8/25/2010

കുമ്മാട്ടി

                  കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും കൂട്ടിക്കുഴച്ച് 1979 ല്‍ ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ‘കുമ്മാട്ടി’എന്ന മലയാള സിനിമ ചിണ്ടന്‍ എന്ന കുട്ടിയുടെ മനസ്സിലൂടെയാണ് വികസിക്കുന്നത്. സൂര്യനുദിച്ചുയരുന്ന ദീര്‍ഘമായ ഒരു ഷോട്ടില്‍ പഴയകാലത്തിന്റെ   തുടിപ്പുകളെല്ലാം ഒരു വായ്ത്താരിയില്‍ സംവിധായകന്‍ ഉള്‍ചേര്‍ത്തിട്ടുണ്ട്. ഗ്രാമത്തിലെ കുടിലില്‍ നിന്നും സ്കൂളിലേക്ക് കൂട്ടുകാര്‍ക്കൊപ്പം നടക്കുന്ന ചിണ്ടന്‍ സംസാരിക്കുന്നത് അമ്പലത്തിലെ മുത്തശ്ശി പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ്. ‘കുമ്മാട്ടി’ വന്നാല്‍ കുസൃതികളായ അവരെ പിടിച്ച് കൊടുക്കുമെന്നവര്‍ പറഞ്ഞിട്ടുണ്ട്. മന്ത്രവാദവും ബാധയൊഴിക്കലും പഴയ വിശ്വാസങ്ങളും നിറഞ്ഞ ഗ്രാമാന്തരീക്ഷത്തില്‍ അവര്‍ക്ക് കുമ്മാട്ടിയെ ഭയമുണ്ട്. എങ്കിലും കുമ്മാട്ടിപ്പാട്ട് പാടി അവര്‍ തമാശ നൃത്തം ചെയ്യുന്നുമുണ്ട്.
                 ആയിടക്കാണ് സഞ്ചാരിയായ കുമ്മാട്ടി കുന്നിറങ്ങി അവരുടെ ഗ്രാമത്തിലുമെത്തുന്നത്.  “മാനത്തെ മച്ചോളം തലയെടുത്ത്...
പാതാള കുഴിയോളം പാദം നട്ട്...
മാല ചേല കൂറ കെട്ടിയ കുമ്മാട്ടി...”
   എന്നവര്‍ ഭയത്തോടെ ഓര്‍ത്തിരുന്ന മുത്തശ്ശിക്കഥയിലെ കുമ്മാട്ടി അവിടെയെത്തുന്നു. ചെമ്പട്ട് കോത്തുടുത്ത്, അരമണി കിലുക്കി,വെപ്പു താടി വെച്ച്, മൃഗങ്ങളുടെ മുഖരൂപങ്ങല്‍ കെട്ടി ഞാത്തിയ തണ്ട് ചുമലില്‍ വെച്ച്, തുന്നികൂട്ടിയ മാറാപ്പുമായി, കൈയിലെ വാളും കിലുക്കി, നാടുണര്‍ത്തുന്ന പാട്ടുറക്കെ പാടി , നൃത്ത ചുവടുകളോടെ വരുന്ന കുമ്മാട്ടിയെ കണ്ട് കുട്ടികള്‍ പേടിക്കുന്നു. എങ്കിലുമവരുടെ ജിജ്ഞാസ കുമ്മാട്ടിക്കൊപ്പം തന്നെയുണ്ട്.
                      “ആരമ്പത്തീരമ്പത്തൂരമ്പം-
                       ആലേലുല ചേലുല പാലുല
                       കിഴക്ക് നേരെ -മലക്കുമേലെ
                       പഴുക്ക പാക്കിന്റെ പഴുപ്പും കൊഴുപ്പും മുഴുപ്പും”-
