9/22/2011

വെളുപ്പ് ബലൂണ്‍

പേര്‍ഷ്യന്‍ സിനിമയിലെ കുലപതികളായി കണക്കാക്കപ്പെടുന്ന അബ്ബാസ് കിരിയോസ്തമിയും  ജാഫര്‍ പനാഹിയും  ചേര്‍ന്ന് 1995 ല്‍ നിര്‍മ്മിച്ച ഇറാനിയന്‍ സിനിമയാണ് 'വെളുപ്പ് ബലൂണ്‍' . അബ്ബാസ് കിരിഓസ്തമിയുടെ രചന .സംവിധാനം  പനാഹി.  ഇറാനിലെ പുതു വര്‍ഷതലേന്നുള്ള ഒന്നര മണിക്കൂര്‍ സമയത്തെ കൊച്ച് സംഭവത്തെ നമ്മുടെ മുന്നില്‍ അതേ ദൈര്‍ഘ്യത്തില്‍തന്നെ കാട്ടിത്തരുന്നു.ആഖ്യാന കൗശലങ്ങളോ ഗിമ്മിക്കുകളോ ഇല്ലാതെ സംഭവങ്ങളെ സ്വാഭാവികമായി പിന്‍തുടരുന്ന ഒരു രീതിയാണ് പനാഹി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ടെഹ്രാനിലെ തിരക്കേറിയ മാര്‍ ക്കറ്റുകളിലൊന്നിലാണ്`സിനിമ കണ്‍ തുറക്കുന്നത്. പുതുവര്‍ഷാഘോഷങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍  ആരംഭിക്കുകയാണ്`.  എല്ലാവരും  അവസാനവട്ട തയ്യാറെടുപ്പുകളിലാണ്` . തിരക്കില്‍ കൈവിട്ടുപോയ തന്റെ ഏഴു വയസ്സ്കാരി  മകളെ അന്വേഷിക്കുകയാണ്` ഒരമ്മ.രണ്ട് കൈയിലും  സഞ്ചികളില്‍ നിറയെ വീട്ട്  സാധനങ്ങളും  പച്ചക്കറികളും  . അവര്‍ തിരക്കിനിടയില്‍ പലരോടും  മകളെ അന്വേഷിക്കുന്നുണ്ട്. ബലൂണ്‍ വില്പനക്കാരനായ കുട്ടിയോടും  ചോദിക്കുന്നുണ്ട്.അവസാനം   ഒഴിഞ്ഞ തെരുവില്‍ ഒരു കടക്കരികില്‍ കൈയിലൊരു ബലൂണും  പിടിച്ച് നില്ക്കുന്ന കുട്ടിയെ കാണുന്നു.റസിയ...പുതു വര്‍ഷ ദിനത്തില്‍ വീട്ടില്‍ വിരുന്നെത്തുന്ന മുത്തശ്ശിയേയും  മറ്റും  കാണിക്കാന്‍ അലന്കാര  മത്സ്യത്തെ വാങ്ങിത്തരണമെന്ന വാശിയിലാണ്` റസിയ.തങ്ങളുടെ വീട്ടിലെ ടാന്കിലുള്ള സ്വര്‍ണ്ണ മത്സ്യങ്ങള്‍  മെലിഞ്ഞു ശുഷ്കിച്ചവയാണെന്നാണ്` റസിയ പറയുന്നത്. മുഴുത്ത ചിറകുകളും  വലിപ്പവുമുള്ള സ്വര്‍ണ്ണമത്സ്യങ്ങളെ അവള്‍ ഒരു കടയില്‍ കണ്ട് വച്ചിട്ടുണ്ട്. ചിറകുകള്‍ കുലുക്കി ന്രിത്തം  ചെയ്യും  പോലെ നീന്തുന്ന സുന്ദരികളും  സുന്ദരന്മാരും..പണം  അധികം  കൈയിലില്ലാതതിനാലും  വീട്ടിലെത്തി ധാരാളം  ജോലിയുള്ളതിനാലും  റസിയയുടെ വാശിക്ക് ചെവികൊടുക്കാതെ അമ്മ വീട്ടിലേക്ക് നടക്കുകയാണ്`.