കാട്ടില്‍ കരടികള്‍ക്കെത്താതത്ര ഉയരത്തില്‍ തേങ്കൂടുകള്‍ വച്ച് തേന്‍ എടുക്കലാണ് യാക്കൂബിന്റെ ജോലി.എന്തുകൊണ്ടോ അടുത്തകാലത്തായി തേനീച്ച കൂടുകളില്‍ തേന്‍ വളരെ കുറവാണ്. കുഞ്ഞ് യൂസഫും അച്ഛനൊപ്പം കാട്ടില്‍ പോവാറുണ്ട്. കാട്ടിലെ പലതരം പൂക്കളും ഇലകളും അച്ഛന്‍ അവന് പരിചയപ്പെടുത്തുന്നത് അത്തരം യാത്രകളിലാണ്. തേന്‍ തേടി ഗ്രാമത്തിനപ്പുറത്തെ മലയില്‍ പോയ യാക്കൂബ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് വന്നില്ല.അമ്മ സഹ്രയും യൂസഫും യാക്കൂബിന്റെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ്.തേനേടുക്കുന്നതിനിടയില്‍ വളരെ ഉയരത്തില്‍ നിന്നും മരക്കമ്പ് പൊട്ടി യാക്കൂബ് താഴെ വീഴുന്ന ദൃശ്യം സിനിമയുടെ ടൈറ്റിലിനു മുന്നെ നാം കാണുന്നുണ്ട്. അച്ഛനെ തേടി കുഞ്ഞ് യൂസഫ് ഇരുണ്ട വനത്തിന്റെ ഉള്ളിലേക്ക് പോവുന്നു.
അച്ഛനും മകനും തമ്മിലുള്ള സൌമ്യ സൌഹൃദവും,കാട്ടിന്റെ നിഗൂഢതയില്‍ അവര്‍ ഇരുവരും മര്‍മരം പോലെ കൈമാറുന്ന വാക്കുകളും,തിരിച്ചെത്താത്ത അച്ഛനുവേണ്ടിയുള്ള യൂസഫിന്റെ വിങ്ങല്‍ നിറഞ്ഞ പ്രതീക്ഷയും,യാക്കൂബ് മരിച്ചതറിഞ്ഞ ക്ലാസ്സ് മാസ്റ്റര്‍ യൂസഫിനു എല്ലാം തെറ്റി വായിച്ചിട്ടും ആദ്യമായി അനുമോദന സമ്മാനം നല്‍കിയപ്പോള്‍ അത് അച്ഛനെ കാണിക്കാനായി ആഗ്രഹിച്ച് നടക്കുന്ന കുട്ടിയുടെ ആശയും...ഈ സിനിമ നിശബ്ദമായ ഒരു നിലവിളിയായി പ്രേക്ഷകരെ ഏറെനാള്‍ പിന്തുടരുക തന്നെ ചെയ്യും ഈ സിനിമയ്ക്ക് ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് സംവിധായകനു ലഭിച്ചു


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