട്ടന്നാണ്.പാർക്കുകളിലെ കുട്ടികളുടെ കൈകളിൽനിന്നും , നഗരത്തിലെ വീടുകൾക്കകത്തുനിന്നും,കച്ചവടക്കാരുടെ വില്പനസ്റ്റാൻഡുകളിൽ നിന്നുമൊക്കെ അവ പറന്നുയർന്നു. കരയുന്ന പാസ്കലിനടുത്തേക്കാണവയെല്ലാം വരുന്നത്.നൂറുകണക്കിനു വർണ്ണബലൂണുകളെല്ലാം കൂടി അവസാനം ആ കുട്ടിയെ എടുത്തുയർത്തി നഗരത്തിന്റെ നരച്ച മേൽക്കൂരകൾക്ക് മുകളിലൂടെ  ഒഴുകി പറക്കുന്നു. ഒടുവിൽ  അനന്തവിശാലമായ മാനത്ത് ബലൂണുകളിൽ ഞാന്നുകിടന്നു ചിരിക്കുന്ന കുട്ടിയിൽ സിനിമ അവസാനിക്കുന്നു.          
                 സ്പെഷൽ എഫക്റ്റുകൾ ഇന്നത്തെപ്പോലെ സാധ്യമല്ലാത്ത , സങ്കേതിക വിദ്യകൾ അധികം വികസിക്കാത്ത അക്കാലത്ത് ഇത്തരമൊരു ഫാന്റസി ദൃശ്യങ്ങൾ സ്വാഭാവികതക്ക് കോട്ടമില്ലാത്തവിധത്തിൽ ചിത്രീകരിച്ചത് അത്ഭുതകരമാണ്. നരച്ച നഗര ദൃശ്യങ്ങൾക്കിടയിൽ തിളങ്ങുന്ന ചുവപ്പ്  ബലൂണിന്റെ കളർ കോണ്ട്രാസ്റ്റ് അതിമനോഹരമായി നമുക്ക് അനുഭവപ്പെടും.            
അൽബെർട്ട് ലമൊറീസ്
                     ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന പഴയ പ്രൈമറിക്ലാസ്സ് പാട്ട് ഈ സിനിമയിൽ നിന്നു പ്രചോദിതമായതായിരിക്കാം.
“ഒരു നാൾ പള്ളീക്കൂടത്തിൽ ,
മേരിയോടൊപ്പം കുഞ്ഞാടും,
അടിവെച്ചടിവെച്ചകമേറി,
അവിടെ ചിരിതൻ പൊടിപൂരം” 
എന്ന വരികളിലെ ആടിനു പകരം ബലൂൺ എന്നാക്കിയാൽ മാത്രം മതി.   ചുവന്ന ബലൂണുമായുള്ള ഒരു കുട്ടിയുടെ സൌഹൃതം മറ്റു കുട്ടികളെ പ്രകോപിപ്പിക്കുന്നത് എന്തിനാണെന്ന് നമുക്കും ആ കുട്ടിയെപ്പോലെതന്നെ സംശയം തോന്നിപ്പിക്കും. വിശദീകരിക്കാനാവാത്ത ബന്ധങ്ങളെ  നശിപ്പിച്ചേക്കുക എന്ന ലോക രീതിയെ സംവിധായകൻ ഇവിടെ ചർച്ചക്ക് വെക്കുന്നു. മതസങ്കൽ‌പ്പങ്ങളും യേശുവിന്റെ കുരിശേറ്റവും ഉയിർത്തെഴുന്നേൽ‌പ്പുമൊക്കെ ഈ സിനിമയിൽ ചില നിരൂപകർ വായിച്ചെടുക്കുന്നുണ്ട്.   മെരുങ്ങാത്ത കുതിരയുമായി ഒരു കുട്ടിയുടെ ബന്ധം ചിത്രീകരിച്ചിരിക്കുന്ന 1953 ലെ തന്റെതന്നെ  ‘വൈറ്റ് മേൻ’ എന്ന ബ്ലാക്ക് & വൈറ്റ് സിനിമയുടെ വേറൊരു പതിപ്പായാണ് തന്റെ രണ്ടാമത്തെ ചിത്രമായ ‘ദ റെഡ് ബലൂൺ’ ലമൊറീസ് ഒരുക്കിയിരിക്കുന്നത്. കുതിരക്ക് പകരം അചേതനമായ ബലൂണിൽ മനസ്സ് തുന്നിച്ചേർത്തിരിക്കുന്നു സംവിധായകൻ.ലമൊറീസിന്റെ മക്കൾ തന്നെയാണിതിൽ അഭിനയിച്ചിരിക്കുന്നത്. പ്രധാന വേഷം മകൻ പാസ്കൽ ലമോറീസും പെൺകുട്ടിയുടെ വേഷം സബീൻ ലമൊറീസും.  
                1956 ലെ ഏറ്റവും നല്ല ഒറിജിനൽ തിരക്കഥക്കുള്ള ഓസ്കാർ പുരസ്കാരം (സംഭാഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും)  , കാൻ ഫിലീം ഫെസ്റ്റിവലിൽ ‘പാം ഡി ഓർ’ പുരസ്കാരം , 1957 ലെ ‘ബാഫ്റ്റ പുരസ്കാരം’ തുടങ്ങി നിരവധി അന്താരാഷ്ട്ര സമ്മാനങ്ങളും അംഗീകാരങ്ങളും ഈ സിനിമ നേടി.      ഊതിവീർപ്പിക്കപ്പെട്ട സങ്കൽ‌പ്പങ്ങൾ മാത്രമാണു മനുഷ്യ ബന്ധങ്ങൾ എങ്കിലും കയ്പ്പേറിയ യാഥാർത്ഥ്യം എന്ന് നാം വിലപിക്കുന്ന  മരണങ്ങളെ എത്ര വേഗമാണു പുതിയ ബന്ധങ്ങളിലൂടെ നാം പകരം വെക്കുന്നത് എന്ന് - സർ റിയലിസ്റ്റിക്കായ അവസാന ദൃശ്യത്തിലൂടെ മുതിർന്നവരോടുകൂടി സംവിധായകൻ പറയുന്നു,. അതുകൊണ്ടുതന്നെ ചുവപ്പ് ബലൂൺ കുട്ടികളുടെ മാത്രം സിനിമയല്ലാതാകുന്നു.