വഴിയില്‍ ഒരിടത്ത് പാമ്പാട്ടികള്‍ക്ക് ചുറ്റും  ആള്‍ക്കാര്‍ കൂടി നില്ക്കുന്നുണ്ട്. പാമ്പാട്ടിയുടെ വിശദീകരണങ്ങള്‍ കേള്‍ക്കാം ഉറക്കെ. പാമ്പുകളെ കാണണമെന്നുണ്ട് റസിയക്ക്. പക്ഷെ ആള്‍ക്കാര്‍ കൂടിനില്ക്കുന്ന ആ കവലയില്‍ നില്ക്കാന്‍ അമ്മ അനുവദിക്കുന്നില്ല. വീട്ടിലെത്തീട്ടും  റസിയ അമ്മയോട് അപേക്ഷിച്ച്കൊണ്ടേ ഇരിക്കുന്നു.പത്തു വയസ്സുകാരന്‍ ചേട്ടന്‍ അലിയോടും  അവള്‍ കാര്യം  പറയുന്നും  നൂറു ടൊമാന്‍ കൊടുത്ത് ആ മീനിനെ വാങ്ങുന്നതിലും    നല്ലത് അത്രയും   പണത്തിന്` എത്ര സിനിമ കാണാം  എന്നാണ് അവന്‍ ചോദിക്കുന്നത്.എന്കിലും  അനിയത്തിയുടെ നിര്‍ബന്ധത്തിനും  കൈക്കൂലിയായി നല്കിയ നീല ബലൂണിനും  പകരമായി അവന്‍ അമ്മയോട് ശുപാര്‍ശ ചെയ്ത് അവസാനം  അമ്മയുടെ കൈയില്‍ നിന്നും  പണം   സംഘടിപ്പിക്കുന്നു. വീട്ടില്‍ ഇനി ബാക്കിയുള്ള അവസാനത്തെ പണം  അഞ്ഞൂറിന്റെ ഒറ്റ കറന്‍സി നോട്ട്. വീട്ടു ചിലവുകള്‍ക്കും  മറ്റാവശ്യങ്ങള്‍ക്കും  വേണ്ടി സൂക്ഷിച്ച് വെച്ച പണം  ചില്ലറ വേറെയില്ലാത്തതിനാലാണ്` ആ നോട്ട് കൊടുത്തത്. സ്വര്‍ണ്ണമത്സ്യത്തെ വാങ്ങി ബാക്കിതുക നഷ്ടപ്പെടാതെ വേഗം  പോയ് വരാന്‍ പറഞ്ഞ് റസിയയെ ഏല്‍പ്പിക്കുന്നു.
സന്തോഷത്തോടെ , മീനിനെ കൊണ്ടുവരാനുള്ള സ്ഫടിക പാത്രം  ഒരു കൈയിലും  മറ്റേ കൈയില്‍ അഞ്ഞൂറിന്റെ നോട്ടുമായി കടയിലേക്ക്  ഓടുകയാണ്` റസിയ. കവലയിലെ പാമ്പാട്ടികളും   ജനക്കൂട്ടവും  അപ്പഴും  അവിടെത്തന്നെയുണ്ട്. നേരത്തെ അമ്മ അനുവദിക്കാത്തതിന്റെ ദേഷ്യമുള്ളതിനാലും  പാമ്പിനെ കണാനുള്ള   പ്രലോഭനവും മൂലം   റസിയ കാഴ്ച്ചകണ്ട് കുറച്ച് സമയമവിടെ നിന്നു. പാമ്പാട്ടിയുടെ മായിക സംസാരത്തില്‍   അവള്‍ കുടുങ്ങിപ്പോയി. കൈയില്‍ നിന്നു പണം  വീണുപോകാതിരിക്കാന്‍ സ്ഫടിക പാത്രത്തില്‍ അവള്‍ നോട്ട് ഇട്ട്` വച്ചിരിക്കുകയാണ്`. അത് എല്ലാവര്‍ക്കും  കാണാം  പാമ്പിനുള്ള സം ഭാവനയാണെന്ന് പറഞ്ഞ് പാമ്പാട്ടി തക്കത്തില്‍ കുട്ടിയുടെ പണം  കൈക്കലാക്കുന്നു.അവളെ ആരും  സഹായിക്കുന്നില്ല. പണം  തിരിച്ച് കിട്ടാതായപ്പോള്‍ റസിയ കരച്ചില്‍ തുടങ്ങി.. പാമ്പാട്ടി ഗത്യന്തരമില്ലാതെ നോട്ട് തിരിച്ച് കൊടുക്കുന്നു.
