10/18/2010

ഫാദർ

             1996/ഇറാന്‍/കളര്‍/96 മിനുട്ട്/ഫാര്‍സി                                                                                                          സംവിധാനം: മാജിദ് മാജിദി                                                                                                                                                     മാജിദ് മാജിദിയുടെ സിനിമകളില്‍ പ്രധാന പ്രത്യേകത അതിന്റെ ലാളിതവും സാധാരണവുമായ കഥ പറച്ചില്‍ രീതിയാണ്. കഥാപാത്രങ്ങള്‍ ഇറാനിലെ തെരുവുകളിലും ഗ്രാമങ്ങളിലും എപ്പഴും കാണാവുന്ന നന്മകള്‍ നിറഞ്ഞ കുട്ടികളും പച്ചമനുഷ്യരും...1996ല്‍ നിര്‍മ്മിച്ച ‘ഫാദര്‍ ‘ എന്ന ഇറാനിയന്‍ സിനിമ മെഹ്രുള്ള എന്ന പതിനാലുവയസ്സുകാരന്റെ കഥയാണ്.  അവന്റെ പ്രിയപ്പെട്ട അച്ഛന്‍ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മരിച്ചുപോയി. അമ്മയും മൂന്നു കുഞ്ഞനുജത്തിമാരുമടങ്ങിയ കുടുംബം പോറ്റാന്‍ വിദൂരമായ ദക്ഷിണ ഇറാനിലെ തുറമുഖപട്ടണത്തില്‍ കുഞ്ഞു ജോലികള്‍ ചെയ്തു പണം സ്വരുക്കൂട്ടുകയാണവന്‍. മാസങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കങ്ങളുമായി നില്‍ക്കുന്ന മെഹ്രുള്ളയിലാണ് സിനിമ ആരംഭിക്കുന്നത്.    അവന്‍ വലിയ സന്തോഷത്തിലും ആവേശത്തിലും ആണ്. അമ്മയ്ക്കും കുഞ്ഞനുജത്തിമാര്‍ക്കും നല്‍കാന്‍ അവന്‍ വാങ്ങിക്കൂട്ടിയ ഉടുപ്പുകളും ആഭരണങ്ങളും മറ്റും പൊതിഞ്ഞു കെട്ടുകയാണവന്‍. കൂട്ടത്തില്‍ മരിച്ചു പോയ അച്ഛന്റെ കൂടെയുള്ള ഒരു ഫോട്ടോയും അവന്‍ കരുതുന്നുണ്ട്.                                                                                     ബസ്സില്‍ ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ മെഹ്രുള്ള നാട്ടിലെത്തുന്നു. പഴയ കളിക്കൂട്ടുകാരന്‍ ലത്തീഫാണ്    ഞെട്ടിക്കുന്ന ആ വാര്‍ത്ത അവനോട് പറഞ്ഞത് .അതവന് വിശ്വസിക്കാനും, ഉള്‍ക്കൊള്ളാനും, അംഗീകരിക്കാനും, സഹിക്കാനും കഴിയാത്തതായിരുന്നു.കേട്ടയുടനെയുള്ള അരിശത്തിന് അവന്‍ ലത്തീഫിനെ അടിച്ചു പോകുന്നു.   രണ്ട് മാസം മുമ്പ് അമ്മ ഒരു പോലീസുദ്യോഗസ്ഥനെ വിവാഹം കഴിച്ചത്രെ..ഇപ്പോള്‍ അമ്മയും അനുജത്തിമാരും ആയാള്‍ക്കൊപ്പമാണു താമസിക്കുന്നത്.  പോലീസ് ഉദ്യോഗസ്ഥന്ന്റ്ന്റെ വീട്ടിനുമുന്നിലെത്തിയ മെഹ്രുള്ള അമ്മയ്ക്കും അനുജത്തിമാര്‍ക്കും നല്‍കാനായി അവന്‍ പണിപ്പെട്ടുവാങ്ങിയ സധനങ്ങള്‍ ഒക്കയും ഗൈറ്റില്‍ വലിച്ചെറിഞ്ഞ് തിരിച്ച് നടക്കുന്നു.. ആ പോലീസുകാരനെ അച്ഛനായി അംഗീകരിക്കാന്‍ അവന്‍ ഒരുക്കമല്ല.  അവന്‍ ഇത്രമാത്രം കഷ്ടപ്പെ ട്ടത് എന്തിനായിരുന്നു എന്നാണവന്‍ ചിന്തിക്കുന്നത്.  അമ്മയെ തട്ടിയെടുത്ത ആയാളോട് അവനു പകയും തന്നെ വെറും കുഞ്ഞായി മാത്രം കണ്ട  അമ്മയോട് അരിശവും ഉണ്ട്
              
              അവന്റെ അച്ഛന്റെ പഴയ വീട് വൃത്തിയാക്കി അവിടെ ലത്തീഫിനൊപ്പം താമസിക്കുകയാണ് മെഹ്രുള്ള. ആ പോലീസുകാരനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല അഭിപ്രായമാണെന്നാണ് ലത്തീഫ് അവനോട് പറയുന്നത്. .ആരുമില്ലാത്ത അവന്റെ അമ്മയേയും അനിയത്തിമാരേയും ഇക്കാലമത്രയും പൊന്നുപോലെ നോക്കിയത് അയാളാണ്. അനിയത്തിക്കുട്ടിക്ക് കാര്യമായ അസുഖം വന്നപ്പോള്‍ വളരെയധികം പണം ചിലവഴിച്ച് ചികിത്സിച്ച് രക്ഷിച്ചത് അയാളാണ്. മെഹ്രുള്ള ഇതൊന്നും കേള്‍ക്കാന്‍ സന്നദ്ധമല്ലായിരുന്നു.അത്രക്കധികം പകയുണ്ട് അവന്‍ അയാളോട്.