ഉള്ള സൂര്യബിംബത്തെക്കുറിച്ചാണ് കുമ്മാട്ടിയുടെ പാട്ട്. അമ്പലത്തിനടുത്തുള്ള അരയാല്‍ ചോട്ടില്‍ തന്റെ ഭാണ്ഡമിറക്കി കുമ്മാട്ടി വിശ്രമിക്കുന്നത് കുട്ടികള്‍ ഒളിഞ്ഞ് നോക്കുന്നു. അതിമാനുഷനായ കുമ്മാട്ടിയാണവരുടെ സങ്കല്‍‌പ്പത്തിലുള്ളത്. പരുന്തിനെപോലെ പറക്കാനും ,മീനിനെ പ്പോലെ നീന്താനും,സ്വയം രൂപം മാറാനും,മറ്റുള്ളവരുടെ രൂപം മറ്റാനും കഴിയുന്ന ആള്‍. പക്ഷെ അവര്‍ കാണുന്നതോ‌‌- താടി അഴിച്ച് വെച്ച് ക്ഷീണം തീര്‍ക്കാന്‍ ബീഡി വലിച്ച് കിടക്കുന്ന ഒരു വൃദ്ധന്‍ കുമ്മാട്ടിയെ. അമ്പലക്കുളത്തില്‍ നീന്തിക്കുളിക്കുകയും ഷേവ് ചെയ്യിക്കുകയും,അടുപ്പ് കൂട്ടി കഞ്ഞി വെച്ച് കുടിക്കുകയും ചെയ്യുന്ന കുമ്മാട്ടിയുടെ കാഴ്ചകള്‍ അവരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ക്ലാസ്സ് നേരത്ത് സ്കൂള്‍ പരിസരത്തെത്തിയ കുമ്മാട്ടിയുടെ പാട്ട്കേട്ട് കുട്ടികളെല്ലാം അയാള്‍ക്ക് ചുറ്റും കൂടുന്നു. ചന്തയില്‍ നിന്ന് സന്ധ്യക്ക് മടങ്ങുമ്പോള്‍ വിജനമായ പെരുവഴിയില്‍ ചിണ്ടന്‍ കുമ്മാട്ടിയുടെ മുന്നില്‍ പെട്ടുപോകുന്നു. മദ്യപിച്ച് കാലിടറി നടന്നു വരികയാണ് കുമ്മാട്ടി. ചിണ്ടന്‍ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല. ചിണ്ടനോട് പോയ്കൊള്ളാന്‍ കുമ്മാട്ടി ആംഗ്യം കാട്ടി. ഈ സംഭവം ചിണ്ടന്‍ കൂട്ടുകാരോട് പറയുന്നുണ്ട്. പക്ഷെ ആരും വിശ്വസിക്കുന്നില്ല. കുമ്മാട്ടി ആവിയായി പോകുന്നത് താന്‍ കണ്ടുവെന്നും അവന്‍ പറയുന്നുണ്ട്. ഒരിക്കല്‍ കുമ്മാട്ടി അവന് ആകാശത്ത് നിന്ന് ഒരു ഈത്തപ്പഴം ഉണ്ടാക്കി തിന്നാന്‍ കൊടുത്തത്രേ.
                       പതുക്കെ കുട്ടികളുടെ ഭയം മാറുകയും അവര്‍ കുമ്മാട്ടിയുമായി കൂട്ടാകുകയും ചെയ്യുന്നു. കുമ്മാട്ടിക്കൊപ്പം അവര്‍ പാട്ടുപാടി നാടുചുറ്റുന്നുമുണ്ട്. കുമ്മാട്ടി അവര്‍ക്ക് മൃഗരൂപങ്ങളുള്ള കുഞ്ഞ് ബിസ്കറ്റുകള്‍ കൊടുക്കും.ഒരിക്കല്‍ പനിപിടിച്ച് അരയാല്‍ ചുവട്ടില്‍ അവശനായിക്കിടക്കുന്ന കുമ്മാട്ടിയെ നോക്കാന്‍ വൈദ്യരെ കൂട്ടി വരുന്നത് ചിണ്ടനാണ്.