താന്‍ വൈകി എന്നു മനസ്സിലാക്കിയ റസിയ ഒരേ ഓട്ടമാണ്` കടയിലേക്ക്.കട അടക്കുമ്മുമ്പ് എത്തണം  കടയിലെത്തിയപ്പോഴാണ് പുതിയ പ്രശ്നം.കടയുടമ വിലകൂട്ടിയിരിക്കുന്നു. അവള്‍ നേരത്തെ കണ്ട് വെച്ച സ്വര്‍ണ്ണ മത്സ്യത്തിന് ഇരുന്നൂറ് ടൊമാന്‍ വേണമെന്നാണയാള്‍ ഇപ്പോള്‍ പറയുന്നത്. പക്ഷെ റസിയയെ ഞെട്ടിപ്പിച്ചത് ഇതൊന്നുമല്ല. അവളുടെ പാത്രത്തില്‍ ഇട്ട് വെച്ചിരുന്ന നോട്ട് ഇപ്പോള്‍ കാണുന്നില്ല.അവള്‍ കരച്ചിലിന്റെ വക്കിലെത്തി.അവള്‍ ഓടി വന്ന തെരുവുകളിലെല്ലാമന്വേഷിക്കാന്‍ ഒരു വ്രുദ്ധ റസിയയെ സഹായിക്കുന്നു.അവസാനമവള്‍ അവളുടെ പണം  കണ്ടു.അടഞ്ഞു കിടക്കുന്ന ഒരു കടയുടെ മുന്നിലെ ഗട്ടറിനു മുകളിലെ ഇരുമ്പ് ഗ്രില്ലിനു മുകളില്‍ .അവള്‍ സന്തോഷത്തോടെ അതെടുക്കാന്‍ ആയുമ്പോള്‍  അതുവഴി കടന്നു പോയ മോട്ടോര്‍ സൈക്കിളിന്റെ കുലുക്കത്തില്‍ ഗ്രില്ലിനുള്ളിലേക്ക് അതു വീണു.
ആഴമുള്ള ആ കുഴിയില്‍ നോട്ട് കിടക്കുന്നത് അവള്‍ക്ക് കാണാം  തന്റെ പണം  കണ്ടെത്തിയെന്നും  തന്റെ മീനിനെ മറ്റാര്‍ക്കും    വില്ക്കരുതെന്നും  കടകാരനോട് ചട്ടംകെട്ടി അവള്‍ വീണ്ടും  പഴയ ഗ്രില്ലിനടുത്ത് വന്നിരിപ്പായി.. ആരെന്കിലും   തന്റെ പണം  തിരിച്ചെടുക്കാന്‍ സഹായിക്കുമോ എന്നന്വേഷിച്ച്..ഈ സമയത്ത് ജേഷ്ടന്‍ അലി അവളെ അന്വേഷിച്ച് അവിടെ എത്തുന്നു. ഇരുവരും  കൂടി പലരോടും  സഹായം  തേടുന്നു. ആരും  സഹായിക്കുന്നില്ല. എല്ലാവരും   ആഘോഷങ്ങളുടെ ഒരുക്കത്തിലും  തിരക്കിലുമാണ്`.സമയം  സന്ധ്യയാകുന്നു.അവധി കഴിഞ്ഞ് കടക്കാരന്‍ കട തുറക്കുമ്പോള്‍ സെല്ലറിലിറങ്ങി പണം  എടുക്കാം  ഇപ്പോള്‍ പോകൂ കുട്ടികളെ എന്നാണ്` ചിലര്‍ ഉപദേശിക്കുന്നത്.തൊട്ടടുത്തുള്ള തയ്യല്‍ കടയിലെ വ്രിദ്ധനോട് സഹായം   അഭ്യര്‍ത്ഥിച്ച്  അലി പോകുന്നുണ്ട്. എല്ലാവരും  തിരക്കിലാണ്` ആരുമവരെ പരിഗണിക്കുന്നില്ല.