               പിറ്റേദിവസം താന്‍ സ്വരുക്കൂട്ടിയുണ്ടാക്കിയ പണമെല്ലാം എടുത്ത് പോലീസുദ്യോഗസ്ഥന്റെ വീട്ടിലെത്തി അയാള്‍ക്ക് നേരെ വലിച്ചെറിഞ്ഞ്- “എന്റെ അനിയത്തിയെ ചികിത്സിക്കാന്‍ നിങ്ങള്‍ ചിലവഴിച്ച പണമിതാ എടുത്തോളു എനിക്കെന്റെ അനിയത്തിയെ തിരിച്ച് തരൂ“ എന്ന് അവന്‍ ആക്രോശിക്കുന്നു. പ്രായത്തിന്റെയും അനുഭവങ്ങളുടെയും പക്വത  മെഹ്രുള്ളയെ മനസ്സിലാക്കാന്‍ ആ പോലീസുകാരനെ സന്നദ്ധമാക്കുന്നുണ്ട്. അയാള്‍ മെഹ്രുള്ളയെ അനുനയിപ്പിക്കാനും കൂടെ താമസിക്കാനും  പ്രേരിപ്പിക്കുന്നുണ്ട് .പക്ഷെ മെഹ്രുള്ളയുടെ ദേക്ഷ്യം കൂടുന്നേയുള്ളു. ആരും സഹായിക്കാനില്ലാത്ത ദുരിതകാലത്ത് സ്നേഹവും അനുകമ്പയുമായി കൂടെനിന്ന ആ മനുഷ്യന്റെ നന്മക്കും മകനോടുള്ള സ്നേഹത്തിനും ഇടയിലെ വല്ലാത്ത സംഘര്‍ഷത്തിലാണ് അവന്റെ അമ്മ.
               ഒരു ദിവസം ലത്തീഫിന്റെ സഹായത്തോടെ മെഹ്രുള്ള അനിയത്തിമാരെ ആരുമറിയാതെ പോലീസുദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും കൂട്ടി തന്റെകൂടെ പഴയവീട്ടിലേക്കു കൊണ്ടുവരുന്നു. കുട്ടികളെ കാണാതെ അങ്കലാപ്പിലായ അമ്മയും രണ്ടാനച്ഛനും അവസാനം അവന്റെ അരികിലെത്തുന്നു. പക്ഷെ പനിപിടിച്ച് അവശനായിക്കിടക്കുകയായിരുന്നു മെഹ്രുള്ള. പോലീസുകാരന്‍ സ്നേഹത്തോടെ അവനെ തന്റെ വീട്ടിലേക്ക് കൂട്ടുന്നു-ശുശ്രൂഷിക്കുന്നു. അസുഖം മാറിയ മെഹ്രുള്ളയുടെ മനസ്സിലെ പക പക്ഷെ കെട്ടടങ്ങീട്ടില്ലായിരുന്നു. തന്റെ ശത്രുവിനെ കൊല്ലാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു. അതിനായി പോലീസുകാരന്റെ സര്‍വീസ് റിവോള്‍വര്‍ അയാളുടെ യൂനിഫോമില്‍ നിന്നും കട്ടെടുത്തു. കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ രാത്രിയില്‍ തന്നെ ലത്തീഫിനൊപ്പം അവന്‍ നാടുവിടുന്നു.
             കുട്ടിത്തം മാറാത്ത മെഹ്രുള്ളയോട് അനുകമ്പയും സ്നേഹവും മാത്രംഇത്രയും നാളും  പ്രകടിപ്പിച്ചിരുന്ന പോലീസുകാരന്  ഇത് സഹിക്കാനാവുന്നതായിരുന്നില്ല. ഏതുവിധേനയും തന്റെ സര്‍വീസ് റിവോള്‍വര്‍ തിരിച്ച്കിട്ടേണ്ടത് അയാളുടെ ആവശ്യമായിരുന്നു.  തന്റെ മോട്ടോര്‍ സൈക്കിളില്‍ മെഹ്രുള്ളയെ അന്വേഷിച്ചുള്ള ദീര്‍ഘയാത്ര ആരംഭിക്കുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ രണ്ടു കുട്ടികളേയും നഗരത്തില്‍ കണ്ടെത്തുന്നു. ലത്തീഫിനെ ഒരു ബസ്സില്‍ നാട്ടിലേക്കയക്കുന്നു. മെഹ്രുള്ളയെ വിലങ്ങണിയിച്ച് മോട്ടോര്‍ സൈക്കിളില്‍ പുറകില്‍ ഇരുത്തി നാട്ടിലേക്ക് യാത്ര ആരംഭിക്കുന്നു. ഒരു ശിലപോലെ ഇരിക്കുകയാണ് മെഹ്രുള്ള. ഇറാനിലെ കുന്നുകളും മലമ്പാതകളും തനിക്ക് മനപ്പാഠമാണെന്നും നിരവധി കള്ളക്കടത്തുകാരെ തന്റെ സര്‍വീസുകാലയളവില്‍  ധീരമായി പിടികൂടീട്ടുണ്ടെന്നും ഒക്കെ നിര്‍ത്താതെ പറയുന്നുണ്ട് പോലീസുകാരന്‍.