                      കൊയ്ത്ത് കഴിഞ്ഞു. വരണ്ടുണങ്ങിയ ഗ്രാമത്തില്‍ നിന്നും കുമ്മാട്ടി പോവുകയാണ്.പോവല്ലേ എന്നു പറഞ്ഞ് കുട്ടികള്‍ കൂടെ തന്നെ ഉണ്ട്. പോവും മുമ്പ് നിങ്ങള്‍ക്ക് ഞാനൊരു ചെപ്പടിവിദ്യ കാണിച്ച് തരാം എന്നു പറഞ്ഞ് - അവര്‍ക്ക് തന്റെ കൈയിലെ മൃഗമുഖമ്മൂടികള്‍ കുമ്മാട്ടി നല്‍കുന്നു. മുഖമ്മൂടിയണിഞ്ഞ ഒരോ കുട്ടികളെയും അതാത് മൃഗങ്ങളും പക്ഷികളുമാക്കി കുമ്മാട്ടി മാറ്റുന്നു. അവര്‍ക്കൊപ്പം നൃത്തം വെക്കുകയാണു കുമ്മാട്ടി. ചിണ്ടനു കിട്ടിയത് നായയുടെ മുഖം മൂടിയായിരുന്നു. നായായി മാറിയ ചിണ്ടന്‍ കൂട്ടം തെറ്റി ഓടിപ്പോക്കുന്നു. കളിക്കുശേഷം മറ്റുള്ളവരെയെല്ലാം പൂര്‍വരൂപത്തിലേക്ക് മാറ്റി കുമ്മാട്ടി എങ്ങോ പോയ്ക്കഴിഞ്ഞു. രാത്രി മുഴുവന്‍ നാട്ടുകാര്‍ ചിണ്ടനെത്തേടി നടക്കുകയാണ്.
                വഴിതെറ്റിയ ചിണ്ടന്‍ (ഇപ്പോഴവന്‍ നായയാണ്.) നഗരത്തിലെത്തുകയും ഒരു വീട്ടില്‍ ചങ്ങലയിലാവുകയും ചെയ്യുന്നു. നാടന്‍ പട്ടിയായതിനാല്‍ ആ വീട്ടുകാര്‍ അഴിച്ച് വിട്ടപ്പോള്‍ അവന്‍ നേരെ ഗ്രാമത്തിലേക്ക് ഓടിവരുന്നു. അവന്റെ അമ്മയ്ക്കും തത്തയ്ക്കും ഒക്കെ ചിണ്ടനെ തിരിച്ചറിയാനാവുന്നുണ്ട്. നായ രൂപത്തില്‍ വന്ന മകനെ വാരിപ്പുണരുന്ന അമ്മ- അനിയത്തിക്കൊപ്പം പ്ലേറ്റില്‍ കഞ്ഞി വിളമ്പിവെച്ച് അവനെ ഊട്ടുന്നുമുണ്ട്. മകന്റെ രൂപം തിരിച്ച് കിട്ടാനായി നേര്‍ച്ചകളും പൂജകളും ചെയ്യുകയാണവര്‍ പിന്നീട്. പക്ഷെ നായ ജീവിതം ചിണ്ടന്‍ തുടരുകയാണ്.
                        ഊഷരമായ കാലത്തിനു ശേഷം ഋതുക്കള്‍ മാറിവരുന്നു. തകര്‍ത്ത് പെയ്യുന്ന മഴക്ക് ശേഷം പച്ചപ്പ് പരന്ന ഗ്രാമം. ഏതോ ശബ്ദം കേട്ട്  ,ഇറയത്ത് കിടക്കുന്ന ചിണ്ടന്‍ ചെവി കൂര്‍പ്പിച്ച് പിടിക്കുന്നു,.അവന് ഒരു ശബ്ദമേ കേള്‍ക്കേണ്ടതുള്ളു.... “ആരമ്പത്തീരമ്പത്തൂരമ്പത്ത്...”.അതാ കുന്നിറങ്ങി വരുന്ന കുമ്മാട്ടിയുടെ ശബ്ദം...ചിണ്ടന്‍ പുല്‍‌പ്പരപ്പുകളിലൂടെ ശബ്ദം കേട്ട സ്ഥലത്തേക്ക് കുതിച്ചോടുകയാണ്. കുമ്മാട്ടി അവനെ കണ്ടു. സങ്കടം വിങ്ങുന്ന ശബ്ദത്തോടെ കുമ്മാട്ടി “ചിണ്ടാ..ചിണ്ടാ എന്റെ മോനേ ..”എന്ന് ഉറക്കെ വിളിച്ചു. ഓടിഅടുത്ത ചിണ്ടനെ കുറ്റബോധത്തോടെ മാറോടടുക്കിപ്പിടിക്കുന്നു കുമ്മാട്ടി. ചിണ്ടന് സ്വന്തം രൂപം തിരിച്ച് കിട്ടി.പുരുഷാരമത്രയും ഈ അത്ഭുതം കേട്ട് അവിടേക്ക് ഓടിക്കൂടി.
