4/14/2010

ചുവന്ന കുഞ്ഞു പൂക്കൾ


2006/ചൈന/കളര്‍/92 മിനിറ്റ്/സംവിധാനം; ഷാങ് യുവാന്‍
                നാലുവയസ്സ് മാത്രം പ്രായമായ ഫങ് ക്വിയാംക്യാങിനെ അവന്റെ അച്ഛന്‍ കൈ പിടിച്ച് നടത്തിക്കൊണ്ടുവരുന്നിടത്താണ് “ലിറ്റില്‍ റെഡ് ഫ്ലവേര്‍സ്” എന്ന ചൈനീസ് സിനിമ ആരംഭിക്കുന്നത്.മധ്യവര്‍ഗ്ഗകുട്ടികള്‍ താമസിച്ച്പഠിക്കുന്ന പാരമ്പര്യവും ആഡ്ഡ്യത്യവുമുള്ള  ഒരു റസിഡന്‍ഷ്യല്‍ കിന്റെര്‍ ഗാര്‍ട്ടണില്‍ അവനെ ചേര്‍ക്കാനാണ് അച്ഛന്‍ കൊണ്ടുവരുന്നത്.1950ലെ വിപ്ലവാനന്തര ബീജിംങാണു സ്ഥലം.മഞ്ഞുപുതഞ്ഞ വഴികളിലൂടെ നടന്നുവരുന്ന അവര്‍-വലിയ കല്‍‌പ്പടവുകളിലെത്തിയപ്പോള്‍ കുഞ്ഞ് ക്വിയാങിനെ എടുത്തുനടക്കുകയാണ് അച്ഛന്‍.അവന്‍ പ്രതിഷേധിക്കുന്നുണ്ട്.അച്ഛന്‍ അവനെ അവിടെ ചേര്‍ത്ത്(ഉപേക്ഷിച്ച്..)പോയതോടെ പുതിയ ലോകവുമായി ഇണങ്ങാനും ഒത്തുപോകാനും ക്വിയാങ് നടത്തുന്ന ശ്രമങ്ങളാണ് മനോഹരമായ ഈ സിനിമ.
       പ്രശസ്ത ചൈനീസ് എഴുത്തുകാരനായ വാംങ് ഷുവോയുടെ ആത്മകഥാപരമായ ‘മനോഹരമാകാമായിരുന്നു’ എന്ന നോവലിനെ അവലംബിച്ച് 2006ല്‍ പുറത്തിറങ്ങിയ 92 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ പൂര്‍ണ്ണമായും ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
     കുറേയേറെ ചിട്ടവട്ടങ്ങളുള്ള സ്കൂളാണത്.കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാനും,സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കാനും ടീച്ചര്‍മാര്‍ ശ്രമിക്കുന്നുണ്ട്.പഴയ കോട്ടപോലെതോന്നിക്കുന്ന ആ കെട്ടിടത്തില്‍ അച്ചടക്കത്തിനും അനുസരണക്കും വലിയ പ്രാധാന്യമാണ്.അത്തരത്തിലുള്ള കുട്ടികളെ പ്രചോദിപ്പിക്കാനായി ഒരോ ദിവസവും അവരുടെ “നല്ല ശീലങ്ങള്‍” മാര്‍ക്ക് ചെയ്ത്  അവര്‍ക്ക് ഒരോ “കുഞ്ഞ് ചുവന്ന വെല്‍ വെറ്റ് പൂക്കള്‍“ സമ്മാനമായി നല്‍കും. അത് ക്ലാസ്സിലെ സ്കോര്‍ബോര്‍ഡില്‍ കുട്ടികളുടെ പേരിനു നേരെ ഒട്ടിച്ചു വെക്കും.സ്കോര്‍ ബോര്‍ഡില്‍ ചുവന്ന പൂക്കള്‍ കൂടുന്നതിനനുസരിച്ച് അവരെ ക്ലാസ്സ് ലീഡറാക്കും.രാവിലെ ക്രിത്യ സമയത്ത് കക്കൂസില്‍ പോവുക, ഉടുപ്പ് സ്വയം ധരിക്കുക,കൂട്ടം തെറ്റാതെ വരിയായി നടക്കുക,കൂട്ടുകാരുമായി അടികൂടാതിരിക്കുക ,തുടങ്ങിയവയൊക്കെയാണ് നല്ല ശീലങ്ങള്‍. ക്വിയാങിന് ഇതൊന്നും അറിയില്ല.അതുകൊണ്ടുതന്നെ അവന് ഒരിക്കലും ചുവന്ന പൂക്കള്‍ സമ്മാനമായി ലഭിക്കുന്നില്ല.രാത്രിയില്‍  വാതില്‍ തുറന്ന് പുറത്തിറങ്ങി മുറ്റത്തെ പൊടി മഞ്ഞിലേക്ക് മൂത്രമൊഴിക്കുന്നത് അവന്‍ സ്വപ്നം കാണും.രാവിലെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് ടീച്ചറില്‍ നിന്നും  വഴക്ക് കേള്‍ക്കുകയും ചെയ്യും. ചുവന്ന പൂക്കള്‍ കിട്ടണമെന്ന് ക്വിയാങിന് കൊതിയുണ്ട്..പക്ഷെ അവന് ഒരിക്കലും കിട്ടുന്നില്ല. ഒരിക്കല്‍ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു ചുവന്ന പൂവ് അവനു വീണു കിട്ടി.അത് കൈലോസില്‍ പൊതിഞ്ഞ് സൂക്ഷിച്ച് കൂട്ടുകാരിയെ അവന്‍ കാണിക്കുന്നുണ്ട്..
       ഒട്ടും പരിചിതമല്ലാത്ത സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ക്വിയാങിന് ആവുന്നില്ല.മറ്റുകുട്ടികളെക്കാള്‍ വൈകിയാണവന്‍ സ്കൂളില്‍ ചേര്‍ന്നിരിക്കുന്നത്..അനാഥത്വമുണ്ടെങ്കിലും സ്കൂളിലെ ജീവിതം വര്‍ണ്ണാഭവും രസകരവും, സമ്പന്നവുമാണ്.ഡിക്കന്‍സിന്റെ ഒലിവര്‍ ടിസ്റ്റ് അനുഭവിച്ച തരം നരക ഇടമല്ല ആ സ്കൂള്‍.കുട്ടികളെ ‘നല്ലവരായി’വളര്‍ത്താന്‍ ‘ശാസ്ത്രീയമായി’ ഒരുക്കിയ ,ക്രിത്യതയുള്ള ദൈനംദിന ചിട്ടകള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും,നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് കുഞ്ഞായ ക്വിയാങിനു എന്തിനെന്നു മനസ്സിലാകുന്നില്ല.മുതിര്‍ന്നവര്‍ക്ക് (മധ്യവര്‍ഗ്ഗ പ്രേക്ഷകന്)ഒരു കുഴപ്പവും തോന്നാത്ത സന്തോഷകരമായ ഒരിടമാണത്. നല്ല ടീച്ചര്‍മാര്‍,പലതരം കളികള്‍,സമൂഹ ജീവിതത്തിന്റെ പാഠങ്ങള്‍,നല്ല ഡോര്‍മിറ്ററികള്‍,നല്ല ഭക്ഷണശീലങ്ങള്‍...ആകെ നോക്കിയാല്‍ ‘ഇങ്ങനെയായിരിക്കണം ഒരു സ്കൂള്‍’ എന്നു തോന്നിപ്പോകുന്ന ഇടം.പക്ഷെ ക്വിയാങ്ങിന് അവിടം ഇഷ്ടമായില്ല.തിളങ്ങുന്ന കണ്ണുകളും,തൂടുത്ത കവിളുകളുമായി,സ്വന്തം രീതികളില്‍ ജീവിക്കുന്ന അവന് അവിടം തനിക്കു ചേരാത്ത സ്ഥലമായാണു തോന്നിയത്.