 തനിച്ചുള്ള അവരുടെ ദീര്‍ഘയാത്ര പരസ്പരമുള്ള അശയവിനിമയത്തിന് പതുക്കെ നിര്‍ബന്ധിക്കുന്നുണ്ട്. പങ്കുവെക്കലുകള്‍ക്കും .. നിന്റെ അമ്മയേയും അനിയത്തിമാരേയും രക്ഷിച്ചതാണോ ഞാന്‍ ചെയ്ത കുറ്റം എന്നയാള്‍ മെഹ്രുള്ളയോട് ചോദിക്കുന്നുണ്ട്.
              യാത്രക്കിടയില്‍ ലഭിച്ച ഒരു അവസരത്തില്‍ അവന്‍ മോട്ടോര്‍ സൈക്കിള്‍ കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അവന്റെ അച്ഛന്‍ ചെറുപ്പത്തിലേ അവനെ അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ മലമ്പാതകളിലെ കുറുക്കു വഴികള്‍ പരിചയമുള്ള പോലീസുദ്യോഗസ്ഥന്‍ അവനെ വേഗംതന്നെ പിടികൂടുന്നു. പിന്നീട് വിലങ്ങ് സൈക്കിളുമായി ബന്ധിച്ചാണ് യാത്ര. വരണ്ടുണങ്ങിയ മരുഭൂമിയിലൂടെയുള്ള ദീര്‍ഘയാത്ര രണ്ടു വ്യക്തികളുടെ മനസ്സുകളെ അടുപ്പിക്കും. സിനിമയില്‍ സംവിധായകന്‍ അരമണിക്കൂറോളം ഈ യാത്രക്കായാണ് നീക്കിവെച്ചിരിക്കുന്നത് . എണ്ണ തീര്‍ന്ന് മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിക്കേണ്ടിവരുന്നു. പിന്നീട് യാത്ര വീശിയടിക്കുന്ന പൊടിക്കറ്റിലൂടെ നടന്നാണ് . ഓടിപ്പോകാതിരിക്കാന്‍ മെഹ്രുള്ളയുടെ വിലങ്ങ് തന്റെ കൈയുമായി ചേര്‍ത്ത് ബന്ധിച്ചാണ് പോലീസുകാരന്‍ നടക്കുന്നത്. ദിക്കറിയാതെ മരു വിശാലതയില്‍ വെള്ളവും തണലുമില്ലാതെ മണല്‍കാറ്റിലൂടെ എങ്ങോട്ടെന്നറിയാതെ അവര്‍ നടക്കുകയാണ്.അവസാനം ബാക്കിയുള്ള ഒരു കവിള്‍ വെള്ളം കൂടിക്കാനായും മുമ്പ് അയാള്‍ തളര്‍ന്ന മെഹ്രുള്ളയുടെ മുഖത്തേക്ക് നോക്കുന്നു. പോലീസുകാരനിലെ മനുഷ്യത്വത്തിന്റെ ജ്വാലകള്‍ മാജിദി നമുക്ക് മുന്നില്‍ വെളിവാക്കുന്നത് - ആ ജീവ ജലം അയാള്‍ കുട്ടിക്ക് നേരെ നീട്ടുന്ന ദൃശ്യത്തിലൂടെയാണ്. ഒരടിപോലും ഇനി മുന്നോട്ട് നടക്കാനാവാത്തവിധം അവര്‍ തളര്‍ന്നുകഴിഞ്ഞു.


       വരണ്ടുണങ്ങിയ ഒരു കിണര്‍ അവര്‍ കണ്ടെത്തിയതല്ലാതെ ഒരു തുള്ളിവെള്ളം എവിടെയുമില്ല...യാത്ര മരണത്തിലേക്ക് നീളുകയാണ്. പോലീസുകാരന്‍ കൈവിലങ്ങുകള്‍ അഴിച്ച് മെഹ്രുള്ളയോട് എങ്ങനെയെങ്കിലും രക്ഷപ്പെട്ടുക്കൊള്ളന്‍ പറയുന്നു. കുട്ടിയായ അവന് ഇത്തിരികൂടി ഊര്‍ജ്ജം ബാക്കിയുണ്ട്. അയാള്‍ക്ക് വലിയ ശരീരം താങ്ങി ഇനി ഒട്ടും മുന്നോട്ടു നടക്കാനാവില്ല.തന്റെ അധികാരവും ആരോഗ്യവും പ്രകൃതിയുടെ രൌദ്രതക്ക്മുന്നില്‍ നിസ്സാരമെന്ന് അയാള്‍ തിരിച്ചറിയുന്നു. ശരീരത്തിലെ ജലാംശം വറ്റി അയാള്‍ തളര്‍ന്ന് വീഴുന്നു. താന്‍ കൊല്ലാന്‍ തക്കം പാര്‍ത്ത് നിന്ന തന്റെ ശത്രുവിനെ പക്ഷെ മരണത്തിനു വിട്ടുകൊടുത്ത്  നടന്ന് നീങ്ങാന്‍ മെഹ്രുള്ളക്ക് ആവുന്നില്ല..