                     ചിണ്ടന്‍ തന്റെ വീട്ടില്‍ തിരിച്ചെത്തി.കൂട്ടില്‍ ചിലക്കുന്ന തത്ത...ചങ്ങലയില്‍ കിടന്ന ഓര്‍മയാല്‍ ചിണ്ടന്‍ തത്തയെ കൂട്ടില്‍ നിന്നും പുറത്തെടുത്ത് ആകാശത്തേക്ക് പറത്തി വിടുന്നു. വിശാലമായ മാനത്ത് ഒഴുകിപ്പറക്കുന്ന പക്ഷികളുടെ ദീര്‍ഘമായ ഒരു ഷോട്ടില്‍ “കുമ്മാട്ടി” എന്ന സിനിമ അവസാനിക്കുന്നു.
                       കാവാലം നാരായണപ്പണിക്കരാണ് കുമ്മാട്ടിയുടെ കഥയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. അതീന്ദ്രിയമായ കഴിവുകളുള്ള കഥാപാത്രങ്ങളെ കുറിച്ചുള്ള നമ്മുടെ നാട്ടുസങ്കല്‍‌പ്പങ്ങള്‍ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞു മനസ്സുകളില്‍ മിത്തുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ സംഭവങ്ങളൊക്കയും ചിണ്ടന്റെ ഒരു പേക്കിനാവാണ്. കുമ്മാട്ടിയെക്കുറിച്ച് അവന്റെ മനസ്സിലെ ഭയവും മതിപ്പും രൂപം കൊടുത്ത സങ്കല്‍‌പ്പലോകം...അതു കൊണ്ടാണ് രൂപം മാറി തിരിച്ചെത്തിയ ചിണ്ടനെ വീട്ടിലാരും ശ്രദ്ധിക്കുന്നതായി സംവിധായകന്‍ കാണിക്കാത്തത്. തന്റെ സ്വപ്നത്തിലെ അസ്വതന്ത്രാനുഭവമാണ് തത്തയെ തുറന്ന് വിടാന്‍ ചിണ്ടനെ പ്രേരിപ്പിക്കുന്നത്.താന്‍ കണ്ടത് സ്വപ്നമാണെന്ന് ചിണ്ടനെ പോലെ പ്രേക്ഷകരും സംശയിക്കും.
                               മുത്തശ്ശിക്കഥകളിലും നാട്ടുപാട്ടുകളിലും ആചാരങ്ങളിലും പഴഞ്ചൊല്ലുകളിലും ചടങ്ങുകളിലും വിശ്വാസങ്ങളിലും ഉള്ള ചില നിഗൂഡ സങ്കല്‍‌പ്പങ്ങള്‍ അറിയാതെ നമ്മുടെ മനസ്സുകളിലും ഇടം നേടുന്നുണ്ട്.. സാങ്കേതികമായ പല പരിമിതികള്‍ ഉണ്ടെങ്കിലും ഗ്രാമത്തിന്റെ നൈര്‍മല്യവും ബാല്യത്തിന്റെ കുതൂഹലവും പഴമയുടെ നിഗൂഡതയും വിശ്വാസാചാരങ്ങളിലെ വൈവിധ്യവും ഘൃതുചക്രങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളും നാടന്‍ പാട്ടിന്റെ ഇളനീര്‍ രുചിയും ഈ സിനിമയുടെ ഓരോ ഫ്രയിമിലും നമുക്ക് അറിയാനാകും. 1979 ലെ ഏറ്റവും നല്ല കുട്ടികളുടെ സിനിമ പുരസ്കാരം നേടിയ കുമ്മാട്ടി അരവിന്ദന്റെ മറ്റു സിനിമകളെപ്പോലെ ഗഹനമായ ചര്‍ച്ചകള്‍ക്ക് വിധേയമായില്ല. കുട്ടികളുടെ സിനിമ എന്ന ലേബലില്‍ വന്നതായിരിക്കാം ഒരു കാരണം.എന്തായാലും ഈ സിനിമയുടെ ഓരോ കാഴ്ച്ചയും പുതിയ പുതിയ അനുഭവങ്ങളുടെ അടരുകള്‍ സൃഷ്ടിക്കും തീര്‍ച്ച.