          പതുക്കെ ക്വിയാങ്ങ് ആ സ്കൂളിലെ റിബല്‍ ആയി മാറുന്നു.അവന്റെ മോശം സ്വാധീനം മറ്റുകുട്ടികളില്‍ ഉണ്ടാകാതിരിക്കാന്‍ അവനെ ടീച്ചര്‍മാര്‍ അവനെ കുട്ടികളുമായി ഇടപെടുന്നത് വിലക്കുന്നു.കൂടുതല്‍ ഒറ്റപ്പെടുന്തോറും അവന്‍ കൂടുതല്‍ അന്തര്‍മുഖനും അക്രമസ്വഭാവമുള്ളവനായും മാറുന്നു.മറ്റുകുട്ടികള്‍ അവനെ കളിക്കാന്‍ കൂടെ കൂട്ടുന്നില്ല.എങ്കിലും പതുക്കെ അവന്റെ ഊര്‍ജ്ജസ്വലതയും ധൈര്യവും കൂട്ടുകാരില്‍ അവനു സ്വാധീനമുണ്ടാക്കുന്നു.നല്ലവരെങ്കിലും അവനിഷ്ടമില്ലാത്ത ലീ എന്ന ടീച്ചര്‍ -‘കുട്ടികളെ പിടിച്ചുതിന്നുന്ന വാലുള്ള ജന്തു’വാണെന്നു ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ അവനു കഴിയുന്നു.ഭയന്ന കുട്ടികളെല്ലാവരും കൂടി രാത്രിയില്‍ അവരെ പിടിച്ചുകെട്ടിയിടാന്‍ തീരുമാനിക്കുന്നു.ഷൂലൈസുകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ കയറുമായി ക്വിയാങ്ങിന്റെ നേത്രുത്വത്തില്‍ ഉടുതുണിപോലുമില്ലാത്ത കുട്ടികളുടെ ഗൂഢസംഘം ഇരുട്ടിലൂടെ ഇഴഞ്ഞ് ടീച്ചറുടെ കട്ടിലിനരികിലെത്തുന്നു.ഉണര്‍ന്ന ടീച്ചര്‍ ഭയന്നു നിലവിളിക്കുന്നതോടെ കുട്ടികളെല്ലം പിന്തിരിഞ്ഞോടുന്നു.
       തന്നെ മറ്റുള്ളവര്‍ അവഗണിക്കുന്നെന്നും.ഒരിക്കലും തനിക്ക് ചുവന്ന പൂക്കള്‍ സമ്മാനമായി കിട്ടില്ലെന്നും മനസ്സിലാക്കിയ ക്വിയാങ്ങിന്റെ പ്രതിഷേധങ്ങള്‍ പുതിയ മാനങ്ങളിലേക്ക് വികസിക്കുന്നു.അനുസരണക്കേട് അവന്റെ സ്വഭാവമാകുന്നു.അവനെ ഏറെ ഇഷ്ടമുള്ള ടീച്ചറെപ്പോലും അവന്‍ തെറി വിളിക്കുന്നു.ശിക്ഷയായി അവനെ മുറിയില്‍ പൂട്ടിയിടുന്നു.പിന്നീടൊരിക്കല്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി ക്വിയാങ്ങ്  ആരും കാണാതെ സ്കൂള്‍ ഗൈറ്റ് കടന്ന് പുറത്തെ സ്വതന്ത്ര ലോകത്തിലേക്കിറങ്ങുന്നു.റോഡിലൂടെ കാഴ്ച്ചകളും ഘോഷയാത്രയും കണ്ട് നടന്ന് തളര്‍ന്ന് ഒരിടത്തിരിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു.
        സമൂഹത്തിന്റെ ‘അരുതായ്മ’കളും,‘നിയമങ്ങളും’, അടിച്ചേല്‍‌പ്പിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ അതിനോട് എങ്ങിനെ പ്രതികരിക്കുമെന്നും അവയുമായി പൊരുത്തപ്പെടാനാകാത്തവരുടെ അസ്വസ്ഥതകള്‍ എങ്ങിനെയൊക്കെ പ്രകടമാക്കപ്പെടുമെന്നും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.പൊതുചിന്താരീതികളില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും ഇതില്‍ കാണാം.
     വളരെ ചെറിയ കുട്ടികളെ മാത്രം ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ഈ സിനിമയില്‍ വളരെ സ്വാഭാവികമായാണ് എല്ലാ കുട്ടികളും ‘അഭിനയി’ച്ചിരിക്കുന്നത്.കുഞ്ഞു ക്വിയാങ്ങായി വേഷമിട്ടിരിക്കുന്ന ഡോങ് ബോവല്‍ അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ക്യാമറ പലപ്പോഴും കുട്ടികളുടെ ഐ ലവലിലാണു സ്ഥാപിച്ചിരിക്കുന്നത്.നിഴലും വെളിച്ചവും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.പശ്ചാത്തല സംഗീതം കുഞ്ഞു മനസ്സുകളുടെ വികാരവും,ഊര്‍ജ്ജസ്വലതയും വെളിവാക്കും വിധമാണ് ചേര്‍ത്തിരിക്കുന്നത്.വളരെ ലളിതമായ ഒരു കഥപറച്ചില്‍ രീതിയിലൂടെ  വളരെ സങ്കീര്‍ണ്ണമായ വ്യക്തി-സ്വത്വ പ്രതിസന്ധികളെ ചര്‍ച്ചചെയ്യുന്ന ഈ സിനിമ 2006ലെ ബെര്‍ലിന്‍ ഫിലീം ഫെസ്റ്റിവലില്‍ CICAE അവാര്‍ഡും ഷാങ്ഹായ് ഫിലീം ക്രിട്ടിക്ക് അവാര്‍ഡും നേടി.
   സ്കൂളില്‍ നിന്നും പുറത്തിറങ്ങി  വിജനമായ ഒരിടത്ത് ഒരു കല്ലില്‍ തലവെച്ചുറങ്ങുന്ന ക്വിയാങിന്റെ ഒരു ഏരിയല്‍ ഷോട്ടുണ്ട് അവസാനം.ആ ദ്രിശ്യം ഏകാന്ത ബാല്യങ്ങളുടെ ഓര്‍മ്മകളെ പ്രേക്ഷക മനസ്സിലേക്ക് ഒരു ശീതകാറ്റായി ഇരച്ച് കയറ്റും തീര്‍ച്ച