യാത്രക്കിടയില്‍ പതുക്കെയെങ്കിലും അവന്‍ ആ പോലീസുകാരന്റെ സ്നേഹം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. പൊടിമണലില്‍ വീണു കിടക്കുന്ന അയാളെ ആദ്യമായി അലിവോടെ അവന്‍ സ്പര്‍ശിക്കുന്നു. അയാളെ താങ്ങിയെടുത്ത് നടക്കാന്‍ അവനാകുന്നില്ല. അവന്‍ സങ്കടം കൊണ്ട് കരഞ്ഞുപോകുന്ന്. ചുറ്റും നോക്കിയപ്പോള്‍ ദൂരെ ഒട്ടകങ്ങള്‍ നടന്നുപോകുന്നത് അവന്‍ കാണുന്നു.. അവന്‍ അങ്ങോട്ടോടുന്നു..അവിടെ ഒരു ചെറിയ നീരുറവ..വെള്ളം എടുത്തുകൊണ്ട്പോകാന്‍ പാത്രമില്ലാത്തതിനാല്‍ അവന്‍ തന്റെ ഷര്‍ട്ട് വെള്ളത്തില്‍ കുതിര്‍ത്ത് അതുമായി തിരിച്ച് ഓടി പോലീസുകാരനരികിലെത്തുന്നു..ഇല്ല അതുകൊണ്ടൊന്നും കാര്യമില്ല..ആയാളുടെ വലിയ ശരീരം വലിച്ചും ഇഴച്ചും അവന്‍ ആ നീരുറവയിലെത്തിക്കുന്നു..വെള്ളത്തിന്റെ നനവില്‍ ആയാളില്‍ ജീവന്റെ ചലനങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു..തളര്‍ന്ന് അയാള്‍ക്കരികില്‍ വീണുകിടക്കുകയാണ് മെഹ്രുള്ളയും..പോലീസുകാരന്റെ പോക്കറ്റില്‍ നിന്നും ഒരു ഫോട്ടൊ വെള്ളത്തിലൂടെ ഒലിച്ച് മെഹ്രുള്ളയുടെ അരികിലേക്ക് വരുന്നു..തന്റെ അമ്മയ്ക്കും അനിയത്തിമാര്‍ക്കും ഒപ്പം ആ പോലീസുകാരന്‍ നില്‍ക്കുന്ന ഫോട്ടോ..ഇതുപോലൊരു നീരരുവിയില്‍ മെഹ്രുള്ളക്ക് അവന്റെ അച്ചനൊപ്പമുള്ള ഒരു ഫോട്ടോ നഷ്ടപ്പെടുന്ന ഒരു ദൃശ്യം മുന്നെ നാം കാണുന്നുണ്ട്..താന്‍ ഒരു പുതിയ കുടുംബത്തിലേക്ക് കണ്ണിചേര്‍ക്കപ്പെടുന്നത് മെഹ്രുള്ള അറിയുന്നു..ഹൃദയസ്പര്‍ശിയായ ഈ ദൃശ്യത്തിലാണ് മാജിദിയുടെ “ഫാദര്‍’ അവസാനിക്കുന്നത്.
              സമകാലികരായ ഇറാനിയന്‍ സംവിധായകരായ ‍-ജാഫര്‍ പനാഹി,ബാഹ് മാന്‍ ഒബാദി എന്നിവരൊക്കെ ഇറനിലെ വംശീയവും ലിംഗപരവും സാമൂഹികവുമായ അസമത്വങ്ങളും അസംതൃപ്തികളുമാണ് വിശകലനം ചെയ്തതെങ്കില്‍ മാജിദി ലോകത്തെവിടെയും പ്രസക്തമായ മാനുഷിക പ്രശ്നങ്ങള്‍ ഇറാനിയന്‍ ഭൂപ്രകൃതിയില്‍ പറയുകയാണ്. ജീവിത സമസ്യകളും ആത്മ സംഘര്‍ഷങ്ങളും കുഞ്ഞുമനസ്സുകളിലെ അരക്ഷിതബോധവും സ്നേഹതൃഷ്ണയും വിശദീകരിക്കുന്ന റിയലിസ്റ്റിക്കായ കുഞ്ഞു സിനിമകള്‍. വളച്ചു കെട്ടുകളും സങ്കീര്‍ണതകളുമില്ലാത്ത ലളിതമായ ആഖ്യാന രീതി. അര്‍ത്ഥവ്യാപ്തിയുള്ള  മാജീദിയന്‍ സ്പര്‍ശമുള്ളചില  ദൃശ്യങ്ങള്‍ ഇടയില്‍ ചേര്‍ക്കുകയും ചെയ്യും. ആശ്വസിപ്പിക്കാനാരുമില്ലാത്തവരെ തഴുകുന്ന വര്‍ണ്ണ മത്സ്യങ്ങളും പ്രതീക്ഷകൈവിടും നേരത്ത് പ്രത്യശയുടെ കിരണമായി ജഢശരീരങ്ങളിലെ ജീവന്റെ തുടിപ്പുകളും ഇദ്ദേഹത്തിന്റെ പല സിനിമകളിലും പ്രത്യക്ഷപ്പെടുന്നുണ്ട് .പ്രതിനായകരില്ലാത്തതാണു മാജിദിയുടെ സിനിമകള്‍ പലതും..രണ്ടാനച്ഛന്‍(ഒരു പോലീസുകാരന്‍ പ്രത്യേകിച്ചും) എന്നത് പ്രേക്ഷകരുടെ മനസ്സിലും മെഹ്രുള്ളയുടെ മനസ്സിലെന്ന പോലെ പ്രതിസ്ഥാനത്താണ് സിനിമയുടെ ആരംഭത്തില്‍‍..പക്ഷെ സര്‍വരിലും നന്മ കാണുന്നതാണ് മാജിദിയുടെ ലോകവീക്ഷണം.‘ഫാദര്‍‘എന്ന സിനിമ അതുകൊണ്ടുതന്നെ പ്രസരിപ്പിക്കുന്നത് ശുഭാപ്തിനിറഞ്ഞ നന്മയുടെ പ്രകാശമാണ്