10 അഭിപ്രായങ്ങൾ:

 1. നന്നായിട്ടുണ്ട് വിജയകുമാര്‍, എന്തുകൊണ്ടോ എനിക്ക് ഈ സിനിമ കാണാന്‍ പറ്റിയിരുന്നില്ല. അരവിന്ദന്റെ ഒട്ടുമിക്ക സിനിമകളും കണ്ടിരുന്നു. ഇത് വായിക്കുമ്പോള്‍ സിനിമ കാണുന്ന പ്രതീതിയുണ്ടായി. അരവിന്ദന്റെ കാഞ്ചനസീത സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രാഹ്യമായൊരു ദൃശ്യാനുഭവമായിരിക്കും. എന്നാല്‍ കുമ്മാട്ടി കുട്ടികള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നൊരു അഭ്രകാവ്യമാണെന്ന് ഈ കഥാസാരം മനസ്സിലാക്കിത്തരുന്നുണ്ട്. ഇന്ന് അയാഥാര്‍ത്ഥമായ, തികച്ചും കൃത്രിമമായ സിനിമകളും സീരിയലുകളും കാണുമ്പോഴാണ് അരവിന്ദനെ പോലെയുള്ള ചലച്ചിത്ര പ്രതിഭകളുടെ നഷ്ടം മനസ്സിലാകുന്നത്. മറ്റേതൊരു കലയെയും പോലെ സിനിമയും നമ്മുടെ മനസ്സിനെയും ഭാവനയെയും സമ്പന്നമാക്കാന്‍ പര്യാപ്തമാകേണ്ടതായിരുന്നു. നല്ലൊരു വായനയ്ക്ക് നന്ദി.

  മറുപടിഇല്ലാതാക്കൂ
 2. കുഞ്ഞായിരിക്കുമ്പോള്‍ കണ്ട സിനിമയാണ് കുമ്മാട്ടി...അന്ന് സിനിമ കാണുമ്പോള്‍ വല്ലാത്തൊരു മൂഡ്‌ ആയിരുന്നു എന്ന് ഞാനോര്‍ക്കുന്നു. കുമ്മാട്ടിയെക്കാണുമ്പോള്‍ കുട്ടികള്‍ക്കുണ്ടായിരുന്ന പേടി ഞാനും അനുഭവിച്ചിരുന്നു. ഒടുവില്‍ ചിണ്ടനെന്തു സംഭവിക്കുന്നു എന്ന് അറിയാനുള്ള ആകാംക്ഷയും കൂടി ചേരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ വയാത്ത ഒരു അനുഭവമായിരുന്നു ഈ സിനിമ. സത്യത്തില്‍ സിനിമ കണ്ടു കുറെ നാള് കഴിഞ്ഞും സ്വപ്നങ്ങളില്‍ കുംമാട്ടിയെ കണ്ടതായി ഓര്‍മ്മയുണ്ട്(കുട്ടിക്കാലത്തെ അപൂര്‍വം ചില ഓര്‍മ്മകളില്‍ ഒന്ന്). ഇന്ന് പക്ഷെ കുട്ടികള്‍ക്ക് കാണാന്‍ പട്ടണത്തില്‍ ഭൂതമോക്കെയല്ലേ ഉള്ളു... നല്ലത് ഇത്തരം സിനിമകള്‍ കൊണ്ട് കാണിച്ചു കൊടുക്കുന്നതായിരിക്കും. ഇതല്ലാതെ വാസ്തുഹാര മാത്രമേ ഗോവിന്ദന്‍ അരവിന്ദന്റെ സിനിമകളില്‍ വെച്ച് കണ്ടിട്ടുള്ളൂ...ഈ സിനിമയെ വീണ്ടും എന്റെ ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ തിരികെ കയറ്റിയതിനു ഒരു വലിയ ഡാങ്ക്സ്.. ഓഫ്‌:-എന്റെ ബ്ലോഗറില്‍ ഈ സൈറ്റ് ഇപ്പോള്‍ അപ്ഡേറ്റ് ഇടുന്നത് നിര്‍ത്തിയല്ലോ!!!...

