2/23/2010

അവതാർ

ഫോട്ടോഗ്രാഫിയെന്ന സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ വളർന്ന ഒരു കലാമാധ്യമമാണല്ലോ സിനിമ.കഴിഞ്ഞഒരു നൂറ്റാണ്ടിലുണ്ടായ ശാസ്ത്രപുരോഗതിയുടെ പല ഗുണങ്ങളേയും അപ്പപ്പോൾ സിനിമ അതിന്റെ പുതുക്കലുകൾക്ക് ഉപയോഗിച്ചിട്ടുണ്ട്. ബ്ലാക്ക് & വൈറ്റ് നിശബ്ദ സിനിമകളിൽനിന്നും ശബ്ദ-വർണചിത്രങ്ങളിലേക്ക് വഴിമാറി. 16mm ൽ നിന്നും 35mm ,സിനിമാസ്കോപ്പ്, 70mm ,3 ഡി, വിസ്താരമ,സിനിരമ,ടെക്നിരമ,സൂപ്പർസ്കോപ്പ്,റിയൽ സ്കോപ്പ്,വിസ്താവിഷൻ,പനാവിഷൻ ഫിലീമുകളിലേക്കൊക്കെ മാറി.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച ശബ്ദറിക്കോർഡിങ്ങിലും പ്രൊജക്ഷനിലും അത്ഭുതങ്ങൾ സ്രിഷ്ടിച്ചു.സ്പെഷൽ എഫക്റ്റുകളും ആനിമേഷൻ സാധ്യതകളും സിനിമയെ ശരിക്കും “ആർട് ഓഫ് ഇല്ല്യൂഷൻ' ആക്കി മാറ്റി.പഴയ പ്രൊജെക്റ്ററുകളും സൌണ്ട് ബോക്സുകളും വഴിമാറി.പുതിയ മൾട്ടിപ്ലെക്സുകളിൽ ഡിജിറ്റൽ മാസ്മരികത കൺ തുറന്നു.സിനിമ ശരിക്കും സാങ്കേതികതയുടെ കലയായി മാറിക്കൊണ്ടിരിക്കുകയാണ്.

ടൈറ്റാനിക്ക്’ എന്ന ജനപ്രിയ സിനിമയുടെ സംവിധായകനായ ജയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ സിനിമയാണ് “അവതാർ”.അവതാർ അവതരിപ്പിക്കനുള്ള സങ്കേതികവിദ്യകളുടെ വളർച്ചക്കായി അദ്ദേഹം കഴിഞ്ഞ പതിനഞ്ചുവർഷം കാത്തിരിക്കുകയായിരുന്നുവത്രെ.ആയിരത്തഞ്ഞൂറു കോടിയിൽ‌പ്പരം രൂപ ചിലവഴിച്ചു നിർമിച്ച ഈ സയൻസ് ഫിക്ഷൻ സിനിമ മഹത്തായ ഒരു സിനിമയായി പലരും അംഗീകരിച്ചുവെന്നുവരില്ല.എങ്കിലും ഇതുവരേയുള്ള സിനിമ അനുഭവങ്ങളെ (കലാസ്രിഷ്ടി എന്നനിലയിലല്ല്ലെങ്കിലും സാങ്കേതിക സ്രിഷ്ടി എന്ന നിലയിൽ ) മുഴുവനും പിന്തള്ളി മുന്നോട്ടു നിൽക്കുന്ന ഒരു സിനിമയാണിത്.IMAX 3D തിയറ്ററുകളിൽ ഇതൊരു ചലചിത്രമായല്ല -ചുറ്റും നടക്കുന്ന അനുഭവമായാണ് പ്രേക്ഷകരിൽ എത്തിയത്. കേരളത്തിൽ മൂന്ന് തിയറ്ററുകളിൽ 3ഡി സിനിമയായും മറ്റിടങ്ങളിൽ 3D ഇല്ലാതെയുമാണ് അവതാർ റിലീസ് ചെയ്തിട്ടുള്ളത്.