10/14/2010

ചിൽഡ്രൺ ഓഫ് ഹെവൻ

ഇറാൻ/പേർഷ്യൻ/1997/കളർ/89 മിനുട്ട്
സംവിധാനം: മാജിദ് മാജിദി
                     പിങ്ക് നിറമുള്ള ഒരു കുഞ്ഞ് ചെരുപ്പാണ് മാജിദ് മാജിദി 1997 ൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ‘ചിൽഡ്രൺ ഓഫ് ഹെവൻ’ എന്ന ഇറാനിയൻ ചലചിത്രത്തിലെ കേന്ദ്രബിന്ദു . അലി എന്ന ഒമ്പതുവയസ്സുകാരൻ അനിയത്തി സാറയുടെ നിറം മങ്ങി പിഞ്ഞിയ പഴയ  ഷൂ ചെരുപ്പ്കുത്തിയുടെ അരികിൽ നന്നാക്കാൻ കൊണ്ടുപോയിരിക്കയാണ്. തുന്നിക്കൊണ്ടിരിക്കുന്ന ചെരുപ്പിന്റെ എക്സ്ട്രീം ക്ലോസ്സപ്പുകളുടെ പശ്ചാത്തലത്തിലാണ് ടൈറ്റിലുകൾ തെളിയുന്നത്. നന്നാക്കി കിട്ടിയ ചെരുപ്പ് ഒരു കറുത്ത പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞെടുത്ത ശേഷം മാർക്കറ്റിൽ വീട്ടു സാധനങ്ങൾ വാങ്ങുകയാണ് അലി. പച്ചക്കറിക്കടയുടെ പുറത്തൊരിടത്ത് ചെരുപ്പ് പൊതി വെച്ചാണ് അലി കടക്കുള്ളിൽ പോയി ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുന്നത്. ഇതിനിടയിൽ അതു വഴി വന്ന അന്ധനായ ഉന്തുവണ്ടിക്കാരൻ കടയിലെ പഴയ പ്ലാസ്റ്റിക് വേസ്റ്റുകൾ പെറുക്കി കൊണ്ടുപോകുന്നതിനിടയിൽ അറിയാതെ ചെരുപ്പിട്ട ബാഗും അതോടൊപ്പം കൊണ്ടുപോകുന്നു. സാധനം വാങ്ങി പുറത്തിറങ്ങിയ അലി തന്റെ ചെരുപ്പ്കാണാതെ ബേജാറായി.താൻ ചെരുപ്പ് വച്ച സ്ഥലത്ത് കൂടുതൽ പരതുന്നതിനിടയിൽ പച്ചക്കറിപെട്ടികൾ താഴെവീണു ചിതറി. കടം പറയുന്നതിനാൽതന്നെ അലിയെ ഇഷ്ടമില്ലാതിരുന്ന കടക്കാരന് ഇതുകൂടിയായപ്പോൾ കലിവന്നു. അയാൾ ചീത്തപറഞ്ഞ് അലിയെ ഓടിക്കുന്നു.
                      ചെരുപ്പ് നഷ്ടപ്പെട്ടതിന്റെ സങ്കടവുമായാണ് അലി വീട്ടിലെത്തുന്നത്.അപ്പോൾ കേൾക്കുന്നത് വാടക അഞ്ചുമാസം കുടിശികയായതിന് അമ്മയെ വീട്ടുടമ ചീത്തപറയുന്നതാണ്. സാറക്ക്  ഒരു  ചെരുപ്പ് വാങ്ങിനൽകാനുള്ള പണം വീട്ടിലില്ലെന്നവനറിയാം. തന്റെ ചെരുപ്പ് നഷ്ടപ്പെടുത്തിയാണ് അലി വന്നിരിക്കുന്നതെന്നറിഞ്ഞ സാറ കരച്ചിലിന്റെ വക്കിലാണ്. വിവരം വീട്ടിലറിഞ്ഞാൽ കുഴപ്പമാകുമെന്ന് അലിക്കറിയാം. ഈ കാര്യം ആരോടും പറയരുതെന്ന് അലി സാറയോട് കെഞ്ചുന്നു..
                      അലി ഒരുപ്രാവശ്യം കൂടി  ആ കടയിൽ പോയി നോക്കുന്നു. ഇല്ല എവിടെയും ഇല്ല..അതിനിടയിൽ അലിയെ വീണ്ടും കണ്ടപ്പോൾ കടക്കാരന് ദേഷ്യം വരുന്നു.ഈ കുഴപ്പങ്ങൾക്കിടയിൽ അമ്മയെ ജോലിയിൽ സഹായിക്കനോ കുഞ്ഞിനെ നോക്കാനോ അലിക്ക് പറ്റിയില്ല. അച്ഛൻ തിരിച്ചെത്തിയപ്പോൾ രോഗിയായ അമ്മയെ സഹായിക്കാത്തതിന് അവന് നല്ല വഴക്ക് കിട്ടുന്നു. ഒമ്പത് വയസ്സായ അവൻ കുറേക്കൂറ്റി ഉത്തരവാദിത്വം കാണിക്കണം എന്നാണ് അച്ഛൻ പറയുന്നത്. അമ്മയെ ചികിത്സിക്കാനും കുടുംബം പോറ്റാനുംവേണ്ട പണം തന്റെ ചെറിയ ജോലിയിൽ നിന്നും അയാൾക്ക് കിട്ടുന്നില്ല.