ഇതിനിടയില്‍ വാഹനം  കാത്ത് അവിടെ ഇരിക്കുന്ന പട്ടാളക്കാരന്‍ ചെറുപ്പക്കാരന്‍ റസിയയോട് കൂട്ടുകൂടാന്‍ ശ്രമിക്കുന്നത് അലിക്ക് ഇഷ്ടമാകുന്നില്ല. നാളേറെയായി വീട് വിട്ട് നില്ക്കുന്ന അയാള്‍ക്ക് അവളുടെ പ്രായത്തിലുള്ള അനിയത്തിയുണ്ടത്രെ.ഗട്ടറിനടിയിലെ തന്റെ പണം  അയാള്‍ കാണാതിരിക്കാന്‍ റസിയ ശ്രദ്ധിക്കുന്നുണ്ട്. അയാളോട് സഹായം   ചോദിക്കാതിരിക്കാനും
സമയമിരുളുകയാണ്`പണം  തിരിച്ച് കിട്ടാതെ കുട്ടികള്‍ക്ക് വീട്ടിലേക്ക് മടങ്ങാനാവില്ല, റസിയക്ക് താനേറെ കൊതിച്ച സ്വര്‍ണ്ണമത്സ്യമില്ലാതെ പുതുവത്സരാഘോഷം  പൂര്‍ണ്ണമാവില്ല എന്ന അഭിപ്രായവുമുണ്ട്.ആദ്യ സീനില്‍ റസിയയെ കണ്ടോ എന്ന്` അമ്മ അന്വേഷിക്കുന്ന അഫ്ഘാന്‍ അഭയാര്‍ത്ഥിയായ ബലൂണ്‍ വില്പനക്കാരന്‍ കുട്ടി അതു വഴി വരുന്നു. വില്ക്കാനാവാതെ ബാക്കിവന്ന ഒന്നു രണ്ട് ബലൂണുകള്‍ മാത്രം  കെട്ടിയ കമ്പ് അവന്റെ കൈയിലുണ്ട്.അലി ആ വടി തട്ടിയെടുത്ത് അതു കൊണ്ട് പണം  ചിള്ളി എടുക്കാനാവുമോ എന്ന്` ശ്രമിച്ച് നോക്കുന്നു.പക്ഷെ അത് വിജയിക്കുന്നില്ല.എന്തെന്കിലും  പശ കമ്പിന്റെ തലക്കല്‍ ഉണ്ടേന്കിലതില്‍ പറ്റിപ്പിടിച്ച് നോട്ട് പുറത്തേക്കെടുക്കാമായിരുന്നു. ഒരു ബബിള്‍ ഗം  വാങ്ങാനുള്ള ചില്ലറയും  അവരുടെ കൈയിലില്ല..
 അന്ധനായ മിഠായി വില്പനക്കാരന്റെ മുന്നില്‍ നിന്നും  അയാളറിയാതെ ബബിള്‍ ഗം  മോഷ്ടിക്കാന്‍ അലിക്ക് ഒരു നിമിഷം  തോന്നിപ്പോകുന്നുണ്ട്.