അന്യഗ്രഹജീവികൾ ഭൂമിയെ ആക്രമിക്കുന്ന കഥകളുമായി നിരവധി സിനിമകൾ ഹോളിവുഡിൽ ഉണ്ടായിട്ടുണ്ട്.ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാധിത്വം സ്വയം ഏറ്റെടുക്കുന്ന വെള്ളക്കാ‍രൻ...വിജയിക്കുന്നതരം ആക്ഷൻ സിനിമകളായിരുന്നു പലതും.ജയിംസ് കാമറൂണിന്റെതന്നെ മുൻ സിനിമകളായ ‘ഏലിയൻസ്” “ടെർമിനേറ്റർ“ തുടങ്ങിയവയൊക്കെ ഇത്തരം സയൻസ് ഫിക്ഷൻ സിനിമകളായിരുന്നു.സ്പിൽബെർഗിന്റെ ‘ET' ഭൂമിയിൽ ഒറ്റപ്പെട്ടുപോയ ഒരു അന്യഗ്രഹജീവിയെക്കുറിച്ചായിരുന്നല്ലോ. അവതാറും അന്യഗ്രഹജീവികളെക്കുറിച്ചു തന്നെയാണ്...പക്ഷെ അവരെ ഭൂമിയിലെ മനുഷ്യരാണ് ആക്രമിക്കുന്നത്.
ഭൂമിയിലെ വിഭവങ്ങൾ മുഴുവനും ചൂഷണം ചെയ്തു മനുഷ്യർ പുതിയ ലോകങ്ങൾ ആർത്തിയോടെ തേടുന്ന AD 2154 -ആണ് ഈ കഥനടക്കുന്നത്.ജൈവസാങ്കേതികവിദ്യയും വളരെ വികസിച്ചുകഴിഞ്ഞിരുന്നു,പ്രകാശവർഷങ്ങൾക്കപ്പുറം പോളിഫെമസ് എന്ന ഗ്രഹത്തിന്റെ ഉപഗ്രഹമായ‘പണ്ഡോറ” യാണ് മനുഷ്യന്റെ ലക്ഷ്യം.വന്യപ്രക്രിതിയുമായിണങ്ങി ജീവിക്കുന്ന “ഒമാട്ടിക്കാ‍യ” ജനതയുടെ ലോകം. ആത്മാവുകളുള്ള ചെടികളും മ്രിഗങ്ങളും യൂറോബ്റ്റിനിയം എന്ന വിലയേറിയ ധാതുവിന്റെ വലിയ കലവറയാണ് ഈ ഉപഗ്രഹം.അവിടെയുള്ള നാവികൾ എന്ന ഗോത്രനിവാസികളായ തദ്ദേശിയരെ തുരത്തി അവ കൈക്കലാക്കാനുള്ള ദൌത്യവുമായി സെക് ഫോർ എന്ന കോർപറേറ്റ് ഭീമൻ കമ്പനി തലവൻ കേണൽ ക്വറിക്കിന്റെ നേത്രുത്വത്തിൽ പൻഡോറയിൽ മിലിട്ടറി ക്യാമ്പ് തുടങ്ങുന്നു.
മനുഷ്യനോട് രൂപസാമ്യമുള്ളവരെങ്കിലും പന്ത്രണ്ടടി ഉയരവും വാലും പുലിച്ചെവിയും വെള്ളാ‍രം കണ്ണുകളുമുള്ള ഒരു മാർജ്ജാര വർഗ്ഗമാണ് നാവികൾ.സ്വന്തമായ ജീവിത രീതികളും സംസ്കാരവുമുള്ള ജനത.ഓക്സിജൻ ലഭ്യമല്ലാത പൻഡോറയിലെ പOനങ്ങൾക്കും ധാതു ഗവേഷണത്തിനും നാവികൾക്കിടയിൽ നുഴഞ്ഞുകയറി വിവരങ്ങൽ ശേഖരിക്കാനായി വ്യാജ ജീവികളെ പരീക്ഷണശാലയിൽ സ്രിഷ്ടിച്ചെടുക്കുന്ന ‘അവതാർ’ പ്രോജക്റ്റ് ശാസ്ത്രജ്ഞരുടെ നേത്രുത്വത്തിൽ നടക്കുന്നുണ്ട്.ഈ പ്രോജെക്ടിലെ മരണപെട്ട  ടോം എന്ന ശാസ്ത്രജ്ഞന്റെ ഇരട്ട സഹോദരൻ ജാക്ക് സുള്ളി അമേരിക്കയിലെ ഒരു ആശുപത്രിയിൽ കാബിനിൽ ബോധമുണരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.