                      നാളെ ചെരുപ്പില്ലാതെ താനെങ്ങനെ സ്കൂളിൽ പോകും എന്ന കാര്യമാണ് സാറയെ കുഴക്കുന്നത്. അച്ഛന്റെയും അമ്മയുടെയും മുമ്പിൽ ഈ കാര്യം ചർച്ച ചെയ്യാനും പറ്റില്ല. അവൾ തന്റെ ഹോം വർക്ക് ചെയ്യുന്നതിനിടയിൽ  നോട്ടുബുക്കിൽ ഈ ചോദ്യമെഴുതി ഏട്ടന്റെ മുന്നിലേക്ക് നീക്കി വയ്ക്കുന്നു. മറുപടി അലി അവന്റെ നോട്ടിലേഴുതി അവൾക്ക് തിരിച്ച് നൽകുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവരറിയാതെതന്നെ കുട്ടികൾ ഈ കാര്യം ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തുന്നു. തത്കാലം അലിയുടെ ചെരുപ്പ് രണ്ട്പേരും പങ്കുവെക്കുക. സാറക്ക് രാവിലെയും അലിക്ക് ഉച്ചകഴിഞ്ഞുമാണ് സ്കൂൾ. തന്റെ ക്ലാസ്സ് കഴിഞ്ഞാലുടൻ സാറ കഴിയുന്നത്ര വേഗത്തിൽ ഓടിയെത്തി അലിക്ക് ചെരുപ്പ് കൈമാറുക. ഈ ഒത്തുകളി രഹസ്യമാക്കി വെക്കുന്നതിന് കൈക്കൂലിയായി അവന്റെ വലിയ പെൻസിൽ അവൾക്ക് നൽകുന്നു.
                        ഈ ചെരുപ്പ് പങ്കുവെക്കൽ പരിപാടി അവർ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. സാറ  തിരിച്ചെത്തി ചെരുപ്പ് കൈമാറി,അലി ഓടി സ്കൂളിലെത്തുമ്പോഴേക്കും  ബെല്ലടിക്കും. ഹെഡ്മാസ്റ്റർ കാണാതെ എപ്പഴും രക്ഷപ്പെടാനാവില്ല. താക്കീത് കിട്ടീട്ടും വീണ്ടും വൈകി വരുന്ന അലിയെ അച്ഛനെ കൂട്ടി വരാൻ നിർദേശിച്ച് സ്കൂളിൽ നിന്നുംപറഞ്ഞ് വിടുന്നു. അലി കരച്ചിലും നിരാശയുമായി ഗൈറ്റിലെത്തുമ്പോൾ അവനെ ഏറെ ഇഷ്ടമുള്ള ക്ലാസ്സ് ടീച്ചർ കാണുന്നു.അലിയെ കൂട്ടി തിരിച്ച് വന്ന്  , ക്ലാസ്സിലൊന്നാമനാണെന്നും അനുസരണയുള്ള നല്ലകുട്ടിയാണെന്നും ഹെഡ്മാസ്റ്ററോട് ശുപാർശ ചെയ്ത് തത്കാലം രക്ഷിക്കുന്നു.
                          പാകമാവാത്ത ചെരുപ്പും ഇട്ടുകൊണ്ടുള്ള ഓട്ടം കുഞ്ഞു സാറക്കും വലിയ പ്രശ്നമാവുകയാണ്. ഒരു ദിവസം ഓട്ടത്തിനിടയിൽ ചെരുപ്പ് കാലിൽ നിന്നും ഊരി ഓടയിലെ ഒഴുക്കു വെള്ളത്തിൽ വീണുപോയി.ഭാഗ്യം കൊണ്ടുമാത്രമാണ് അന്ന് ചെരിപ്പ് തിരിച്ച് കിട്ടിയത്. തനിക്ക് ഈ കള്ളക്കളി തുടരാൻ പറ്റില്ലെന്നും അച്ചനോട് വിവരം പറയാൻ പോകുകയാണെന്നും സാറ ഭീഷണിമുഴക്കി. എങ്കിലും ക്ലാസ്സിലൊന്നാമനായതിന് ടീച്ചർ നൽകിയ സമ്മാനം-സ്വർണ്ണനിറമുള്ള പേന - സാറക്ക് നൽകി അലി അവളെ അനുനയിപ്പിക്കുന്നു.
                          ഇതിനിടയിൽ ഒരു ദിവസം അസംബ്ലിക്കിടയിൽ മറ്റൊരു കുട്ടിയുടെ കാലിൽ തന്റെ നഷ്ടപ്പെട്ട ചെരുപ്പ് സാറ കണ്ടുപിടിക്കുന്നു. ആ കുട്ടിയുടെ വീടും അവൾ രഹസ്യമായി മനസ്സിലാക്കി.ചെരുപ്പ് തിരിച്ച് വാങ്ങാൻ ഏട്ടനേയും കൂട്ടി അവൾ ആ വീട്ടിനു മുന്നിലെത്തി.  പക്ഷെ അന്ധനായ ഉന്തുവണ്ടിക്കാരന്റെ മകളാണ് ആ കുട്ടി എന്നറിഞ്ഞപ്പോൾ ഒന്നും പറയാതെ അവർ തിരിച്ച് പോരുന്നു.