അനാഥ ബാല്യങ്ങളും വഴിയറിയാത്ത കൌമാരവും

ലോകം എന്ത് ചിന്തിക്കുന്നു എന്നതിന്റെ കണ്ണാടിയാണ് സിനിമകള്‍.കുട്ടികളും അവരുടെ ദുരിതവും കൂടുതല്‍  ഗൌരവതരമായ ചര്‍ച്ചകളിലേക്ക് ഇടം നേടുന്നുവെന്നതിന് സിനിമകള്‍ കാരണമാകുന്നത് നല്ലത് തന്നെ. അനാഥത്വത്തിന്റെയും ദുരിതങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യകാരണങ്ങളിലേക്ക് നമ്മുടെ ചിന്തകളെ ഈ സിനിമകളിലെ കണ്ണീരിന്റെ നനവ് നയിക്കുമെന്നാശിക്കം.
 2009 ഡിസംബര്‍ 11 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടന്ന പതിനാലാം അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ പ്രദര്‍ശ്ശിപ്പിക്കപ്പെട്ട ചില ചലചിത്രങ്ങളെ മുന്‍ നിര്‍ത്തിയുള്ള ആലോചനകളാണ് ഈ ലക്കം ക്ലോസ്സപ്പില്‍. ബാല്യവും കൌമാരവും പ്രധാന വിഷയമായി വന്ന നിരവധി സിനിമകളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തിയത്. അവയില്‍ പലതും മികച്ച ചലചിത്ര കാവ്യങ്ങള്‍ തന്നെയായിരുന്നു

തിരുവനന്തപുരത്ത് എല്ലാ വര്‍ഷവും നടക്കാറുള്ള ചലചിത്രോത്സവം അതിന്റെ പങ്കാളിത്തം കൊണ്ടും തെരഞ്ഞെടുക്കുന്ന ചലചിത്രങ്ങളുടെ നിലവാരം കൊണ്ടും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു..ലോകത്തിലെ പല വിഖ്യാത സംവിധായകരും അവരുടെ സിനിമകള്‍ ഈ മേളയിലേക്ക് അയക്കുന്നുണ്ട്.ലോകത്തിലെ ഓരൊ ഭാഗത്തുമുള്ള കുട്ടികളുടെ ജീവിതം ഏതെല്ലാമോതലങ്ങളില്‍ ഈ സിനിമകള്‍ നമ്മെ അനുഭവിപ്പിക്കും.

എ സ്റ്റെപ് ഇന്‍ റ്റു ദ ഡര്‍ക്ക്നെസ്സ്

അറ്റില്‍ ഇനാക് സംവിധാനം ചെയ്ത ടര്‍ക്കി സിനിമയായ ‘എ സ്റ്റെപ് ഇന്റു ദ ദര്‍ക്നെസ്സ്‘ ആയിരുന്നു ഉദ്ഘാടന ചിത്രം.വടക്കന്‍ ഇറഖിലെ വിദൂര ഗ്രാമത്തില്‍ ഒരു രാത്രി അമേരിക്കന്‍ പട്ടാളം റൈഡ് നടത്തുന്നു. സകലരേയും വെടിവെച്ച് കൊല്ലുന്നു. സെന്നെറ്റ് എന്ന തുര്‍ക്ക്മെന്‍ പെണ്‍കുട്ടി മാത്രം ബാക്കിയാവുന്നു. അവള്‍ക്കിനി ഈ ഭൂമിയില്‍  ബന്ധുവായി ബാക്കിയുള്ളത് സഹോദരന്‍ മാത്രം. അവന്‍ കച്ചവടത്തിനായി കിര്‍ക്കുക്കിലാണുള്ളത്.അവനെ തേടി അവള്‍ യാത്ര ആരംഭിക്കുന്നു.ദുരിതപൂര്‍ണ്ണമായ യാത്രക്കൊടുവില്‍ കിര്‍ക്കുക്കിലെത്തിയ അവള്‍ ബോംബാക്രമണത്തില്‍ സാരമായി പരിക്കേറ്റ സഹോദരനെ തുര്‍ക്കിയിലെവിടെയോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരമറിയുന്നു.അതിര്‍ത്തി കടക്കാന്‍ കള്ളക്കടത്തുകാര്‍ക്കൊപ്പം ശ്രമിക്കുന്ന അവളെ അവരിലൊരാള്‍ ബലാത്സംഗം ചെയ്യുന്നു. ജീവിതമവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന സെന്നെറ്റിനെ  മത തീവ്രവാദികളായ രണ്ട് ചെറുപ്പക്കാര്‍  രക്ഷപ്പെടുത്തി  ഗൂഢോദ്വേശത്തോടെ   തുര്‍ക്കിയില്‍ എത്തിക്കുന്നു.അവളുടെ സഹോദരന്‍ മരിച്ചുപോയെന്നു വിശ്വസിപ്പിച്ച്-(യഥാര്‍ത്ഥത്തില്‍ അയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുകയായിരുന്നു) ചാവേറാകാനുള്ള മാനസികാവസ്ഥയിലേക്കവളെ മാറ്റുന്നു.ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് ചാവേറായി അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് നടക്കുന്ന അവള്‍ക്ക് അവസാനം മാനസാന്തരമുണ്ടാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. യുദ്ധങ്ങളുടെ ഇരയും ഉപകരണവും കുട്ടികളാവുന്നതിന്റെ ഒരു നേര്‍ ചിത്രം ഈ സിനിമ നമ്മെ കാട്ടിത്തരുന്നു.

ജെര്‍മല്‍
രവി ബര്‍വാനി സംവിധാനം ചെയ്ത ജെര്‍മല്‍ എന്ന ഇന്തോനേഷ്യന്‍ സിനിമയിലെ പ്രധാന കഥാപാത്രം ജയ എന്ന പന്ത്രണ്ടുവയസ്സുകാരനാണ്.അമ്മയുടെ മരണശേഷം ആരുമില്ലാതായ അവന്‍ അച്ഛനെത്തേടിപ്പോകുകയാണ്.അച്ഛന്‍ ജോഹര്‍ നടുക്കടലില്‍ മീന്‍പ്പിടുത്തത്തിനായി മരത്തടികള്‍ക്ക് മുകളില്‍ ഉയര്‍ത്തി നിര്‍ത്തിയ ഫിഷിങ് പ്ലാറ്റ്ഫോമി(ജെര്‍മല്‍)ന്റെ മേല്‍നോട്ടക്കാരനാണ്.തന്റെ ഇരുണ്ട ഭൂതകാലം വെളിവാകുമെന്ന ഭയത്താല്‍ ജോഹര്‍ ജയയെ മകനായി അംഗീകരിക്കുന്നില്ല.മീന്‍പ്പിടുത്തക്കാര്‍ക്കൊപ്പം കഠിനമായ ജോലിയിലേര്‍പ്പ്ടുന്ന ജയ അവരുടെ അവഹേളനങ്ങള്‍ക്കും വിധേയനാകുന്നുണ്ട്. ഒടുവില്‍ ഭൂതകാലം പരസ്പരം അവഗണിക്കാനാകാത്തവിധം എത്ര ദ്യഢമായി തങ്ങളെ ഇരുവരേയും ബന്ധിപ്പിച്ചിരിക്കുന്നു എന്നവര്‍ തിരിച്ചറിയുന്നു.