യുദ്ധത്തിൽ പരിക്കേറ്റ് അരക്കുകീഴെ തളർന്നുപോയ ജാക്ക് -നട്ടെല്ലു ശസ്ത്രക്രിയക്കാവശ്യമായ വലിയ തുക കണ്ടെത്തുന്നതിനായി പൻഡോറയിലെ പ്രോജക്റ്റുമായി സഹകരിക്കുന്നു.ജനിറ്റിക്കൽ ജോഡിയായതിനാൽ ടോമിൽ നടത്തിയ പരീക്ഷണങ്ങൾ തുടരാനായി മറ്റുള്ള പട്ടാളക്കാർക്കൊപ്പം വീൽചെയറിൽ പൻ ഡോറയിൽ ചെന്നിറങ്ങുന്നു . തന്റെ അവതാരൂപത്തിലെ പുതിയ ശരീരം ജാക്ക് പരിശോധിക്കുന്നുണ്ട്.യന്ത്രത്തിനുള്ളിൽകയറി ജാക്കിന്റെ മനസ്സ് പുതിയ അവതാരരൂപത്തിലേക്കു സന്നിവേശിപ്പിക്കുന്നു.പുതിയ നാവിജീവിയായി മാറിയ ജാക്ക് തന്റെ പുതിയ കാലുകളുമായി പരീക്ഷണശാലയിൽ നിന്നും പുറത്തേക്ക് സന്തോഷത്തോടെ ഓടുകയായിരുന്നു.പ്രോജെക്റ്റിലെ ശാസ്ത്രജ്ഞരായ ഡോ: ഗ്രേസും മറ്റും ഇത്തരം അവതാര രൂപത്തിലേക്കു സ്വയം പരിവർത്തനം ചെയ്യുന്നുണ്ട്.പൻ ഡോറ യിലെ മരങ്ങളേയും സസ്യങ്ങളെയും പറ്റി അവർ ഗവേഷണം നടത്തുകയാണ്.ക്യാമ്പിലെ ക്യാപ്സ്യൂളിനകത്തുനിന്നും ഉണർന്നെണീറ്റു തങളുടെ പഴയ മനുഷ്യ ജീവിതത്തിലേക്കു തിരിച്ചെത്തുകയും കണ്ടനുഭവിച്ച അറിവുകൾ ശസ്ത്രജ്ഞരോട് വിവരിക്കുകയും ചെയ്യുന്നു ഇടക്കിടെ.
പൻ ഡോറ ഒരത്ഭുത ചന്ദ്രനാണ്.കാടുകളിൽ പ്രകാശം പൊഴിക്കുന്ന മരങ്ങൾ,വന്യമ്രിഗങ്ങൾ,ആത്മാവുകളുടെ വ്രുക്ഷമുള്ള ഹാലേലൂയാ പർവതപ്രദേശം, അന്തരീക്ഷത്തിലൂടെ മൈനാക പർവ്വതം പോലെ ഒഴുകിനടക്കുന്നവ.ആകാശം മുട്ടുന്നത്ര വലിപ്പമുള്ള നാവികളുടെ വിശുദ്ദമായ മഹാ കുടുംബവ്രിക്ഷം.-അവയുടെ വേരിനടിയിലെ മഹാ സാമ്രാജ്യം-പറക്കും വ്യാളികളായ പർവ്വത ബാൻഷികൾ -മെരുക്കി ഓടിക്കാനാവുന്ന പരുക്കൻ കുതിര രൂപികളായ ഡെയർ ഹോർസുകൾ-ഇവയുടെ നെറുകയിലെ സ്പർശനികളുമായി നാവികൾ അവരുടെ സുഷ്മ്നാതന്ത്രികളുടെ നാരുപടലത്തെ ബ്ന്ധിപ്പിച്ചാൽ അവരുടെ മനസ്സ് ആ മ്യഗങ്ങളുടേതുമായി ബന്ധനത്തിൽ ആകുകയും അശ്വഹ്രിദയ മന്ത്രം ചൊല്ലിയതു പോലെ കുതിര നിയന്ത്രണത്തിൽ ആകുകയും ചെയ്യും.ഈ പൻ ഡൊറ ലോകം പലപ്പോഴും ഭാരതീയ ഇതിഹാസ കഥകളിലെ ലോകങ്ങളെ ഓർമിപ്പിക്കും.രാമായണത്തിലെ ബാലി യുടെയും സുഗ്രീവന്റെയും സാമ്രാജ്യങ്ങൾ...ഗരുഢാരൂഡനായ വിഷ്ണു...മയിൽ‌പ്പുറമേറിയ മുരുകൻ...പുനർജ്ജന്മങ്ങളും ആത്മാവുകളും അവതാരങ്ങളും നിറഞ്ഞ പൌരസ്ത്യമായ ഒരു സാംസ്കാരിക ഭൂമിക.