  മറുപടിഇല്ലാതാക്കൂ
 3. സിനിമ വളരെ സീരിയസ്സായി കാണുന്ന വിനയൻ, ...നമ്മുടെ ചലചിത്ര അഭിരുചികളെ അരവിന്ദൻ സ്വാധീനിച്ചത് കുമ്മാട്ടിയിലൂടെയല്ലേ? കുറേ കുറ്റങ്ങളുണ്ടെങ്കിലും മലയാളത്തിലെ ഏക ബാല സിനിമ ഇതുമാത്രമല്ലേ...

  മറുപടിഇല്ലാതാക്കൂ
 4. ഋതു ടൈപ്പ് ചെയ്യേണ്ടത് r^thu = ഋതു എന്നാണ്. അക്ഷരത്തെറ്റ് തിരുത്തുമല്ലോ.

  മറുപടിഇല്ലാതാക്കൂ
 5. ഇതിനാണ് ഗൂഗിള്‍ ട്രാന്‍സിലിട്ടെരിയന്‍ ഉപയോഗിക്കേണ്ടത് ...അവിടെ r^thu എന്നെഴുതേണ്ടതില്ല.. ഋതു -- > rithu എന്നെഴുതിയാല്‍ അതു തിരിച്ചറിയും!...

  മറുപടിഇല്ലാതാക്കൂ
 6. സുകുമാരേട്ടന്‍, വിനയന്‍ വളരെ നന്ദി..അക്ഷരതെറ്റു കാണുമ്പോള്‍ വല്ലാത്ത അസ്വസ്ഥതാനുഭവപ്പെട്ടുകാണുമെന്ന് മനസ്സിലാക്കുന്നു. ഈ രണ്ട് അക്ഷരങ്ങള്‍ എന്നെ കുറേ സമയം ചുറ്റിപ്പിച്ചു,ഋതു അടിക്കാന്‍ പടിച്ചു. ഇനിയും ശരിയാകാത്ത രണ്ടക്ഷരങ്ങള്‍കൂടിയുണ്ട്..“ഗാഡം“ “പാഡം”

  മറുപടിഇല്ലാതാക്കൂ
 7. ഗാഢം.പാഠം, രണ്ടും ശരിയായി

  മറുപടിഇല്ലാതാക്കൂ
 8. കുമ്മാട്ടിയെ ഗൂഗിള്‍ ചെയ്ത് എത്തിയതാണ് ;)

  ദാണ്ടെ വിജയേട്ടന്റെ പോസ്റ്റ്.അപ്പൊ സമയം കിട്ടുമ്പോള്‍ ഈ വിക്കിലേഖനം വികസിപ്പിച്ചോളൂ..

  http://ml.wikipedia.org/wiki/കുമ്മാട്ടി_(മലയാളചലച്ചിത്രം)

  മറുപടിഇല്ലാതാക്കൂ
 9. കുമ്മാട്ടി യെ ഗൂഗിളിൽ തെരഞ്ഞാണ് ഞാനും ഇവിടെ എത്തിയത്.. ചിണ്ടന്റെ മനോവിചാരങ്ങളിൽ ചിണ്ടനൊരു മിണ്ടപ്രാണി ആയതാവാം എന്നൊരു ആസ്വാദനം ഇവിടൊഴിച്ച് മറ്റെങ്ങും പറഞ്ഞോ എഴുതിയോ കണ്ടില്ല, മാജിക്കൽ റിയലിസത്തിന്റെ ഏറ്റവും മനോഹരമായ ഒരു പ്രയോഗം ആളുകൾക്ക് മനസ്സിൽ ആവാതെ പോകരുത്..

  മറുപടിഇല്ലാതാക്കൂ