മൈ സീക്രട്ട് സ്കൈ
മഡോണ നികായി യാന സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ സിനിമയായ മൈ സീക്രട്ട് സ്കൈയും അനാഥരായ രണ്ട് കുട്ടികളെക്കുറിച്ചാണ്.അമ്മ മരിച്ചുപോയതോടെ പത്തു വയസ്സുകാരി തെംബിയും എട്ടുവയസ്സുകാരന്‍ അനുജന്‍ ക്വസിയും ഗ്രാമത്തിലെ കുടിലില്‍ തനിച്ചാകുന്നു..ചിത്രപ്പണികളുള്ള പുല്ലുപായകള്‍ മെടയുന്നതില്‍ മിടുക്കിയായിരുന്നു അവരുടെ അമ്മ.അവര്‍ നെയ്ത ആകശവും നക്ഷത്രങ്ങളുമുള്ള മനോഹരമായ ഒരു പായ മാത്രമേ ആ വീട്ടില്‍ അവശേഷിച്ചിരുന്നുള്ളു. ഒരിക്കലൊരു വെള്ളക്കാരന്‍ പാതിരി നഗരത്തിലെ കരകൌശല പ്രദര്‍ശന സ്ഥലത്തെത്തിച്ചാല്‍ അതിന് നല്ല വില കിട്ടുമെന്ന് പറഞ്ഞിരുന്നു. ആയാളുടെ വിലാസം അവളുടെ കൈയിലുണ്ട്.ആകെയുള്ള സമ്പാധ്യമായ പുല്ലുപായയും കൊണ്ട് കുട്ടികളിരുവരും നടന്നും കള്ളവണ്ടികയറിയും നഗരത്തിലെത്തുന്നു. നിഷ്കളങ്കരായ അവര്‍ ചെന്നെത്തിയത് പട്ടണത്തിലെ തെമ്മാടിക്കുട്ടികളുടെ സംഘത്തില്‍.അവരെല്ലം അനാഥരാണ്.സംഘത്തലവനായ പന്ത്രണ്ട് വയസ്സുകാരന്‍ ചില്ലിബൈറ്റ് പാതിരിയെ കാണിച്ചുതരാമെന്നു പറഞ്ഞ് കുട്ടികളെ പറഞ്ഞുവിടുന്നത് ഒരു വ്യഭിചാര കേന്ദ്രത്തിലേക്കാണ്.കുട്ടികള്‍ എങ്ങനെയെല്ലാമോ അവിടെ നിന്നും രക്ഷപെടുന്നു. നഗരം മടുത്ത ക്വസി ആ പുല്ലുപായയാണ് എല്ലാത്തിനും കാരണമെന്നു പറഞ്ഞ് അത് തീയിലിടുന്നു.അപ്പോഴേക്കും റ് തെംബി പാതിരിയെ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. പായ നഷ്ടപ്പെട്ടെങ്കിലും തെംബി തെരുവിലെ ചവറുകള്‍ക്കിടയിലെ വര്‍ണക്കടലാസ്സുകള്‍ കൊണ്ട് കൌതുക വസ്തുക്കള്‍ ഉണ്ടാക്കിവിറ്റ് പണം നേടി,കടല്‍ കണ്ട്, ഒരു പ്ലാസ്റ്റിക് കുടത്തില്‍ കടല്‍ വെള്ളവും തലയില്‍ ചുമന്ന് ഗ്രാമത്തിലേക്ക് തിരിച്ചുനടക്കുന്നു.

മസാഞ്ചെലസ്

1966 ല്‍ ഉറുഗ്വെയില്‍ നടക്കുന്ന കഥയാണ് മസാഞ്ചെലസ് , ബിയാട്രിസ് ഫ്ലോര്‍സ് സില്‍ വ സംവിധാനം ചെയ്ത ഈ സിനിമ മസാഞ്ചെലസ് എന്ന ഏഴു വയസ്സുകാരിയുടെ കഥയണ്.ഉറുഗ്വെന്‍ രാഷ്ട്രീയവും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.ഒറീലിയൊ സാവേദ്ര അവിടത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ്.ഇലക്ഷന്‍ വിജയത്തെ തുടര്‍ന്ന് നടക്കുന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ തന്റെ ഭാര്യയെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങള്‍ കേട്ട് അദ്ദേഹത്തിന്റെ രഹസ്യഭാര്യ അത്മഹത്യ ചെയ്യുന്നു.അവരുടെ മകളാണ് മസാഞ്ചെലസ്.സാവെദ്ര മകളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നു.ഭാര്യയും മകനും അടക്കം നിരവധി പേര്‍ താമസിക്കുന്ന വലിയൊരു വീടാണത്. മസാഞ്ചെലസ് അവിടവുമായി പൊരുത്തപ്പെടാന്‍ വളരെ വിഷമിക്കുന്നു. പതുക്കെ തന്റെ അര്‍ധസഹോദരനായ സാന്റിയാഗോയുമായി അവള്‍ അടുപ്പത്തിലാകുന്നു.ഉറുഗ്വെയിലെ മന്ത്രിയാണിപ്പോള്‍ സവേദ്ര.പക്ഷെ മകന്‍ അവറുടെ നയങ്ങളോട് വിയോജിപ്പുള്ളയാളാണ്.അയാള്‍ ഗവര്‍മ്മെന്റിനെതിരെ പൊരുതുന്ന ഗറില്ലകള്‍ക്കൊപ്പമാണ്. വീടിന്റെ രഹസ്യ ഭാഗം അവര്‍ ഒളിവിടമായി ഉപയോഗിക്കുന്നുണ്ട്. പതിമൂന്നുകാരിയായ മസാഞ്ചെലസിന്‍ ഈ രഹസ്യമറിയാം.സാന്റിയാഗോയില്‍ നിന്നും ഗര്‍ഭിണിയായ അവള്‍ പട്ടാള ആക്രമണ സമയത്ത് ആ കെട്ടിടത്തില്‍ കുടുങ്ങിപ്പോവുന്നു.
എ ഫ്ലൈ ഇന്‍ ദ ആഷസ്
ദാരിദ്രത്തില്‍ നിന്നും കരകയറാനായി അര്‍ജെന്റീനയിലെ വടക്കു കിഴക്കന്‍ പ്രദേശത്തിലെ ഗ്രാമത്തില്‍ നിന്നും ജോലിതേടി ബ്യൂണസ് അയേഴ്സിലേക്ക് ഒരു ദല്ലാള്‍ക്കൊപ്പം യാത്ര പുറപ്പെടുകയാണ് സുഹ്രുത്തുക്കളായ നാന്‍സിയും പാറ്റോയും.ഈ കൌമാരക്കാരുടെ കഥയാണ് ഗാബ്രിയേല ഡേവിസ് സംവിധാനം ചെയ്ത എ ഫ്ലൈ ഇന്‍ ദ ആഷസ് .ഇവര്‍ ചെന്നെത്തുന്നത് പെണ്‍ വാണിഭ സംഘത്തിലും. മുതിര്‍ന്നവളായ നാന്‍സി പക്ഷെ കുട്ടിക്കളി മാറത്തവളും പാറ്റോയെ പിരിഞ്ഞിരിക്കാന്നാവാത്തവിധം അടുപ്പം സൂക്ഷിക്കുന്നവളുമാണ്. സാഹചര്യങ്ങളോടിണങ്ങി വേശ്യാവ്യത്തിക്ക്  അവള്‍ സമ്മതിക്കുന്നു.ഇടപാടുകാരിലാരെങ്കിലും തങ്ങളെ സഹായിക്കുമെന്നാണവളുടെ വിശ്വാസം.പാറ്റോ പൊരുതിനില്‍ക്കുന്നു. എല്ലാ പീഢനങ്ങളും സഹിച്ച്....പാറ്റോയെ കൊന്നുകളയാനാണ് സംഘത്തിന്റെ തീരുമാനമെന്നറിഞ്ഞ നാന്‍സി അവിടെ നിന്ന് രക്ഷപ്പെട്ട് പോലീസില്‍ വിവരമറിയിക്കുന്നു.