പരീക്ഷണയാത്രക്കിടയിൽ പൻ ഡോറയിലെ ഗൂഢവനത്തിൽ മറ്റുള്ളവരിൽ നിന്നും പിരിഞ്ഞ് ജാക്ക് ഒറ്റപ്പെട്ടു പോകുന്നു.വിക്രുത ജീവികളുടെ ആക്രമണത്തിൽ നിന്നും ജാക്കിനെ അവിടെ എത്തിയ നാവികളുടെ ഗോത്രരാജാവിന്റെ മകളായ  നൈത്രി രക്ഷപ്പെടുത്തുന്നു.തങ്ങളുടെ കൂടെയുള്ള ആളല്ല എന്ന് മനസ്സിലാക്കിയെങ്കിലും പ്രക്രിതിയിൽ കണ്ട ചില അടയാളങ്ങൾ മൂലം അവനേയും കൂട്ടി വിശുദ്ധവ്രിക്ഷത്തിനടുത്ത് കൊണ്ട് പോകുന്നു.തങ്ങളിലൊരാളായി ജാക്കിനെ സ്വീകരിക്കാനായി അവരുടെ ഗോത്രരീതികളും അടവുകളും അവനെ പടിപ്പിക്കാൻ അവർ തീരുമാനിക്കുന്നു. ആ ജോലി നൈത്രിയെത്തന്നെ ഏൽ‌പ്പിക്കുന്നു.മഹാവ്രിക്ഷത്തിന്റെ അനന്തമായ തലപ്പുകളിലെ വള്ളിക്കുടിലിലാണ് അന്തിയുറക്കം.ഉറക്കത്തോടെ ജാക്കിന്റെ അവതാര രൂപത്തെ വിട്ട് മനസ്സ് സ്വന്തം ശരീരത്തിലൂടെ ഉണരുകയും ക്യാമ്പിലെ പരീക്ഷണശാലയിൽ വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.
പതുക്കെയെങ്കിലും ജാക്ക് നെയിത്രിക്കൊപ്പം എല്ലാം പടിച്ചെടുക്കുന്നു ,ഒട്ടും മെരുങ്ങാത്ത  ഭീകരരൂപികളായ വന്യാശ്വങ്ങളെ മെരുക്കി  ഓടിക്കാനും വിസ്ത്യതമായ ചിറകുകളുള്ള പർവ്വത ബാൻഷികളുടെ പുറത്ത് കയറി സുഷ്മ്നാബന്ധനം നടത്തി കൊക്കകളിലൂടെ പറത്താനും ചുവന്ന ഭീകരൻ പക്ഷിയായ ടൊറക്കിൽ നിന്നും രക്ഷനേടി ഒഴിഞ്ഞുമാറാനും അമ്പെയ്തു വേട്ട നടത്താനും ഒക്കെ പടിച്ചെടുക്കുകയും ചെയ്യുന്നു.
നൈത്രിയുമായി  പതുക്കെ ജാക്ക് പ്രണയത്തിലാവുന്നു. യൂറൊബ്റ്റിനിയം ശേഖരം ഏറ്റവുമധികമുള്ളത് മഹാവ്യക്ഷത്തിനരികിലാണെന്നു മനസ്സിലാക്കിയ കേണൽ ക്വറിക്ക് അക്ഷമനായി... നാവികളെ തുരത്താനുള്ള ഒരുക്കത്തിലാണവർ.