10 അഭിപ്രായങ്ങൾ:

  1. ശരിക്കും ഈ ചിത്രം കണ്ടിറങ്ങിയ പോലെ തോന്നി. തീര്‍ച്ചയായും എനിക്കിത് കാണണം

    മറുപടിഇല്ലാതാക്കൂ
  2. ചിത്രം കണ്ടില്ലെങ്കിലും മുന്നിൽ കാണുന്നതുപോലെ,,,

    മറുപടിഇല്ലാതാക്കൂ
  3. മിനി ടീച്ചർ, മൻസു, ലളിതമായ ഈ സിനിമ പതുക്കെ നമ്മളിലെ കുട്ടിയെ ഉണർത്തും..അറിയാതെ ആ ബലൂണിനോട് നമുക്കും ഒരു സ്നേഹം തോന്നിത്തുടങ്ങും..ബലൂൺ ഷൂസിട്ട കാലുകൊണ്ട് ഒരു കുട്ടി ചവിട്ടിപൊട്ടിക്കുന്ന ദൃശ്യം ഒരു ഞെട്ടൽ മനസ്സിലുണ്ടാക്കും ,,,പിന്നീടാലോചിക്കുമ്പോൽ ചിരിച്ചുപോകും ഒരു ബലൂൺ പൊട്ടിച്ചതിനു ഞാൻ എന്തിന് ഇത്ര അസ്വസ്ഥനായി എന്നോർത്ത്..യേശുവിനെ കാല്വരിയിലേക്ക് കൊണ്ടുപോകുന്നതിനോട് വല്ലാത്ത സാമ്യം ഉണ്ട്. നല്ല സിനിമയാണിത് ആർക്കും മനസ്സിൽ സ്പർശിക്കും ..നെറ്റിൽ ലഭ്യമാണെന്നു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ശിവരാജൻ, തങ്കളുടെ അഭിപ്രായത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  5. ഈ ചിത്രത്തേ കുറിച്ച് മുന്‍പ് കേട്ടിരുന്നു.പക്ഷേ ഇത്രേയും വിശദമായ വിവരണം വായിക്കുന്നത് ആദ്യമായാണൂ ,,നല്ല ഒരു റിവ്യൂ,,ഈ ചിത്രം പരിചയപെടുത്തിയതിന്നു നന്ദി,,

    മറുപടിഇല്ലാതാക്കൂ
  6. I have bookmarked ur page in my chrome.. will visit you daily.. Keep up the good work.. :)

    മറുപടിഇല്ലാതാക്കൂ
  7. പക്ഷെ ഞാന്‍ മഹാ മടിയനാണു അപ്പുക്കുട്ടന്‍ എഴുതുന്നതൊന്നും പോസ്റ്റ് ചെയ്യുന്നില്ല..സന്തോഷം എന്നെ പരിഗണിക്കുന്നതിനു..

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട് ...ഈ സിനിമയെ ...നമ്മളോട് വല്ലാതെ അടുപ്പിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