ട്രൂ നൂണ്‍

സംവിധാനത്തിനുള്ള രജത ചകോരവും പ്രേക്ഷക അവാര്‍ഡും നേടിയ ട്രൂ നൂണ്‍ എന്ന താജിക്കിസ്ഥാന്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നോസിര്‍ സൈദോവാണ് .അതിര്‍ത്തി ഗ്രാമത്തിലെ സുന്ദരിയായ പെണ്‍കുട്ടിയാണ് നിലൂഫര്‍. അവിടത്തെ കുന്നിന്‍ മുകളില്‍ പഴയ സോവിയറ്റ് റിപ്പബ്ലിക് കാലത്തേ സ്ഥാപിച്ചിരുന്ന കാലാവസ്ഥാകേന്ദ്രത്തിലെ മേല്‍നോട്ടക്കാരനാണ് റഷ്യക്കാരന്‍ വ്രുദ്ധന്റെ സഹായിയാണവള്‍. അവള്‍  കാലാവസ്ഥ ഉപകരണങ്ങള്‍ ഉപയോഗിക്കാനും,വിവരങ്ങള്‍ രേഖപ്പെടുത്താനും  സ്വയം പഠിച്ചെടുത്തിരുന്നു.ചാര്‍ജ്ജ് കൈമാറാന്‍ പകരക്കാരന്‍ വരാത്തതിനാല്‍ റഷ്യയിലെ കുടുംബത്തെ പിരിഞ്ഞ് എത്രയോ വര്‍ഷമായി കുടുങ്ങിപ്പൊയിരിക്കുകയാണ് വ്യദ്ധന്‍. തപാലും നിലച്ചിട്ട് മാസങ്ങളേറെയായി.വയര്‍ലെസ്സ് സെറ്റിലാണെങ്കില്‍ മറുപടിയൊന്നുമില്ല.നിലൂഫറിനെ ചാര്‍ജ്ജ് ഏല്‍‌പ്പിച്ച് സ്ഥലം വിടാനുള്ള ഒരുക്കത്തിലാണയാള്‍. അവളുടെ വിവാഹം കഴിയുന്നതുവരെ മാത്രം അവിടെ തങ്ങാനണ് തീരുമാനം.തൊട്ടടുത്ത ഗ്രാമത്തിലെ അസീസുമായുള്ള അവളുടെ വിവാഹ നിശ്ചയദിവസം -പെടുന്നനെ പുതിയ ഏതോ ഉടമ്പടി പ്രകാരം അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് - ഗ്രാമങ്ങള്‍ക്ക് നടുവിലൂടെ പട്ടാളം മുള്ളുകമ്പിവേലി പണിതു. അക്കാലമത്രയും ഒന്നിച്ചു ജീവിച്ചവര്‍ രണ്ട് രാജ്യങ്ങളിലായി..കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവും കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കുന്ന ഒരു സീനുണ്ട് ഈ സിനിമയില്‍.വധുവും വരനും അപ്പുറവും ഇപ്പുറവും...മൈനുകള്‍ പാകിയ അതിര്‍ത്തി മുറിച്ചു കടന്ന് ആ പ്രണയിനികള്‍ക്ക് ഒത്തുചേരാന്‍ വഴിയൊരുക്കുന്നത് റഷ്യന്‍ വ്രിദ്ധനാണ്.അതിനയാള്‍ക്ക് സ്വന്തം ജീവന്‍ പകരം നല്‍കേണ്ടിവന്നു.

മത്സരവിഭാഗത്തിലെന്നപോലെ ലോകസിനിമാ വിഭാഗത്തിലും കുട്ടികളും അവരുടെ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്ന നിരവധി സിനിമകള്‍ പ്രദര്‍ശ്ശിപ്പിക്കുകയുണ്ടായി.
ദ അദര്‍ ബാങ്ക്
പ്രേക്ഷക ശ്രദ്ധ നേടിയ ദ അദര്‍ ബാങ്ക് എന്ന ഖസാക്കിസ്ഥാന്‍ സിനിമ അച്ഛനും അമ്മയും ഉണ്ടായിട്ടും അനാഥനായിപ്പോയ ടെഡൊ എന്ന പന്ത്രണ്ടുകാരന്റെ കഥയാണ്.അബ്ഖാസിയന്‍ അഭയാര്‍ത്ഥിയായ ടെഡൊ അമ്മയോടൊപ്പം ദുരിത ജീവിതത്തിലാണ്.വര്‍ക്ക്ഷോപ്പില്‍ സഹായിആയി ജോലി ചെയ്തു കിട്ടുന്ന പണം അവന്‍ അമ്മയെ ഏല്‍‌പ്പിക്കുന്നുണ്ട്.പക്ഷെ അവര്‍ വേശ്യാവ്രുത്തിയിലേക്കു തിരിഞ്ഞെന്നു മനസ്സിലാക്കിയ അവന്‍ തന്റെ അച്ഛനെത്തേടി അതിര്‍ത്തി കടന്ന് യാത്ര ചെയ്യുകയാണ്. വംശവൈരവും പകയും പുകയുന്ന പ്രദേശങ്ങളിലൂടെയുള്ള യത്രയില്‍ അവന്‍ നേരിടുന്നത് നിരവധി അനുഭവങ്ങളാണ്.അവസാനം അവന്‍ തകര്‍ന്നടിഞ്ഞ തന്റെ ഗ്രാമത്തിലെത്തുന്നു.പക്ഷെ അവന്റെ അച്ഛന്‍ വേറെ വിവാഹം കഴിച്ച് എങ്ങോ പോയെന്ന വിവരമാണവനറിയുന്നത്. മഞ്ഞുപുതഞ്ഞുകിടക്കുന്ന പെരുവഴിയിലേക്കിറങ്ങി നടക്കുന്ന കുഞ്ഞു ടെഡൊയില്‍ സിനിമ അവസാനിക്കുന്നു.


ട്രീലെസ്സ് മൌണ്ടൈന്‍
ട്രീലെസ്സ് മൌണ്ടൈന്‍ എന്ന ദക്ഷിണ കൊറിയന്‍ സിനിമയുടെ പ്രമേയവും ഇത്തരമൊന്നാണ്.സ്യോളിലെ ഇടുങ്ങിയ ഒരു മുറുയില്‍ തന്റെ രണ്ട് പെണ്‍കുട്ടികളുമായി ജീവ്ല്ക്കാന്‍ കഷ്ടപ്പെടുകയാണ് ഒരു യുവതി.കുട്ടികളെ മദ്യപാനിയായ അമ്മായിയുടെ അരികില്‍ ഏല്‍‌പ്പിച്ച് കുട്ടികളുടെ അച്ഛനെത്തേടി പോവുകയാണവര്‍. ഒരു കാശുകുടുക്ക  കുട്ടികളെ ഏല്‍‌പ്പിച്ചിട്ടുണ്ട്. അനുസരണയോടെ നിന്നാല്‍ അമ്മായി  തരുന്ന നാണയങ്ങളതിലിട്ട് അത് നിറയുമ്പോഴേക്കും അമ്മ തിരിച്ചെത്തുമെന്ന് കുട്ടികളെ  ആശ്വസിപ്പിച്ചാണവര്‍ പോയത്,.ആറു വയസ്സുകാരി  ജിന്നിന്റെയും കുഞ്ഞനുജത്തി ബിന്നിന്റെയും ജീവിതം അവിടെ നരകം തന്നെയായിരുന്നു.പട്ടിണിമാറ്റാന്‍ പച്ചത്തുള്ളനെ ചുട്ടുതിന്നും വിറ്റും ജീവിക്കുകയാണ്കുട്ടികള്‍. അമ്മ തിരിച്ചുവരില്ലെന്നറിഞ്ഞ അമ്മായി കുട്ടികളെ ഗ്രാമത്തിലെ മുത്തച്ഛന്റെയും മുത്തശ്ശിക്കും ഒപ്പം കൊണ്ടുവിടുന്നു.കാശുകുടുക്ക നിറഞ്ഞാലും അമ്മ തിരിച്ചുവരില്ലെന്നു കുട്ടികള്‍ മനസ്സിലാക്കുന്നു.