എല്ലാ പ്രതീക്ഷയും  കൈവിട്ട് നിരാശരായിരിക്കുന്ന കുട്ടികളുടെ അടുത്തേക്ക് ബലൂണ്‍ വില്പ്പനക്കാരനായ അഭയാര്‍ത്ഥിക്കുട്ടി വീണ്ടും  വരുന്നു.അവന്റെ ബാക്കിയുള്ള ബലൂണുകള്‍ വിറ്റ പണം  കൊണ്ട് എങ്ങു നിന്നോ ഒരു ബബിള്‍ ഗം  അവന്‍ വാങ്ങി കൊണ്ടുവന്നിരിക്കുന്നു. അവന്റെ ബലൂണ്‍ തണ്ടില്‍ ഇനി ഒരു വെളുത്ത ബലൂണ്‍ മാത്രമേ ബാക്കിയുള്ളു. ആര്‍ക്കും   വേണ്ടാതെ.മൂന്നു കുട്ടികളും  കൂടി പന്ക് വെച്ച് ഗം  ചവച്ച് കമ്പിലൊട്ടിച്ച് ഗട്ടറിനടിയില്‍ നിന്നും  നോട്ട് പുറത്തേക്കെടുക്കുന്നു. പണം  കിട്ടിയ ഉടനെ എല്ലാം  മറന്ന് ഇരുവരും  ഓടുകയാണ്` . സ്വര്‍ണ്ണ മത്സ്യത്തെ വാങ്ങാന്‍ കടയിലേക്കും  തിരിച്ച് വീട്ടിലേക്കും.. ഈ സമയമെല്ലാം   കടയുടെ തിണ്ണയില്‍ എങ്ങും  പോകാനില്ലാത്ത ആ കുട്ടി തന്റെ ആര്‍ക്കും    വേണ്ടാത്ത ഒറ്റ വെള്ള ബലൂണ്‍ കെട്ടിയ കമ്പുമായി ഇരിക്കുകയാണ്`. അവന്റെ മുഖത്തെ നനഞ്ഞ ചിരിയിയില്‍ ഈ സിനിമ അവസാനിക്കുന്നു.  സിനിമയിലെ നായകന്‍ അവനായി മാറുന്ന ഒരു നിമിഷം.
കുട്ടികളുടെ മനോനിലയിലുള്ള ലോകം  മറ്റൊന്നാണെന്ന് പനാഹി കാട്ടിത്തരുന്നു.മുതിര്‍ന്ന വരെ സംബന്ധിച്ചടുത്തോളം  നിസ്സാരമായ ഈ സംഭവം  -കുട്ടികളുടെ ധര്‍മ്മസംകടമാകാമെന്നത് ഈ സിനിമയില്‍ നാം  കാണുന്നു.
സ്ത്രീകളും  കുട്ടികളും  അനുഭവിക്കുന്ന സാമൂഹിക അസമത്വങ്ങളെക്കുറിച്ച് പറയുക  എന്നത് ഇറാനെ സംബന്ധിച്ചടുത്തോളം  രാഷ്ട്രീയം  തന്നെ. അതിനാല്‍ തന്നെയാണ്` ഭരണകൂടം  ജാഫര്‍ പനാഹിക്ക് 2010 മുതല്‍ 6 വര്‍ഷത്തേക്ക് തടവറ വിധിച്ചത്.. കൂടാതെ 20 വര്‍ത്തേക്ക് സിനിമയേക്കുറിച്ച് സംസാരിക്കുന്നത് പോലും  വിലക്കീട്ടുമുണ്ട്.
കുളിമുറിയില്‍ നിന്നും  ആജ്ഞാപിക്കുന്ന റസിയയുടെ അച്ഛനെ സിനിമയില്‍ നാം  ഒരിക്കലും  കാണുന്നില്ല. ഷാംപു വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞതിന് സാബൂന്‍ എന്ന് കേട്ട് സോപ്പ് വാങ്ങി വന്ന അലിയെ അയാള്‍ ചീത്ത പറയുന്നുണ്ട്. വീട്ടിലെ എല്ലാ പ്രശ്നങ്ങളും  തീര്‍ക്കേണ്ട ഉത്തര വാദിത്വം  സ്ത്രീക്കാണ്. കുട്ടിയുടെ കൈയിലെ പണം  പാമ്പാട്ടിയും  സംഘവും  തട്ടിയേടുക്കുമ്പോള്‍ തടയാത്ത പുരുഷന്മാരുടെ ഒരു ആള്‍ക്കൂട്ടത്തെയും  പനാഹി നമുക്ക് കാട്ടിത്തരുന്നുണ്ട്.