                   പള്ളിയിലെ മതപ്രസംഗ സമയത്ത് ഭക്തർക്ക് ചായ പാർന്ന് കൊടുക്കുന്ന  പണിയാണ് അലിയുടെ അച്ഛന്. തുച്ഛമായ വരുമാനം മാത്രം. അയാൾ പുതിയ തൊഴിൽ തേടുകയാണ്. സുഹൃത്ത് കടം നൽകിയ ചില പണിയായുധങ്ങളും ചെടികൾക്ക് മരുന്നടിക്കുന്നതിനുള്ള ഒരു ഹാന്റ് പമ്പും ഒക്കെയായി അലിയേയും കൂട്ടി അയാൾ നഗരത്തിലേക്ക് സൈക്കിളിൽ പുറപ്പെടുന്നു. ടെഹ്രാനിലെ സമ്പന്നർ ജീവിക്കുന്ന പ്രദേശത്ത് വലിയ മാളികകളുടെ ഗൈറ്റിനു പുറത്തെ ഇന്റെർകോമിലൂടെ തോട്ടപ്പണി അന്വേഷിക്കുകയാണു അയാൾ. വിദ്യാഭ്യാസവും പരിചയവും  ഇല്ലാത്ത നാട്ടുമ്പുറത്തുകാരനായ അയാൾക്ക് ആശയവിനിമയം വലിയ പ്രശ്നമാണ്. എല്ലാ വീട്ടുകാരും ഈ പാവത്തെ ഒഴിവാക്കുകയാണ്. അവസാനം അലി വീട്ടുകാരോട് സംസാരിക്കുന്നു. അങ്ങിനെ ഒരു പണക്കാരനായ  വൃദ്ധൻ അവരെ ജോലി ഏൽ‌പ്പിക്കുന്നു. അച്ഛൻ തോട്ടാത്തിൽ പണിയെടുക്കുന്ന സമയമത്രയും അവിടത്തെ കുട്ടിക്കൊപ്പം കളിക്കാൻ അലിയെ വിടുന്നു. ജോലി കഴിഞ്ഞപ്പോൾ  പ്രതീക്ഷിക്കാത്ത കൂലിയും കിട്ടുന്നു.പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും പരസ്പരം പങ്കുവെച്ച് സന്തോഷത്തോടെ ആ അച്ഛനും മകനും സൈക്കിളിൽ തിരിച്ച് നാട്ടിലേക്ക് വരികയാണ്. ഇതേപോലെ പണി കിട്ടുകയാണെങ്കിൽ സാറക്ക് ചെരുപ്പ് വാങ്ങാൻ അച്ഛനോട് പറയാമെന്ന ഭാവമുണ്ട് അലിക്ക്. പക്ഷെ യാത്രക്കിടയിൽ സൈക്കിൾ ബ്രേക്ക് പൊട്ടി ഇരുവരും വീണു പരിക്ക് പറ്റുന്നു. .വിശാലമായ നഗരത്തിരക്കുകൾക്കും വാഹനക്കൂട്ടങ്ങൾക്കും ഇടയിലൂടെ ഹൈവേയിലെ  ഒരു വണ്ടിയിൽ പൊളിഞ്ഞ സൈക്കിളും കയറ്റി മുറിവുകളിൽ വെച്ചുകെട്ടുമായി നിശബ്ദം നീങ്ങുന്ന ആ അച്ഛനും മകനും വല്ലാത്തൊരു ദൃശ്യമാണ്.
                       സ്കൂളിൽ ആയിടക്കാണ് ഒരു മാരത്തോൺ ഓട്ട മത്സരത്തിൽ പങ്കെടുക്കേണ്ടവരുടെ   തിരഞ്ഞെടുപ്പ് നടന്നത്. അലി അതത്ര കാര്യമാക്കിയിരുന്നില്ല.തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയോടൊപ്പം വിജയികൾക്കുള്ള സമ്മാനം പ്രസിദ്ധീകരിച്ചപ്പോഴാണ് അലി ഒരു കാര്യം ശ്രദ്ധിച്ചത് .   മൂന്നാം സ്ഥാനക്കാരന് രണ്ടാഴ്ച  വെക്കേഷൻ ക്യാമ്പും കൂടെ ഒരു സ്പോർട്സ് ഷൂവും ആണ് സമ്മാനം. സ്കൂളിലെ കായികാദ്യാപകനോട് അവൻ കരഞ്ഞ് പറഞ്ഞു- തനിക്കും പങ്കെടുക്കണമെന്ന്. അവൻ ജയിക്കുമെന്ന് വാ‍ക്ക് നൽകിനോക്കി. അലിയുടെ നിർബന്ധം സഹിക്കാനാവാതെ അവസാനം അവനെയും ഓടിച്ച് നോക്കി ,കുഴപ്പമില്ലെന്നു കണ്ട് തിരഞ്ഞെടുക്കുന്നു.
                              ഓട്ട മത്സരം വളരെ വിശദമായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.വളരെയധികം സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ദീർഘമായ ഓട്ടത്തിനിടയിൽ അലി ഓർക്കുന്നത് സാറയെ മാത്രമാണ്. അവന് മൂന്നാം സ്ഥാനം കിട്ടിയേ പറ്റൂ . ദിവസവും സ്കൂളിലേക്ക് അവൻ ഓടിയതിന്റെ അനുഭവവും സാറയോടുള്ള അവന്റെ സ്നേഹവും കാലിൽ കുതിപ്പായി മാറുന്നുണ്ട്. ഇഞ്ചോടിഞ്ച് പൊരുതിയുള്ള മത്സരത്തിൽ അപ്രതീക്ഷിതമായ അന്ത്യമാണ് ഉണ്ടായത്. അലി ഒന്നാം സ്ഥാനക്കരനായിപ്പോയി. ജനക്കൂട്ടവും സ്കൂൾ അദ്യാപകരും സന്തോഷത്തിൽ അലിയെ വാരിപ്പുണരുമ്പോൾ അലി സങ്കടത്തിലാണ്. താൻ തോറ്റുപോയതിൽ.