കാതലിന്‍ വര്‍ഗ
കാതലിന്‍ വര്‍ഗ എന്ന റൊമാനിയന്‍ സിനിമയില്‍ കാതലിന്‍ എന്ന യുവതി മകന്‍ ഓര്‍ബനോടൊപ്പം കാര്‍പാത്യന്‍ മലമ്പാതകളിലൂടെ കുതിരവണ്ടിയില്‍ യത്രയാവുകയാണ്. ഓര്‍ബന്‍ തന്റെ മകനല്ലെന്ന് അറിഞ്ഞ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചിരിക്കുകയാണ്.കുട്ടിയുടെ അച്ഛനെ ത്തേടി പ്രതികാരത്തിനുള്ള യാത്രയിലാണവള്‍.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു  കൂട്ട ബലാത്സംഗത്തിലായിരുന്നു അവള്‍ ഗര്‍ഭിണിയായത്.അവരിലൊരാളെ കണ്ടെത്തി കൊല്ലുന്നു.കുട്ടിയുടെ അച്ഛനേയും ഒരു ഗ്രാമത്തില്‍ അവള്‍ കണ്ടെത്തുന്നു.അയാള്‍ക്കവളെ മനസ്സിലാകുന്നില്ല.കുഞ്ഞുങ്ങളില്ലാത്ത അയാള്‍ ഓര്‍ബനെ ഓമനിക്കുന്നുണ്ട്.


നതിങ് പേര്‍സൊണല്‍
അയര്‍ലാന്റില്‍ നിന്നുള്ള  സിനിമയായ നതിങ് പെര്‍സൊണല്‍ സ്വയം തിരഞ്ഞെടുത്ത നാടോടി ജീവിതം നയിക്കുന്ന നിഷേധിയായ ഡച്ച് പെണ്‍കുട്ടിയുടെ കഥയാണ്. അവളുടെ ഭ്രാന്തമായ യാത്രയില്‍  ഏകാന്തജീവിതം നയിക്കുന്ന ഒരു മധ്യവയസ്കനെ പരിചയപ്പെടുകയും കാര്യങ്ങള്‍ പരസ്പരം അറിയാന്‍ ശ്രമിക്കാതെ ഒന്നിച്ച് ജീവിക്കുകയും ചെയ്യുന്നു
ലോകം എന്ത് ചിന്തിക്കുന്നു എന്നതിന്റെ കണ്ണാടിയാണ് സിനിമകള്‍.കുട്ടികളും അവരുടെ ദുരിതവും കൂടുതല്‍  ഗൌരവതരമായ ചര്‍ച്ചകളിലേക്ക് ഇടം നേടുന്നുവെന്നതിന് സിനിമകള്‍ കാരണമാകുന്നത് നല്ലത് തന്നെ. അനാഥത്വത്തിന്റെയും ദുരിതങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യകാരണങ്ങളിലേക്ക് നമ്മുടെ ചിന്തകളെ ഈ സിനിമകളിലെ കണ്ണീരിന്റെ നനവ് നയിക്കുമെന്നാശിക്കം.
                                                                            ശാസ്ത്രകേരളം മാസിക ,ലക്കം 471 ,ജനുവരി 2010