പറയാതെ പറയുന്ന ഇറാനിയന്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ പനാഹിയുടെ സിനിമകളില്‍ പലയിടങ്ങളിലും  നമുക്ക് കാണാം 
അതിമനോഹരമായി  സ്വാഭാവിക 'ജീവിത' മാണ്` റസിയയായി അഭിനയിച്ച അയിദ മൊഹമ്മെദ് ഖാനി എന്ന ഏഴ്വയസ്സുകാരി നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.1995  ലെ കാന്‍ ഫിലിം   ഫെസ്റ്റിവലില്‍ 'പാം  ഡി ഓര്‍' പുരസ്കാരം  നേടിയ വൈറ്റ് ബലൂണ്‍ ടോക്യോ ഫെസ്റ്റിവലില്‍ 'ഗോള്‍ഡന്‍ 'പുരസ്കാരവും  ,സാവൊ പോളോ ഫെസ്റ്റിവലില്‍  'ഇന്റര്‍ നാഷണല്‍ ജൂറി പുരസ്കാരവും '  നേടിയിരുന്നു. സിനിമയുടെ അവസാന നിമിഷങ്ങളില്‍ മാത്രം  പ്രത്യക്ഷപ്പെടുന്ന അഭയാര്‍ത്ഥി പയ്യന്‍ നമ്മുടെ മനസ്സിലേക്ക് നിമിഷം  കൊണ്ട് നായകനായി മാറൂന്ന അത്ഭുതകരമായ രസതന്ത്രം പനാഹി ഉപയോഗിക്കുന്നുണ്ട്.
 ഇറാനിയന്‍ നിയോറിയലിസ്റ്റിക്ക് സിനിമയുടെ പതാക വാഹകനും   ലോകമെങ്ങും  പ്രശസ്തനുമായ പനാഹിയെ ഇറാന്‍ ഭരണകൂടം  തടവിനു ശിക്ഷിച്ച് ജയിലിലാക്കിയത് സിനിമയിലേപ്പോലെ തന്നെ അപ്രതീക്ഷിത പരിണാമം  .സാമൂഹിക വിമര്‍ശനം  നിറഞ്ഞ ഇദ്ദേഹത്തിന്റെ സിനിമകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകളുടെയും  കുഞ്ഞുങ്ങളുടെയും   സമൂഹത്തിന്റെ  അവകാശ നിഷേധങ്ങളാണു പലപ്പോഴും  ചര്‍ച്ച  ചെയ്യുന്നത്.. മാനവികത എന്ന വിഷയത്തെ അതി ഭാവുകത്വമില്ലാതെ ,പ്രകടമായ രാഷ്ട്രീയ -സാമൂഹിക സന്ദേശങ്ങള്‍ വിളിച്ച് പറയാതെ യഥാര്‍ത്ഥത്തെ അതുപോലെ നമുക്ക്മുന്നില്‍ വെളിവാക്കുക എന്ന പനാഹി രീതിയാണു ഭരണകൂടത്തെ വിറളിപിടിപ്പിച്ചത്.
ദശലക്ഷക്കണക്കിനു ഡോളര്‍ ഉപയോഗിച്ച് സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നതിനിടയില്‍ -അര ഡോളറിലും   താഴെ വിലവരുന്ന ഒരു സ്വര്‍ണ്ണ മീനിനെ വാങ്ങാന്‍ കൊതിക്കുന്ന പെണ്കുട്ടിയേക്കുറിച്ച് ഞങ്ങള്‍ സിനിമ നിര്‍മ്മിക്കുന്നു " ഇതു വലിയ വ്യത്യാസമാണെന്നു ജാഫര്‍ പനാഹി അഭിപ്രായപ്പെടുന്നത്.പനാഹി പറയുന്നത് മാനവികതയെക്കുറിച്ചും  സാമൂഹിക അന്തരങ്ങളെക്കുറിച്ചും   കൂടിയാണല്ലോ ... 
                                                                            ശാസ്ത്രകേരളം  മേയ് 2011