                             വീട്ടിൽ തിരിച്ചെത്തിയ അലിയുടെ തളർച്ചയും നിരാശയും നിറഞ്ഞ  മുഖം കണ്ടപ്പോൾ സാറ ഒന്നും ചോദിക്കുന്നില്ല. അലി ഒന്നും പറയുന്നുമില്ല. സാറയും പോയിക്കഴിഞ്ഞപ്പോൾ തന്റെ പൊള്ളികുമിളിച്ച കാൽ പാദങ്ങൾ വെള്ളടാങ്കിലേക്ക് ഇറക്കിവെച്ച് അലി വെറുതെ ഇരിക്കുകയാണ്.. അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം കാലിൽ തഴുകുന്ന വർണ്ണ മത്സ്യങ്ങളിൽ ഈ സിനിമ അവസാനിക്കുന്നു.
             മാർക്കറ്റിൽനിന്നും തന്റെ സൈക്കിളിൽ സാധനങ്ങൾ വാങ്ങി വരുന്ന അച്ചന്റെ ഹ്രസ്വമായ ഒരു ദൃശ്യം ഇതിനിടയിൽ കാണാം.സൈക്കിളിൽ പൊതിഞ്ഞ് വെച്ചിരിക്കുന്നവയുടെ കൂട്ടത്തിൽ പൊതിയിൽ ഒരു ജോഡി കുഞ്ഞു ചെരുപ്പും .സാറക്കായി വാങ്ങിയ പുത്തൻ ചെരുപ്പ്.ഈ ദൃശ്യം കാണാതെപോയാൽ മാജിദിയുടെ ശുഭാപ്തിനിറഞ്ഞ ജീവിത വീക്ഷണം നാം തിരിച്ചറിയാതെ പോകും
                        നന്മയുടെ പ്രകാശം പ്രസരിപ്പിക്കുന്നതാണ് ഈ സിനിമയിലെ ഓരോ ദൃശ്യവും.പരസ്പരം ഇഷ്ടപ്പെടുന്ന ,മനസ്സിലാക്കുന്ന,സഹായിക്കുന്ന, അലിയും സാറയും.ഇവർ തമ്മിൽ പിണങ്ങിനിൽക്കുന്നതു പോലുമില്ല.. ദാരിദ്രത്തിനിടയിലും സ്നേഹം നിറഞ്ഞ കുടുംബാന്തരീക്ഷം. തന്നെ വിശ്വസിപ്പിച്ചേൽ‌പ്പിച്ച പഞ്ചസാര കട്ടകളിലൊന്നുപോലും സ്വന്തം ചായയിലിടാത്ത  സത്യസന്ധനായ അലിയുടെ അച്ഛൻ ,തനിക്ക് വീണുകിട്ടിയ സാറയുടെ പേന തിരിച്ച് നൽകുന്ന അന്ധനായ ഉന്തുവണ്ടിക്കാരന്റെ മകൾ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ പ്രത്യാശനിറഞ്ഞ ലോകത്തിന്റെ സൂചകങ്ങളാണ്.  കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഈ സിനിമ അത്രമാത്രം ഇഷ്ടമാകുന്നതിന് ഒരു കാരണം അവതരണത്തിലെ ലാളിത്യമാണ്. ഇത്രമാത്രം ഋജുവായ വിഷയം യാതൊരുവിധ വെച്ചുകെട്ടലുകളുമില്ലാതെ യഥാതഥമായ രീതിയിൽ അവതരിപ്പിക്കുകയാണ് മാജിദി ചെയ്തിരിക്കുന്നത്. ദൃശ്യങ്ങളുടെ സ്വാഭാവികതക്കായി അദ്ദേഹം തെരുവുകളിൽ ഒളി കാമറ വച്ചാണ് പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. ‘ശുദ്ധവും പൂർണ്ണവുമായ-കുട്ടികൾക്കുള്ള സിനിമ‘ എന്നാണ് റോഗ്ഗർ എബേർട്സ് എന്ന സിനിമ നിരൂപകൻ ഈ സിനിമയെ വിശേഷിപ്പിച്ചത്.
                              1998 ൽ അന്യഭാഷാചലചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ ഈ സിനിമ ഇറ്റാലിയൻ ചലചിത്രമായ ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’നോട് പരാജയപ്പെട്ടെങ്കിലും ലോകത്ത് ഇറാനിയൻ സിനിമയുടെ വെണ്ണിക്കൊടി പാറിച്ചു.നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഈ സിനിമ കണ്ട് വർഷമെത്ര കഴിഞ്ഞാലും അലിയായി അഭിനയിച്ച അമീർ ഫാരൂഖ് ഹാഷ്മിയൻ എന്ന ഒമ്പതു വയസ്സുകാരന്റെ നിഷ്കളങ്കതയും,ദൈന്യതയും,നന്മയും നിറഞ്ഞ കണ്ണുകളുടെ ഓർമ നമ്മോടൊപ്പമുണ്ടാകും. അതുകൊണ്ടു കൂടിയാകാം ഈ സിനിമയെ അടിസ്ഥാനമാക്കി ഇപ്പഴും സിനിമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി പ്രിയദർശനും ‘താരേ സമീൻ പർ’ ഫൈം ദർഷീൽ സഫാറേയെ  അലിയാക്കി ‘ബംബം ബോലെ’ എന്ന പേരിൽ ഹിന്ദിയിൽ ‘ഈ സ്വർഗ്ഗ കുഞ്ഞുങ്ങൾക്ക്‘ പുതിയ പതിപ്പുകൾ ഒരുക്കുന്നത്.