4/08/2010

പശുസിനിമയെന്ന കലയുടെ കുത്തക അവകാശം തങ്ങൾക്കാണെന്ന് വിശ്വസിച്ചിരുന്ന പാശ്ചാത്യ സിനിമക്കാരെ ഞെട്ടിച്ച സിനിമയായിരുന്നു 1957ലെ വെനീസ് ചലചിത്രമേളയിൽ കുറോസവയുടെ “റാഷമോൺ” .ആ വർഷം “ഗോൾഡൻ ലയൺ” പുരസ്കാരം ആ സിനിമ നേടി. ജാപ്പാനീസ് സിനിമയുടെ ജൈത്രയാത്ര അതോടെ ആരംഭിച്ചു. സമാനമായ അനുഭവമാണ് ദാരിഷ് മെഹ്രൂയിയുടെ രണ്ടാമത്തെ ചിത്രമായ ‘പശു’(the cow) സ്ര്യുഷ്ടിച്ചത്. ഷായുടെ ഭരണത്തിൻ കീഴിലായിരുന്ന ഇറാനിൽ ഗവർമെന്റ്  ധനസഹായത്തോടെ നിർമിക്കപ്പെട്ട ഈ സിനിമയെ പക്ഷെ റിലീസ് ചെയ്യാൻ അനുവദിച്ചില്ല.ഗ്രാമീണ പിന്നോക്കാവസ്ഥയും ദാരിദ്രവും പുറം ലോകമറിയുന്നത് ഇറാന് മോശമായ പ്രതിഛായയുണ്ടാക്കുമെന്നും സിനിമയിൽ ഒളിച്ചുവെക്കപ്പെട്ട രാഷ്ട്രീയ വിമർശനം സർക്കാറിന് എതിരാണെന്നും പറഞ്ഞ് ഷായുടെ സെൻസർമാർ പടം നിരോധിച്ചു. മെഹ്രൂയി രഹസ്യമായി സിനിമയുടെ പ്രിന്റ് രാജ്യത്തിനു വെളിയിൽ എത്തിച്ച് 1970ലെ വെനീസ് ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചു.സബ് ടൈറ്റിലുകൾ പോലുമില്ലാതെയാണെങ്കിലും അവിടെ ആ സിനിമകണ്ടവരെ മുഴുവൻ പശു ശരിക്കും ആശ്ചര്യപ്പെടുത്തി.ഇറാനിൽ നിന്നും ഇത്തരം ഒരു സിനിമ ആരും പ്രതീക്ഷിച്ചിരുന്നില്ല.നിയോറിയലിസ്റ്റിക് സിനിമകളുടെ ഉദയം ഇറാനിൽ ഇതോടെ ആരംഭിച്ചു.ഇതിന്റെ പിന്തുടർച്ചയായി അബാസ് കിരിയോസ്തമി,മക്മൽ ബഫ് തുടങ്ങിയ സിനിമ സംവിധായകരിലൂടെ ഇറാനിയൻ സിനിമ തൊണ്ണൂറുകളിൽ ലോക സിനിമയുടെ നെറുകയിൽ സ്ഥാനം പിടിച്ചു.(1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം സിനിമ എന്ന പ്രസ്ഥാനം തന്നെ                                                                                                                                                                                                                                        നിരോധിക്കാൻ ഒരുക്കം കൂട്ടിയ അയത്തൊള്ള ഖൊമൈനിക്ക് ‘പശു’ എന്തുകൊണ്ടോ ഇഷ്ടപ്പെട്ടു.അതിനാൽ  ഇറാനിൽ  നിയന്ത്രണങ്ങളോടെയുള്ള സിനിമാ നിർമാണത്തിന് ഖൊമൈനി പച്ചക്കൊടി കാട്ടി.ഇറാനിൽ സിനിമയുടെ കൂമ്പ്  വാടാതെ പശു രക്ഷപ്പെടുത്തി.  )
ഗുലാം ഹുസ്സൈൻ സൈയ്ദിന്റെ കഥയെ അവലംബിച്ച് നിർമിച്ച ഈ സിനിമ തരിശായ ഒരു ഇറാൻ ഗ്രാമത്തിലെ ജീവിതമാണ് കാട്ടിത്തരുന്നത് . കുട്ടികളില്ലാത്ത മധ്യവയസ്കനായ മാഷത് ഹസ്സനെ സംബന്ധിച്ച് അയാളുടെ പശുവാണ് എല്ലാമെല്ലാം. കുഞ്ഞിനെ എന്ന പോലെയാണ് പശുവിനെ പരിചരിക്കുന്നത്. ആ ഗ്രാമത്തിലെ ഏക പശുവാണത്. പശുവിനെ ഗ്രാമത്തിന്റെ പുറത്ത് മേയ്ക്കാൻ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. മറ്റുള്ളവരോട് സംസാരിക്കുന്നതിനിടയില്പോലും ഹസ്സന്റെ ശ്രദ്ധ പശുവിൽ തന്നെയാണ്. കുട്ടികൾ പശുവിനെ തൊടുമ്പോൾ അയാൾക്ക് ദേഷ്യം വരുന്നുണ്ട്. പശുവിനെ തീറ്റുന്നതും കുളിപ്പിക്കുന്നതും ഒക്കെ ഹസ്സന്റെ സന്തോഷങ്ങളാണ്. രാത്രിയിൽ കൊള്ളക്കാരായ ബൊളീവർമാർ വന്ന് തന്റെ പശുവിനെ തട്ടിക്കൊണ്ട്പോവുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്നു ഭയന്ന് തൊഴുത്തിൽ പശുവിനൊപ്പമാ‍ണ് ഹസ്സൻ ഉറങ്ങാറ്.
ഒരുനാൾ എന്തോ ആവശ്യത്തിനായി ഹസ്സൻ ഗ്രാമത്തിന് പുറത്തെങ്ങോ പോയിരിക്കയായിരുന്നു. പുലർച്ചെ ഹസ്സന്റെ ഭാര്യയുടെ നിലവിളികേട്ട് ഗ്രാമീണരൊക്കയും വീട്ടിലെത്തി. ഗർഭിണിയായ പശു തൊഴുത്തിൽ - ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്നു.പശു ചത്ത വിവരമറിഞ്ഞാൽ  ഹസ്സൻ എങ്ങനെയാണ് പ്രതികരിക്കുക എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. വിവരം ഹസ്സനിൽ നിന്ന് മറച്ച് വെക്കാനും പതുക്കെ പതുക്കെ വിവരം അറിയിക്കാനും ഗ്രാമമുഖ്യനും മറ്റുള്ളവരും ചേർന്ന് തീരുമാനിക്കുന്നു. പശു ഓടിപ്പോയെന്നും അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ടെന്നും നുണപറയാൻ എല്ലാവരും കൂടി നിശ്ചയിക്കുന്നു.പശുവിന്റെ ശവം എന്തുചെയ്യണമെന്ന കാര്യത്തിലും പല അഭിപ്രായങ്ങളായി.പശുവിന്റെ തുകൽ പൊളിച്ചെടുക്കാമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്- പക്ഷെ ഹസ്സൻ അറിഞ്ഞാലുണ്ടാകാവുന്ന പുകിലോർത്ത് അതിൽ നിന്നും പിന്മാറി. ശവം ഗ്രാമത്തിനു വെളിയിൽ ഉപേക്ഷിക്കാമെന്നുവച്ചാൽ ചിലപ്പോൾ ആട്ടിടയന്മാർ പറഞ്ഞ് ഹസ്സൻ വിവരമറിഞ്ഞേക്കാം. അവസാനം വീട്ടിനടുത്തുള്ള ഒരു പൊട്ടക്കിണറിൽ ശവം ഇട്ട് മൂടി. ഗ്രാമത്തിലെ മന്ദബുദ്ധിയായ ചെറുപ്പക്കാരൻ വിവരം ഹസ്സനോട് പറഞ്ഞാലോ എന്നു ഭയന്ന് അവനെ പഴയ ഉപേക്ഷിച്ച കെട്ടിടത്തിൽ കെട്ടിയിടുന്നു.ഭയത്തോടെയും ആശങ്കയോടെയും ഗ്രാമീണർ ഹസ്സന്റെ വരവും പ്രതീക്ഷിച്ച് നിൽക്കുകയാണ്.