പ്രക്യതിയുമായി ഇണങ്ങിയുള്ള നാവികളുടെ ജീവിതത്തിന്റെ ലാളിത്യവും സൌന്ദര്യ്‌വും തിരിച്ചറിഞ്ഞ ജാക്ക് കോർപ്പറേഷന്റെ പദ്ധതികൾക്ക് എതിരാവുന്നു.സഹായത്തിന് അവതാർ പ്രോജെക്ടിലെ ചില ശാസ്ത്രജ്ഞരും കൂടെയുണ്ട്.
മഹാവ്യക്ഷംതകർത്ത് മുന്നേറുകയാണ് ആകാശപ്പട - നിരവധി നാവികളെ അപായപ്പെടുത്തുന്നു..ജാക്കിനെ നാവികൾ തള്ളിപ്പറയുന്നുണ്ടെങ്കിലും ടൊറക്കിനെ  കീഴ്പ്പെടുത്തി ജാക്ക് വീണ്ടും രക്ഷകനെ പ്പോലെ അവതാരരൂപമായി തിരിച്ചെത്തിയപ്പോൾ മനുഷ്യർക്കെതിരായ പോരാട്ടത്തിനായി ജാക്കിന്റെ നേത്യത്വം അവർ സ്വീകരിക്കുന്നു. ഗോത്രവർഗ്ഗങ്ങളെയെല്ലാം സംഘടിപ്പിച്ച് ബാൻഷികളുടെ  വന്യാശ്വങ്ങളുടെയും മുകളിലായി അവസാന യുദ്ധത്തിലേർപ്പെടുകയാണ് നാവികൾ.ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന യുദ്ധരംഗങ്ങളുടെ അവസാനം... നാവികൾ വിജയികളാവുന്നു.തടവുകാരായ മനുഷ്യരെ മുഴുവനും ഭൂമിയിലേക്ക് നാട് കടത്തുകയും ജാക്ക് തന്റെ അവതാര രൂപത്തിൽ നൈത്രിക്കൊപ്പം പൻ ഡൊറ യിൽ തുടരുകയും ചെയ്യുന്നിടത്ത് അവതാർ അവസാനിക്കുന്നു.
യുദ്ധരംഗങ്ങളിൽ മനുഷ്യപ്പട സങ്കേതികവിദ്യയുടെ പാരമ്യത്തിലുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും ആകാശയാനങ്ങളും ഉപയോഗിക്കുമ്പോൾ ജാക്കിന്റെ സംഘം പക്ഷികളുടെയും കുതിരകളുടെയും പുറത്ത് അമ്പും വില്ലുമായി പൊരുതുകയാണ്.സ്പെഷ്യൽ ഇഫക്റ്റുകളുടെ അത്ഭുതം ഈ  യുദ്ധരംഗങ്ങളെ വളരെ സ്വാഭാവികമായി അനുഭവപ്പെടുത്തുണ്ട്.
പൻഡോറയിലെ അത്ഭുതവനവും ഒമാട്ടിക്കാ‍യ ജനതയുടെ ചടങ്ങുകളും ഹാലെലൂയമലകളുടെ സ്വപ്ന ദ്യശ്യങ്ങളും സങ്കൽ‌പ്പലോകത്തിനപ്പുറം യാഥാർത്ഥ്യമായി നമുക്ക് അനുഭവപ്പെടുത്താൻ ഇതിലെ ആനിമേഷനുകൾക്കവുന്നുണ്ട്.
അമേരിക്കയിലെ ആദിമ നിവാസികളെ വകവരുത്തി പ്രക്യതി സമ്പത്ത്മുഴുവൻ കൊള്ളചെയ്തതിലും,സംസ്കാരങ്ങളെ തുടച്ചുമായ്ച്ചതും, ആഫ്രിക്കയിലേയും ഏഷ്യയിലേയും കോളനികൾ പ്രക്യതി സമ്പത്ത്കടത്തിയതിലും ഉള്ള വെള്ളക്കാരന്റെ കുറ്റബോധത്തിന്റെ ഒരു സ്വരം ഈ സിനിമയിലെവിടെയോ നമുക്ക് കേൾക്കാം
ശാസ്ത്രകേരളം മാസിക,ലക്കം 472,ഫെബ്രുവരി 2010