 ഉച്ചയ്ക്ക് കൈയിൽ പശുവിന്റെ കഴുത്തിൽ കെട്ടാൻ ഒരു മണിയുമായി സന്തോഷവാനായി ഗ്രാമത്തിലേക്ക് വരുന്ന ഹസ്സനെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതെ പലരും ഒഴിഞ്ഞുമാറിക്കളഞ്ഞു. കതകുകളുടെ വിടവിലൂടെ എല്ലാവരും ഹസ്സൻ ഇനി എന്തു ചെയ്യും എന്ന് ആശങ്കയോടെ നിരീക്ഷിക്കുകയാണ്.പശുവിന് കൊടുക്കാൻ വെള്ളം മുക്കാനായി തൊട്ടിയും കൊണ്ട് കുളക്കരയിലെത്തിയ ഹസ്സനോട് സുഹ്രുത്തായ എസ്ലാം വിവരം പറയുന്നു.വാർത്തകേട്ട് തളർന്ന് പോയ ഹസ്സൻ ഇങ്ങനെയാണ് പറയുന്നത്- “എന്റെ പശു എങ്ങും ഓടിപ്പോവില്ല” .
തന്റെ പശുവിനെ നഷ്ടപ്പെട്ടു എന്ന യാഥാർത്ഥ്യവുമായി  പൊരുത്തപ്പെടാൻ ഹസ്സന് സാധിക്കുന്നില്ല.ഗ്രാമീണർ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മാനസികമായി തളർന്ന ഹസ്സൻ -മനോവിഭ്രാന്തിയുടെ അവസ്ഥയിലെത്തി. തന്റെ പശുവിനെ തട്ടിയെടുക്കാൻ വരുന്ന കൊള്ളക്കാരിൽ നിന്നും രക്ഷിക്കാനായി മരുപ്പറമ്പിലെ വിജനതയിൽ ,തണുപ്പിൽ കാവൽ നിൽക്കുകയാണ് ഹസ്സൻ. പശു മരിച്ചു പോയെന്ന വിവാരം പതുക്കെ  ഹസ്സനെ അറിയിച്ചെങ്കിലും- അപ്പോഴേക്കും ഹസ്സൻ തികച്ചും ഭ്രാന്താവസ്ഥയിൽ എത്തിക്കഴിഞ്ഞിരുന്നു. താൻ തന്റെ പശുതന്നെയാണെന്ന വിശ്വാസത്തിൽ ഹസ്സൻ തൊഴുത്തിൽ  വൈക്കോൽ തിന്നാൻ തുടങ്ങി. പശുവായ തന്നെ ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഉടമയായ ഹസ്സൻ വരുമെന്ന പ്രതീക്ഷയിൽ ആണയാൾ.
ഹസ്സന്റെ അവസ്ഥ ഗുരുതരമായതോടെ അയാളെ പട്ടണത്തിലെ ആശുപത്രിയിൽ കൊണ്ട്പോയി ചികിത്സിക്കാൻ തീരുമാനിക്കുന്നു. എസ്ലാമടക്കം മൂന്നു പേർ കൂടി തൊഴുത്തിൽ നിന്നും ഹസ്സനെ പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നു. അക്രമാസക്തനായ ഹസ്സനെ കയർകൊണ്ട് വരിഞ്ഞ്കെട്ടി മൂവരുംകൂടി വലിച്ചും ഇഴച്ചും മഴയിലൂടെ നടത്തി കൊണ്ട്പോവുകയാണ്. നടക്കാൻ മടിച്ചു നിൽക്കുന്ന  ഹസ്സനെ ഒരുഘട്ടത്തിൽ എസ്ലാം ഓർമിക്കതെ ഒരു മാടിനെ എന്നപോലെ അടിച്ചുപോകുന്നു. അതുവരെ ഒരു പശുവിനെപ്പോലെ അവർക്കൊപ്പം നടന്ന ഹസ്സൻ തന്റെ പരിവർത്തനം പൂർണമായ തോതിൽ അനുഭവപ്പെട്ടപ്പോൾ സുഹ്രുത്തുക്കളിൽ നിന്നും കുതറി മാറി വെകിളിപിടിച്ച പശുവിനെപ്പോലെ മുന്നോട്ട് കുതിച്ചോടി. ചെങ്കുത്തായ കുന്നിൽ നിന്നും അയാൾ താഴോട്ട് വീണു. തൊഴുത്തിൽ ചോരയൊലിച്ച് മരിച്ചു കിടക്കുന്ന പശുവിനെപ്പോലെ  താഴെ ചളിയിൽ മുഖമടിച്ച് മരിച്ചുകിടക്കുന്ന ഹസ്സനിൽ സിനിമ അവസാനിക്കുന്നു 
ലളിതമായ ഒരു കഥയാണ് ഈ സിനിമയിൽ വളരെ യഥാതഥമായി കാട്ടിത്തരുന്നതെങ്കിലും കഥയോടൊപ്പം തന്നെ ഗ്രാമത്തിലെ വ്യത്യസ്ഥവും പരസ്പര വിരുദ്ധവുമായ നിരവധി ജീവിതങ്ങൾ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.സമൂഹമനസ്സാക്ഷിയെ ക്കുറിച്ചുള്ള  നിരീക്ഷണങ്ങളും വിമർശനങ്ങളും സംവിധായകൻ ചർച്ചചെയ്യുന്നുണ്ട്. ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥയോടുള്ള കലഹമെന്നതിനപ്പുറം ലോകത്തെങ്ങുമുള്ള സമാന ജീവിതാവസ്ഥകളിലേക്കുള്ള ഒരു കണ്ണാടി കൂടിയാണ് “പശു”.
തന്റെ ജീവിതം തന്നെയായ ഒരു വസ്തു നഷ്ടപ്പെടുമ്പോൾ മനുഷ്യമനസ്സിന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നത്”ബൈസൈക്കിൾ തീവ്സി“ൽ ഡിസീക്കയും, “ലാ സ്ട്രാഡ”യിൽ ഫെല്ലിനിയും,“ഒക ഊരി കഥ”യിൽ മ്രിണാൾസണും ഇതുപോലെ കാട്ടിത്തന്നിട്ടുണ്ട്.സത്യങ്ങൾ വളരെക്കാലമൊന്നും മൂടിവെക്കാനാവില്ലെന്നും അത്തരത്തിലുള്ള മൂടിവെക്കലുകൾ കൂടുതൽ മോശമായ സാഹചര്യങ്ങൾ മാത്രമെ സ്രിഷ്ടിക്കുകയുള്ളുവെന്നും ഈ സിനിമ പ്രഖ്യാപിക്കുന്നു.
തങ്ങളെ ആക്രമിക്കൻ എപ്പഴും തക്കം പാർത്തിരിക്കുന്നവരെ കുറിച്ചുള്ള (സാങ്കൽ‌പ്പിക ശത്രുക്കളുമാകാം) ഭീതി നിറഞ്ഞവർ- ബുദ്ധിയുറക്കാത്ത ചെറുപ്പക്കാരനെ കോലംകെട്ടിച്ച് ചിരിക്കുന്നവർ-കുശുമ്പും ദുഷ്ടതയും നിറഞ്ഞവർ-സാമൂഹ്യമായ യാതൊരു ഇടപെടലും,പ്രതികരണവുമില്ലാത്തവർ-വീട്ടിനുള്ളിലിരുന്നു ജാലകത്തിലൂടെമാത്രം ലോകംനോക്കിയിരിക്കുന്ന കാഴ്ചക്കാർ-അനുഷ്ടാനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിറകെ പോകുന്നവർ-തീരുമാനങ്ങൾ എടുക്കാനാവത്ത ഗ്രാമമുഖ്യൻ- ഇവരൊക്കെ കഥാപാത്രങ്ങൾക്കപ്പുറം ഓരോ ആസയങ്ങളായാണ് സിനിമയിൽ വരുന്നത്.
ഈ സിനിമയിൽ ഹസ്സന്റെ വേഷം അനശ്വരമാക്കിയത് ഇറാനിലെ പ്രമുഖ നാടകകലാകാരനായ ഇസ്ത്തുള്ള എൻസമിയാണ് .ഗ്രാമീണരുടെ സമ്മ്രിദ്ധമായ ക്ലോസ്സപ്പുകളും നിഴലും വെളിച്ചവും ഇഴചേരുന്ന പശ്ചാത്തലങ്ങളുടെ ഷോട്ടുകളും പ്രത്യേകമായൊരു മൂഡ് നിലനിർത്തുന്നുണ്ട്.ടൈറ്റിലുകളിൽ തെളിയുന്ന ഹസ്സന്റെയും പശുവിന്റെയും നെഗറ്റീവ് ദ്രുശ്യങ്ങളും പുല്ലാങ്കുഴലിന്റെ പശ്ചാത്തല സംഗീതവും അവിസ്മരണീയമാണ്.
ലോകത്തിലെ ഏറ്റവും നിഷ്കളങ്കവും നിരാശ്രിതദൈന്യമായ കണ്ണുകൾ പശുവിന്റെതാണെന്ന പഴമൊഴിക്ക് ചേരും വിധമാണ് ഹസ്സനായി പരവർത്തനം ചെയ്യപ്പെട്ട ഇസത്തുള്ള എൻസമിയുടെ കണ്ണുകളും. ഒരു മിണ്ടാപ്രാണിയുടെ ദൈന്യമായ നോട്ടം സിനിമ കണ്ട് നാളേറെ കഴിഞ്ഞാലും നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും.